Malappuram
'വയൽവരമ്പത്തെ നിസ്കാര' ഓർമയിൽ ബാല്യകാല റമസാൻ
ദാരിദ്ര്യത്തിന്റെ പങ്കപ്പാടുകളാണ് നാട്ടിൽ. കാർഷിക വൃത്തിയും കൂലിപ്പണിയുമായിരുന്നു പ്രധാന ജീവിതമാർഗം. റബ്ബർ കൃഷി സജീവമായിരുന്നില്ല. ബാല്യകാല റമസാനിലെ താരമായിരുന്നു കഷ്ണം മീൻ. നോമ്പ് തുറക്കാൻ കാൽ ഗ്ലാസ് വെള്ളം (ആറായി കീറിയ കാരക്കയുടെ ചെറുചീളുകൾ നോമ്പുതുറ സത്കാരങ്ങളിൽ മാത്രം രംഗത്ത് വരുന്ന താരങ്ങളായിരുന്നു. ഞങ്ങൾ കുട്ടികൾക്ക് അപ്രാപ്യമായ താരങ്ങൾ) ഒപ്പം ഇറച്ചിയും പത്തിരിയും. ഇറച്ചിയൊക്കെ പേരിനാണ് കെട്ടോ. വീട് ഒന്നിന് 250 ഗ്രാം. ഇത് ചില വിശേഷ ദിവസങ്ങളിലെ വിശേഷമാണ്. നോമ്പ് കാലത്ത് പുതിയാപ്പിള സത്കാരങ്ങളിലെ പുതിയ അതിഥിയായി ഇടക്കാലത്ത് ഒരു പൂരി വന്നതോർക്കുന്നു. കുറേ കാലം “ഇവൻ” താരപ്പൊലിമയിൽ അരങ്ങ് വാണു.
റമസാനിലെ വിശിഷ്ട അതിഥിയായിരുന്നു തിരക്കൂട്ട് ബീഡികൾ. വാസന ബീഡികൾ എന്നും പേരുണ്ട്. ഞങ്ങൾ കുട്ടികൾക്ക് ഒരു പുണ്യം പോലെ വലിക്കാൻ അനുവാദം ലഭിച്ചിരുന്ന ഇവക്ക് അന്ന് വി ഐ പി പരിവേഷമായിരുന്നു. തീപ്പെട്ടി അത്ര സുലഭമല്ല. സിഗരറ്റ് ലാമ്പുകൾ തീരെയില്ല. കത്തുന്ന അടുപ്പിൽ നിന്ന് വേണം ബീഡി കത്തിക്കാൻ. അടുപ്പിൽ നിന്ന് ബീഡി കത്തിച്ചെത്തിക്കൽ എന്റെ “ഡ്യൂട്ടിയായിരുന്നു” അടുക്കളയിൽ നിന്ന് പൂമുഖം വരെ ബീഡി കെടാതെ സൂക്ഷിക്കണമല്ലോ. കൂടെ കൂടെ വലിച്ച് കൊണ്ടിരിക്കുക മാത്രമാണ് പോംവഴി. റമസാനല്ലേ, തിരക്കൂട്ടല്ലേ, പുണ്യമാസത്തിൽ രക്ഷിതാക്കൾ വിശാല മനസ്‌കരാകും. അങ്ങനെ ഞങ്ങൾ കുട്ടികൾ ബാല്യകാലത്ത് തന്നെ വിഷപ്പുകയുടെ രുചിയറിഞ്ഞു. പിൽക്കാലത്ത് പലരും പേര് കേട്ട വലിക്കാരായി. മുതഅല്ലിമായി ദർസ് ജീവിതത്തിലേക്ക് വന്നതോടെ ഞാൻ രക്ഷപ്പെട്ടു. ഉപ്പ വലിക്കാരനായിരുന്നു. ചെയിൻസ്‌മോകർ. ഒന്നിൽ നിന്ന് ഒന്നിലേക്ക് തീ പടർത്തിയുള്ള നിതാന്ത വലി. രാത്രികാല ചുമ കൂട്ടെത്തിയതോടെ ഉപ്പ അപകടം മണത്തു. ഒരു റമസാനിൽ ഒറ്റ തീരുമാനം, ഇനി വലിക്കില്ല. പിന്നെ വലിച്ചില്ല.
വയൽ വരമ്പത്തുള്ള എന്റെ വലിയുപ്പയുടെ നിസ്‌കാരമാണ് നോമ്പ് കാലത്തെ മറ്റൊരോർമ. കൃഷിക്കാരനായിരുന്നു അദ്ദേഹം. റമസാനിൽ നോമ്പെടുത്ത് ഉച്ചവരെ കന്നുപൂട്ടുന്ന വലിയുപ്പയുടെ ചിത്രം എന്റെ മനസ്സിലുണ്ട്. ളുഹ്ർ ബാങ്ക് വിളിക്കുന്നതോടെ വലിയുപ്പ നിസ്‌കാരത്തിനായി തയ്യാറെടുക്കും.
അറ്റംകലായിലെ(ഇളം തലമുറ ക്ഷമിക്കണം) തെളിനീരിൽ നിന്ന് അംഗശുദ്ധി വരുത്തി നാല് വരമ്പുകൾ ചേർന്നൊരുക്കുന്ന കവലയിൽ, തോർത്ത് വിരിച്ച് ഖിബ്‌ലക്ക് തിരിഞ്ഞ് ബാങ്കും ഇഖാമത്തും കൊടുത്ത് വിശാലമായ പാടത്തിന്റെ പച്ചപ്പ് പടർന്ന വിജനതയിൽ നിന്ന് വലിയുപ്പ മനസ്സ് നിറഞ്ഞ് ചൊല്ലും, അല്ലാഹു അക്ബർ… മനോഹരമായ ആ റമസാൻ കാഴ്ചകൾ ഇപ്പോഴില്ല.
തറാവീഹ് നിസ്‌കാരമായിരുന്നു ശ്രമകരമായ മറ്റൊരോർമ. തറാവീഹ് 20 റകഅത്ത് പൂർത്തിയാക്കുന്നവർക്ക് കുട്ടികൾക്കിടയിൽ ഹീറോ പരിവേഷമായിരുന്നു. നോമ്പ് 30 പൂർത്തിയാക്കുന്നവർ ബഹുമാനിതർ. നന്മ ചെയ്യുന്നവർക്ക് സർവത്ര പ്രോത്സാഹനം.
കഷ്്ണം മീനിനെ കുറിച്ച് പറയാം. അത്താഴച്ചോറിനായിരുന്നു അവന്റെ അരങ്ങേറ്റം. റമസാൻ സ്‌പെഷ്യലായിരുന്നു കഷ്ണം മീൻ. ഉണക്ക സ്രാവാണ് സാധനം. കഷ്ണം മീൻ ചീനച്ചട്ടിയിൽ കിടന്ന് ഞെരിയുമ്പോഴുയരുന്ന ഗന്ധവും ശബ്ദമാണ് ഞങ്ങൾ കുട്ടികൾക്ക് അത്താഴത്തിനുണരാൻ പ്രചോദനം.
നോമ്പെടുക്കുന്നവർക്ക് മാത്രമുള്ളതായിരുന്നു ആ റമസാൻ സ്‌പെഷ്യൽ. അങ്ങനെ ഞങ്ങൾ കുട്ടികൾ കഷ്ണം മീനിന്റെ പ്രലോഭനത്തിൽ ഒരിക്കൽ കൂടി നോമ്പുകാരാകും.
തയ്യാറാക്കിയത്:
ശിഹാബ് മാളിയേക്കൽ