Ramzan
പ്രതിയോഗികളിലേക്ക് പടരുന്ന മനസ്സ് വേണം
ചുരുങ്ങിയ സമയത്തെ വിസ്താരം കഴിഞ്ഞ് വേഗത്തിൽ സ്വർഗപ്രവേശം ലഭിക്കുന്ന മൂന്ന് സ്വഭാവ ഗുണങ്ങളെക്കുറിച്ച് പറയാം. ആദ്യത്തേത്: നന്മ, ഗുണം, ആനുകൂല്യം, ഉപകാരം എന്തുമാകട്ടെ നമുക്കുള്ളത് തടഞ്ഞുവെച്ചവർക്ക് അവ നൽകാനുള്ള മനസ്സ്. രണ്ടാമത്തേത്: നമ്മോട് ബന്ധം മുറിച്ചവരെ കണ്ട് ബന്ധം പുനഃസ്ഥാപിക്കാനുള്ള താത്പര്യം. മൂന്നാമത്തേത്: അക്രമിയോട് വിട്ടുവീഴ്ച ചെയ്യാനുള്ള സഹന ശക്തി. ഇത് മൂന്നും സ്വായത്തമാക്കേണ്ട സത്ഗുണങ്ങളാണ്.
നമുക്ക് ഉപകാരം ചെയ്യുന്നവനാണോ എന്ന് നോക്കിയല്ല നമ്മിൽ നിന്ന് ഉപകാരങ്ങളുണ്ടാകേണ്ടത്. മിത്രങ്ങളിലേക്കു മാത്രമല്ല നന്മകൾ ചൊരിയേണ്ടത്. ശത്രുവിലേക്കും അതുണ്ടാകണം. അഭ്യർഥന നിരസിച്ചവരോടും ആവശ്യങ്ങൾക്ക് ചെവി കൊടുക്കാത്തവരോടും പ്രതികാരം ചെയ്യാനായി അവസരം കാത്ത് കഴിയരുത്. അത്തരം സങ്കുചിത മനഃസ്ഥിതിയുള്ളവരെക്കാൾ കുടിലത കാണിച്ചു കൊണ്ടല്ല വ്യക്തിപ്രഭാവം കാണിക്കേണ്ടത്. പകരം അവരോട് സ്നേഹമസ്രണമായി ഉദാരതയും മഹാമനസ്‌കതയും കാണിച്ച് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുക.
നല്ല ബന്ധങ്ങൾ സംസ്ഥാപിക്കണം. അവ വളർത്തിയെടുക്കുകയും നല്ല നിലയിൽ പുലർത്തിക്കൊണ്ടു പോകുകയും വേണം. ആത്മ ബന്ധങ്ങൾക്കിടയിൽ ഒരിക്കലും വിള്ളൽ വീഴരുത്. അറ്റുപോയ കണ്ണി ചേർത്ത് ദൃഢപ്പെടുത്തണം. സുഹൃദ് ബന്ധങ്ങൾ പിരിയുന്ന സംസാരവും പെരുമാറ്റങ്ങളും പാടില്ല. കൂട്ടുകാരൻ ഇഷ്ടപ്പെടാത്ത കുശലാന്വേഷണം പോലും ശ്രദ്ധിക്കേണ്ടതാണ്. ഇത്രയധികം പ്രാധാന്യമുള്ള ബന്ധങ്ങൾ മുറിച്ച് കളഞ്ഞവരോട് പകയും വിദ്വേഷവും പാടില്ല. അവരെ നേരിൽ കണ്ട് ബന്ധം ഏച്ചുകെട്ടാൻ തയ്യാറാകണം. അതിനായി പരിശ്രമങ്ങൾ നടത്തണം.
അക്രമികളോട് കാണിക്കുന്ന വിട്ടു വീഴ്ചക്കും വലിയ മഹത്വമുണ്ട്. വാക്കുകൾ കൊണ്ട് നോവിക്കുന്നവരോടും ദേഹോപദ്രവം ഏൽപ്പിക്കുന്നവരോടും പ്രതികാരം ചെയ്യാതെ ക്ഷമിക്കാനുള്ള മനസ്ഥിതിയാണിവിടെ പ്രശംസിക്കപ്പെടുന്നത്.
മേൽപ്പറഞ്ഞ മൂന്ന് സ്വഭാവ ഗുണങ്ങളും മാനസിക വിശാലത കൈവരിച്ചവർക്കു മാത്രമേ ഉൾക്കൊള്ളാനാകൂ. അവർ പ്രതിയോഗികളിലേക്ക് പോലും നന്മയുടെ നാന്പുകൾ പടർത്താൻ പണിപ്പെട്ട് ശ്രമിക്കും. അത്തരക്കാരുടെ ജീവിതത്തിലുടനീളം ആത്മാർഥത സ്ഫുരിക്കുന്ന പ്രകടനങ്ങൾ കാണാം. സദസ്സുകളിലേക്ക് കടന്നുവരുന്നവർക്ക് വേണ്ടിയവർ ഒതുങ്ങിയിരിക്കും. കഴിക്കുന്നതിലെ പങ്ക് മറ്റുള്ളവർക്ക് വീതിച്ചു നൽകും. യാത്രാവേളകളിൽ മുതിർന്നവർക്കായി ഇരിപ്പിടങ്ങളൊഴിഞ്ഞ് കൊടുക്കും. സ്വന്തം ആവശ്യങ്ങൾ മറന്ന് മറ്റുള്ളവർക്കായി ഓടിനടക്കും.