Articles
കൊവിഡ് 19: പ്രതിരോധവും പാളിച്ചകളും

കൊവിഡ് രോഗനിവാരണത്തിന് നടപടികള്‍ പലതും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, അതൊന്നും ഫലവത്തായിവന്ന സ്ഥിതിയല്ല ഇപ്പോഴുള്ളത്. സാര്‍വദേശീയ സംഘടനകള്‍ പലതും ഇവിടുത്തെ ഗുരുതരമായ സ്ഥിതിയെപ്പറ്റി നമ്മുടെ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഫലപ്രദമായ ഒരു കരുതലും ഈ മഹാമാരിയെ ചെറുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്ന ആക്ഷേപം വ്യാപകമാണ്. പടര്‍ന്നുപിടിക്കുന്ന ഈ മഹാമാരിയെ സംബന്ധിച്ച് യാതൊരു ധാരണയും മോദി സര്‍ക്കാറിന് ഇല്ലായിരുന്നെന്നാണ് അനുമാനിക്കേണ്ടത്.
ജനങ്ങള്‍ പിടഞ്ഞുമരിക്കുന്നു
ഓക്‌സിജന്റെ ലഭ്യതക്കുറവ് മൂലം ഡസന്‍ കണക്കിന് കൊവിഡ് രോഗികളാണ് രാജ്യതലസ്ഥാനത്ത് അടക്കം വിവിധ സംസ്ഥാനങ്ങളില്‍ പിടഞ്ഞുമരിച്ചത്. ഒരു ജനാധിപത്യ രാജ്യത്ത് പൗരന്മാരുടെ ചികിത്സയുടെ ഉത്തരവാദിത്വം സര്‍ക്കാറിന് തന്നെയാണ്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന കാര്യത്തില്‍ പരാജയമടഞ്ഞ സര്‍ക്കാര്‍ ജനകീയ കോടതയില്‍ ഉത്തരം പറയേണ്ടിവരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കേന്ദ്ര സര്‍ക്കാറിനെ പോലെ പല സംസ്ഥാന സര്‍ക്കാറുകളും കൊവിഡ് മഹാമാരിയെ തടയുന്ന കാര്യത്തിലും ജനങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കുന്ന കാര്യത്തിലും ദയനീയമായി പരാജയമടഞ്ഞിരിക്കുന്നു. കൊവിഡ് മഹാമാരിക്കിടയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തി ഈ മഹാമാരി പടര്‍ന്നുപിടിക്കുന്നതിനിടയാക്കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ വിമര്‍ശമാണ് മദ്രാസ് ഹൈക്കോടതി നടത്തിയത്. തിരഞ്ഞെടുപ്പ് നടത്തി ജനങ്ങളെ കുരുതി കൊടുത്ത തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഈ കോടതി അതിന്റെ വിധിന്യായത്തില്‍ അടിവരയിട്ട് പറയുകയും ചെയ്തു.
ഇന്ത്യയിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണെന്നും നിരവധി സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കേസുകളും മരണങ്ങളും ഏറെ അശങ്കാജനകമാണെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് നടത്തിയ പ്രസ്താവന ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാം വര്‍ഷം ആദ്യ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മാരകമാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ഇന്ത്യയിലേക്ക് ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, മൊബൈല്‍ ഫീല്‍ഡ് ആശുപത്രി ടെന്റ്, മാസ്‌ക്, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ലോകാരോഗ്യ സംഘടന അയച്ചിട്ടുണ്ട്. ഇന്ത്യക്ക് വളരെക്കൂടുതല്‍ സഹായങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് ആവശ്യമായി വന്നിരിക്കുകയാണ്.
ആര്‍ എസ് എസ്
തലവന്റെ വിമര്‍ശം
കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ നടപടികളുടെ പരാജയത്തില്‍ കടുത്ത വിമര്‍ശമാണ് പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഭരണപക്ഷത്തെ പ്രധാനിയായ ആര്‍ എസ് എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവതും ഇപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിനെതിരായ വിമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ്. ആര്‍ എസ് എസിന്റെ ശക്തമായ വിമര്‍ശം മോദി സര്‍ക്കാറിനെതിരെ ആദ്യമായാണ് ഉണ്ടായിരിക്കുന്നത്. കൊവിഡിന്റെ ആദ്യ വ്യാപനത്തിനു ശേഷം സര്‍ക്കാറും ഭരണസംവിധാനവും ജനങ്ങളും ഗുരുതരമായ അലംഭാവം കാട്ടിയെന്നാണ് മോഹന്‍ ഭാഗവത് പ്രസ്താവിച്ചിരിക്കുന്നത്. രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിക്ക് കാരണം ഇതാണ്. പരസ്പരം ആരോപണങ്ങളുയര്‍ത്തേണ്ട സമയമല്ലിതെന്നും രാജ്യം ഒറ്റക്കെട്ടായി പോരാടി ഈ മഹാമാരിയുടെ രോഗാണുവിനെ കീഴ്‌പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും പല യൂറോപ്യന്‍ രാജ്യങ്ങളും ഇതിനകം തന്നെ മഹാ ഭൂരിപക്ഷം ജനങ്ങള്‍ക്കും വാക്‌സീന്‍ നല്‍കി വലിയ പ്രതിരോധനിര ഈ മഹാമാരിക്കെതിരായി സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴുള്ള നിലയില്‍ വാക്‌സീനേഷന്‍ തുടര്‍ന്നാല്‍ മൊത്തം ജനങ്ങള്‍ക്കും ഇത് നല്‍കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും എടുത്തേക്കും. വാക്‌സീനേഷന്‍ നീണ്ടുപോയാല്‍ രാജ്യത്ത് നല്ലൊരു ശതമാനം ജനങ്ങള്‍ കൊവിഡിന് ഇരയാകുന്നതായിരിക്കും ഫലം. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സീന്‍ നയത്തില്‍ മൗലികമാറ്റം അടിയന്തരമായി ഉണ്ടായേ മതിയാകൂ.
സംസ്ഥാനത്തും വാക്‌സീനേഷന്‍ മന്ദഗതിയില്‍
ജനങ്ങള്‍ക്ക് വാക്‌സീന്‍ എത്തിക്കുന്ന കാര്യത്തില്‍ ഫലപ്രദമായി ഇടപെടാനോ വാക്‌സീന്‍ വിതരണം സാര്‍വത്രികമായി നടപ്പാക്കാനോ കേരള സര്‍ക്കാറിനും കഴിഞ്ഞിട്ടില്ല. വാക്‌സീന്റെ കുറവാണ് ഇതിന്റെ മുഖ്യകാരണം. ഇപ്പോള്‍ വാക്‌സീന്‍ സംസ്ഥാനത്ത് എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒന്നാം വാക്‌സീന്‍ കുത്തിവെപ്പ് എല്ലാ പ്രദേശത്തും തുടങ്ങിവെക്കാനോ ഒന്നാം വാക്‌സീന്‍ എടുത്തവര്‍ക്ക് രണ്ടാം വാക്‌സീന്‍ സാര്‍വത്രികമായി നല്‍കുന്നതിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവര്‍ക്ക് നല്‍കേണ്ട വാക്‌സീന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ വിലകൊടുത്തു വാങ്ങേണ്ട സാഹചര്യവും ഇവിടെയുണ്ട്. ഈ വിഭാഗത്തിന്റെ വാക്‌സീനേഷന്‍ ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം ഉണ്ടായിട്ടും ഫലപ്രദമായി ഇത് നടക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു ഉറപ്പും ഇതുവരെ ഇല്ലെന്നുള്ളതാണ് വസ്തുത.
കേരള ഹൈക്കോടതിയുടെ
ഇടപെടല്‍
കേരളത്തില്‍ വാക്‌സീന്‍ എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിലുള്ള വൈരുധ്യം ചൂണ്ടിക്കാട്ടിയ കേരള ഹൈക്കോടതി, സംസ്ഥാനത്ത് ഉടന്‍ തന്നെ വാക്‌സീന്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിന് ആവശ്യമായ കൊവിഡ് വാക്‌സീന്‍ എപ്പോള്‍ നല്‍കാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഈ മാസം 21നകം ബോധിപ്പിക്കണമെന്ന് കേരള ഹൈക്കോടതി വിധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സീന്‍ നയവും വില നിര്‍ണയ രീതിയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. നേരത്തേ ഈ ഹരജി പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാനത്ത് വാക്‌സീന്‍ വിതരണത്തിന് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വാക്‌സീന്‍ വിതരണത്തില്‍ ദയനീയമായി പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാറിനെ തിരുത്തുന്നതിനു വേണ്ടി സുപ്രീംകോടതി ഒരു ഉന്നതതല സമിതിയെ നിയമിച്ചിട്ടുണ്ട്. ഈ പേരില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ ശ്രമം.
കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സീന്‍ നയത്തിലും ഓക്‌സിജന്‍ നയത്തിലും കൊവിഡുമായി ബന്ധപ്പെട്ട മറ്റു നയസമീപനങ്ങളിലുമെല്ലാം വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വം പ്രധാനമന്ത്രി മോദിയില്‍ തന്നെയാണ്. സ്വാഭാവികമായും കേന്ദ്ര സര്‍ക്കാറിനെതിരായും സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായും വലിയ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പ്രതിഷേധിക്കുന്നവരെ കരിനിയമങ്ങളുപയോഗിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറായിട്ടുള്ളത്.
എന്തായാലും കൊവിഡ് 19 കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ദയനീയമായി പരാജയമടഞ്ഞിരിക്കുന്നു. ഈ മഹാമാരിയെ രാജ്യത്തിന് ചെറുത്തേ മതിയാകൂ. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട സോദ്ദേശ്യ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനും തെറ്റായ നയം തിരുത്താനുമാണ് ഈ വൈകിയ വേളയില്‍ മോദി സര്‍ക്കാര്‍ തയ്യാറാകേണ്ടത്.