Connect with us

Articles

ഹിന്ദുത്വയുടെ പ്രതികാര വെറിയല്ലാതെ മറ്റെന്ത്!

Published

|

Last Updated

ഇന്ത്യയുടെ തെ ക്ക് പടിഞ്ഞാറന്‍ കടലില്‍ കേരളത്തോട് ചേര്‍ന്നു കാണപ്പെടുന്ന ദ്വീപ് സമൂഹങ്ങളാണ് ലക്ഷദ്വീപ് എന്നറിയപ്പെടുന്നത്. 96.58 ശതമാനം മുസ്‌ലിംകള്‍ ജീവിക്കുന്ന, ശാന്ത സുന്ദരമായ ഭൂപ്രകൃതിയുള്ള, കുറ്റകൃത്യനിരക്കില്‍ രാജ്യത്ത് ഏറ്റവും പിന്നിലുള്ള ലക്ഷദ്വീപ്, ഇന്ത്യയിലെ ഏറ്റവും സമാധാനം നിറഞ്ഞ പ്രദേശങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ 2020 ഡിസംബര്‍ അഞ്ചിന് പുതിയ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റതോടു കൂടി ലക്ഷദ്വീപിന് മുമ്പുണ്ടായിരുന്ന ആ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്.
ദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെയും സാമൂഹിക സന്തുലിതാവസ്ഥകളെയും അട്ടിമറിക്കുന്ന തരത്തിലുള്ള നിയമ പരിഷ്‌കാരങ്ങളും പദ്ധതികളുമാണ് ഓരോ ദിവസവും ലക്ഷദ്വീപില്‍ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ സുഹൃത്ത് കൂടിയായ പ്രഫുല്‍ പട്ടേല്‍ എന്ന പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ തന്റെ അധികാരമുപയോഗിച്ച് തകര്‍ത്തുകൊണ്ടിരിക്കുന്നത് നൂറ്റാണ്ടുകളുടെ ചരിത്രവും പൈതൃകവുമുള്ള ഒരു നാടിനെയും സമാധാനം നിറഞ്ഞ അവിടുത്തെ സാമൂഹികാന്തരീക്ഷത്തെയുമാണ്. 95 ശതമാനത്തിലധികം മുസ്‌ലിംകള്‍ ജീവിക്കുന്ന ഇന്ത്യയിലെ ഏക പ്രദേശമായ ലക്ഷദ്വീപിനെ തകര്‍ത്തു തരിപ്പണമാക്കി തങ്ങളുടെ രാഷ്ട്രീയ വ്യാവസായിക പദ്ധതികള്‍ നടപ്പാക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ നീക്കങ്ങളോട് ലക്ഷദ്വീപ് ജനത പ്രതികരിച്ചു തുടങ്ങിയിരിക്കുകയാണ്.
ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ അപ്രതീക്ഷിതമായി മരണപ്പെട്ടതോടെയാണ് പകരം ചുമതലയില്‍ പ്രഫുല്‍ പട്ടേല്‍ എത്തുന്നത്. അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപില്‍ നടപ്പാക്കിയതും നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതുമായ പുതിയ പരിഷ്‌കരണങ്ങളെല്ലാം കേവലം ഒരു ഭരണാധികാരിയുടെ പുത്തന്‍ നയങ്ങളല്ല, മറിച്ച് ആ നാടിനെ അടിമുടി തകര്‍ക്കുക എന്ന ലക്ഷ്യത്തോടു കൂടിയുള്ള ഹിന്ദുത്വ പദ്ധതികളാണ് എന്നത് മനസ്സിലാകണമെങ്കില്‍ പ്രഫുല്‍ പട്ടേലിന്റെ ചരിത്രം കൂടി പരിശോധിക്കണം. മോദിയുടെ എക്കാലത്തെയും പ്രിയപ്പെട്ടവനും വിശ്വസ്തനുമായ പ്രഫുല്‍ പട്ടേലിന്റെ ട്രാക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ ലക്ഷദ്വീപില്‍ ഇന്ന് നടപ്പാക്കപ്പെടുന്നത് നരേന്ദ്ര മോദി ഭരണകൂടത്തിന്റെ തന്ത്രങ്ങള്‍ തന്നെയാണ് എന്നത് സംശയലേശമന്യേ നമുക്ക് ബോധ്യമാകും.

ആരാണ് മോദിയുടെ വിശ്വസ്തനായ പ്രഫുല്‍ പട്ടേല്‍?
നരേന്ദ്ര മോദി തന്റെ ഗുരുസ്ഥാനത്ത് കണ്ടിരുന്ന ഗുജറാത്തിലെ മുന്‍കാല ആര്‍ എസ് എസ് നേതാവ് രഞ്ജോദ്ഭായി പട്ടേലിന്റെ മകനാണ് പ്രഫുല്‍ പട്ടേല്‍. എന്‍ജിനീയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷം റോഡ് കോണ്‍ട്രാക്ടറായി ജീവിതം ആരംഭിച്ച പ്രഫുല്‍ പട്ടേല്‍ രാഷ്ട്രീയത്തിലേക്ക് കളംമാറ്റി ചവിട്ടിയതും പിന്നീട് ഉയര്‍ച്ചകളിലേക്കെത്തിയതും അഴിമതി, അക്രമം, കലാപാസൂത്രണങ്ങള്‍ തുടങ്ങി ഗുജറാത്ത് രാഷ്ട്രീയത്തില്‍ മോദിയും അമിത് ഷായും പയറ്റിയ അതേ തന്ത്രവഴികളിലൂടെ തന്നെയായിരുന്നു. അക്ഷരാര്‍ഥത്തില്‍ മോദിയുടെയും അമിത് ഷായുടെയും പിന്‍ഗാമിയാണ് പ്രഫുല്‍ പട്ടേല്‍. 2007ല്‍ ഗുജറാത്തിലെ ഹിമാത് നഗറില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പട്ടേലിനെ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി മന്ത്രിസ്ഥാനം നല്‍കി തന്റെ കൂടെ നിര്‍ത്തുകയായിരുന്നു.
2010ല്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായപ്പോള്‍ പകരം ഗുജറാത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രിയായി നരേന്ദ്ര മോദി നിയോഗിച്ച ആളാണ് പ്രഫുല്‍ പട്ടേല്‍. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ പ്രഫുല്‍ പട്ടേല്‍ അല്‍പ്പ കാലം സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിന്നെങ്കിലും 2014ല്‍ മോദി പ്രധാനമന്ത്രിയായതോടെ തന്റെ വിശ്വസ്തനെ വീണ്ടും സുപ്രധാന ചുമതലകളില്‍ നിയോഗിക്കുകയായിരുന്നു. അങ്ങനെയാണ് അതുവരെയുണ്ടായിരുന്ന കീഴ് വഴക്കങ്ങളെല്ലാം കാറ്റില്‍ പറത്തി പട്ടേലിനെ ആദ്യം ദാമന്‍-ദിയുവിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ പ്രതിഷ്ഠിക്കുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍മാരായി മുന്‍ ഐ എ എസ് ഉദ്യോഗസ്ഥര്‍മാര്‍ മാത്രം നിയോഗിക്കപ്പെട്ടിരുന്ന രാജ്യത്താണ് സര്‍വ മാനദണ്ഡങ്ങളെയും ലംഘിച്ച് മോദി തന്റെ വിശ്വസ്തനായ രാഷ്ട്രീയക്കാരനെ ദാമന്‍ ദിയുവിന്റെ അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ നിയോഗിക്കുന്നത്. വൈകാതെ ദാദ്ര-നഗര്‍ ഹവേലിയുടെ ചാര്‍ജ് കൂടി നല്‍കി. ഒടുവില്‍ 2020 ഡിസംബറില്‍ ലക്ഷദ്വീപിന്റെ ചുതലയും. ദാമന്‍-ദിയുവില്‍ വികസനത്തിന്റെ പേരില്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായി തദ്ദേശീയരായ ആദിവാസി വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെ വീടുകള്‍ ഉള്‍പ്പെടെ പൊളിച്ചു നിരത്തപ്പെടുകയും അനേകം ദരിദ്ര കുടുംബങ്ങള്‍ അങ്ങനെ പെരുവഴിയിലാകുകയും ചെയ്തിട്ടുണ്ട്. ദാമന്‍ ദിയുവില്‍ പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ അവയെ അടിച്ചമര്‍ത്തുകയും ചെയ്തു. സ്‌കൂളുകളെ ജയിലുകളാക്കി മാറ്റിയാണ് അന്ന് സമരം ചെയ്ത ആദിവാസികളെ ദാമന്‍ ദിയു ഭരണകൂടം തടവിലിട്ടത്.
സമാനമായ രീതിയില്‍ തന്നെയായിരുന്നു അദ്ദേഹം ദാദ്ര-നഗര്‍ ഹവേലിയിലും ഇടപെട്ടത്. ദാദ്ര-നഗര്‍ ഹവേലിയിലെ എം പിയും ആദിവാസി അവകാശ പ്രവര്‍ത്തകനുമായിരുന്ന മോഹന്‍ ദെല്‍ക്കര്‍ അഡ്മിനിസ്ട്രേഷന്റെ ഭീഷണികളെയും സമ്മര്‍ദങ്ങളെയും തുടര്‍ന്ന് 2021 ഫെബ്രുവരി 22ന് മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യാ കുറിപ്പില്‍ മരണത്തിന് കാരണക്കാരായി എഴുതിവെച്ചത് അവിടുത്തെ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന പ്രഫുല്‍ പട്ടേലിന്റെയും സംഘത്തിന്റെയും പേരായിരുന്നു. 2019ല്‍ ദാദ്ര-നഗര്‍ ഹവേലി കലക്ടറായിരുന്ന മലയാളിയായ ഐ പി എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചതിന്റെ പിറകിലും മുഖ്യ കാരണക്കാരന്‍ സംഘ്പരിവാര്‍ ഏജന്റായി മാത്രം ഭരണനിര്‍വഹണം നടത്തിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ആയിരുന്നു.

ദ്വീപിലേക്കുള്ള കടന്നുകയറ്റം
നിരവധി വിവാദങ്ങളില്‍ നേരത്തേ തന്നെ ഇടം പിടിച്ചിരുന്ന പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ശേഷം ആദ്യമായി ദ്വീപിലെത്തിയത് പോലും ദ്വീപ് ജനത അന്നോളം കാത്തുസൂക്ഷിച്ചിരുന്ന കൊവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു. രാജ്യം മുഴുവന്‍ കൊവിഡ് വ്യാപനം സംഭവിച്ചപ്പോഴും ഒരു വര്‍ഷത്തോളം ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥിതിയില്‍ ലക്ഷദ്വീപിന് നിലനില്‍ക്കാനായത് ഈ നിയന്ത്രണങ്ങള്‍ പാലിച്ചത് കൊണ്ടായിരുന്നു. എന്നാല്‍ ആ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പുതിയ അഡ്മിനിസ്ട്രേറ്ററും സംഘവും ദ്വീപിലെത്തിയതിന് ശേഷമാണ് ലക്ഷദ്വീപിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും മരണങ്ങള്‍ വരെ സംഭവിച്ചതും.
ലക്ഷദ്വീപ് ജനത പൗരത്വ സമരകാലത്ത് സ്ഥാപിച്ച മോദിക്കെതിരായ ബോര്‍ഡുകള്‍ കൂടി കണ്ടതോടെ പ്രഫുല്‍ പട്ടേലിലെ സംഘ്പരിവാര്‍ നേതാവ് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു. ആദ്യം ബോര്‍ഡ് സ്ഥാപിച്ചവരെ അറസ്റ്റ് ചെയ്തു. ഓരോരോ നീക്കങ്ങളിലൂടെയും ലക്ഷദ്വീപിന്റെ സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. യാതൊരുവിധ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇന്ത്യയിലെ ഏക പ്രദേശമെന്ന് വിളിക്കാന്‍ സാധിക്കുന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കാനുള്ള ശ്രമങ്ങളാരംഭിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭക്ഷ്യ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കി, ദ്വീപുകളില്‍ ഗോവധ നിരോധന നിയമം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടത്തി, ദ്വീപുകാര്‍ കേരളത്തെ ആശ്രയിക്കുന്നത് ഒഴിവാക്കി അവരുടെ ആശ്രയകേന്ദ്രം മംഗളൂരുവാക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തി. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ പാടില്ല എന്ന നിയമം കൊണ്ടുവന്നു.
തീര്‍ന്നില്ല, ദ്വീപിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന തദ്ദേശീയരായ നൂറുകണക്കിന് താത്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു, അങ്കണവാടികള്‍ അടച്ചുപൂട്ടി, മത്സ്യത്തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നാരോപിച്ച് പൊളിച്ചുമാറ്റി, അപൂര്‍വം വാഹനങ്ങള്‍ മാത്രമുള്ള നിലവില്‍ യാതൊരു ഗതാഗത പ്രശ്നവുമില്ലാത്ത ദ്വീപില്‍ നിരവധി വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുന്ന രീതിയില്‍ ഏഴ് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനുള്ള നീക്കങ്ങളുമാരംഭിച്ചു. ദ്വീപിലെ ജനവാസത്തെ ദുസ്സഹമാക്കുന്ന രീതിയിലുള്ള വലിയ ടൂറിസം വികസന പദ്ധതികളും നടപ്പാക്കാനാരംഭിച്ചു. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയത് ദ്വീപ് ജനതയുടെ പരമ്പരാഗത സാമൂഹിക ജീവിതത്തെ അടിമുടി തകര്‍ക്കുന്ന അനേകം പദ്ധതികള്‍.

പ്രതിഷേധങ്ങള്‍ ശക്തമാകുന്നു
ലക്ഷദ്വീപിന് നേരേയുള്ള സംഘ്പരിവാര്‍ കടന്നുകയറ്റങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വിവിധ രാഷ്ട്രീയ നേതാക്കള്‍, സിനിമാ സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍, മറ്റ് കലാകാരന്‍മാര്‍ തുടങ്ങി അനേകമാളുകള്‍ നവ മാധ്യമങ്ങളിലും മറ്റുമായി ലക്ഷദ്വീപ് ജനതക്ക് പിന്തുണയറിയിച്ചുകൊണ്ട് രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വലിയ ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു. ലക്ഷദ്വീപിലെ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഏകകണ്ഠേന അഡ്മിനിസ്ട്രേഷന്റെ നിലപാടുകള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ദ്വീപിലെ ബി ജെ പിയുടെ പ്രാദേശിക ഘടകം പോലും വിഷയത്തില്‍ അഡ്മിനിസ്ട്രേഷന്റെ നീക്കങ്ങള്‍ക്കെതിരായ നിലപാടുകളാണ് സ്വീകരിച്ചത്.

ഭയപ്പെടുത്തലും
വിദ്വേഷ- നുണപ്രചാരണവും
ദ്വീപ് ജനതക്ക് വേണ്ടി ഉയര്‍ന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ആദ്യ ശ്രമങ്ങളും ഇതിനിടയില്‍ ഭരണകൂടം കൈക്കൊണ്ടിരുന്നു. ലക്ഷദ്വീപില്‍ നടക്കുന്ന സംഭവവികാസങ്ങളെ പുറംലോകത്തെ അറിയിച്ചിരുന്ന ദ്വീപ് ഡയറി എന്ന പ്രാദേശിക ഓണ്‍ലൈനിന് വിലക്കുകള്‍ നേരിടേണ്ടി വന്നു. ശേഷം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വാട്‌സ് ആപ്പില്‍ മെസേജ് അയച്ച മൂന്ന് വിദ്യാര്‍ഥികളടക്കം നാല് ദ്വീപ് നിവാസികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സമീപ ദിവസങ്ങളില്‍ ദ്വീപ് ജനതക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ഇനിയും ശക്തമാകുമെന്ന ഭയത്തില്‍ പ്രതിഷേധങ്ങളെ മുളയില്‍ നുള്ളാനുള്ള ശ്രമങ്ങളായിരിക്കാമിത്.
ലക്ഷദ്വീപിന് വേണ്ടി വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്തുണകളുയര്‍ന്നുകൊണ്ടിരുന്ന അതേ ഘട്ടത്തില്‍ തന്നെയാണ് ദ്വീപിനെതിരായ സംഘടിതമായ വിദ്വേഷ-നുണ പ്രചാരണങ്ങളുമായി സംഘ്പരിവാര്‍ വൃത്തങ്ങള്‍ രംഗത്തുവന്നത്. മയക്കുമരുന്നിന്റെയും ലഹരിയുടെയും കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തില്‍, ദ്വീപില്‍ നിന്ന് ലഹരി വസ്തുക്കള്‍ കടത്തിയ ബോട്ടുകള്‍ പിടികൂടിയതായി അവതരിപ്പിച്ചുള്ള ചില വ്യാജ ചിത്രങ്ങളടക്കം ഉപയോഗിച്ചുകൊണ്ടായിരുന്നു സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ വ്യാപകമായ പ്രചാരണങ്ങള്‍ ദ്വീപിനെതിരെ നടത്തിയത്. ഏതാനും ബി ജെ പി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളിലും ഇതാവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഹവായ് തീരത്തിനും ഫിലിപ്പൈന്‍ തീരത്തിനുമിടയിലെ മധ്യ പസഫിക് സമുദ്രത്തില്‍ വെച്ച് മാര്‍ഷല്‍ ദ്വീപ് പോലീസ് പിടികൂടിയ മയക്കുമരുന്നുകളുടെ ചിത്രമാണ് ലക്ഷദ്വീപില്‍ നിന്ന് പിടികൂടിയതെന്ന പേരില്‍ വ്യാജ പ്രചാരണത്തിനായി ഇവര്‍ ഉപയോഗിച്ചത്.
പാക്കിസ്ഥാനില്‍ നിന്നെത്തിയ മറ്റൊരു ബോട്ടില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയ ശേഷം ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന മൂന്ന് മത്സ്യബന്ധന ബോട്ടുകളെ ഇക്കഴിഞ്ഞ മാര്‍ച്ച് 18ന് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു. ശ്രീലങ്കന്‍ സ്വദേശികളുടെ പേരിലുള്ള ആകര്‍ഷാ ദുവാ, ചതുറാണി-03, ചതുറാണി-08 എന്നീ ബോട്ടുകളെയാണ് മിനിക്കോയ് ദ്വീപിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ഏഴ് മൈല്‍ ഉള്ളില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡ് പിടികൂടി കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തെത്തിച്ചത്. ആകര്‍ഷ ദുവയെന്ന ബോട്ടിലെ ക്യാപ്റ്റന്‍ അടക്കമുള്ള ആറംഗ സംഘത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നാവിക സേന തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ലക്ഷദ്വീപുമായി യാതൊരു ബന്ധവുമില്ലാത്ത മൂന്ന് ശ്രീലങ്കന്‍ കപ്പലുകളെ മിനിക്കോയ് ദ്വീപിന്റെ സമീപത്ത് നിന്ന് പിടികൂടിയതിനെ സംഘ്പരിവാര്‍ ചിത്രീകരിച്ചത് ദ്വീപില്‍ നിന്ന് മയക്കുമരുന്നുകള്‍ പിടികൂടി എന്ന തരത്തിലാണ്.
ദ്വീപില്‍ വലിയ ക്രമസമാധാന പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നു എന്നും അതിനാലാണ് കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ അഡ്മിനിസ്ട്രേഷന്‍ തീരുമാനിച്ചത് എന്നതുമായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കുറ്റകൃത്യങ്ങളുടെ നിരക്ക് ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ പ്രദേശമാണ് ലക്ഷദ്വീപ്. ഇന്ത്യയില്‍ ഓരോ ദിവസവും 80നും 85നും ഇടയില്‍ കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ലക്ഷദ്വീപിന്റെ ഇന്നുവരെയുള്ള ചരിത്രത്തില്‍ ആകെ നടന്നത് വെറും മൂന്ന് കൊലപാതകങ്ങള്‍ മാത്രമാണ്. മറ്റ് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത് വളരെ അപൂര്‍വമായി മാത്രമാണ്. അത്തരമൊരു പ്രദേശത്തെയാണ് സംഘ്പരിവാര്‍ സംഘര്‍ഷങ്ങള്‍ നിറഞ്ഞ പ്രദേശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.
ബഹുഭൂരിപക്ഷവും മുസ്‌ലിംകള്‍ മാത്രം ജീവിക്കുന്ന ദ്വീപിലെ ജനത തീവ്ര മതചിന്താഗതിയുള്ളവരും മതമൗലിക വാദികളും വര്‍ഗീയ വാദികളുമാണെന്നതാണ് മറ്റൊരു പ്രചാരണം. 2011ലെ സെന്‍സസ് പ്രകാരം 96.58 ശതമാനമാണ് ദ്വീപിലെ മുസ്‌ലിംകള്‍. 3.42 ശതമാനം മാത്രമാണ് ബാക്കിവരുന്ന മറ്റ് മത വിഭാഗങ്ങളെല്ലാം ഉള്ളത്. ഇന്ത്യയില്‍ ഇത്രയും വലിയ മുസ്‌ലിം ഭൂരിപക്ഷമുള്ള മറ്റൊരു പ്രദേശവുമില്ല. എന്നിട്ടും മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ലക്ഷദ്വീപില്‍ വേരുകളില്ല എന്നതാണ് യാഥാര്‍ഥ്യം. സോഷ്യലിസ്റ്റ് – മതേതര രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസും എന്‍ സി പിയും ജെ ഡി യുവുമൊക്കെയാണ് ദ്വീപിലെ പ്രധാന പാര്‍ട്ടികള്‍. അതു കഴിഞ്ഞാല്‍ പിന്നെ ശക്തിയുള്ളത് സി പി ഐ എമ്മിനും സി പി ഐക്കും ആണ്. മതേതര രാഷ്ട്രീയത്തില്‍ നിലകൊള്ളുന്ന മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പോലും സ്വീകരിച്ചിട്ടില്ലാത്ത ലക്ഷദ്വീപിനെയാണ് സംഘ്പരിവാര്‍ മത മൗലികവാദികളുടെ നാടായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.
അറബിക്കടലിലെ പവിഴ ദ്വീപുകളില്‍ കൃഷി ചെയ്തും മീന്‍പിടിച്ചും ജീവിക്കുന്ന സാധാരണക്കാരായ പാവം കുറേ മനുഷ്യര്‍. മുസ്‌ലിംകളായതിന്റെ പേരില്‍ ഒരു ജനത ഇന്ന് നിലനില്‍പ്പിന്റെ ഭീഷണി നേരിടുകയാണ്. നൂറ്റാണ്ടുകളുടെ ചരിത്രവും പൈതൃകവുമുള്ള ഒരു നാടിനെയും സമാധാനം നിറഞ്ഞ അവിടുത്തെ സാമൂഹികാന്തരീക്ഷത്തെയുമാണ് മോദിയുടെ ഉറ്റതോഴന്‍ തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിനെ ഘട്ടം ഘട്ടമായി തകര്‍ത്തില്ലാതാക്കിയതു പോലെ ലക്ഷദ്വീപിനെയും തരിപ്പണമാക്കാനുള്ള ഹിന്ദുത്വ പദ്ധതികളെ രാജ്യത്തെ ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കേണ്ടതുണ്ട്.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവർത്തകൻ

---- facebook comment plugin here -----

Latest