Articles
മദ്യമുക്ത കേരളം സാധ്യമാകണം
മദ്യപാനം, ഒരു സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സംവിധാനമാണെന്ന ഒരുപാട് നിരീക്ഷണങ്ങള്‍ ഇതിനകം സാമ്പത്തിക രംഗത്ത് നിന്ന് വന്നുകഴിഞ്ഞിട്ടുണ്ട്. മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തേക്കാളും വലിയ തുകയാണ് അതുണ്ടാക്കുന്ന ആരോഗ്യ, സാമൂഹിക വിപത്തുകളെ നേരിടാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്ന വിദഗ്ധരുടെ നിരീക്ഷണത്തെ നീതീകരിക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സുസ്ഥിര വികസനത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. കേവലം പരിസ്ഥിതി സംരക്ഷണ നയങ്ങളില്‍ മാത്രം ഒതുക്കേണ്ട ആശയമല്ല സുസ്ഥിര വികസനം. ബ്രന്‍ഡ്‌ലാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചതു പോലെ, വരാന്‍ പോകുന്ന തലമുറക്ക് അവരുടെ ആവശ്യങ്ങള്‍ ഹനിക്കപ്പെടാത്ത രൂപത്തില്‍ കാലോചിതമായി കൊണ്ടുവരുന്ന വികസനങ്ങള്‍ക്കാണ് സുസ്ഥിര വികസനമെന്ന് പറയുന്നത്. ഈ അര്‍ഥത്തില്‍, ഒരുപാട് സാമൂഹിക വിപത്തുകള്‍ക്ക് വഴിവെക്കുന്ന മദ്യത്തെ നിരോധിക്കുകയെന്നത് സുസ്ഥിര വികസന നയങ്ങളുടെ പ്രഖ്യാപനം കൂടിയാണ്.
ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന ആര്‍ട്ടിക്കിള്‍ 47 ശ്രദ്ധേയമാണ്. പ്രസ്തുത വകുപ്പ് പ്രകാരം ജനങ്ങളുടെ ആരോഗ്യ സംരക്ഷണം സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ, ലഹരിയുണ്ടാക്കുന്ന പാനീയങ്ങള്‍ ഉപയോഗിക്കുന്നത് അനുവദിക്കരുതെന്ന് ഈ ആര്‍ട്ടിക്കിള്‍ നിര്‍ദേശിക്കുന്നുമുണ്ട്. കേരളത്തില്‍ 1930 മുതലാണ് മദ്യ വില്‍പ്പന ശ്രദ്ധയാകര്‍ഷിക്കുന്നത്. കര്‍ഷക തൊഴിലാളികളായിരുന്നു അന്നത്തെ പ്രധാന ഉപഭോക്താക്കള്‍. പിന്നീട് സമ്പന്നരും നാട്ടുപ്രമാണിമാരും മദ്യ വില്‍പ്പന ഏറ്റെടുത്തു. കുറഞ്ഞ വിലയില്‍ മദ്യം ലഭ്യമായതിനാല്‍ കച്ചവടവും പൊടിപൊടിച്ചു. ഇന്ത്യയില്‍ തന്നെ ജനസംഖ്യാ ആനുപാതികമായി ഏറ്റവും കൂടുതല്‍ മദ്യത്തിന്റെ ഉപയോഗമുള്ളത് കേരളത്തിലാണ്. 2013ല്‍ പുറത്തുവന്ന ചില പഠനങ്ങള്‍ പ്രകാരം രാജ്യത്തിന്റെ 16 ശതമാനം മദ്യ വില്‍പ്പനയും കേരളത്തിലാണ്. നിലവില്‍ കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായി മദ്യം മാറിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ കാലയളവില്‍ 64,619 കോടി രൂപയാണ് മദ്യത്തിലൂടെ കേരളത്തിന് ലഭിച്ചത്. നിലവില്‍ ലൈസന്‍സോട് കൂടെ 619 ബാറുകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ സാമ്പത്തിക നേട്ടങ്ങളില്‍ കണ്ണുനട്ട് മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ആത്മഹത്യാപരമാണ്.
1995ല്‍ ജോസഫ് എബ്രഹാം നടത്തിയ ഒരു പഠനം പുറത്തു വന്നിരുന്നു. മദ്യ നിരോധനത്തിലൂടെ കേരളത്തിന്റെ സര്‍ക്കാര്‍ വരുമാനത്തില്‍ 210 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് പഠനം പറയുന്നു. എന്നാല്‍ മദ്യത്തിലൂടെയുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതിനേക്കാളേറെ തുക സര്‍ക്കാര്‍ ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും എബ്രഹാം പറയുന്നുണ്ട്. 2019ല്‍ ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് ഡ്രഗ് പോളിസിയില്‍ ഒരു സംഘം ഗവേഷക വിദ്യാര്‍ഥികള്‍ നടത്തിയ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ആല്‍ക്കഹോള്‍ ഉപഭോഗം രാജ്യത്തിനുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയാണ് പഠന വിഷയം. 2011 മുതല്‍ 2050 വരെ ഇന്ത്യക്കുണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക ബാധ്യതയെ, നിലവിലെ കണക്കുകള്‍ വെച്ച്, പ്രസ്തുത പഠനം അനുമാനിക്കുന്നുണ്ട്. മദ്യം നിരോധിക്കുകയാണെങ്കില്‍, 5,421 ബില്യണ്‍ രൂപ ഇന്ത്യക്ക് കൂടുതല്‍ ലഭിക്കും. മദ്യത്തിലൂടെ മൊത്തം ജി ഡി പിയുടെ 1.5 ശതമാനം പ്രതിവര്‍ഷം രാജ്യത്തിന് നഷ്ടമുണ്ടാകുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഇതില്‍ നിന്നെല്ലാം മദ്യത്തിന്റെ ഉപയോഗത്തിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതയാണെന്ന് മനസ്സിലാക്കാം.
2013ല്‍ എ ഡി ഐ സി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 57 മുതല്‍ 69 ശതമാനം വരെ നടന്ന ക്രിമിനല്‍ കുറ്റങ്ങള്‍ മദ്യ പ്രേരിതമാണ്. മാത്രവുമല്ല 19 മുതല്‍ 27 ശതമാനം വരെയുള്ള ഹോസ്പിറ്റല്‍ കേസുകള്‍ മദ്യ സംബന്ധിയായാണ്. 2011ല്‍ എക്കണോമിസ്റ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, 2010ലുണ്ടായ 80 ശതമാനം വിവാഹ മോചന കേസുകളും മദ്യം മുഖേനയാണ്. ഇതെല്ലം മദ്യത്തിന്റെ ഉപഭോഗമുണ്ടാക്കുന്ന ദുരന്തങ്ങളെയാണ് സൂചിപ്പിക്കുന്നത്. വ്യക്തിപരമായും ആരോഗ്യത്തിന് ഏറെ ഹാനി വരുത്തുന്ന ഒന്നാണ് മദ്യം. മാര്‍ക്കോവ് മോഡലിന്റെ കരള്‍ രോഗ സംബന്ധിയായ പഠനങ്ങള്‍ ആല്‍ക്കഹോള്‍ ഉപയോഗത്തെ കുറിച്ച് പ്രത്യേകം പറയുന്നുണ്ട്. മാത്രവുമല്ല മദ്യത്തിന്റെ ഉപഭോഗം കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്.
ഇത്തരത്തില്‍ ജനങ്ങളുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ ഒരു വളര്‍ച്ചക്കും ഉപകരിക്കാത്ത മദ്യത്തെ പൂര്‍ണമായും ഒഴിവാക്കാന്‍ ജനകീയ സര്‍ക്കാറിന് സാധിക്കണം. അതിനുവേണ്ടി ബോധവത്കരണം നടത്താനും കൗണ്‍സില്‍ സെന്ററുകള്‍ തുടങ്ങാനും ശ്രമിക്കണം. ഘട്ടംഘട്ടമായെങ്കിലും മദ്യ നിരോധനം നടപ്പില്‍ വരുത്തണം. മദ്യ വില്‍പ്പന ചില ദിവസങ്ങളിലേക്ക് മാത്രം ചുരുക്കണം. പ്രായപരിധി നിശ്ചയിക്കണം. ഒടുവില്‍ സമ്പൂര്‍ണ നിര്‍മാര്‍ജനത്തിലേക്ക് നീങ്ങണം. സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന് അത് കാരണമായേക്കും. വിലയില്‍ മാറ്റങ്ങള്‍ വരുത്തിയത് കൊണ്ട് മദ്യത്തിന്റെ ഉപയോഗത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാകില്ല.
ആരോഗ്യമുള്ള മനുഷ്യനാണ് ബലഹീനനേക്കാള്‍ ഉത്തമനെന്ന് പ്രവാചകന്‍ മുഹമ്മദ് (സ) പഠിപ്പിക്കുന്നുണ്ട്. ആരോഗ്യമുള്ള ജനങ്ങളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് വിൻസ്റ്റൺ ചര്‍ച്ചിലും പറയുന്നുണ്ട്. വെല്‍ഫെയര്‍ സിദ്ധാന്തങ്ങളെ ഏറെ ഉദ്‌ഘോഷിക്കുന്ന മാര്‍ക്‌സിസ്റ്റ് വക്താക്കള്‍ക്കെങ്കിലും മദ്യമുക്ത കേരളം സാധ്യമാക്കാന്‍ കഴിയേണ്ടതുണ്ട്.