Connect with us

Ongoing News

സഭയിലും ശ്രീരാമകൃഷ്ണന്റെ പിൻഗാമിയായി എം ബി രാജേഷ്

Published

|

Last Updated

തിരുവനന്തപുരം/ പാലക്കാട് | എം ബി രാജേഷ് കേരള നിയമസഭയെ നയിക്കാനെത്തുന്നത് പാർട്ടിയിലെന്ന പോലെ പി ശ്രീരാമകൃഷ്ണന്റെ പിൻഗാമിയായി. എസ് എഫ് ഐയിലും ഡി വൈ എഫ് ഐയിലും ശ്രീരാമകൃഷ്ണന്റെ പിൻഗാമിയായി നേതൃസ്ഥാനങ്ങളിലെത്തിയ എം ബി രാജേഷ് ഒടുവിൽ സ്പീക്കർ സ്ഥാനത്തും ശ്രീരാമകൃഷ്ണന്റെ പിൻഗാമിയായി. തൃത്താലയിൽ നിന്ന് കോൺഗ്രസിന്റെ യുവ നേതാവ് വി ടി ബൽറാമിനെ പരാജയപ്പെടുത്തി സഭയിലെത്തുന്ന എം ബി രാജേഷ് നിയമസഭാ സ്പീക്കറാകുന്നതോടെ പാർട്ടി-പാർലിമെന്ററി നേതൃസ്ഥാനങ്ങളിൽ പി ശ്രീരാമകൃഷ്ണന്റെ പിൻഗാമിയാകുന്ന കൗതുകത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ് രാഷ്ട്രീയ കേരളം.

വിദ്യാർഥി രാഷ്ട്രീയ കാലഘട്ടം മുതൽ പി ശ്രീരാമകൃഷ്ണൻ വഹിച്ച വിവിധ സ്ഥാനങ്ങളിൽ അദ്ദേഹത്തിന്റെ പിൻഗാമിയായാണ് എം ബി രാജേഷ് എത്തിയത്. ഒറ്റപ്പാലം എൻ എസ് എസ് കോളജിൽ എസ് എഫ് ഐ നേതാവായിരുന്ന പി ശ്രീരാമകൃഷ്ണനിൽ നിന്നാണ് എം ബി രാജേഷ് വിദ്യാർഥി രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കുന്നത്. തുടർന്ന് പാലക്കാട് എസ് എഫ് ഐ പ്രസിഡന്റ് സ്ഥാനത്ത് ശ്രീരാമകൃഷ്ണൻ എത്തിയ സമയത്തായിരുന്നു എം ബി രാജേഷ് ജില്ലാ കമ്മിറ്റിയംഗമാകുന്നത്. പി ശ്രീരാമകൃഷ്ണൻ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയപ്പോൾ എം ബി രാജേഷ് പാലക്കാട് എസ് എഫ് ഐ ജില്ലാ പ്രസിഡന്റായി. പിന്നീട് ഡി വൈ എഫ് ഐ നേതൃസ്ഥാനങ്ങളിലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചു. ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് പദവി ശ്രീരാമകൃഷ്ണനിൽ നിന്ന് എം ബി രാജേഷ് ആണ് ഏറ്റെടുത്തത്.

ഒടുവിൽ സംസ്ഥാന നിയമസഭയിലെ സ്പീക്കർ സ്ഥാനത്തും എം ബി രാജേഷ് പി ശ്രീരാമകൃഷ്ണന്റെ പിൻഗാമിയായി എത്തുകയായിരുന്നു. കോളജിലും എസ് എഫ് ഐയിലും ഡി വൈ എഫ് ഐയിലുമെല്ലാം മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ജൂനിയറായിരുന്നുവെന്ന് അദ്ദേഹം പ്രതികരണത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശ്രീരാമകൃഷ്ണൻ ഏതെല്ലാം ചുമതലകൾ വഹിച്ചിട്ടുണ്ടോ പിന്നീട് അതെല്ലാം യാദൃച്ഛികമായിട്ട് തന്നെയും തേടിയെത്തിയിട്ടുണ്ട്. ഇപ്പോൾ സ്പീക്കർ പദവിയും അങ്ങനെ വരികയാണ്. ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ള പഴയ സ്പീക്കർമാരുടേയെല്ലാം പ്രവർത്തനത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പ്രവർത്തിക്കുമെന്ന് എം ബി രാജേഷ് പറഞ്ഞു.

എഴുത്തുകാരൻ, പരിഭാഷകൻ, പ്രഭാഷകൻ ഇങ്ങനെ വിവിധ മേഖലകളിൽ കൈയൊപ്പ് ചാർത്തിയ പൊതുപ്രവർത്തകനാണ് 50കാരനായ എം ബി രാജേഷ്. ഷൊർണൂർ കൈയിലിയാട് മാമ്പപറ്റ വീട്ടിൽ ബാലകൃഷ്ണൻ നായരുടെയും രമണിയുടെയും മകനായി 1971 മാർച്ച് 12ന് പഞ്ചാബിലെ ജലന്ധറിൽ ജനനം. ഒറ്റപ്പാലം എൻ എസ് എസ് കോളജിൽ നിന്ന് സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദം നേടി.

2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ജയിച്ചു കയറിയ എം ബി രാജേഷ് 2014ൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ ചരിത്ര വിജയം നേടി വീണ്ടും പാർലിമെന്റിലേക്കെത്തി. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠനോട് ആദ്യ തോൽവി അറിഞ്ഞു. പാർട്ടി പ്രവർത്തനവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം ലഭിച്ചത്. നിയമസഭയിലെ കന്നി വിജയത്തിനൊപ്പം സ്പീക്കർ പദവിയും രാജേഷിനെ തേടിയെത്തുകയായിരുന്നു. മികച്ച പാർലിമെന്റേറിയനെന്ന നിലയിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കാലടി സംസ്‌കൃത സർവകലാശാലയിൽ അസി.പ്രൊഫസറായ നിനിത കണിച്ചേരിയാണ് ഭാര്യ. പ്ലസ്ടു വിദ്യാർഥിനിയായ നിരഞ്ജനയും നാലാം ക്ലാസ് വിദ്യാർഥിനിയായ പ്രിയദത്തയുമടങ്ങുന്നതാണ് എം ബി രാജേഷിന്റെ കുടുംബം.

Latest