Ramzan
ആര്‍ക്കാണ് ഫിത്വര്‍ സകാത്ത് ബാധ്യത
വര്‍ത്തമാന സാഹചര്യത്തില്‍ ഫിത്വര്‍ സകാത്ത് നിര്‍ബന്ധമില്ലാത്തവര്‍ വളരെ വിരളം. വാങ്ങാനും നല്‍കാനും അര്‍ഹരായവര്‍ ധാരാളവും. കൊടുക്കേണ്ട വിഷയം ഗൗരവത്തിലെടുക്കാത്തവര്‍ ഒട്ടും കുറവല്ല. സകാത്ത് നല്‍കാന്‍ അര്‍ഹതപ്പെട്ടവര്‍ യഥോചിതം നല്‍കാന്‍ സന്മനസ്സ് കാണിക്കുന്നപക്ഷം ദാരിദ്ര്യം പമ്പകടക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ശരീരത്തിന്റെ ശുദ്ധീകരണവും സംസ്‌കരണവുമാണതിന്റെ സുപ്രധാന ലക്ഷ്യം. ബാഹ്യവും ആന്തരീകവുമായ മാനമുണ്ടതിന്. ശരീരത്തിന്റെ നികുതി വീട്ടിത്തീര്‍ക്കേണ്ടത് നിര്‍ബന്ധ ബാധ്യതയാണെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. ബാഹ്യവും ആന്തരികവുമായ അഴുക്ക് നീക്കുക, ആത്മീയ കുറ്റകൃത്യങ്ങളില്‍ നിന്ന് സംസ്‌കരണം നേടുക, നോമ്പിന്റെ പോരായ്മകള്‍ പരിഹരിക്കുക, അവശതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുക തുടങ്ങി ഒട്ടേറെ സാമൂഹിക പ്രാധാന്യമുള്ള ഗുണങ്ങളുണ്ട് ഫിത്വര്‍ സകാത്തിന് (തുഹ്ഫ 3/305 നോക്കുക).
അല്ലാഹു സര്‍വ്വജനങ്ങള്‍ക്കും ആതിഥ്യമരുളുകയാണ് ഫിത്വറിലൂടെ. ആഘോഷദിനത്തില്‍ പട്ടിണി കിടക്കുന്നവരുണ്ടായിക്കൂടാ… ഫിത്വര്‍ സകാത്ത് നല്‍കാന്‍ വലിയ പണക്കാരാകണമെന്നില്ല. വലിയ സാമ്പത്തിക ശേഷിയുള്ളവര്‍ക്കേ അത് നിര്‍ബന്ധമാകൂ എന്ന ധാരണ ഒരിക്കലും ശരിയല്ല. പെരുന്നാള്‍ രാപകലില്‍ തനിക്കും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കുമുള്ള ഭക്ഷണം, വസ്ത്രം, ഭവനം, ആവശ്യമെങ്കില്‍ വേലക്കാരന്‍, കടം വീട്ടാനുള്ള വക എന്നിവ കഴിച്ച് മിച്ചമുള്ളവര്‍ ഫിത്വറിന് ബാധ്യസ്ഥരാണ്. (ഫത്ഹുല്‍ മുഈന്‍ 171). ബാക്കി വരുന്നത് കൊണ്ടുദ്ദേശ്യം പണം മാത്രമല്ല. ഏത് സമ്പത്തുമാകാം. പറമ്പും മറ്റു വസ്തുക്കളും എന്തുമാകാം. അങ്ങനെ മിച്ചം വരുന്നവരെല്ലാം സകാത്തുല്‍ ഫിത്വര്‍ നല്‍കിയേ പറ്റൂ. എങ്കില്‍ എത്രപേര്‍ക്ക് ഒഴിവാകാന്‍ കഴിയും? ഇല്ല. ഇന്നത്തെ അവസ്ഥയില്‍ ഏകദേശമെല്ലാവരും നല്‍കേണ്ടിവരും.
നാട്ടില്‍ പൊതുവെ ഭക്ഷണമായി ഉപയോഗിക്കുന്ന മുഖ്യാഹാരമാണ് നല്‍കേണ്ടത്. പണം കൊടുത്താല്‍ മതിയാകില്ല. ഓരോരുത്തര്‍ക്കും ഓരോ സ്വാഅ് വീതം നല്‍കണം. 3.200 ലിറ്റര്‍. തൂക്കമാണെങ്കില്‍ ഉദ്ദേശം 2.750 കി.ഗ്രാം.
പെരുന്നാള്‍ മാസപ്പിറവി ദൃശ്യമായത് മുതല്‍ പെരുന്നാള്‍ പകല്‍ സൂര്യാസ്തമയം വരെയാണതിന്റെ സമയം. പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പ് നല്‍കല്‍ സുന്നത്തും അകാരണമായി അസ്തമയം വരെ പിന്തിക്കല്‍ കറാഹത്തും ദിവസത്തെ തൊട്ട് പിന്തിക്കല്‍ ഹറാമുമാണ്. എന്നാല്‍ അവകാശികള്‍, സ്വത്ത് വഹകള്‍ എന്നിവയുടെ കാരണത്താല്‍ പിന്തിക്കേണ്ടി വരുന്നത് ഹറാമാകില്ല. (തുഹ്ഫ 3/309).
റമസാനിലെ അവസാനത്തെ അസ്തമനത്തിന് മുമ്പ് ജനിക്കുന്ന കുട്ടിക്കും വിവാഹം കഴിച്ച ഭാര്യക്കും അസ്തമയാനന്തരം മരിച്ച ഭാര്യ, കുട്ടി മുതലായവര്‍ക്കും വേണ്ടി ഫിത്വര്‍ നല്‍കേണ്ടതുണ്ട്. അസ്തമയത്തിന് ശേഷം ജനിച്ച കുട്ടിക്കും വിവാഹം ചെയ്ത ഭാര്യക്കും നല്‍കേണ്ടതില്ല. പിണങ്ങിനില്‍ക്കുന്ന ഭാര്യക്കും സാമ്പത്തികശേഷിയുള്ള കുട്ടിക്കും ഭര്‍ത്താവും പിതാവുമല്ല നല്‍കേണ്ടത്. അവര്‍ക്ക് സ്വത്തുണ്ടെങ്കില്‍ അവരാണ് നല്‍കേണ്ടത്.