Oddnews
മൈക്രോസോഫ്റ്റില്‍ രണ്ട് കോടി രൂപയുടെ ശമ്പളത്തില്‍ ജോലി നേടി ഹൈദരാബാദ് സ്വദേശി
ഹൈദരാബാദ് | മൈക്രോസോഫ്റ്റില്‍ പ്രതിവര്‍ഷം രണ്ട് കോടി രൂപയുടെ ജോലി നേടി ഹൈദരാബാദിലെ സോഫ്റ്റ്‌വെര്‍ എന്‍ജിനീയര്‍. ദീപ്തിയെന്ന എന്‍ജിനീയര്‍ക്ക് അമേരിക്കയിലെ സീറ്റ്‌ലിലുള്ള കമ്പനി ആസ്ഥാനത്താണ് ജോലി ലഭിച്ചത്. ഫ്‌ളോറിഡ യൂനിവേഴ്‌സിറ്റിയിലെ പൂര്‍വ വിദ്യാര്‍ഥിനിയായ ദീപ്തിക്ക് കമ്പനി നല്‍കുന്ന ഉയര്‍ന്ന വേതനമാണ് ലഭിക്കുക.
മറ്റ് 300 പേര്‍ക്കൊപ്പമാണ് ദീപ്തിയെയും ജോലിക്കായി തിരഞ്ഞെടുത്തത്. തന്റെ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ഇവര്‍ക്ക് അമേരിക്കയിലെ മുന്‍നിര കമ്പനികളില്‍ നിന്ന് ജോലി വാഗ്ദാനം ലഭിച്ചിരുന്നു. ഹൈദരാബാദിലെ ഉസ്മാനിയ കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്നാണ് ബിരുദം നേടിയത്.
തുടര്‍ന്ന് അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബേങ്കിലും ജെ പി മോര്‍ഗനിലും ജോലി ചെയ്തു. ജെ പി മോര്‍ഗനിലെ മൂന്ന് വര്‍ഷത്തെ ജോലി രാജിവെച്ചാണ് ബിരുദാനന്തര ബിരുദ പഠനത്തിന് ചേര്‍ന്നത്. ഹൈദരാബാദ് പോലീസ് കമ്മീഷണറേറ്റിലെ ഫൊറന്‍സിക് വിദഗ്ധനാണ് ദീപ്തിയുടെ പിതാവ്.