Alappuzha
സൈക്കിളും ചവിട്ടി പ്രസാദ് മന്ത്രിപദത്തിലേക്ക്

ആലപ്പുഴ | പരിസ്ഥിതിയുടെ കാവലാളായി, അടിസ്ഥാന വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ മുന്നണിപ്പോരാളിയായി എന്നും നിലകൊണ്ട പി പ്രസാദിന് അർഹതക്കുള്ള അംഗീകാരമാണ് മന്ത്രിസ്ഥാനം.
സ്വന്തമായി ഒരു ഇരുചക്രവാഹനം പോലും ഇല്ലാത്ത വള്ളിച്ചെരുപ്പുധാരിയായ സൈക്കിളിൽ സഞ്ചരിക്കുന്ന രാഷ്ട്രീയക്കാരൻ സാധാരണക്കാരുടെ മനസ്സിൽ ഇടം പിടിക്കുക സ്വാഭാവികം. എങ്കിലും രണ്ടാമത്തെ മത്സരത്തിലാണ് പ്രസാദിന് കന്നി വിജയം നേടാനായത്. പ്രസാദിനെ മന്ത്രിയായി പരിഗണിക്കുന്നതിൽ പാർട്ടിയിൽ ഒരാൾക്ക് പോലും എതിരഭിപ്രായമില്ലായിരുന്നുവെന്നതും ശ്രദ്ധേയം.
ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടന്ന സമരത്തിന് ആരംഭം കുറിച്ചത് സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന പി പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു. പ്ലാച്ചിമടയിൽ നടന്ന സമരത്തിലും നേതൃത്വപരമായ പങ്ക് വഹിച്ചു. നർമ്മദ ബച്ചാവോ ആന്തോളൻ സമരത്തിൽ മേധാപട്കർക്കൊപ്പം മാസങ്ങളോളം വിവിധ സംസ്ഥാനങ്ങളിൽ പങ്കെടുത്തു.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരപ്രദേശത്തെ കരിമണൽ ഖനന വിരുദ്ധ സമരത്തിന് പരിസ്ഥിതി പ്രവർത്തകരെ പങ്കെടുപ്പിച്ച് പുതിയ മുഖം നൽകാനും പി പ്രസാദിന് കഴിഞ്ഞു. വന്ദന ശിവ, മേധാപട്കർ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തകർക്കൊപ്പം ഒട്ടേറെ സമരങ്ങളിൽ പി പ്രസാദും പങ്കാളിയായി. സി പി ഐ സംസ്ഥാന പരിസ്ഥിതി സബ് കമ്മിറ്റി കൺവീനറായും പ്രവർത്തിക്കുന്നു.
പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി റഷ്യ, ക്യൂബ, നേപ്പാൾ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നിരവധി വിദ്യാർഥി യുവജന സമരങ്ങളെ മുന്നിൽ നിന്ന് നയിച്ച പി പ്രസാദ് ഒട്ടേറെ തവണ മൃഗീയമായ പോലീസ് മർദനത്തിന് ഇരയായി. 34 ദിവസത്തോളം ജയിൽവാസവും അനുഭവിച്ചു. ഹൗസിംഗ് ബോർഡ് ചെയർമാനായിരുന്ന അദ്ദേഹം ആദ്യമായാണ് നിയമസഭ അംഗം ആകുന്നത്.
പാലമേൽ പഞ്ചായത്തിൽ നൂറനാട് മറ്റപ്പള്ളിയിൽ ജി പരമേശ്വരൻനായരുടെയും ഗോമതിയമ്മയുടേയും മകനാണ് പി പ്രസാദ്. പിതാവ് എ ഐ ടി യു സി നേതാവും സി പി ഐ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗവുമായിരുന്നു. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ പി പ്രസാദ് എ ഐ എസ് എഫിലൂടെയാണ് പൊതു പ്രവർത്തനം ആരംഭിച്ചത്. നൂറനാട് സി ബി എം ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ എ ഐ എസ് എഫ് താലൂക്ക് പ്രസിഡന്റായി. പന്തളം എൻ എസ് എസ് കോളജിലെ എ ഐ എസ് എഫ് യൂനിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ്, എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ ആദിവാസി മഹാസഭ ദേശിയ എക്സിക്യൂട്ടീവ് അംഗം, കേരള സർവകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും ഈ 51 കാരൻ കഴിവ് തെളിയിച്ചു.
വി എസ് മുഖ്യമന്ത്രി ആയിരുന്ന എൽ ഡി എഫ് മന്ത്രിസഭയിൽ വനം മന്ത്രി ബിനോയ് വിശ്വത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ജനയുഗം തിരുവനന്തപുരം യൂനിറ്റ് മാനേജരും ആയിരുന്നു.
ലൈനയാണ് ഭാര്യ. ഭഗത്, അരുണ അൽമിത്ര എന്നിവർ മക്കളാണ്.