Connect with us

Ramzan

ഒരുക്കൂട്ടിയ നന്മകൾ നഷ്ടപ്പെടാതെ നോക്കുക

Published

|

Last Updated

അനുചരരെ അഭിസംബോധന ചെയ്ത് കൊണ്ട് നബി ചോദിച്ചു “നഷ്ടം പറ്റിയവൻ ആരാണെന്നറിയാമോ?”. അവർ മറുപടി പറഞ്ഞു “പണവും കച്ചവടച്ചരക്കും കൈവശമില്ലാത്തവരാണ് നഷ്ടം സംഭവിച്ചവർ”. നബി തുടർന്നു: എന്റെ സമുദായത്തിലെ നഷ്ടക്കാരെക്കുറിച്ച് ഞാൻ പറയാം. നിസ്‌കരിച്ചും നോമ്പനുഷ്ഠിച്ചും സമ്പത്ത് ദാനം ചെയ്തും അന്ത്യദിനത്തിൽ പടച്ചവന്റെ പ്രതിഫലത്തിനർഹരാണവർ പക്ഷേ, ഒരാൾ വന്ന് അദ്ദേഹം എന്നെ ചീത്ത വിളിച്ചിട്ടുണ്ടെന്ന് പറയുന്നു. മറ്റൊരാൾ എന്നെ അപകീർത്തിപ്പെടുത്തിയെന്ന് പരാതിപ്പെടുന്നു. വേറെ ഒരുത്തന്റെ സമ്പത്ത് വിനിയോഗിച്ചതായും തല്ലു കേസും പരുക്കേൽപ്പിച്ച കഥയും അവിടെ പറയുന്നു. അദ്ദേഹം ചെയ്ത പുണ്യങ്ങൾക്കുള്ള പ്രതിഫലമെല്ലാം ഇരകൾക്കിടയിൽ വീതിക്കപ്പെടും. അവസാനം നന്മകൾ പകുത്ത് നൽകാനില്ലാതെ വരുമ്പോൾ അവരുടെ പാപഭാരം ചുമക്കാൻ വിധിക്കപ്പെടും. ഇതുവഴി ആ നല്ല മനുഷ്യൻ നരകത്തിലേക്കെറിയപ്പെടും. ഇത്തരക്കാരാണ് ഏറ്റവും വലിയ നഷ്ടം ബാധിച്ചവർ.

നോമ്പുകാലത്ത് അത്യുത്സാഹത്തോടെ ആരാധനകളിൽ മുഴുകി നന്മ കൈവരിച്ച് നിൽക്കുന്നവർ ആത്മചൈതന്യം നഷ്ടപ്പെടാതെ നോക്കണം. കൂരിരുളിൽ കാരുണ്യവാന്റെ മുമ്പിലിരുന്ന് കണ്ണീരിൽ കഴുകിയെടുത്ത വിശുദ്ധി കളഞ്ഞു കുളിക്കരുത്. നോമ്പ് കാലത്തെ സഹിഷ്ണുതയും സാഹോദര്യവും എന്നും കാത്തു സൂക്ഷിക്കുക. നമുക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന പൈശാചിക ദുർബോധത്തിൽ വഞ്ചിതരാകരുത്.

അല്ലാഹുവിന്റെ പ്രീതിയിലായി ജീവിതം നയിക്കുക. വ്യക്തികളെയും സമൂഹത്തെ ബാധിക്കുന്ന തിന്മകളെയും പ്രത്യേകം കരുതിയിരിക്കണം. മാന്യനും വിട്ടുവീഴ്ചാ മനസ്‌കനുമായ രക്ഷിതാവിനോട് കേണപേക്ഷിച്ച് പാപമുക്തി നേടാനാകും. എന്നാൽ, മറ്റൊരാളുടെ മനോവേദനക്ക് നാം ഹേതുവായാൽ നമ്മുടെ സത്കർമങ്ങൾ കൊണ്ടാണത് പ്രായശ്ചിത്തം ചെയ്യുക. പിന്നീട് ഒന്നുമില്ലാതെ നരകത്തിൽ പ്രവേശിക്കേണ്ട ഗതികേട് ഓർത്തു നോക്കൂ.
സദ്്കർമങ്ങൾ പൊളിച്ചുകളയുന്ന തിന്മകൾ വർജിക്കുക. കടുത്ത ശിക്ഷ ലഭിക്കുമെന്ന് താക്കീതുള്ള പ്രവർത്തനങ്ങളും നരക ശിക്ഷ ലഭിക്കുമെന്നുറപ്പിച്ചവയും കടുത്ത അപരാധങ്ങളാണ്.

പാരത്രിക ലോകത്തെ വിചാരണാ ദിനത്തിൽ അനീതിയായി ഒന്നും സംഭവിക്കുകയില്ല. അകാരണമായി ഒരാളും ആക്രമിക്കപ്പെടുകയോ ചെയ്തതിനല്ലാതെ പ്രതിഫലം ലഭിക്കുകയോ ഇല്ല. നന്മകൾ ചെയ്തവർക്ക് മാത്രമേ വിജയം കൈവരിക്കാനാകൂ. അതെത്ര ചെറുതാണെങ്കിലും അതിനുള്ള പ്രതിഫലം ലഭിക്കുക തന്നെചെയ്യും.
ജീവിതത്തിൽ പ്രതീക്ഷയോടെ ചെയ്തുകൂട്ടിയ നന്മകൾ ഉപകാരപ്പെടാതിരിക്കുന്നത് തീർത്താൽ തീരാത്ത നഷ്ടമാണെന്നുറപ്പാണ്. അല്ലാഹു കാവൽ നൽകുമെന്ന് പ്രതീക്ഷിക്കാം.