Connect with us

Kozhikode

ഉദിച്ചുയർന്നത് അനാഥത്വത്തിന്റെ തീച്ചൂളയിൽ നിന്ന്

Published

|

Last Updated

കോഴിക്കോട് | ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കടല വറുത്ത് വിറ്റ് നടന്ന ദേവർകോവിലുകാരൻ അഹ്‌മദ് അടുത്ത ദിവസം മന്ത്രിപദവിയിലേക്ക് കാലെടുത്ത് വെക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ചരിത്രഗാഥ. നാലാം വയസ്സിൽ പിതാവിനെ നഷ്ടമായ അഹ്‌മദിന് അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റേയും കടുത്ത പരീക്ഷണങ്ങളിലൂടെയാണ് ചെറുപ്പകാലം കഴിച്ചു കൂട്ടേണ്ടി വന്നത്. ജീവിതത്തിന്റെ അലകും കോലും ഒപ്പിക്കാനാവാത്ത സാഹചര്യത്തിൽ പലപ്പോഴും പഠനത്തിനൊപ്പം ജോലിക്കിറങ്ങേണ്ടി വന്ന ഈ അനാഥ ബാലൻ എസ് എസ് എൽ സി പരീക്ഷ പരാജയപ്പെട്ടു കൊണ്ടാണ് ജീവിതം തുടങ്ങിയത്.

പിന്നീട് പൊതുപ്രവർത്തനവും വിദ്യാഭ്യാസവും ആവോളം നേടിയ അദ്ദേഹം ഐ എൻ എല്ലിന്റെ ദേശീയ സെക്രട്ടറിയായി മാറി. കുറ്റ്യാടിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ ദേവർകോവിൽ ഗ്രാമത്തിലാണ് അഹ്‌മദ് ജനിച്ചു വളർന്നത്. തുടർന്ന് പേരാമ്പ്ര യത്തീംഖാനയിലും ശേഷം കുറ്റ്യാടി ഗവ. ഹൈസ്‌കൂളിലും പഠനം ആരംഭിച്ച അദ്ദേഹം സ്‌കൂൾ ലീഡറായിക്കൊണ്ടാണ് നേതൃ രംഗത്തേക്ക് കടന്നു വന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അടിയന്തരാവസ്ഥക്കെതിരെ പ്രബന്ധമെഴുതുകയും പോലീസിന്റെ നടപടികൾക്ക് വിധേയമാകുകയും ചെയ്തു. നേരത്തേ, മുസ്‌ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം എസ് എഫിന്റെ പഞ്ചായത്ത് സെക്രട്ടറിയായെങ്കിലും ഏറെ കഴിയും മുമ്പ് അഖിലേന്ത്യാ ലീഗിലേക്ക് ചേക്കേറി. ഇതോടെ നാട്ടിൽ നിന്നുള്ള എതിർപ്പും വർധിച്ചു. ശേഷം പെരിങ്ങളം എം എൽ എ. എൻ എ എം പെരിങ്ങത്തൂരിന്റെ ഇഷ്ടമിത്രമായി മാറി. തുടർന്ന് തലശ്ശേരിയായി പ്രവർത്തന മേഖല. ഈ അവസരത്തിൽ സി കെ പി ചെറിയ മമ്മുക്കേയി, സയ്യിദ് ഉമർ ബാഫഖി തങ്ങൾ, പി എം അബൂബക്കർ, സകരിയ സേട്ടു തുടങ്ങിയവരുമായുള്ള അടുപ്പവും ശിക്ഷണവും രാഷ്ട്രീയ വളർച്ചക്ക് ആക്കം കൂട്ടി.
ജീവിതം ബോംബൈയിലേക്ക് പറിച്ചു നട്ടപ്പോഴും രക്തത്തിൽ അലിഞ്ഞു ചേർന്ന പൊതുപ്രവർത്തനം ഉപേക്ഷിക്കാനായില്ല.

ബോംബൈ മേയറായിരുന്ന മാധവന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട ബോംബൈ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറി, ബോംബൈ മുസ്‌ലിം ജമാഅത്തിന്റെ വൈസ് പ്രസിഡന്റ്, ബോംബൈ മലയാളി സമാജം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കൂടാതെ, ഗുലാം മഹ്‌മൂദ് ബനാത്ത് വാല നേതൃതം നൽകുന്ന മഹാരാഷ്ട്ര മുസ്‌ലിം ലീഗിന്റെ കാര്യദർശിയായും പ്രവർത്തിച്ചു. ശേഷം ഇബ്‌റാഹിം സുലൈമാൻ സേട്ടു സാഹിബുമായും അടുപ്പം പുലർത്തി.
1994ൽ ഇന്ത്യൻ നാഷനൽ ലീഗ് രൂപവത്കരണം മുതൽ തന്നെ പാർട്ടിയുടെ ഭാഗമായി. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ നൂർബിന റഷീദിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

പരേതനായ മൂസയുടെയും മർയമിന്റെയും മകനായി 1959ലാണ് ജനനം. നിലവിൽ കോഴിക്കോട് ജവഹർ നഗർ കോളനിയിലാണ് താമസം. ഭാര്യ: സാബിറ അഹ്‌മദ്. മക്കൾ: മോനിഷ് അഹ്‌മദ്, തസ്‌നിൽ അഹ്‌മദ്, താജിനാ ഷർവിൻ. മരുമകൻ : മുഹമ്മദ്.