Ongoing News
സഹന മുത്തുകൾ സ്‌നേഹ നൂലിൽ കോർത്ത ആഘോഷം
ഒരു മാസക്കാലം പ്യൂപ്പക്കകത്തിരുന്ന് പ്രാഥനാപൂർണമായ ദിനങ്ങൾ കടന്ന് ശലഭം വർണച്ചിറക് വിരിച്ച് പറന്നുയരുന്നതിന്റെ പ്രതീക ഭംഗിയുണ്ട് പെരുന്നാൾ ആഘോഷത്തിന്. സഹനത്തിന്റെയും ആത്മവിചാരണയുടെയും ദിനങ്ങൾക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് വിശ്വാസികൾ പ്രവേശിക്കുകയാണ്. ഒരു മാസത്തെ വ്രതനിഷ്ഠങ്ങൾക്കു ശേഷമുള്ള ആഘോഷമെന്നത് മറ്റ് മതവിഭാഗങ്ങളിലൊന്നും കാണാത്തതുമാണ്.
കുട്ടിക്കാലം തൊട്ടേ മുസ്‌ലിം ജനവിഭാഗങ്ങളുമായി അടുത്തിടപഴകാൻ സാധിച്ചിരുന്നതുകൊണ്ട് പെരുന്നാൾ അവർക്കൊപ്പം ആഘോഷിക്കാൻ സാധിച്ചിരുന്നു. എന്റെ അമ്മക്ക് ഒരു മുസ്‌ലിം സഹോദരനോ സഹോദരിയോ കൂടെ വേണം എന്നൊരു ചിന്ത ഉണ്ടായിരുന്നു. പാപ്പിനിപ്പാറയിലത് അലവ്യാക്കയായിരുന്നെങ്കിൽ വട്ടംകുളത്തെത്തിയപ്പോൾ അത് പാത്തുണ്ണിയായി മാറി. അവരുടെ വീട് ഞങ്ങളുടെ പറമ്പിനോട് ചേർന്നായിരുന്നു. ആ വീട്ടിലേക്ക് കെട്ടിച്ചുകൊണ്ട് വന്നതാണ് പാത്തുണ്ണിയെ. ഏറെ കാലം ഓല മേഞ്ഞ ചെറിയ കുടിലായിരുന്നു അവരുടെത്. അവിടെയൊരു ഉമ്മാമയുണ്ടായിരുന്നു. എന്റെ പ്രൈമറി സ്‌കൂൾ കാലത്ത് ആ ഉമ്മാമക്ക് മത്സ്യം മേടിച്ചു കൊടുക്കുന്ന ജോലി എനിക്കായിരുന്നു. എല്ലാ ദിവസവും എടപ്പാൾ അങ്ങാടിയിൽ പോയി മീൻ മേടിക്കും. ഞങ്ങൾക്കുള്ളതും ഉമ്മാമക്കുള്ളതും. ഉമ്മാമ മുപ്പതു പൈസ തരും. ഇരുപത്തഞ്ച് പൈസക്ക് മീൻ. അഞ്ച് പൈസ എനിക്കും. മിഠായി വാങ്ങാൻ അഞ്ച് പൈസ തന്നെ ധാരാളം.
ഉമ്മാമയുടെ കിണറിൽ നിന്നാണ് ഞങ്ങൾ വെള്ളമെടുത്തിരുന്നത്. വേനലൊടുവിലാകുമ്പോൾ അതു വറ്റും. ഞങ്ങൾ വെള്ളമെടുത്തിരുന്നതുകൊണ്ടാണ് ആ കിണർ വറ്റുന്നത്. എന്നാലും ഉമ്മാമക്ക് ഒരു പരാതിയുമില്ല. കിണറിലെ വെള്ളം പങ്കിടാനുള്ളതാണ് എന്നത് ഉമ്മാമയുടെ ദർശനം. പെരുന്നാളിന് കാര്യമായി ഒരു വിഭവവും ഞങ്ങൾക്ക് തരാൻ ആ വീട്ടുകാർക്ക് സാധിച്ചില്ല. സാമ്പത്തിക പ്രയാസങ്ങൾ അത്രക്കുണ്ടായിരുന്നു അക്കാലത്ത്.
പൊന്നാനി പലഹാരങ്ങളുടെ രുചി പെരുന്നാൾ കാലത്ത് ഞങ്ങളറിഞ്ഞത് അച്ഛന്റെ ഒരു കൂട്ടുകാരൻ പൊന്നാനിയിൽ നിന്ന് ഞങ്ങളുടെ അയൽപ്പക്കത്ത് താമസിക്കാൻ വന്നപ്പോഴാണ്. പെരുന്നാളിന് അവർ തന്ന കോഴിയടയുടെയും രരീരമെന്ന മധുര പലഹാരത്തിന്റെയും രുചി നാവിൽ നിന്നു മായില്ല. ഞാനാദ്യമായി ചട്ടിപ്പത്തിരി കഴിച്ചതും ആ വീട്ടിൽ നിന്നുകൊണ്ടുവന്നിട്ടാണ്. മരുമക്കത്തായം ആചരിച്ചതിനാൽ കുറച്ചുകാലം കഴിഞ്ഞപ്പോൾ അവർ പൊന്നാനിയിലേക്ക് മടങ്ങിപ്പോയി.
പാപ്പിനിപ്പാറയിലെ തറവാടിന്റെ അയൽപക്കത്തെ വീടുകളിൽ പെരുന്നാളിനേ പുത്തൻ വസ്ത്രങ്ങൾ അണിയുന്നവരെ ഞാൻ കണ്ടിട്ടുള്ളൂ. അല്ലാത്തപ്പോഴൊക്കെ അവരുടെ വസ്ത്രങ്ങൾ പലതരം കറകൾ പുരണ്ടതാകും. ഞങ്ങളുടെയും അങ്ങനെയൊക്കെ തന്നെ. ഓണത്തിനേ പുതുവസ്ത്രം കിട്ടൂ. ഇപ്പോൾ പുതുവസ്ത്രങ്ങൾ ഓണമോ, പെരുന്നാളോ വിവാഹാഘോഷങ്ങളോ ഒന്നുംവേണ്ട. വട്ടംകുളത്ത് ഞങ്ങൾ പ്രാർഥനയെന്ന പുതിയ വീട് വെച്ചപ്പോഴും അയൽപ്പക്കത്തൊരു മുസ്‌ലിം വീട് വന്നു. അത് എന്റെ അമ്മയുടെ മനസ്സിന്റെ സ്പർശം കൊണ്ടുള്ള അനുഗ്രഹമാണെന്ന് ഞങ്ങൾക്ക് തോന്നിയിട്ടുണ്ട്. ഇരുപത്തേഴാം രാവിന് അയൽപ്പക്കത്തെ മുസ്‌ലിം വീടുകളിൽ നിന്ന് കൈനീട്ടത്തിനായി കുട്ടികൾ വരും. അത് ഞങ്ങൾക്കും അവർക്കും സന്തോഷം നൽകി. കുട്ടികൾ വരുന്നതും കാത്ത് ഞങ്ങളിരിക്കും. സ്‌നേഹബന്ധത്തിന്റെ സ്വർണനൂലുകളൊന്നും അറ്റുപോയിട്ടില്ല എന്നതിന്റെ അടയാളമാണത്.
ഓണക്കാലത്ത് ഒരുക്കുന്ന സദ്യയുടെ ഒരു പങ്ക് അയൽപക്കത്തെ മുസ്‌ലിം വീടുകളിലെത്തിക്കും. വീട്ടിൽ പിറന്നാളുകൾ വരുമ്പോഴുമതെ. പെരുന്നാൾ ദിനങ്ങളിൽ ഞങ്ങളുടെ അടുക്കളയിലും തീ പുകയില്ല. ഞങ്ങൾക്ക് ഉടപ്പിറപ്പുകൾ തന്നെയായ അയൽപക്കത്തു നിന്ന് ബിരിയാണി വരുന്നതും കാത്ത് ഞങ്ങളിരിക്കും. സ്‌നേഹം കൊണ്ട് പൊതിഞ്ഞ അവകാശങ്ങളാണ് അതൊക്കെ. ബിരിയാണിയും പാലടപ്രഥമനും ഒത്തുചേരണം. ദേശങ്ങളുടെ രുചികൾ അങ്ങനെയാണ് രൂപപ്പേടേണ്ടത്.
എല്ലാ ജനവിഭാഹങ്ങൾക്കും അവരവരുടെതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളുമുണ്ട്. തനിമയോടെ അത് പാലിച്ചുകൊണ്ട് തന്നെ മറ്റ് മത വിഭാഗങ്ങളുടെ ആഘോഷങ്ങളിൽ ഹൃദയപൂർവം പങ്ക് ചേരണം. വിശ്വാസികളെ സംബന്ധിച്ച് സ്വന്തം വിശ്വാസങ്ങൾക്ക് പോറലേൽക്കരുത് എന്നേയുള്ളൂ.
പത്ത് വർഷം മുമ്പെങ്കിലും സമൂഹ നോമ്പ് തുറകൾ ധാരാളം നടന്നിരുന്നു. ഗൾഫ് പ്രതിസന്ധികളാണ് അത്തരം കൂടിച്ചേരലുകൾ ഇല്ലാതാക്കിയത്. സാമ്പത്തിക പ്രയാസങ്ങൾ ഇത്തരം കൂട്ടായ്മകൾ സൃഷ്ടിക്കുന്നതിൽ ആളുകളെ വിമുഖരാക്കി. എന്നാലും ഒന്നോ രണ്ടോ നോമ്പ് തുറകളിൽ പങ്കെടുക്കാറുണ്ട്. കൊവിഡ് കാലത്ത് അതും ഇല്ലാതായി. ആഹാരമെന്നത് രുചിക്കൂട്ടുകൾ മാത്രമല്ല. സ്‌നേഹക്കൂട്ടുമാണ്. ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചാൽ തന്നെ വലിയൊരളവ് വിദ്വേഷങ്ങൾ മാഞ്ഞുപോകും.
സഹനത്തിന്റെ മുത്തുകൾ സ്‌നേഹത്തിന്റെ നൂലിൽ കോർത്തെടുക്കുന്നതിന്റെ ആഘോഷമാണ് പെരുന്നാൾ. മനുഷ്യർക്കിടയിലെ സഹനവും സഹിഷ്ണുതയുമാണ് പാരസ്പര്യത്തെ കണ്ണിപൊട്ടാതെ കാക്കുന്നത്. ഈ മഹാമാരിക്കാലത്ത് എല്ലാ ആഘോഷങ്ങൾക്കും മങ്ങലേറ്റു. എവിടെ നോക്കിയാലും വിഷാദം മാത്രം. പെരുന്നാളിന്റെ മനോഹാരിത പരസ്പരം ആശ്ലേഷിക്കുന്ന മനുഷ്യരാണ്. അതെല്ലാം അസാധ്യമായി. ഒരിടത്ത് ഒന്നിച്ചുകൂടി സാമൂഹികമായ കെട്ടുറപ്പ് ബോധ്യപ്പെടുത്തി നിസ്‌കാരത്തിൽ ഏർപ്പെടാൻ പോലും സാധിക്കാതെയായി. ആത്മീയ സദസ്സുകൾ ഇല്ലാതായി. ഇതൊക്കെ മനുഷ്യരെ കൂടുതൽ കൂടുതൽ വിഷാദികളാക്കുന്നു. എല്ലാം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം. ഒരു കാര്യം ഉറപ്പിക്കണം. പെരുന്നാൾ ആഘോഷങ്ങൾ ബഹുസ്വരതയെ ശക്തിപ്പെടുത്തുന്നതാകണം. വർധിച്ചുവരുന്ന വംശീയ വെറിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഇത്തരം ആഘോഷങ്ങൾക്ക് സാധിക്കും.
ചിട്ടയില്ലാതെ പോയ ഒരു ജനസമൂഹത്തിന് അടുക്കും ചിട്ടയും ഒരുമയും കൊണ്ടുവരാനുള്ള പ്രവാചക പാഠമാണ് ഒരു മാസത്തെ നോമ്പ്. ഭൗതികമായ ആർത്തികൾ വെടിഞ്ഞ് പ്രാർഥനാപൂർണമായി ദൈവാനുഭവങ്ങൾ പങ്കിടാനുള്ള കാലം. വിശുദ്ധ ഖുർആൻ അവതരിച്ചതിന്റെ ഓർമയുമാണത്. എല്ലാ ജന സമൂഹങ്ങൾക്കിടയിലും പ്രവാചകർ അവതരിച്ചിട്ടുണ്ട്. ദൈവികമായ വേദഗ്രന്ഥങ്ങൾ പിറവികൊണ്ടിട്ടുണ്ട്. പ്രവാചകരും വേദഗ്രന്ഥങ്ങളും മാനവരാശിയുടെ സമ്പത്താണ്. അതിനാൽ പരസ്പരമുള്ള ആദരവ് പ്രധാനമാണ്. മതങ്ങൾക്കിടയിൽ സ്നേഹ സംവാദങ്ങളിലൂടെ ഐക്യം രുപപ്പെടണം. കലഹങ്ങൾ വെടിയാനുള്ള സന്ദേശം കൂടിയാണ് പെരുന്നാൾ. ഇതര സമൂഹങ്ങളുമായി അകലം പാലിക്കാതെ സമൂഹ നന്മക്കായി പ്രാർഥിച്ച് വേണം എല്ലാ ആഘോഷങ്ങളും നടത്താൻ. എല്ലാവർക്കും ഹൃദ്യമായ പെരുന്നാൾ ആശംസകൾ.