Connect with us

Articles

ഇത് പിണറായി വിജയം

Published

|

Last Updated

ഭരണവിരുദ്ധ വികാരം തെല്ലുമില്ലാതെ കേരളത്തില്‍ ഒരു നിര്‍ണായക തിരഞ്ഞെടുപ്പ്. അഞ്ച് വര്‍ഷം കേരളത്തെ നയിച്ച പിണറായി വിജയനില്‍ ജനങ്ങള്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ രീതികളെയും നിലപാടുകളെയും ജനങ്ങള്‍ മനസ്സ് തുറന്ന് അംഗീകരിച്ചിരിക്കുന്നു. കേരള രാഷ്ട്രീയത്തില്‍ പതിനഞ്ചാം നിയമസഭാ തിരഞ്ഞെടുപ്പ് വിജയം സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുകയാണ് പിണറായി വിജയന്‍.
അതെ, ഇത് തീര്‍ച്ചയായും പിണറായി വിജയം തന്നെ. തികച്ചും ആധികാരിക വിജയം. ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത വിജയം. അഞ്ച് വര്‍ഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലക്ക് പിണറായിയുടെ ചെയ്തികളില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച സംതൃപ്തി കൂടിയായി ഈ വിജയം.

പിണറായി വിജയന് രാഷ്ട്രീയ പ്രവര്‍ത്തനം തികച്ചും ഗൗരവമേറിയ ഒരു കര്‍മമാണ്. അതില്‍ ഒട്ടും വീഴ്ചയില്ല. കലര്‍പ്പില്ല. എല്ലാത്തിനും ഒരു കൃത്യതയുണ്ട്; പറയുന്ന വാക്കുകളില്‍, ചെയ്യുന്ന കാര്യങ്ങളില്‍, സ്വീകരിക്കുന്ന നിലപാടുകളില്‍ എല്ലാം. ലക്ഷ്യബോധമുള്ള ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഗുണങ്ങളൊക്കെയുണ്ട് പിണറായിക്ക്. ഭരണകര്‍ത്താവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൊക്കെയും ഒരു മികവ് വ്യക്തമായി കാണാനാകും. ഇത് ഭരണത്തിന്റെ എല്ലാ മേഖലകളിലും കാണാനായി. ജനങ്ങള്‍ക്ക് ഇതെല്ലാം അനുഭവിക്കാനുമായി.
ജനാധിപത്യം ജനങ്ങളുടെ ഭരണമാണ്. ജനങ്ങള്‍ക്ക് ഭരണത്തിന്റെ നന്മകള്‍ അനുഭവിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകണം. ഇതാദ്യം കേരളം അനുഭവിച്ചത് 2018ലെ ഭീകരമായ പ്രളയ കാലത്താണ്. കേരളം കണ്ട ഏറ്റവും ക്രൂരമായ പ്രകൃതി ദുരന്തമായിരുന്നു അത്. ജനങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് കണക്കില്ലായിരുന്നു. അന്നാണ് ഒരു ഭരണകര്‍ത്താവിന്റെ കരുത്തും നിശ്ചയദാര്‍ഢ്യവും അതിന്റെ നേര്‍രൂപത്തില്‍ കേരളീയര്‍ കണ്ടത്. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ ആ വഴിക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടവ ആ നിലക്കും ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തികഞ്ഞ വൈദഗ്ധ്യത്തോടെ നേതൃത്വം കൊടുത്തു. പലേടത്തു നിന്നും സഹായം തേടി. പലേടത്തു നിന്നും സഹായം ഒഴുകിയെത്തി. എന്തായാലും ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ തികച്ചും പുതുമയാര്‍ന്ന മാര്‍ഗങ്ങളാണ് പിണറായി സ്വീകരിച്ചത്. അത് ജനങ്ങള്‍ക്ക് അങ്ങേയറ്റം ആശ്വാസകരമാകുകയും ചെയ്തു. പിറ്റേ വര്‍ഷം ഉണ്ടായ പ്രളയത്തിലും നിപ്പാ വൈറസിന്റെ ആക്രമണത്തിലും ഇപ്പോഴും ഭീകരമായ രീതിയില്‍ തുടരുന്ന കൊറോണ വൈറസ് ഭീതിയിലും അദ്ദേഹം ഇതേ നയമാണ് സ്വീകരിച്ചത്. ജനങ്ങള്‍ അങ്ങേയറ്റം കഷ്ടത അനുഭവിക്കുന്ന കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസവും കൈത്താങ്ങും നല്‍കാന്‍ പിണറായി സര്‍ക്കാറിന് കഴിഞ്ഞുവെന്നതാണ് ജനങ്ങള്‍ കാണുന്ന നേട്ടം. ഇത് മറന്നുകളയാനോ അവഗണിച്ചു തള്ളാനോ ജനങ്ങള്‍ തയ്യാറായില്ല. സൗജന്യ ഭക്ഷ്യധാന്യ കിറ്റും കൊവിഡ് ചികിത്സയും വാക്‌സീനേഷനുമെല്ലാം ഇങ്ങനെ ജനങ്ങള്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചുവെന്ന് വേണം കാണാന്‍.

കേരളത്തിലെ രാഷ്ട്രീയ രംഗം അതി സങ്കീര്‍ണമായ തലത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് വന്നതെന്നും കാണണം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സിംഹരൂപമെടുത്ത് തന്നെയാണ് തിരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങിയത്. മുപ്പത് സീറ്റെങ്കിലും സ്വന്തമായി കിട്ടിയാല്‍ സര്‍ക്കാറുണ്ടാക്കുന്നത് ഞങ്ങളായിരിക്കുമെന്ന് പറയാനുള്ള തന്റേടം ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ കാണിക്കുകയും ചെയ്തു. ഇ ശ്രീധരനെ പോലെയുള്ള സ്ഥാനാര്‍ഥികളെ രംഗത്തിറക്കി വെല്ലുവിളി കനപ്പിക്കാനും ബി ജെ പി ശ്രമിച്ചു. ശക്തമായ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ബി ജെ പിക്ക് കൈയിലിരുന്ന നേമം ഉള്‍പ്പെടെ ഒറ്റ സീറ്റ് പോലും കിട്ടിയില്ലെന്ന കാര്യവും ശ്രദ്ധേയമാണ്.
സര്‍ക്കാര്‍ ആവിഷ്‌കരിച്ച കിഫ്ബി, ലൈഫ് മിഷന്‍ തുടങ്ങി വികസനോന്മുഖമായ ഏറെ പദ്ധതികള്‍ നടപ്പാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ പ്രതിപക്ഷം നടത്തിയ ശ്രമങ്ങളും ജനങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. തിരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സൗജന്യ കിറ്റ് വിതരണം നടത്തുന്നതിനെ പ്രതിപക്ഷം വിമര്‍ശിച്ചതും ജനങ്ങള്‍ അംഗീകരിച്ചില്ല. ഇതെല്ലാം വോട്ടെടുപ്പില്‍ പ്രതിഫലിച്ചു എന്നും മനസ്സിലാക്കാനാകും.

എന്തൊക്കെയായാലും എല്ലാ വശത്തു നിന്നും ഏറെ ആക്രമണങ്ങള്‍ നേരിട്ടുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളം ഭരിച്ചത്. പ്രതിപക്ഷം ഭരണപക്ഷത്തെ വിമര്‍ശിക്കുകയും അക്രമിക്കുകയും ചെയ്യുക സ്വാഭാവികമാണ്. അത് പ്രതിപക്ഷത്തിന്റെ ചുമതലയുമാണ്. സ്വര്‍ണക്കടത്ത് കേസിന്റെ പേരിലുള്ള അന്വേഷണങ്ങള്‍ മുതല്‍ അതിന്റെ പേരില്‍ നടന്ന മാധ്യമ റിപ്പോര്‍ട്ടിംഗ് വരെ എത്രയെത്ര മുഖങ്ങളാണ് ഈ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ആക്രമണത്തിനായി തുറന്നത്. ഇതൊന്നും വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നതാണ് വസ്തുത.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാറിനെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത്. സ്പ്രിന്‍ക്ലര്‍ വിവാദം മുതല്‍ ഏറ്റവും ഒടുവില്‍ ആഴക്കടല്‍ മത്സ്യബന്ധന വിവാദം വരെ പല ആരോപണങ്ങളും അദ്ദേഹം പൊതുസമൂഹത്തിന് മുമ്പില്‍ കൊണ്ടുവന്നു. ഇതില്‍ പല കാര്യങ്ങളിലും സര്‍ക്കാറിന് തിരുത്തല്‍ നടത്തേണ്ടിവരികയും ചെയ്തു. പ്രചാരണ രംഗത്ത് ക്രമേണ പ്രതിപക്ഷം മുന്നിലെത്തുക തന്നെ ചെയ്തു. സാധാരണയില്‍ കവിഞ്ഞ് വളരെ പ്രഗത്ഭരായ യുവ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനും ഐക്യ ജനാധിപത്യ മുന്നണിക്ക് കഴിഞ്ഞു. ഇതൊക്കെ തിരഞ്ഞെടുപ്പ് രംഗത്ത് കാണാനാകുകയും ചെയ്തു. എങ്കിലും സര്‍ക്കാറിനോടും അതിന്റെ തലവനോടുമുള്ള മമതയില്‍ ഒരു വീഴ്ചയും വരുത്താന്‍ ജനങ്ങള്‍ തയ്യാറായില്ല തന്നെ.

കേരളത്തിലങ്ങോളമിങ്ങോളം സര്‍ക്കാറിന് അനുകൂലമായ ഒരു തരംഗം തന്നെ ആഞ്ഞടിക്കുകയായിരുന്നു. കഴിഞ്ഞ തവണ നേടിയ 91 സീറ്റ് എന്ന വന്‍ നേട്ടത്തേക്കാള്‍ വളരെ മുമ്പിലെത്താന്‍ അതേ മുഖ്യമന്ത്രിക്കും അതേ മുന്നണിക്കും കഴിഞ്ഞുവെന്നത് കേരള രാഷ്ട്രീയത്തില്‍ ഒരു വലിയ സംഭവം തന്നെയാണ്. പ്രത്യേകിച്ച് ഒരോ തവണയും രണ്ടിലൊരു മുന്നണിയെ കൃത്യമായ ഇടവേളകളില്‍ തിരഞ്ഞെടുക്കുന്നത് പതിവായിരിക്കുന്ന കേരളത്തില്‍. ഈ രണ്ട് മുന്നണികള്‍ക്കുമിടയില്‍ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന ബി ജെ പിയെ പാടേ അകറ്റി നിര്‍ത്താനും കേരള ജനതക്ക് കഴിഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ കരുത്തുറ്റ നിലപാട് സ്വീകരിച്ച പിണറായി വിജയനുള്ള ജനങ്ങളുടെ പിന്തുണ കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
അതെ, ഇത് ശക്തമായ ഭരണാനുകൂല തരംഗം തന്നെയാണ്. ഒരു പ്രതിപക്ഷവിരുദ്ധ തരംഗവും ഇതില്‍ കാണാന്‍ പ്രതിപക്ഷവും ശ്രദ്ധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് അങ്ങനെ ക്ഷയിച്ചുകൂടാ, പ്രതിപക്ഷവും.

Latest