Kerala
സംസ്ഥാനത്ത് പൾസ് ഓക്‌സിമീറ്ററിന് ക്ഷാമം
കോട്ടയം | കൊവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിന് പിന്നാലെ പൾസ് ഓക്‌സിമീറ്ററിനും ക്ഷാമം നേരിടുന്നു. ഉപകരണത്തിന്റെ വിലയിൽ മൂന്നിരട്ടിയിലേറെ വർധനവും ഉണ്ടായിട്ടുണ്ട്. പല മെഡിക്കൽ ഷോപ്പുകളിലും ഈ ഉപകരണം കിട്ടാനില്ല. ആവശ്യക്കാർ വർധിച്ചതോടെയാണ് പൾസ് ഓക്‌സിമീറ്ററിന് ക്ഷാമം നേരിടുന്നത്.
ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കൊവിഡ് രോഗികൾ വീടുകളിൽ തന്നെ കഴിഞ്ഞാൽ മതിയെന്ന നിർദേശത്തെ തുടർന്നാണ് പൾസ് ഓക്‌സിമീറ്ററിന് ആവശ്യക്കാർ ഏറിയത്. കൊവിഡിന്റെ രണ്ടാംതരംഗത്തിൽ രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറയുന്നത് പ്രധാനലക്ഷണങ്ങിലൊന്നായതിനാൽ വീടുകളിൽ കഴിയുന്നവർക്ക് പൾസ് ഓക്‌സിമീറ്റർ കൂടിയേ തീരു.
അതേസമയം, ആശുപത്രികളിൽ മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന പൾസ് ഓക്‌സിമീറ്ററിന് ഡിമാൻഡ് വർധിച്ചതോടെ വിലയും വർധിച്ചു. നേരത്തേ, 700 രൂപയായിരുന്ന ഈ ഉപകരണത്തിന് ഇപ്പോൾ 4,000 മുതൽ 5,000 രൂപ വരെ ആയി വില വർധിച്ചു. പൾസ് ഓക്‌സിമീറ്ററിന് ആവശ്യം വർധിച്ചതോടെ കമ്പനികൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതാണെന്ന ആരോപണം ഉയരുന്നുണ്ട്.
കർണാടകയിലും കേരളത്തിലും ലോക്ക്ഡൗൺ ആരംഭിച്ചതിനാൽ സംസ്ഥാനത്തേക്ക് മെഡിക്കൽ ഉപകരണങ്ങളുടെ വരവ് കുറഞ്ഞതാണ് ക്ഷാമത്തിന് കാരണമെന്നാണ് സൂചന. ശരീര ഊഷ്മാവ് അളക്കുന്ന തെർമോമീറ്ററുകൾക്കും ഡിമാൻഡ് കൂടിയിട്ടുണ്ട്. ഡിജിറ്റൽ തെർമോമീറ്ററിന് 200 മുതൽ 250 രൂപയും മാന്വൽ തെർമോമീറ്ററിന് 90 മുതൽ 200 രൂപയുമാണ് വില.