Socialist
എന്തൊരു അശ്ലീലമാണ്; തോന്നുന്നില്ലേ നാലാംകിട ഗോസിപ് നിലവാരം?

സ്വന്തം കഴിവുപയോഗിച്ച് പതിറ്റാണ്ടുകളായി പല പോസ്റ്റുകളിലും ഇരുന്ന്, പല തെരഞ്ഞെടുപ്പുകൾ ജയിച്ച് എത്രയോ ജനങ്ങളുടെ നേതാവായി അംഗീകരിക്കപ്പെട്ട മനുഷ്യരെ അവരുടെ രാഷ്ട്രീയ സ്വത്വം അംഗീകരിക്കാതെ, ഭാര്യ, മരുമകൻ എന്നൊക്കെ ചില മാധ്യമപ്രവർത്തകർ പറയുന്നത് കേട്ടു. ഇന്ന് മാതൃഭൂമി പത്രത്തിന്റെ ഹെഡ്ലൈന്റെ ഭാഗവുമാണ് അത്.
എന്തൊരു അശ്ലീലമാണ് അത്. തോന്നുന്നില്ലേ? ഒരു നാലാംകിട ഗോസിപ്പിംഗിന്റെ നിലവാരം? ടെലിവിഷൻ ചാനലുകളിൽ ലൈവ് വിവരണം നടത്തുന്ന ചിലരും തൃശൂർ മുൻ മേയർ ശ്രീമതി ആർ ബിന്ദുവിനെയും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായ മുഹമ്മദ് റിയാസിനെയും ഒക്കെ ഭാര്യ, മരുമകൻ എന്നൊക്കെയാണ് പരിചയപ്പെടുത്തുന്നത്.
വനിതാ പ്രാതിനിധ്യമായും യുവത്വത്തിന്റെ പ്രാതിനിധ്യമായും ജില്ലാ പരിഗണനയും വെച്ച് ഒരു ബന്ധുത്വവുമില്ലാതെ പരിഗണിക്കപ്പെടേണ്ട പേരുകൾ തന്നെയല്ലേ ഇവർ രണ്ടും? ഡി വൈ എഫ് ഐയിൽ നിന്നോ ജനാധിപത്യ മഹിളാ അസോസിയേഷനിൽ നിന്നോ സീനിയോറിറ്റി ഉള്ള, ജയിച്ച എം എൽ എമാരിൽ നിന്ന് അല്ലാതെ മറ്റാരെയാണ് പാർട്ടി മന്ത്രിയാക്കുക? അർഹരായ മറ്റാരെയെങ്കിലും മാനദണ്ഡ വിരുദ്ധമായി തഴഞ്ഞാണ് ഇവർക്ക് സ്ഥാനം നൽകിയത് എന്നൊരു പരാതി പോലും കേട്ടില്ല.
മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ച ശേഷമല്ലല്ലോ റിയാസ് ഡി വൈ എഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയത്. !! എ വിജയരാഘവന്റെ ചെലവിലല്ല ബിന്ദു ടീച്ചർ നേതാവായത്. പിന്നെന്തിനാണീ ബന്ധുത്വ വർണന??
വീണാ ജോർജ്ജ് എന്ന കേരളമറിയുന്ന മാധ്യമപ്രവർത്തക തന്റെ കഴിവ് തെളിയിച്ച ശേഷം ആറന്മുളയിൽ മത്സരിക്കാൻ വരുമ്പോഴും, അത്രപോലും ആളുകൾ അറിയാത്ത അവരുടെ ഭർത്താവിന്റെ കെയ്‌റോഫിലാണ് എന്ന് പറഞ്ഞവരുണ്ട്. ഇപ്പോഴെന്ത് പറയുമോ ആവോ !!