Kuwait
കഴിഞ്ഞ വര്‍ഷം കുവൈത്ത് വിട്ടത് രണ്ടേ കാല്‍ ലക്ഷത്തോളം പ്രവാസികള്‍; ശമ്പള കുടിശ്ശികയില്‍ കുടുങ്ങിയവരും ഏറെ
കുവൈത്ത് സിറ്റി | കൊവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടവരില്‍ രാജ്യത്ത് നിന്ന് കഴിഞ്ഞ വര്‍ഷം രണ്ടേ കാല്‍ ലക്ഷത്തോളം കൃത്യമായി പറഞ്ഞാല്‍ 2,15,000 പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയതായി മാനവശേഷി വകുപ്പിന്റെ റിപ്പോട്ട്. ജോലി നഷ്ടപ്പെട്ടതുള്‍പ്പെടെ വിവിധ കാരണങ്ങളാലാണ് ഇത്രയും പേര്‍ രാജ്യം വിട്ടുപോയത്. അതില്‍ ജോലി നഷ്ടമായ ചിലര്‍ റെസിഡന്‍സി കുടുംബ വിസയിലേക്ക് മാറ്റി രാജ്യത്ത് തുടരുന്നവരാണ്.
അതേസമയം തൊഴിലാളികള്‍ക്ക് കമ്പനികള്‍ നല്‍കാനുള്ള ശമ്പള കുടിശ്ശികയുടെ കാര്യത്തിലും അതോറിറ്റി ഇടപെടുന്നുണ്ട്. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശ്ശികകളെ സംബന്ധിച്ച് പ്രശ്‌ന പരിഹാരങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളുമായി മാനവ ശേഷി വകുപ്പ് അധികൃതര്‍ ചര്‍ച്ച ചെയ്തു വരികയാണ്. തൊഴില്‍ നിയമ വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ കരാറുമായി രജിസ്റ്റര്‍ ചെയ്തിട്ടും ശമ്പളം വൈകുന്ന പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം ഉണ്ടാകണമെന്നും വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മാത്രമല്ല തൊഴിലാളികള്‍ക്ക് കുടിശ്ശിക നല്‍കുന്നതും വേതനം കൈമാറുന്നതുമായ വിഷയത്തില്‍ നിയമം ലംഘിക്കുന്ന കമ്പനികളുടെ സാമ്പത്തിക ഗ്യാരണ്ടികള്‍ പണമാക്കി മാറ്റി വിതരണം ചെയ്യുമെന്നും സെന്‍ട്രല്‍ ടെന്‍ഡേഴ്‌സ് ഏജന്‍സി വ്യക്തമാക്കി.
അതേസമയം രാജ്യത്തെ വിദേശ തൊഴിലാളികളില്‍ 53% വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അവരില്‍ 8.9% ക്ലര്‍ക്കുമാരായും മറ്റും ജോലി ചെയ്യുന്നവരാണ്. കൂടാതെ 6.9% ക്രാഫ്റ്റ്‌സ്മാന്‍മാരായും 6.6% കൃഷി മേഖലയിലും സൂപ്പര്‍വൈസറി തസ്തികകളില്‍ 2% പേരും സെയില്‍ മേഖലയില്‍ 1.9% പേരും സാമ്പത്തിക-നീതിന്യായ മേഖലയില്‍ 8.9% പേരും മെഡിസിന്‍ മേഖലയില്‍ 1.8% പേരും ശാസ്ത്ര മേഖലയിലും വിദ്യാഭ്യാസ മേഖലയിലും 1.3% പേര്‍ വീതവും ജോലി ചെയ്യുന്നവരുണ്ട്. എന്നാല്‍ വിദേശ തൊഴിലാളികളില്‍ 27.2% പേര്‍ മിനിമം യോഗ്യതയുള്ളവരും 14.3% ഇന്റര്‍മീഡിയറ്റ് യോഗ്യതയുള്ളവരുമാണ്. അതില്‍ 5.5% പേരാണ് അതിലും ഉയര്‍ന്ന യോഗ്യതയുള്ളവര്‍.
ഇതിനിടെ രാജ്യത്ത് വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കിക്കൊണ്ടിരിക്കെ ജോലി നഷ്ടപ്പെടുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് കാണിക്കുന്നത്. പദ്ധതി പ്രകാരം സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും ഏജന്‍സികളിലും ജോലി ചെയ്തിരുന്ന 6,127 പ്രവാസികളെ കഴിഞ്ഞയാഴ്ച സിവില്‍ സര്‍വീസ് കമ്മീഷന്‍ പിരിച്ചുവിട്ടിരുന്നു. സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി കുവൈത്ത് 2017 മുതല്‍ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായാണ് പിരിച്ചുവിടല്‍ നടപടികള്‍. കോവിഡ് വ്യാപനവും സ്വദേശി വല്‍ക്കരണവും ഒന്നിച്ചു വന്നപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട നിരവധി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാനാകാതെ കടുത്ത പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്.
ഇതോടെ ഈ വര്‍ഷം അവസാനത്തോടെ ജോലി നഷ്ടമാകുന്നവരുടെ എണ്ണം 7,970 ആയി ഉയരും. നിലവില്‍ സിവില്‍ സര്‍വ്വീസ് കമ്മീഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളില്‍ 3,08,000 സ്വേദേശികളാണ് ജോലി ചെയ്യുന്നത്. അതോടൊപ്പം 71,000 പ്രവാസികളുമുണ്ട്. അതില്‍ തന്നെ 31,000 പേരും ആരോഗ്യ മന്ത്രാലയത്തിലും വിദ്യാഭ്യാസ മന്ത്രാലയത്തിലുമാണ്. ബാക്കി 6000 പേരാണ് ഡ്രൈവര്‍, സര്‍വ്വീസ് ജോലികള്‍ തുടങ്ങിയ മേഖലകളിലാണ്. ഈ മേഖലകളിലാണ് ഇപ്പോള്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിവരുന്നത്. ഇങ്ങിനെ പോയാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ ഭീഷണി നേരിടുകയും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിപ്പോകേണ്ട അവസ്ഥയില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാകപ്പെട്ടിരിക്കുന്നത്.