Articles
വിശ്വാസികളുടെ അകം നീറണം
അനന്ത സവിശേഷതകളുള്‍ക്കൊള്ളുന്ന അമൂല്യ നിമിഷങ്ങള്‍ വിട പറയുന്നതിന്റെ ആധിയിലാണ് വിശ്വാസികള്‍. കറുത്തിരുണ്ട ഭൂതകാലം തിരുത്തിയെഴുതി ഹൃദയം സംശുദ്ധമാക്കി ഇലാഹീ സാമീപ്യം കരഗതമാക്കാന്‍ സ്രഷ്ടാവ് കനിഞ്ഞരുളിയ വിശുദ്ധ ദിനരാത്രങ്ങള്‍ വേണ്ട വിധം ഉപയുക്തമാക്കിയോ എന്ന ചിന്ത വിശ്വാസികളുടെ അന്തരംഗങ്ങളില്‍ നീറുകയാണ്. സ്വര്‍ഗീയാനുഭൂതികളുടെ പറുദീസകള്‍ അനുഭവിക്കാന്‍, ഇഹലോകത്തെ ഉള്ളുലക്കുന്ന വിപത്തുകളില്‍ നിന്ന് മോചനം നേടാന്‍, ചോദിച്ചോളൂ ഉത്തരം നല്‍കാമെന്ന വാഗ്ദത്തവുമായി അത്യാകര്‍ഷകങ്ങളായ ഓഫറുകള്‍ സ്രഷ്ടാവ് മുന്നില്‍ വെച്ചിട്ടും നൈമിഷിക ഐഹിക – ആനന്ദങ്ങള്‍ക്ക് വേണ്ടി അവയൊക്കെ നിര്‍ലജ്ജം തട്ടിമാറ്റിയ ഹതഭാഗ്യരില്‍ പെടുമോ ഞാന്‍. റമസാനിന്റെ അവസാന സമയങ്ങളില്‍ ആത്മ ജ്ഞാനികളുടെ ഉള്ളുലച്ച ചിന്തകളിങ്ങനെയൊക്കെയാണ്.
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്ന വാശിയോടെ, നഷ്ടപ്പെട്ടവരിലും നശിച്ചവരിലും താന്‍ പെടരുതെന്ന ആശയോടെ ഇനിയുള്ള അവസാന സമയങ്ങളില്‍ വിശ്വാസി ആര്‍ദ്ര നയനങ്ങളുമായി കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും കവാടങ്ങള്‍ക്ക് കൈകള്‍ ഉയര്‍ത്തണം.
ഹദീസില്‍ കാണാം: നബി (സ) പറഞ്ഞു: റമസാന്‍ അവസാന രാത്രിയില്‍ ആകാശ ഭൂമികളും മലക്കുകളും കരഞ്ഞു പറയും: എന്റെ സമുദായത്തിന് ആപത്തു വന്നിരിക്കുന്നു. അപ്പോള്‍ തിരുനബി (സ) യോട് ചോദിക്കപ്പെട്ടു, എന്താണ് ആപത്ത്. അവിടുന്ന് പ്രതിവചിച്ചു, വിശുദ്ധ റമസാനിന്റെ വിടവാങ്ങല്‍… ശേഷം അവിടുന്ന് തുടര്‍ന്നു, പ്രാര്‍ഥനകള്‍ക്കുത്തരം ലഭിക്കുകയും നന്മകള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുകയും ദാനധര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയും ശിക്ഷ ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന മാസമാണല്ലോ അത്. റമസാനിന്റെ വിടവാങ്ങലിനേക്കാള്‍ വലിയ വിപത്ത് എന്താണ്? നമുക്കുവേണ്ടി ആകാശഭൂമികള്‍ കരയുന്നുവെങ്കില്‍ കരയാന്‍ ഏറ്റവും അര്‍ഹര്‍ നാമാണ്. കാരണം ഈ അനന്ത ശ്രേഷ്ഠതകള്‍ നമ്മില്‍ നിന്ന് നീങ്ങുകയാണല്ലോ.
റമസാന്‍ അവസാനിക്കും വരെയും വിശ്വാസികള്‍ അവിശ്രമം ആരാധനാ നിമഗ്‌നരാകണം. റമസാന്‍ അവസാന രാവിന് അതുല്യമായ മഹത്വമാണ് അല്ലാഹു വിശ്വാസികള്‍ക്ക് കരുതി വെച്ചിരിക്കുന്നത്.
ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഹദീസിന്റെ സംക്ഷിപ്തം ഇങ്ങനെ: തിരുനബി(സ) പറഞ്ഞു: പൂര്‍വ സമുദായങ്ങള്‍ക്കൊന്നുമില്ലാത്ത അഞ്ച് പ്രത്യേകതകള്‍ എനിക്ക് നല്‍കപ്പെട്ടു. ഒന്ന്, നോമ്പുകാരന്റെ വായില്‍ നിന്നുള്ള വാസന അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ മികച്ച സുഗന്ധമായിരിക്കും. രണ്ട്, നോമ്പ് തുറക്കും വരെ നോമ്പുകാരുടെ പാപമോചനത്തിനായി മാലാഖമാര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. മൂന്ന്, നോമ്പുകാര്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങാന്‍ സ്വര്‍ഗത്തോട് അല്ലാഹു കല്‍പ്പിക്കുന്നു. നാല്, റമസാന്‍ മാസത്തില്‍ പിശാചുക്കള്‍ ചങ്ങലയിടപ്പെടും. അഞ്ച്, റമസാനിലെ അവസാന രാവ് ആഗതമായാല്‍ പാപങ്ങളെല്ലാം അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുന്നു. ഇത് കേട്ടപ്പോള്‍ ഒരു സ്വഹാബി ചോദിച്ചു: ലൈലത്തുല്‍ ഖദര്‍ ആയതുകൊണ്ടാണോ ഇത്? റസൂലിന്റെ മറുപടി: അല്ല, തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിരമിച്ച് തിരിച്ചുപോകുമ്പോള്‍ അവര്‍ക്ക് പ്രതിഫലം തികച്ച് കൊടുക്കുന്നത് കാണാറില്ലേ. അത് പോലെയാണ് നോമ്പുകാരന് റമസാന്‍ അവസാന രാവില്‍ പൊറുത്തുകൊടുക്കുമെന്ന് പറഞ്ഞത്(അഹ്മദ്).
ബൈഹഖി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്. റമസാന്‍ മാസത്തിലെ ഓരോ രാവിലും ആറ് ലക്ഷം പേരെ നരക മോചിതരാക്കും. റമസാന്‍ അവസാന രാവ് സമാഗതമായാല്‍ മുന്‍ കഴിഞ്ഞ രാവുകളില്‍ മോചിപ്പിച്ചത്രയും പേരെ നരകത്തില്‍ നിന്ന് മോചിതരാക്കുന്നതാണ്.
ആശയുടെയും ആശങ്കയുടെയും ഇടയിലായിരിക്കണം ഒരു വിശ്വാസി. ചെയ്ത സത്കര്‍മങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതോടൊപ്പം തന്നെ അവ റബ്ബിന്റെ അരികില്‍ സ്വീകാര്യമാണോ എന്നതിലവന് ആശങ്കയും ഉണ്ടാകണം. കാരണം, ഭക്തിയുള്ളവരില്‍ നിന്നാണ് കര്‍മങ്ങള്‍ സ്വീകരിക്കുക എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. ലോകമാന്യതയില്‍ നിന്ന് പരിപൂര്‍ണമായും മുക്തമായി ആത്മാര്‍ഥതയും ഇലാഹീ ഭക്തിയും ഉള്‍ചേരുമ്പോഴാണ് ഭക്തിയിലധിഷ്ടിതമായ ആരാധനയാകുകയുള്ളൂ.
അതുകൊണ്ടാണ് അലി(റ) പറഞ്ഞത്: ആരാധനകള്‍ കൂടുതല്‍ ചെയ്യുന്നതിലല്ല, സ്വീകാര്യമായ ആരാധനകള്‍ ചെയ്യാനാണ് പരിശ്രമിക്കേണ്ടത്.
തന്റെ ആരാധനകള്‍ റബ്ബിന്റെ അരികില്‍ സ്വീകാര്യമാണോ എന്ന ആശങ്കയിലായിരുന്നു ആത്മജ്ഞാനികള്‍. ഫുളൈലുബ്‌നു ഉബൈദ്(റ) പറഞ്ഞു: എന്റെ ഒരണുമണി ത്തൂക്കം ആരാധനയെങ്കിലും റബ്ബ് സ്വീകരിച്ചു എന്ന് ഞാനറിയലാണ് ദുനിയാവും അതിലുള്ള സര്‍വവും ലഭിക്കുന്നതിനേക്കാള്‍ എനിക്കേറ്റം പ്രിയങ്കരം. സത്കര്‍മങ്ങള്‍ക്കു ശേഷം അത് സ്വീകാര്യമാകാനുള്ള പ്രാര്‍ഥനയിലും അതിനനുസൃതമായ ജീവിതത്തിലുമായിരുന്നു മഹാത്മാക്കള്‍. റമസാനിനെ വരവേല്‍ക്കാനുള്ള സൗഭാഗ്യത്തിന് ആറ് മാസവും റമസാനിനു ശേഷം അത് റബ്ബിന്റെ അരികില്‍ സ്വീകാര്യമാകാന്‍ വേണ്ടി അടുത്ത ആറ് മാസവും മുന്‍ഗാമികളില്‍ ചിലര്‍ പ്രാര്‍ഥിച്ചത് അതുകൊണ്ടാണ്.