Connect with us

Ongoing News

മികച്ച കൗൺസിലർ ഇനി മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | നെടുമങ്ങാട് മണ്ഡലത്തിൽ നിന്ന് അഡ്വ. ജി ആർ അനിൽ മന്ത്രിസ്ഥാനത്തേക്കെത്തുന്നത് തിരുവനന്തപുരം കോർപറേഷനിലെ മികച്ച കൗൺസിലറെന്ന പ്രവർത്തന മികവുമായി.
സി പി ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായി ജി ആർ അനിൽ കോർപറേഷനിലെ നേമം വാർഡിനെ രണ്ട് തവണയായി പത്ത് വർഷം പ്രതിനിധീകരിച്ചിരുന്നു.
ഒരു തവണ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.

ഇക്കാലയളവിൽ സംസ്ഥാനത്തെ മികച്ച കൗൺസിലർക്കുള്ള എ സി വി ചാനലിന്റെ പുരസ്‌കാരത്തിന് അർഹനായിരുന്നു. ജില്ലയിലെ വിവിധ ട്രേഡ് യൂനിയൻ സംഘടനകളുടെ നേതാവുകൂടിയായ അനിൽ എ ഐ എസ് എഫിലൂടെ പൊതുരംഗത്തേക്ക് എത്തി. എ ഐ എസ് എഫ്-എ ഐ വൈ എഫ്-കിസാൻസഭ എന്നീ സംഘടനകളുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഔഷധി – ഹാന്റക്സ് എന്നിവയുടെ ഡയറക്ടറായും കൈത്തറി-ക്ഷീരസംഘം പ്രസിഡന്റായും പ്രവർത്തിച്ചു.
നടുക്കാട് സാൽവേഷൻ ആർമി എൽ പി സ്‌കൂളിലും കൃഷ്ണപുരം യു പി എസിലും എസ് എം വി ഹൈസ്‌കൂളിലും എം ജി കോളജിൽ പ്രീഡിഗ്രിയും യൂനിവേഴ്സിറ്റി കോളജിൽ ബി എ പൊളിറ്റിക്സ് ബിരുദവും ലോ അക്കാദമി ലോ കോളജിൽ നിന്ന് എൽ എൽ ബി ബിരുദവും നേടി.
വിദ്യാർഥി-യുവജന രംഗങ്ങളിൽ പ്രവർത്തിക്കുമ്പോൾ നിരവധി സമരങ്ങളിൽ പങ്കെടുത്ത് പോലീസ് മർദനവും ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. മുൻ എം എൽ എയും വർക്കല എസ് എൻ കോളജ് ചരിത്ര വിഭാഗം മുൻ മേധാവിയുമായ ഡോ. ആർ ലതാദേവിയാണ് ഭാര്യ. മകൾ: അഡ്വ. ദേവിക എ എൽ, മരുമകൻ: മേജർ എസ് പി വിഷ്ണു.