Kerala
ബി ജെ പിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്കെന്ന് കെ സുരേന്ദ്രന്‍
കോഴിക്കോട് | സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തിയതിനും മെച്ചപ്പെട്ട പ്രകടനം നടത്താതിരിക്കാനുമുള്ള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷനാണ്. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തെ ബോധിപ്പിക്കും. അവര്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടിടത്ത് മത്സരിച്ചത് സംസ്ഥാനത്താകെയുള്ള പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് കരുതുന്നില്ല. രണ്ടിടത്ത് മത്സരിച്ചില്ലെങ്കില്‍ മഞ്ചേശ്വരം കിട്ടിയേനയെന്ന അഭിപ്രായം മാനിക്കുന്നു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതാണോ നേമത്തും പാലക്കാടും മറ്റും തോല്‍ക്കാന്‍ കാരണം? വ്യക്തിപരമായ ആഗ്രഹം രണ്ടിടത്തും മത്സരിക്കേണ്ട എന്നായിരുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിക്കും. എല്ലാ മണ്ഡലങ്ങളിലും മുതിര്‍ന്ന രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ച് വിലയിരുത്തലുകള്‍ നടത്തും. വര്‍ഗീയ ധ്രുവീകരണമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിഴലിച്ചത്. സി പി എമ്മിന്റെ മുസ്ലിം കേഡര്‍ വോട്ടുകള്‍ പല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും ലഭിച്ചു. കല്പറ്റയും പാലക്കാടും ഉദാഹരണങ്ങളാണ്. മാത്രമല്ല, എസ് ഡി പി ഐ അടക്കമുള്ള വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് വലിയ വിജയം എല്‍ ഡി എഫ് നേടിയതെന്നും അദ്ദേഹം ആരോപിച്ചു.