Ongoing News
ലക്ഷദ്വീപ് വിഷയത്തെ സ്വതന്ത്രമായി പഠിക്കുന്നയാൾ എന്ന നിലയിൽ ദ്വീപിനൊപ്പം നിൽക്കുന്നുവെന്ന് മധുപാൽ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വിഷയം സ്വതന്ത്രമായി പഠിക്കാൻ ശ്രമിക്കുന്ന വ്യക്‌തി എന്ന നിലയിൽ എനിക്ക് ലക്ഷദ്വീപ് വാസികൾക്കൊപ്പം നിൽക്കാനേ സാധിക്കുന്നുള്ളൂ. 1956-ൽ രൂപം കൊണ്ട, 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്‌ത ഈ പ്രദേശം നമുക്കറിയുന്നത് പോലെ ഒരു കേന്ദ്രഭരണ പ്രദേശമാണ്. അതായത്, കേരളത്തിലെ പോലെ ഒരു ജാനാധിപത്യ സർക്കാർ അവിടെയില്ല. എന്നാൽ ഒരു ലോക സഭ എംപി ഉണ്ട്. പക്ഷെ, എംപിക്ക് നിരവധി പരിമിതികളുണ്ട്. കാരണം, അവിടെ ഭരണ കർത്താവ് എപ്പോഴും അഡ്‌മിനിസ്ട്രേറ്ററാണ്. ഇവരെ നിയമിക്കുന്നത് കേന്ദ്രഭരണകൂടമാണ്. ഇവരാണ് ലക്ഷദ്വീപ് വാസികളായ എൺപത്തിനായിരത്തിൽ താഴെ വരുന്ന ജനതയുടെ ഭരണാധികാരി എന്നതാണ് യാഥാർഥ്യം.
എന്തിനാണ് ഈ ജനതയെ കേരളത്തിൽ നിന്ന് അടർത്തിമാറ്റി കർണാടക ഭാഷ സംസാരിക്കുന്ന മംഗലാപുരത്തേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്നത്? ചരിത്രാതീത കാലം മുതൽ ഇവരുടെ പോറ്റമ്മമാർ കോഴിക്കോടും കൊച്ചിയുമല്ലേ? ദ്വീപുകാർക്ക് കന്നഡ അറിയില്ല എന്നറിഞ്ഞുകൊണ്ടുള്ള നീക്കമല്ലേ മംഗലാപുരത്തേക്കുള്ള വലിച്ചുകെട്ടൽ ? ഭയം, അപകർഷതാ ബോധം, അന്യവൽകരണം എന്നിവയുടെ ഉൽപാദനമല്ലേ ദ്വീപിൽ നടക്കുന്നത്. ഭക്ഷണത്തിലും ഭാഷയിലും സ്വാതന്ത്ര്യത്തിലും സാംസ്‌കാരിക മൂല്യങ്ങളിലും ഭൂസ്വത്തുക്കളിലും വ്യക്‌തി സ്വാതന്ത്ര്യത്തിലും തൊഴിലിലും അധിനിവേശം നടത്തുകയല്ലേ പുതിയ അഡ്മിനിസ്ട്രേറ്ററും കൂട്ടരും ചെയ്യുന്നത്? അതേയെന്നാണ് ഞാൻ മനസിലാക്കുന്നത്.
ലക്ഷദ്വീപിലേക്ക് പ്രഫുൽ പട്ടേലിന് മുമ്പ് വന്നവർ സിവിൽ സർവീസിൽ നിന്നോ സമാനമായ സർവീസുകളിൽ നിന്നോ ഉള്ള വിദ്യാസമ്പന്നരായ ആളുകളായിരുന്നു. മാത്രവുമല്ല, ദ്വീപിലേക്ക് ഒരു അഡ്‌മിനിസ്ട്രേറ്ററെ നിയമിക്കുമ്പോൾ എല്ലാ സർക്കാരുകളും പാലിച്ചു പോന്ന ഒരു കാര്യം, തിരഞ്ഞെടുക്കുന്ന വ്യക്‌തിയുടെ വിദ്യാഭ്യാസം, പ്രത്യയശാസ്‌ത്ര മനോഭാവം, അനുഭവസമ്പത്ത്, ഇന്ത്യയുടെ വിവിധ സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളിലെ അറിവ്, നിലപാടുകൾ എന്നിങ്ങനെ പലതുമായിരുന്നു. എന്നാൽ പ്രഫുൽ പട്ടേലിന് മുമ്പുണ്ടായിരുന്ന ശർമ കാര്യങ്ങൾ അറിഞ്ഞ് എല്ലാവർക്കുമൊപ്പം ഇടപ്പെട്ട ആളായിരുന്നു.
കാരണം, ഈ ദ്വീപ് സമൂഹത്തിലെ സാധാരണക്കാരായ ജനതയുടെ മൂല്യങ്ങളെ തച്ചുടക്കാത്ത, അവിടെ അധിനിവേശം സൃഷ്‌ടിക്കാത്ത എന്നാൽ അവരെ പുരോഗതയിലേക്ക് നയിക്കാനും കൂടി സാധിക്കുന്ന ഒരാളാകണം ദ്വീപിലേക്ക് പോകേണ്ടതെന്ന ഒരു അലിഖിത നിയമം എല്ലാവരും പാലിച്ചുപോന്നിരുന്നു. അതുകൊണ്ടു തന്നെ, ആ ദ്വീപിൽ നിന്ന് അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒരു പോരാട്ടവും നാമിത്‌വരെ കേട്ടില്ല. അവിടെ ചെന്ന ആരുംതന്നെ അവരുടെ നൻമയിലും നിഷ്‌കളങ്കതയിലും, ജീവിത രീതികളിലും, മൂല്യങ്ങളിലും അധിനിവേശം നടത്താൻ ശ്രമിച്ചില്ല.
എന്നാൽ, കേന്ദ്രം തയാറാക്കിയ “മാസ്‌റ്റർ” പ്ളാൻ അനുസരിച്ച് 5 മാസങ്ങൾക്ക് മുൻപ് അവിടെയൊരു ” തികഞ്ഞ സംഘപരിവാർ അജണ്ട നടപ്പിലാക്കുവാൻ തീരുമാനിച്ചൊരു നേതാവ്” പറന്നിറങ്ങി. അതാണ് പ്രഫുൽ പട്ടേൽ, ഇദ്ദേഹം ആരാണ് എന്നും എത്തിയതിന് ശേഷം എടുത്ത നടപടികളും മനസിലാക്കുമ്പോഴാണ് “ലക്ഷദ്വീപ് ഏറ്റെടുക്കൽ പദ്ധതി” എത്രമാത്രം “ദീർഘദൃഷ്‌ടി” യോടെയുള്ള പദ്ധതിയാണെന്ന് നമുക്ക് മനസിലാകൂ. ദാമൻ – ദിയൂ എന്ന യൂനിയൻ പ്രദേശത്തിന്റെ ഇന്നത്തെ അവസ്ഥ അറിഞ്ഞു കൊണ്ട് നമുക്ക് കാര്യങ്ങൾ കാണാം
സ്‌റ്റെപ് 1
സംഘപരിവാർ ഈറ്റില്ലമായ ഗുജറാത്ത് ആർഎസ്‌എസിലെ പ്രമുഖനായിരുന്ന ഖോഡഭായ് പട്ടേലിന്റെ മകനും ബിജെപിയുടെ ഗുജറാത്തിൽ നിന്നുള്ള നിയമസഭാഗവുമായ പ്രഫുൽ ഖോഡ പട്ടേൽ എന്ന പ്രഫുൽ പട്ടേൽ 100% തികഞ്ഞ രാഷ്ട്രീയക്കാരനാണ്. “ഹിന്ദുത്വ രാഷ്‌ട്ര വാദിയും” ഗുജറാത്തിലെ സഹമന്ത്രിയും ആയിരുന്ന ഇദ്ദേഹം അമിത്ഷാ-മോദി (മോദി-അമിത്‌ഷാ അല്ല) തട്ടകത്തിലെ ഏറ്റവും വിശ്വസ്‌തരായ പലരിൽ ഒരാളാണ്.
തീർന്നില്ല, അമിത്ഷാ-മോദി നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് ഉത്തരവാദിത്തങ്ങൾ കാരണം തീരെ സമയമില്ലാത്ത ആളുകൂടിയാണ്! ലക്ഷദ്വീപിൽ വരുന്നതും അപൂർവമാണ്. ദ്വീപ് എം പിക്ക് പോലും ഇദ്ദേഹത്തിനെ ഫോണിൽ കിട്ടാൻ ബുദ്ധിമുട്ടാണ്! ഇന്ത്യയിൽ സിവിൽ സർവീസും അനുഭവസമ്പത്തുമുള്ള ആരെയും കിട്ടാനില്ലാത്തത് കൊണ്ടും “മറ്റുമാർഗങ്ങൾ” ഒന്നും ഇല്ലാത്തത് കൊണ്ടും മഹാനായ ഈ വ്യക്‌തിക്ക് ലക്ഷദ്വീപ് ഭരണത്തിന്റെ “അധിക ചുമതല” നൽകുകയായിരുന്നു കേന്ദ്രം..!!
“അധികചുമതല” ഏറ്റെടുത്ത, തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പോകുന്ന “പ്രഫുൽ ഖോഡ പട്ടേൽ” ദ്വീപിൽ വന്നിറങ്ങിയ 2020 ഡിസംബർ 05ന്, ദ്വീപിലെ “ജനാധിപത്യ മനുഷ്യാവകാശ” ബോധമുള്ള ചെറുപ്പക്കാർ പൗരത്വ ബില്ലിനെതിരെ ഉയർത്തിയ ബോഡുകൾ കണ്ടു. ഇറങ്ങിയ അന്നേദിവസം തന്നെ ഈ ബോർഡുകൾ നീക്കം ചെയ്യാനും ബോർഡ്‌വച്ചവരെ അറസ്‌റ്റ് ചെയാനും ഉത്തരവിട്ടു!! അങ്ങനെ ബോർഡുകൾ നീക്കം ചെയ്യുകയും 5 പേരെ അറസ്‌റ്റ് ചെയ്‌ത് കേസെടുക്കുകയും ചെയ്‌തു.
വന്നിറങ്ങിയ അന്നുമുതൽ 2021 മേയ് 20 വരെയുള്ള വെറും 5 മാസങ്ങൾകൊണ്ട് ഈ മനുഷ്യൻ ചെയ്‌ത് തീർത്ത മഹത്തായ കാര്യങ്ങൾ അറിയുമ്പോഴാണ് നമുക്ക് മനസിലാക്കുക; പ്രഫുൽ പട്ടേൽ എന്തുകൊണ്ടാണ് ദ്വീപിലെന്നും എന്തുകൊണ്ടാണ് പ്രഫുൽ പട്ടേൽ അമിത്ഷാ-മോദി കൂട്ടുകെട്ടിലെ വിശ്വസ്‌തരിൽ ഒരാളായതെന്നും.
സ്‌റ്റെപ് 2
(മുൻപത്തെ അഡ്‌മിനിസ്‌ട്രേറ്റർ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഉൾപ്പടെ സകല സഹായങ്ങളും ജനങ്ങൾക്ക് നൽകിയിരുന്നു എന്നത് അവിടുത്തെ ജനത സാക്ഷ്യപ്പെടുത്തുന്നു.)
സ്‌റ്റെപ് 3
കോവിഡ് വ്യാപകമായ മറവിൽ, ഇന്ത്യയിലെ ഏറ്റവും കുറ്റംകൃത്യം കുറഞ്ഞ ഒരുപ്രദേശത്ത്, എൺപത്തിനായിരത്തിൽ താഴെ ജനസംഖ്യയുള്ള സ്‌ഥലത്ത്, ഇന്ത്യയുടെ ഭാഗമായ എല്ലാ പൊതു-സിവിൽ-ക്രിമിനൽ നിയമങ്ങളും നിലവിലുള്ള ദ്വീപിൽ ഒരു പുതിയ “ഗുണ്ടാനിയമം” രൂപം കൊടുത്തു. ഇതിപ്പോൾ ഫൈനൽ അപ്രൂവലിന് കേന്ദ്ര പരിഗണനയിലാണ്. വെറും 9 പേജുവരുന്ന ഈ നിയമം വായിച്ചു നോക്കുന്ന ആർക്കും മനസിലാകും “കേന്ദ്രം നിയമിക്കുന്ന “അഡ്‌മിനിസ്‌ട്രേറ്റർക്ക്” എത്രമാത്രം ഏകാധിപത്യം ആണ് അതനുവദിക്കുന്നതെന്ന്. Prevention of Anti-Social Activities Regulation 2021 എന്ന് പേരിട്ടിരിക്കുന്ന ഈ നിയമം “അനുസരിച്ചു” സമരങ്ങളും പ്രതിഷേധങ്ങളും പ്രകടനങ്ങളും പോസ്‌റ്റർ പ്രചാരണങ്ങളും ബാനറുകളും സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണവും ഉൾപ്പടെ എന്തിലും അഡ്‌മിനിസ്‌ട്രേറ്റർക്ക് “തൃപ്‌തമല്ലങ്കിൽ” അറസ്‌റ്റ് ചെയ്യാം!! രാജഭരണ രീതിയുടെ വരാനിരിക്കുന്ന മുഖം! വന്നിറങ്ങി ഒരു മാസംകൊണ്ടാണ് ഇതിനു രൂപം കൊടുത്തത് ! എന്തൊരു വേഗത!! 2020 ജനുവരി 28ന് ദ്വീപ് പൊതുജനങ്ങളുടെ 90ശതമാനത്തിനും അറിയാത്ത ഇംഗ്ളീഷ് ഭാഷയിൽ കരടുരൂപം പ്രസിദ്ധീകരിച്ചു!
സ്‌റ്റെപ് 4
അടുത്ത നിയമത്തിന്റെ കരട് രൂപവും ചുമതലയേറ്റ് രണ്ടാം മാസം പുറത്ത് വന്നു. ജനതയുടെ ഇഷ്‌ടപ്പെട്ട ഭക്ഷണ ശീലങ്ങളിലേക്കുള്ള ഭരണകൂട കടന്നുകയറ്റം ഉറപ്പുവരുത്തുന്ന Lakshadweep Animal Preservation Regulation അഥവാ മൃഗ സംരക്ഷണ ഈ നിയമം കേന്ദ്ര പരിഗണനയിലാണ്. ഫെബ്രുവരി 25ന് പുറത്തവന്ന 11 പേജുള്ള ഈ നിയമവും ജനവിരുദ്ധമാണ്. ഇത് പ്രാബല്യത്തിലായാൽ ചരിത്രാതീത കാലം മുതൽ ദ്വീപ് വാസികളുടെ പ്രിയപ്പെട്ട ഭക്ഷണമായ ബീഫ് ഉൾപ്പടെയുള്ള പലതും ലഭിക്കാത്ത അവസ്‌ഥ വരും..!
സ്‌റ്റെപ് 5
പഞ്ചായത്ത് റെഗുലേഷൻ എന്നാരു നിയമമായിരുന്നു മൂന്നാം മാസത്തെ അവതരണം, ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങളായിരുന്ന ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൽസ്യബന്ധനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകൾ വെട്ടിക്കളഞ്ഞു. ഇവയെല്ലാം ജനാധിപത്യ വിവസ്‌ഥിതിയിൽ നിന്ന് അഡ്‌മിനിസ്ട്രേറ്റർ എന്ന ഏകാധിപതിയുടെ കാൽചുവട്ടിലേക്ക് മാറ്റുന്നു ! ഈ വകുപ്പുകളിൽ പ്രവർത്തിച്ചിരുന്ന 200ഓളം പ്രദേശവാസികളായ താൽക്കാലിക ജീവനക്കാരെ പ്രതിഷേധിക്കാൻ പോലും അവസരമില്ലാതെ പിരിച്ചുവിടുന്നു! ഉന്നത സ്‌ഥാനങ്ങളിൽ ഉണ്ടായിരുന്ന പ്രദേശവാസികളെ താഴ്ന്ന പോസ്‌റ്റുകളിലേക്ക് മാറ്റിയശേഷം അതാത് വകുപ്പുകളുടെ “അന്തിമതീരുമാനം” എടുക്കേണ്ട താക്കോൽ സ്‌ഥാനങ്ങളിൽ തനിക്ക് പ്രിയപ്പെട്ട ആളുകളെ നിയമിക്കുന്നു !
സ്‌റ്റെപ് 6
അടുത്തത് കോപ്പറേറ്റിവ് സൊസൈറ്റിസ് ആക്റ്റിലായിരുന്നു കൈവെപ്പ്. ലക്ഷദ്വീപ് വെറ്റിനറി വകുപ്പ് മികച്ച നിലയിൽ നടത്തി വരുന്ന ഡയറി ഫാമുകള് അടച്ചുപൂട്ടാനും ഗുജറാത്ത് അസ്‌ഥാനമായ തിരുഭുവൻദാസ് “പട്ടേൽ” കുടുംബം സ്‌ഥാപിച്ച “അമുൽ” പ്രൊഡക്റ്റ് ലക്ഷദ്വീപിൽ സുലഭമാക്കാനുമുള്ള നടപടികൾ. Lakshadweep Co-operative Societies Regulation, 2021 എന്ന ഈ നിയമം അതിന്റെ അന്തിമ ഘട്ടത്തിനായി കേന്ദ്ര പരിഗണനയിലാണ്.
സ്‌റ്റെപ് 7
ആരുടെയും ഭൂസ്വത്ത് വികസനത്തിന്റെ പേരിൽ പിടിച്ചെടുക്കാവുന്ന, ദ്വീപ് വാസികളായ ആരെയും ഏതുസമയത്തും കുടിയൊഴിപ്പിക്കാൻ ആവശ്യമായ “ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ” 2021 ആക്റ്റ്. ആവശ്യപ്പെടുന്ന സമയത്തിനുള്ളിൽ ഒഴിഞ്ഞു കൊടുത്തില്ലെങ്കിൽ പിഴ ഈടാക്കി പൊളിച്ചു നീക്കുന്ന നിയമം !! 183 പേജുവരുന്ന ഈ നിയമം ജനവിരുദ്ധവും മനുഷ്യത്വ വിരുദ്ധവും ആണെന്ന് മാത്രമല്ല. നൂറ്റാണ്ടുകളായി ദ്വീപ് ജനതക്ക് ഭൂസ്വത്തിലുള്ള അവകാശങ്ങളെ കവർന്നെടുക്കാനുള്ള നിയമ നിർമാണമാണ്. വികസനം എന്ന മറവിൽ കോർപ്പറേറ്റ് കുത്തകകൾക്ക് ദ്വീപിനെ ഘട്ടം ഘട്ടമായി മറിച്ചു വിൽക്കാനും ദ്വീപ് അവകാശികളായ അവിടുത്തെ ജനതയെ അരികുവൽകരിക്കാനും പര്യാപ്‌തമാണ് ഈ നിയമം. ഇതും അന്തിമ ഘട്ടത്തിലാണ്.
രണ്ടിൽ കൂടുതൽ കുട്ടികളുള്ള വ്യക്‌തികൾക്ക് അവിടെ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉൾപ്പടെ ഒന്നിലും മൽസരിക്കാൻ പാടില്ല എന്ന നിയമം!
ഘട്ടം ഘട്ടമായി സമൂഹത്തെ ബ്രാഹ്‌മണ ഭക്ഷണ രീതിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി വളർന്നുവരുന്ന കുട്ടികൾക്ക് സ്‌കൂളുകളിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പുക. (സ്‌കൂൾ തുറക്കാത്തത് കൊണ്ട് ഇതിപ്പോൾ വഴിയിലാണ്).
വികസന അജണ്ടയുടെ ഭാഗമായി 7 മുതൽ 15 മീറ്റർ റോഡ് വരുന്നു ദ്വീപിൽ ! ഓർക്കുക- എൺപത്തിനായിരത്തിൽ താഴെ മാത്രം ജനസംഘ്യയുള്ള, ജനവാസമുള്ള സ്‌ഥലത്ത് നിന്ന് കൈകൊട്ടി വിളിച്ചാൽ കേൾക്കുന്ന നാട്ടിൽ!! ഉള്ള റോഡുകൾ പോലും ഉപയോഗിക്കാൻ വാഹനങ്ങൾ ഇല്ലാത്ത നാട്ടിലേക്കാണ് 15 മീറ്റർ റോഡ് വരുന്നത് ! ഒട്ടനേകം ടൂറിസ്‌റ്റ് വില്ലാ പദ്ധതികൾ വരുന്നു !! ടൂറിസ്‌റ്റ് ലഗൂണുകൾക്ക് അനുമതി. കടലോരങ്ങളിൽ മൽസ്യതൊഴിലാളികളുടെ എല്ലാം ഒഴിപ്പിച്ച ശേഷം പ്രൈവറ്റ് ബീച്ചുകൾക്കുള്ള അനുമതി! അന്തർദേശീയ രംഗത്ത് നിന്ന് വരുന്നവർക്കുള്ള യോഗ കേന്ദ്രങ്ങൾ !! പലതും ക്യൂവിലാണ്. ഇതെല്ലാം ജനങ്ങൾക്ക് വേണ്ടിയാണ് എന്ന് വിശ്വസിച്ചേ പറ്റു. കാരണം മുകളിൽ പറഞ്ഞതെല്ലാം ജനങ്ങൾക്ക് വേണ്ടിയാണല്ലോ..!