Kannur
പാർട്ടി സൈദ്ധാന്തികൻ ഇനി സഭയിലെ രണ്ടാമൻ
തളിപ്പറമ്പ് | മന്ത്രിസഭയിൽ രണ്ടാമനായി ഇനി എം വി ഗോവിന്ദൻ. എം വി ഗോവിന്ദനിലൂടെ ചരിത്രത്തിലാദ്യമായി തളിപ്പറമ്പിന് ഒരു മന്ത്രിയെ ലഭിക്കുകയാണ്. അരനൂറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന് സി പി എം നൽകിയ അംഗീകാരം കൂടിയാണ് മന്ത്രിസ്ഥാനം. തുടർഭരണം നേടിയ ഇടത് മന്ത്രിസഭയിൽ രണ്ടാമനായിരിക്കും നിയുക്ത മന്ത്രി എം വി ഗോവിന്ദൻ. വിപ്ലവ ഭൂമിയായ മോറാഴയുടെ മണ്ണിൽ നിന്ന് സി പി എം കേന്ദ്ര കമ്മിറ്റി വരെ ഉയർന്ന വ്യക്തിത്വമാണ് ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലെ കാർക്കശ്യം, അതുല്യമായ സംഘാടനാ പാടവം എന്നിവ എം വി ഗോവിന്ദനെ വ്യത്യസ്തനാക്കുന്നു. കർഷക പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ നിന്ന് നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. പാർട്ടി സൈദ്ധാന്തികൻ എന്ന നിലയിലും ശ്രദ്ധേയൻ. 1970ലാണ് പാർട്ടി മെമ്പറായത്.
കെ എസ് വൈ എഫ് ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. ഡി വൈ എഫ് ഐ രൂപവത്കരണത്തിന് മുന്നോടിയായി നിയമിച്ച അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയിൽ അംഗമായി. ഡി വൈ എഫ് ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായി. പിന്നീട് സംസ്ഥാന സെക്രട്ടറിയുമായി. അവിഭക്ത കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ കാസർകോട് ഏരിയാ സെക്രട്ടറിയുമായിരുന്നു. 1991ൽ സംസ്ഥാന കമ്മിറ്റിയിലെത്തി. 2002 മുതൽ 2006 വരെ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. 2006 മുതൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായും ദേശാഭിമാനി ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. ഇതിനിടെ 1996ലും 2001 ലും തളിപ്പറമ്പിൽ നിന്ന് നിയമസഭാംഗമായി. മോറാഴയിലെ പരേതനായ കെ കുഞ്ഞമ്പു – എം വി മാധവി ദമ്പതികളുടെ മകനാണ്. സി പി എം ജില്ലാ കമ്മിറ്റി അംഗം പി കെ ശ്യാമളയാണ് ഭാര്യ. ചലച്ചിത്രമേഖലയിൽ സഹസംവിധായകനായ ശ്യാംജിത്ത്, തളിപ്പറമ്പ് ബാറിലെ അഭിഭാഷകൻ രംഗീത് എന്നിവരാണ് മക്കൾ. സിനി മരുമകളാണ്.