Connect with us

Socialist

ഈ രക്തച്ചൊരിച്ചിലിന് ഒറ്റക്കാരണം; നെതന്യാഹുവിന്റെ അധികാരാസക്തി

Published

|

Last Updated

കൊച്ചുകുഞ്ഞുങ്ങളും സ്ത്രീകളും വയോധികരും ശരീരം നുറുങ്ങിച്ചിതറി അന്ത്യശ്വാസം വലിക്കുന്ന ദാരുണ രംഗമാണ് പശ്ചിമേഷ്യയിൽ. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം 32 കുഞ്ഞുങ്ങളും 21 സ്ത്രീകളും ഉൾപ്പെടെ 132 പേർ വധിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവർ 950.

ആക്രമണങ്ങൾക്കും പ്രതിരോധങ്ങൾക്കുമിടയിൽപ്പെട്ട് അവിചാരിതമരണങ്ങൾ സംഭവിക്കും. ഇസ്രയേലിൽ മരണമടഞ്ഞ മലയാളി ആരോഗ്യപ്രവർത്തക സൗമ്യ സന്തോഷിന്റെ നിർഭാഗ്യകരമായ അന്ത്യം അത്തരത്തിൽപ്പെട്ടതാണ്. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചിരിക്കുകയാണ്‌. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‌ വേണ്ട നടപടികൾ കൈക്കൊണ്ടകാര്യം നേരത്തേ വെളിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, വേർപാടിൽ അനുശോചനമറിയിക്കുകയും അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടത് ചെയ്യുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

റമദാൻ എന്ന പുണ്യ മാസം എത്ര കുടുംബങ്ങൾക്കാണ് തോരാക്കണ്ണീരൊഴുകുന്ന നിലവിളിയായി മാറിയത്? ഇപ്പോൾ ഈ രക്തച്ചൊരിച്ചിലിന് ഒറ്റക്കാരണമാണ് മുഖ്യമായി കണ്ടെത്താനാകുക; ഇസ്രയേലിലെ വംശീയ ഭരണകൂടത്തിന്റെ തലവനായ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരാസക്തി. നെതന്യാഹുവിനുപകരം പ്രതിപക്ഷനേതാവ് യയിർ ലാപിഡിന് പ്രധാനമന്ത്രിപദം ഏറ്റെടുത്ത് സർക്കാർ രൂപീകരിക്കാൻ ജൂൺ രണ്ടുവരെ സമയം നൽകിയിരിക്കുകയാണ്. വിശ്വാസ വഞ്ചന, അഴിമതി, തട്ടിപ്പ് എന്നീ കുറ്റങ്ങൾക്ക് വിചാരണ നേരിടേണ്ട നെതന്യാഹുവിന് 13 വർഷംവരെ തടവുശിക്ഷ കിട്ടാനും സാധ്യതയുണ്ട്. ഈ സാഹചര്യം മറികടക്കാൻ നെതന്യാഹു (ഡോണൾഡ് ട്രംപിന്റെയും നരേന്ദ്ര മോഡിയുടെയും ഉറ്റ സുഹൃത്തുകൂടി ആയതിനാൽ) ഒരു കുറുക്കു വഴി കണ്ടുപിടിച്ചു. ഇസ്ലാമിക വിശ്വാസികളുടെ പുണ്യമാസത്തിൽ (കേരളത്തെപ്പോലെ മിക്കവാറും സമൂഹങ്ങളിൽ ഒരു മതത്തിന്റെ ആഘോഷമോ ആചരണമോ മറ്റുവിശ്വാസികളും അനുഭാവപൂർവം പങ്കു ചേരുമല്ലോ) എങ്ങനെയെങ്കിലും ഒരു സംഘർഷത്തിന്റെയോ അതുവഴി സംഘട്ടനത്തിന്റെയോ തീപ്പൊരി എറിയുക.

നെതന്യാഹു അതിനു തെരഞ്ഞെടുത്തത് കിഴക്കൻ ജറുസലേമിലെ “അൽഅക്യൂസ” പള്ളിയാണ്. ഇസ്രയേലും ജോർദാനും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം വഖഫ് കമ്മിറ്റിയുടെ മേൽനോട്ട – നിയന്ത്രണത്തിലാണ് ഈ മസ്ജിദിലെ ആരാധന നടക്കുന്നത്. 5,000 പേർക്ക് പ്രാർഥനകളിൽ സംബന്ധിക്കാവുന്ന വലിപ്പമാണ് മസ്ജിദിന്. ഇസ്ലാംവിശ്വാസികൾക്ക് ഏറ്റവും പ്രാധാന്യമുള്ള ലോകത്തെ മൂന്ന്‌ പ്രാർഥനാലയത്തിലൊന്നാണിത്. പ്രവാചകനായ മുഹമ്മദ് നബി തിരുമേനി വന്നു പ്രാർഥിച്ചിട്ടുള്ളതായി വിശ്വസിക്കപ്പെടുന്ന മസ്ജിദ്. ക്രിസ്ത്യാനികൾക്കും ജൂതമതവിശ്വാസികൾക്കുംകൂടി പ്രവേശനാനുവാദമുള്ള മസ്ജിദ്. നെതന്യാഹുവിന്റെ കുടിലപദ്ധതിയുടെ ഭാഗമായി പുണ്യമാസ പ്രാർഥന നടക്കുന്നതിനിടയിൽ ഇസ്രയേലി സൈനികർ കടന്നുചെന്ന് സംഘർഷങ്ങളും സംഘട്ടനങ്ങളും മസ്ജിദിനുള്ളിൽ തിരികൊളുത്തി. അത് പൊടുന്നനെ ആളിപ്പടർന്നു. നേരത്തേ അതിനുസമീപം ഇസ്രയേലി സൈനികർ ബാരിക്കേഡുകൾ നിർമിച്ച് യാത്രാവിലക്കും സൃഷ്ടിക്കുകയുണ്ടായി. ഫാസിസ്റ്റുകൾ ചരിത്രത്തിൽ എത്രയോ തവണ നടപ്പാക്കിയിട്ടുള്ള ഹീനമായ രക്തപങ്കിലമായ ക്രിമിനൽ രാഷ്ട്രീയം. ഇതിനു സമാന്തരമായാണ് കിഴക്കൻ ജറുസലേമിലെ ഷേക്കുജറാ പ്രദേശത്തുനിന്ന് പലസ്തീൻകാരെ കൂട്ടത്തോടെ ഒഴിപ്പിക്കാനും അവിടെ ഇസ്രയേലികളെ കുടിയിരുത്താനുമുള്ള നടപടികളും കൈക്കൊണ്ടത്. ഒന്ന് ഉദ്ദേശിച്ച ഫലം നൽകിയില്ലെങ്കിൽ മറ്റൊന്നു പ്രയോജനപ്പെടണം എന്ന ദുഷ്ടലാക്കോടെയുള്ള ക്രിമിനൽ കുബുദ്ധിയാണ് നെതന്യാഹു ഇവിടെ പ്രകടിപ്പിച്ചത്. യുദ്ധസമാനമായ സംഘർഷമുണ്ടായാൽ ബദൽമന്ത്രിസഭാ രൂപീകരണം മാറ്റിവയ്ക്കപ്പെടാനും തനിക്കുതന്നെ പ്രധാനമന്ത്രിയായി തുടരാനും സാഹചര്യം രൂപപ്പെടാമെന്ന സൃഗാലതന്ത്രമാണ് നെതന്യാഹു പുറത്തെടുത്തത്.

വംശീയദ്വേഷത്തിൽ അധിഷ്ഠിതമായ ഫാസിസ്റ്റ് ആക്രമണ പദ്ധതി, സ്വന്തം അധികാരാസക്തി തൃപ്തിപ്പെടുത്താൻ സഹായകമായ വിധത്തിൽ ആസൂത്രണം ചെയ്യുന്ന നരേന്ദ്ര മോഡി മാതൃകയാണ് ഇപ്പോൾ ഈ ഇസ്രയേൽ പതിപ്പിലും കാണാൻ കഴിയുന്നത്. ‘‘ഇസ്രയേലിനെ സംരക്ഷിക്കുന്നതിനായി രാജ്യത്തിനു പുറത്തുള്ള ശത്രുക്കൾക്കും അകത്തുള്ള കലാപകാരികൾക്കുമെതിരെ നമ്മൾ ശക്തമായി നീങ്ങും””. സങ്കുചിത ദേശീയഭ്രാന്തും ശത്രുഭീതിയും ഊട്ടിവളർത്തിയെടുത്ത് സ്വന്തം ആധിപത്യം സ്ഥാപിക്കുക എന്ന ഫാസിസ്റ്റ്പദ്ധതി തന്നെയാണിത്.

ഹിറ്റ്‌ലറും മുസോളിനിയും പരീക്ഷിച്ചത് ഇന്നും നമുക്കുചുറ്റും വിവിധ രൂപത്തിൽ ചില്ലറ മാറ്റങ്ങളോടെ അവരുടെ പിൻഗാമികൾ ആവർത്തിക്കുന്നു. നെതന്യാഹുവും അതേപാതയിൽത്തന്നെ. ഫലമോ, പശ്‌ചിമേഷ്യ വീണ്ടും ഒരു യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ഇതൊഴിവാക്കാനാണ്‌ ഐക്യരാഷ്ട്രസഭയും അമേരിക്ക ഉൾപ്പെടെയുള്ള ലോകശക്തികളും രംഗത്തു വരേണ്ടത്‌. എന്നും ഒരു ദേശീയ വിമോചനപ്രസ്ഥാനമെന്നനിലയിൽ പലസ്‌തീനികൾക്ക്‌ ഒപ്പംനിന്ന, അവരുടെ മാതൃരാഷ്ട്രം യാഥാർഥ്യമാകണമെന്ന്‌ വാദിച്ച ഇന്ത്യ നെതന്യാഹുവിന്റെ പൈശാചിമായ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കാൻ തയ്യാറാകണം. ഈ വിഷമഘട്ടത്തിൽ പലസ്‌തീൻ ജനതയോട്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും നരേന്ദ്ര മോഡി സർക്കാർ തയ്യാറാകണം.

(സി പി എം പോളിറ്റ് ബ്യൂറോ അംഗം)

Latest