Articles
ട്വന്റി- ട്വന്റി ജനങ്ങളോട് ചെയ്യുന്നത്
2015ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ഇരു മുന്നണികളെയും നിലംപരിശാക്കി ഭരണത്തിലേറിയാണ് കിറ്റക്‌സ് എന്ന കോര്‍പറേറ്റ് കമ്പനിയുടെ ട്വന്റി- ട്വന്റി രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിനു പുറമെ ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ കൂടി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി ശക്തി തെളിയിക്കുകയും ചെയ്തു ട്വന്റി-ട്വന്റി. ഇത് നല്‍കിയ ചെറുതല്ലാത്ത ആത്മവിശ്വാസത്തിന്റെ ബലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മത്സര രംഗത്തിറക്കി ഭഗീരഥ പ്രയത്‌നം നടത്തിയെങ്കിലും സാബു എം ജേക്കബിന്റെ പാര്‍ട്ടിക്ക് നിയമസഭ കടക്കാനായില്ല.
ഒരു കോര്‍പറേറ്റ് കമ്പനി നിര്‍ബന്ധമായും ചെലവഴിക്കേണ്ട സി എസ് ആര്‍ ഫണ്ട് ഒരിടത്ത് മാത്രമായി നിക്ഷേപിക്കുക. അത് ഉപയോഗിച്ച് ചില സോഷ്യല്‍ വെല്‍ഫെയര്‍ പ്രോഗ്രാമുകള്‍ നടത്തുക. ശേഷം ഇത് തങ്ങളുടെ ഔദാര്യവും സേവനവുമായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലേക്കുള്ള വഴി വെട്ടുക എന്നതിലപ്പുറം ഒരു രാഷ്ട്രീയവും മുന്നോട്ട് വെക്കാനില്ലാത്ത, ഒരു വിഷയത്തിലും കൃത്യമായ നിലപാടില്ലാത്ത ഈ അരാഷ്ട്രീയ സംഘത്തെ തൂത്തെറിഞ്ഞതിലൂടെ കേരളം ഒരിക്കല്‍ കൂടി തങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ്.
“ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല, കേരളം ഇനി മുന്നോട്ട് “, “കിഴക്കമ്പലം പോലൊരു കേരളം” തുടങ്ങിയ ആകര്‍ഷകമായ ടാഗ് ലൈനുമായി എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനിറങ്ങിയ ഈ കോര്‍പറേറ്റ് പാര്‍ട്ടിക്ക് ആറ് മണ്ഡലങ്ങളില്‍ മൂന്നാമതെത്താനായത് ഒഴിച്ചാല്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ല. തങ്ങള്‍ ഭരിക്കുന്ന പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ ഉറച്ച സീറ്റായിരുന്നിട്ടും 41,890 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. കുന്നത്തുനാടും പെരുമ്പാവൂരുമൊഴികെ മറ്റിടങ്ങളില്‍ ഇരുപതിനായിരത്തിന് താഴെ വോട്ടുകള്‍ മാത്രമാണ് നേടാനായത്. ട്വന്റി- ട്വന്റിയുടെ ഉറച്ച കോട്ടയായ കിഴക്കമ്പലത്ത് പോലും 2,000 വോട്ടുകളുടെ കുറവുണ്ടായത് അവര്‍ക്കുണ്ടായ വോട്ട് ചോര്‍ച്ചക്ക് അടിവരയിടുന്നു.
ഇത്രയൊക്കെ പറയുമ്പോഴും, ട്വന്റി-ട്വന്റിയുടെ പരാജയം ആഘോഷിക്കുമ്പോഴും ഈ മണ്ഡലങ്ങളിലെല്ലാം നിര്‍ണായകമായ വോട്ട് ബേങ്ക് അവര്‍ക്കുണ്ട് എന്നത് വിസ്മരിക്കാവതല്ല. ഇപ്പോള്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെങ്കിലും വരും നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കാനുള്ള, തദ്ദേശ തിരഞ്ഞെടുപ്പില്‍ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് ജനഹിതം അട്ടിമറിച്ചത് പോലെ അട്ടിമറിക്കാനുള്ള മൂലധനം കിറ്റക്‌സിന് ഇപ്പോഴുമുണ്ട് എന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം. ഇരു മുന്നണികളും അതീവ ജാഗ്രതയോടെ നോക്കി കാണേണ്ട ഒന്നാണിത്.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്
അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന പോലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് ജനങ്ങളോട് പ്രതികാരം ചെയ്യുന്ന നയങ്ങളാണ് ഇപ്പോള്‍ ട്വന്റി-ട്വന്റി സ്വീകരിക്കുന്നതെന്ന വിമര്‍ശം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ പഞ്ചായത്തുകളില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും മതിയായ ചികിത്സാ സൗകര്യങ്ങള്‍ ശരിപ്പെടുത്തുകയോ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സക്രിയമാക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, ഇതിനെ പ്രശ്‌നവത്കരിക്കുന്നവരോട് “ജനങ്ങള്‍ അവര്‍ വിജയിപ്പിച്ച പാര്‍ട്ടികളെ സമീപിച്ച് കൊള്ളണം” എന്നാണ് സര്‍ക്കാര്‍ ഓണറേറിയത്തിനു പുറമെ കിറ്റക്‌സിന്റെ ശമ്പളം കൂടി വാങ്ങുന്ന പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. അവര്‍ ഭരിക്കുന്ന പഞ്ചായത്തുകള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനോട് സഹകരിക്കുന്നുമില്ലത്രെ. മുഖ്യമന്ത്രി തന്നെ ഇത് വാര്‍ത്താ സമ്മേളനത്തില്‍ പ്രത്യേകം എടുത്ത് പറയുകയുമുണ്ടായി. സ്ഥലം എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ബഹിഷ്‌കരിച്ചാണ് ഈ പഞ്ചായത്തുകള്‍ ജനങ്ങളോടുള്ള അവരുടെ “പ്രതിബദ്ധത” പ്രകടിപ്പിച്ചത്. കൊവിഡ് ബാധിച്ച് മതിയായ ചികിത്സ ലഭിക്കാതെ തൊഴുത്തില്‍ കിടന്ന് ദളിത് യുവാവ് രോഗം കൂടി മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ജനരോഷത്തിനു ശേഷമാണ് അല്‍പ്പമെങ്കിലും ശ്രദ്ധ ഈ മേഖലയിലുണ്ടായത്. അല്ലെങ്കിലും ദുരന്തകാലത്ത് ഒരു കോര്‍പറേറ്റ് പാര്‍ട്ടിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്.
ആനുകൂല്യങ്ങള്‍ നല്‍കി ജനങ്ങളെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തുകയെന്നത് കോര്‍പറേറ്റുകള്‍ എല്ലാ കാലങ്ങളിലും സ്വീകരിച്ചു വന്ന രീതിയാണ്. ഒടുവില്‍ അവയുടെ പൊയ്മുഖം അനാവരണം ചെയ്യപ്പെടുമ്പോള്‍, ജനങ്ങള്‍ പ്രതികരിച്ച് തുടങ്ങുമ്പോള്‍ അറിയാം അവരുടെ ശരിക്കുമുള്ള കരുതലും സാമൂഹിക പ്രതിബദ്ധതയും. അവര്‍ക്ക് വലുത് എപ്പോഴും അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ തന്നെയാണ്.