Connect with us

Alappuzha

ജനകീയ മുഖവുമായി സജി ചെറിയാൻ

Published

|

Last Updated

ആലപ്പുഴ | സജി ചെറിയാൻ മന്ത്രി സഭാംഗമാകുമ്പോൾ, അത് ചെങ്ങന്നൂരിലെ ജനകീയാടിത്തറക്കുള്ള അംഗീകാരം കൂടിയാകുകയാണ്. സി പി എം നേതാവ് എന്നതിനൊടൊപ്പം കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എന്ന നിലയിലാണ് ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തിയത്.
2018-ൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ 21,000 വോട്ടിന്റെ ഭൂപരിപക്ഷത്തോടെ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെടുമ്പോൾ അത് മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവുമധികം ഭൂരിപക്ഷത്തോടെ വിജയിച്ചതും സജി ചെറിയാനായിരുന്നു. പെയിൻ ആൻഡ് പാലിയേറ്റീവ്, ജനകീയ ജൈവ പച്ചക്കറി പദ്ധതികളിലൂടെ മണ്ഡലത്തിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും മനസ്സിൽ സ്ഥാനം പിടിച്ച് ജനകീയനായ നേതാവെന്ന നിലയിൽ പേരെടുക്കാൻ സജി ചെറിയാന് അധിക കാലം വേണ്ടിവന്നില്ല.

ഏറ്റവുമൊടുവിൽ മന്ത്രി പദവി അദ്ദേഹത്തെ തേടിയെത്തിയതും ഈ ജനകീയത തന്നെയായിരുന്നു. എസ് എഫ് ഐയിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ പ്രവേശിച്ചു.
തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിൽ നിന്നും നിയമ വിദ്യാഭ്യാസം നേടി. 1980-ൽ സി പി എം അംഗമായി. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സി ഐ ടി യു ജില്ലാ പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരള സർവകലാശാല സിൻഡിക്കേറ്റംഗം, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്, ജില്ലാ സഹകരണ ബേങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബേങ്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സി പി എം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച സജി ചെറിയാൻ നിലവിൽ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഭാര്യ: ക്രിസ്റ്റീന. മക്കൾ: ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ (എം ബി ബി എസ്. വിദ്യാർഥിനി). മരുമക്കൾ: അലൻ, ജസ്റ്റിൻ.

Latest