Connect with us

Ongoing News

ഈദാഘോഷത്തിലെ രുചിഭേദങ്ങൾ

Published

|

Last Updated

തെക്കൻ കേരളത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് വടക്കൻ മലബാറിലെ പെരുന്നാൾ ആഘോഷങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്ന് കുടിയേറി ഇന്ത്യയിലെത്തിയ പല മുസ്്ലിം വിഭാഗങ്ങളുണ്ട്. അവരിൽ ചിലരാണ് പഠാണികളും റാവുത്തർമാരും. ഇവരുടെ ഭാഷ, സംസ്‌കാരം, ആചാരം, ഭക്ഷണം ഒക്കെ വ്യത്യസ്ത രീതിയിലാണ്.

അഫ്ഗാൻ- പാക്കിസ്ഥാൻ സംസ്‌കാരത്തനിമ കലർന്നതിനാൽ പഠാണി വിഭാഗത്തിലെ ഭക്ഷണ രീതികളിലും ആചാരങ്ങളിലും ആ വ്യത്യാസം നമുക്ക് കാണാൻ കഴിയും. ഇന്ത്യയിലെ പ്രധാനപ്പെട്ട മുസ്്ലിം വിഭാഗമാണ് പഠാൻമാർ അഥവാ പട്ടാണികൾ. ഇവർ പഷ്തൂൺ എന്നും അറിയപ്പെടുന്നു.
പഠാണികളുടെ സംസ്‌കാര രീതികൾ പോലെ തന്നെ അവരുടെ ഭക്ഷണ രീതികളിലും വ്യത്യാസം പ്രകടമാണ്. പെരുന്നാൾ ദിനത്തിൽ അവരുടെ പ്രധാന വിഭവങ്ങളാണ് ഖജൂർ, മോട്ട്‌ലെഡു, ഖാരിയ, പൂരൻ, സേവിയാൻ, സിത്തരിയ തുടങ്ങിയവ. വിഭവങ്ങളിലൊക്കെ ഒരു അഫ്ഗാൻ ടച്ച് ഉണ്ടാകും. ഈ വിഭവങ്ങൾ നോമ്പ് തുറക്കും അവരുടെ തീൻ മേശകളിലെ പ്രധാനപ്പെട്ട ഒന്നാണ്. ഗോതമ്പും ശർക്കരയും കസ്‌കസും ഒക്കെ വറുത്തെടുക്കുന്ന ഡയമണ്ട് ഷെയ്പിലുള്ള ഒന്നാണ് ഖജൂർ. ഖാരിയ അതുപോലെ തന്നെ റൗണ്ട് ഷെയ്പ്പിൽ ഉണ്ടാക്കുന്ന ഒന്നാണ്. പഞ്ചസാര പാനീയം മൈദയും കുഴച്ചെടുത്ത് വറുത്തുണ്ടാക്കുന്ന ഒന്നാണ് മോട്ട്‌ലെഡു. അതുപോലെ തന്നെ പഠാണികൾക്ക് ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഇറച്ചി വിഭവം. ചപ്പാത്തി മാവ് കുഴച്ച് തേങ്ങയും പഞ്ചസാരയും വറുത്തെടുത്ത് ഉണ്ടാക്കുന്ന വിഭവമാണ് പൂരൻ. അത് കടല വേവിച്ച് പഞ്ചസാര ഇട്ട് കുറുക്കിയെടുത്ത് ഉപയോഗിക്കുകയും ചെയ്യും. പെരുന്നാൾ ദിനത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് സേവിയൻ. നിസ്‌കാരത്തിന് ശേഷം മധുരം കഴിച്ച് തുടങ്ങണം എന്നതാണ് അവരുടെ രീതി. അതിന് ശേഷമേ അവർ പ്രഭാത ഭക്ഷണം കഴിക്കു. സേമിയ പാൽ ഒഴിക്കാതെ പഞ്ചാസാര പാനീയത്തിൽ നന്നായി കുറുക്കിയെടുത്ത് കസ്‌കസ് ഇട്ട് ഉണ്ടാക്കുന്ന മധുര വിഭവമാണ് സേവിയാൻ. കൈപ്പത്തിരി, അപ്പം ബീഫ് ഇതൊക്കെയാണ് അവരുടെ പ്രഭാതഭക്ഷണ വിഭവങ്ങൾ. പെരുന്നാളിന്റെ മറ്റൊരു പ്രധാന വിഭവമാണ് സിത്തരിയ. മട്ടൻ സൂപ്പ് വെള്ളത്തിൽ മട്ടനും എല്ലും എല്ലാകൂടി ചേർത്ത് കൊഴുക്കട്ട പോലുണ്ടാക്കുന്ന വിഭവവും അവർക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ബിരിയാണിയാണ് പ്രധാനമെങ്കിലും ചിലപ്പോഴൊക്കെ മറ്റ് വിഭവങ്ങളും പാകം ചെയ്യാറുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷമാണ് ബന്ധുവീട് സന്ദർശനം. ഇത് അവർക്ക് ഒരു ആഘോഷമാണ്. കേരളത്തിന്റെ പല സ്ഥലങ്ങളിലും ഇന്ന് പഠാണികൾ അധിവസിക്കുന്നുണ്ട്. രാജ്യാതിർത്തി കടന്നെത്തിയ സംസ്‌കാരത്തനിമയുമായാണ് അവർ ഇവിടെ ജീവിച്ചുപോരുന്നത്. മുൻഗാമികൾ അഫ്ഗാനികളും പാക്കിസ്ഥാനികളുമാണെങ്കിലും അതോടൊപ്പം കേരള സംസ്‌കാരത്തിൽ ജീവിക്കാനും അവർക്ക് കഴിയുന്നുണ്ട്.
അതുപോലെ തന്നെ ഭക്ഷണ രീതികളിൽ വ്യത്യാസം പുലർത്തുന്ന ഒരു വിഭാഗമാണ് റാവുത്തർമാർ. ദ്രാവിഡ തമിഴ് സംസ്‌കാരത്തനിമ കലർന്നതിനാൽ അവരുടെ ഭക്ഷണ രീതികളിലും ആ വ്യത്യാസം കാണാൻ കഴിയും. ദക്ഷിണേന്ത്യയിലെ തമിഴ്‌നാട്ടിലും കേരളത്തിലും വ്യാപിച്ച് കിടക്കുന്ന മുസ്്ലിം വിഭാഗമാണ് റാവുത്തർമാർ. ഇവരിൽ തന്നെ കയുറുൽ, ലബ്ബ, മരക്കാർ തുടങ്ങി ഉപവിഭാഗങ്ങളുമുണ്ട്. ഇവരുടെ മുൻഗാമികൾ തുർക്കികളാണ്. തുർക്കിയിൽ നിന്ന് അറേബ്യ, പേർഷ്യ വഴി വടക്കേ ഇന്ത്യയിലൂടെ തമിഴ്‌നാട്ടിൽ എത്തിയവരാണ് റാവുത്തർമാർ. കേരളത്തിലെ പത്തിൽപരം ജില്ലകളിലിവരുണ്ട്. ഇവരുടെ സംസാരഭാഷയിൽ ചെന്തമിഴിന്റെ സ്വാധീനം വളരെ കൂടുതലാണ്. കൂടാതെ അറബി, ഉറുദു, പേർഷ്യൻ ഭാഷകളുടെ സ്വാധീനവുമുണ്ട്. ദ്രാവിഡ- ചെന്തമിഴ് പാരന്പര്യമുള്ളതിനാൽ ആചാരരീതികളിൽ വ്യത്യാസം പുലർത്തുന്നു.

ആഘോഷങ്ങളിലും ആ വ്യത്യാസം പ്രകടമാണ്.
പെരുന്നാൾ ആഘോഷങ്ങളിൽ മറ്റുള്ളവർ ബിരിയാണിയും നെയ്‌ച്ചോറും പ്രധാന വിഭവങ്ങളാക്കുമ്പോൾ റാവുത്തർമാർ തേങ്ങാച്ചോറും ഇറച്ചിക്കറിയും പരിപ്പുകറിയും പപ്പടവും അച്ചാറും ഉപയോഗിക്കുന്നു. അരിപ്പൊടികൊണ്ടുണ്ടാക്കുന്ന തിക്കിടിയാണ് ഇവരുടെ മറ്റൊരു വിഭവം. പെരുന്നാൾ ദിനത്തിലെ പ്രഭാത ഭക്ഷണത്തിൽ പോലും ആ വ്യത്യാസം പ്രകടമാണ്. പത്തിരിക്ക് പകരം വെള്ളയപ്പമോ പൊറോട്ടയോ ചപ്പാത്തിയോ ഉണ്ടാക്കുന്നു.

ഇവരുടെ മറ്റൊരു വിഭവമാണ് കത്രിക്കാവെഞ്ജനം. വഴുതനയും മുട്ടയും ഉപയോഗിച്ചാണ് ഇത് പാകം ചെയ്യുന്നത്. പെരുന്നാൾ ദിനത്തിൽ ഇത് പാകം ചെയ്യാറില്ലെങ്കിലും മറ്റ് ചില വിശേഷാവസരങ്ങളിൽ ഇതുണ്ടാക്കാറുണ്ട്. തുർക്കി പൈതൃകത്തിലൂടെ രൂപപ്പെട്ട ഒരു ജനസഞ്ചയത്തിന്റെ ഒളിമങ്ങാത്ത ശേഷിപ്പാണ് കേരളത്തിലെ റാവുത്തർമാർ.

nasilakummannoor@gmail.com