Connect with us

Ramzan

സഹാനുഭൂതിയുടെ പെരുന്നാൾ; ജാഗ്രതയുടെയും

ജാഗ്രതയും സഹന സന്നദ്ധതയും ഏറെ ആവശ്യപ്പെടുന്ന സവിശേഷ സമയത്താണ് വീണ്ടും ചെറിയ പെരുന്നാള്‍ എത്തിയിരിക്കുന്നത്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും സഹജീവികളോട് വലിയ അളവില്‍ സഹാനുഭൂതി കാണിക്കാനുമാണ് ഈദിന്റെ സന്ദേശം.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ശാരീരികമായും മാനസികമായും പ്രാര്‍ത്ഥനയിലൂടെയും കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം പകരാന്‍ ശ്രമിക്കണം. ഇക്കാലത്തെ ഏറ്റവും വലിയ പുണ്യം അതായിരിക്കും.

വിശുദ്ധിയുടെ വെണ്മ നിറഞ്ഞ റമളാനിലെ പുണ്യ ദിനങ്ങളെ വിസ്മരിച്ചു കളയരുത്. അത് പോയ്‌പ്പോയ പട്ടിണി ദിനങ്ങളല്ല, നമ്മുടെ ജീവിതത്തില്‍ ഇടര്‍ച്ചകളില്ലാതെ തുടരേണ്ട നന്മയുടെ മാര്‍ഗമാണ്. റമളാനില്‍ ആര്‍ജ്ജിച്ചെടുത്ത സ്വഭാവ ഗുണങ്ങളെല്ലാം പെരുന്നാളോടെ വലിച്ചെറിയുന്നവരെക്കാള്‍ ഹതഭാഗ്യര്‍ ആരാണുള്ളത്.

രോഗപീഢകളിലും പ്രതിസന്ധികളിലും വലയുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിലും പ്രാര്‍ത്ഥനകളില്‍ അവരെ ഓര്‍ക്കുന്നതിലുമാലട്ടെ പെരുന്നാള്‍ സന്തോഷങ്ങള്‍. അഭിമാനത്തോടെയുള്ള നിലനില്‍പ്പിനായി പൊരുതുന്ന ഫലസ്തീനികളെ പ്രത്യേകിച്ചും ദുആകളില്‍ ഉള്‍പ്പെടുത്തുക.

പെരുന്നാളിന്റെ ഹൃദയമായ കൂടിച്ചേരലുകള്‍ക്ക് നിയന്ത്രണമുണ്ട്. വിശ്വാസികളെന്ന നിലയില്‍ ഇവ പാലിക്കല്‍ ഓരോരുത്തരുടേയും നിര്‍ബന്ധ ബാധ്യതയാണ്. എന്നാല്‍ കനിവും കരുതലും വേണ്ടവര്‍ക്ക് അവ നല്‍കുന്നതിന് ഒരു മുടക്കവും ഉണ്ടാവരുത്. മഹാമാരിയാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ആശ്വാസം പകരാന്‍ വഴികള്‍ കണ്ടെത്തണം. കോവിഡ് ബാധിതരുടെ കുടുംബങ്ങള്‍ക്ക് മാനസികമായ ധൈര്യം പകരണം. വിവിധ രോഗ പീഢകളില്‍ കഴിയുന്നവര്‍ക്ക് കനിവെത്തണം. സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ ഇത് സാധ്യമാണ്. സാങ്കേതിക രംഗത്തെ സധ്യതകള്‍ ഇതിനായി ഉപയോഗപ്പെടുത്തണം. സാര്‍വ്വത്രികമായ സാമൂഹ്യ മാധ്യമ ഇടപെടലുകളില്‍ ധാര്‍മികതയുടെ ചൈതന്യം നിറയണം.

എല്ലാവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍