Connect with us

Ongoing News

മാതൃഹൃദയത്തിന്റെ പ്രവചനം

Published

|

Last Updated

പുസ്തകത്തിലെ ആപ്തവാക്യം കണ്ടെത്താൻ ആർക്കും കഴിയും. ഉറക്കെ ഉച്ചരിച്ചു ശ്രദ്ധ നേടാനും കഴിയും. പക്ഷേ, ജീവിതത്തിൽ നിന്ന് ഒരു സ്‌നേഹവചനം പകർന്നു തരാൻ കഴിയുകയാണ് പരമപ്രധാനം. വിശ്വസ്തമായ ആത്മബോധത്തിൽ അപരൻ ശത്രുവല്ലാതാകുന്നു. നിഷ്‌കളങ്കമായ പങ്കിടൽ നമ്മെ പഠിപ്പിച്ചത് ഈ മഹാ പ്രകൃതിയാകുന്നു. ആരുടെയും നിർബന്ധമില്ലാതെ, കലഹമില്ലാതെ, കാപട്യമില്ലാതെ ഉദയം. ശാന്തവും സുന്ദരവും കാവ്യാത്മകവുമായ അസ്തമയം. ആരുടെയും നിർദേശമില്ലാതെ പൂവ് തേടി ചിത്രശലഭങ്ങളും തുമ്പികളും എത്തുന്നു. പരാഗരേണുക്കൾ പകർന്നെടുത്ത് മറ്റൊരു പൂവിൽ നിക്ഷേപിക്കുമ്പോൾ വസന്തത്തിന് കാരണമാകുന്നു. പൂക്കളെ ഞെരിക്കുകയും ശലഭങ്ങളെ വകവരുത്തുകയും ചെയ്യാതിരിക്കുന്ന വിശുദ്ധ പാഠം പകരുന്ന ജ്ഞാനമാണ് യഥാർഥത്തിൽ മനുഷ്യകുലത്തിന്റെ അനുഗ്രഹം.

ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത് , ചെറുയൊരു മതിലിനപ്പുറം താമസിച്ചിരുന്ന ഉമ്മയിൽ നിന്ന് ഞാൻ പഠിച്ചത് വലിയ ദർശനം. ഏതു വേനലിലും നിറയെ പൂവിടുന്ന ചെടികൾ ഞങ്ങളുടെ കൊച്ചു വീടിന്റെ അലങ്കാരമായിരുന്നു. അശോകതെറ്റിയും നന്ത്യാർവട്ടവും ചെമ്പരത്തിയുമെല്ലാം മതിലിനോട് ചേർന്ന് വളർന്നിരുന്നു. ഒരു പാത്രം വെള്ളം ഉമ്മയുടെ സംഭാവനയായി ചെടികൾക്ക് ലഭിച്ചിരുന്നു. ഞങ്ങൾ അവധിക്കാലത്ത് നാട്ടിൽ പോകുമ്പോൾ വീടിന്റെ താക്കോൽ ഉമ്മയുടെ കൈയിലായിരിക്കും. മനുഷ്യരുടെ മാത്രമല്ല, ചെടികളുടെ വിശപ്പും ദാഹവും കൂടി അറിയുന്നവരെയാണ് മാതാവ് എന്നു വിളിക്കേണ്ടത്. നോമ്പുകാലങ്ങളിൽ ഉമ്മയുടെ വീട് നിശ്ശബ്ദമായിരിക്കും. ആളനക്കമില്ലാതെ മൗനത്തിലാഴുന്ന വീട്. മക്കളൊ കൊച്ചുമക്കളൊ ഒച്ചവെക്കാറില്ല. കുട്ടികൾ കളികളിലേർപ്പെടാറില്ല. വീട് മുഴുവൻ പ്രാർഥിക്കുകയാണെന്ന് തോന്നും. മതിലിനടുത്ത് വന്ന് എന്റെ ഭാര്യയോട് വർത്തമാനം പറയാൻ ഉമ്മ സമയം കണ്ടെത്താറില്ല. വ്രതത്തിന്റെ ശുദ്ധിയിൽ മനസ്സർപ്പിച്ചിരിക്കുമ്പോൾ മറ്റു വർത്തമാനങ്ങൾക്ക് പ്രസക്തിയില്ലല്ലോ. റേഡിയോ, ടി വി ശബ്ദം കൂട്ടിവെക്കാൻ എന്റെ വീട്ടിലാരും തുനിയാറില്ല. കാറ്റ് അടക്കം പറഞ്ഞേ ഞങ്ങളുടെ പരിസരത്ത് സഞ്ചരിക്കാറുള്ളൂ. ആരുടെയും മനശ്ശാന്തി കെടുത്താൻ കാറ്റോ കിളിയോ തയ്യാറല്ല! പുലരിയുണരും മുമ്പേ ചെടികൾക്ക് വെള്ളം പകർന്ന്, സമാധാനത്തോടെ അകത്തേക്ക് കയറിപ്പോകുന്ന ഉമ്മയെ പല ദിവസങ്ങളിലും കണ്ടിട്ടുണ്ട്. നിറയെ പൂങ്കുല ചാർത്തി പന്തലിച്ചു നിൽക്കുന്ന അശോകത്തെറ്റിയുടെ ഭംഗി ആസ്വദിച്ചു നിൽക്കുമ്പോൾ ഉമ്മയുടെ ദാഹനീരിനെക്കുറിച്ചോർക്കും.

രാത്രി ഉമ്മയുടെ വീട്ടിൽ നിന്ന് ആരെങ്കിലും വരും. രണ്ടോ മൂന്നോ തരം പലഹാരങ്ങൾ തരും. നോമ്പുപലഹാരമെന്നാണ് ഞങ്ങൾ പറയുക. ഉമ്മയുടെ കൈപ്പുണ്യം, എന്റെ അമ്മയുടെ കൈപ്പുണ്യം പോലെ വിശുദ്ധമെന്നറിയും. മനുഷ്യ സഹജമായ വാത്സല്യത്തിന്റെ മാതൃഭാവത്തെ വന്ദിക്കാതെ ആ പലഹാരത്തെ തൊടാനാകില്ല. എന്റെ കുട്ടികൾ ആ പലഹാരങ്ങളുടെ ഇഷ്ടക്കാരായിരുന്നു. നോമ്പിന്റെ സ്മരണകളിൽ ലോകം മുഴുവൻ നിറയുന്ന വിശപ്പിന്റെ നിലയ്ക്കാത്ത നിലവിളികൾ കൂടി ചേരുന്നുണ്ട്. വിശക്കുന്നവന്റെ ദൈന്യം തിരിച്ചറിയാത്ത സമ്പത്തെന്തിന് . ദുർമേദസ്സിന്റെ കോശങ്ങളിൽ കരുണയുടെ പ്രാർഥനാ വചനം കയറിയിറങ്ങുമ്പോൾ ലാളിത്യമുണ്ടാകണം. സ്‌നേഹത്തിന്റെ സാന്നിധ്യമാണ് ഏതു ദേശത്തിന്റെയും പ്രകൃതിയെയും മനുഷ്യനെയും കൂട്ടിയിണക്കുന്നത്, ഊട്ടിയുറപ്പിക്കുന്നത്. അവിടെ കലഹമില്ല, ഹൃദയത്തിന്റെ പ്രവചനം മാത്രം. ചെടികൾക്ക് ജലം പകരുന്ന ഉമ്മ എന്റെ വാക്കുകളുടെ പച്ചിലയിൽ നനവ് പടർത്തുന്ന ജ്ഞാനമാണ്.

peekegopi@gmail.com

---- facebook comment plugin here -----

Latest