Articles
മതവിദ്യാര്‍ഥികള്‍ക്ക് അവസരങ്ങളുണ്ട്; പക്ഷേ...
ഇക്കഴിഞ്ഞ വര്‍ഷം പോലെത്തന്നെ ഈ വര്‍ഷവും കൊറോണ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെയാണ് ആയിരക്കണക്കിന് മതവിദ്യാര്‍ഥികള്‍ തങ്ങളുടെ പഠനം പൂര്‍ത്തിയാക്കി സമൂഹത്തിലേക്കിറങ്ങുന്നത്. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ഇടപഴകാനും സേവനം ചെയ്യാനും പുതിയ മേഖലകളും ജോലികളും സൃഷ്ടിക്കപ്പെടുന്നില്ലെന്നു മാത്രമല്ല നിലവിലെ പലതും അനിശ്ചിതാവസ്ഥയില്‍ തുടരുകയുമാണ്. തീര്‍ച്ചയായും വളര്‍ന്നുവരുന്ന ഈ വിഭാഗത്തിന് പുതിയ മേച്ചില്‍പുറങ്ങളെയും സാമൂഹിക സേവനത്തിന്റെ ആധുനിക വകഭേദങ്ങളെയും കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ ഇത് പ്രചോദനമാകേണ്ടതാണ്. മനുഷ്യന് എപ്പോഴും പുതിയ മേഖലകള്‍ തുറന്നു നല്‍കിയത് പ്രതിസന്ധികളാണ്. പ്രതിസന്ധി ഘട്ടങ്ങളിലെ ചിന്തകള്‍ക്ക് മൂര്‍ച്ചയും ഫലവും കൂടുതലായിരിക്കും. അത് മനുഷ്യനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കും. ഇങ്ങനെ ചിന്തിക്കുമ്പോള്‍ നമ്മുടെ യുവ പണ്ഡിതര്‍ക്ക് തീര്‍ച്ചയായും ഈ പ്രതിസന്ധി ഒരനുഗ്രഹമാണ്-പ്രതിസന്ധിയെ വകഞ്ഞുമാറ്റാന്‍ അവര്‍ പുതിയത് ആവിഷ്‌കരിക്കുന്നുവെങ്കില്‍ മാത്രം.
ലോകം വിശാലമാണ്. പഠിച്ചത് പകര്‍ന്നുനല്‍കുക, ഇടപഴകുന്ന സമൂഹത്തിനു വേണ്ട പുതിയ കാര്യങ്ങള്‍ പഠിച്ച് നടപ്പില്‍ വരുത്തുക, ഓരോ മനുഷ്യരെയും അത്യുന്നതിയിലേക്ക് വഴിനടത്തുക ഇതെല്ലാമാണ് പണ്ഡിത ധര്‍മവും ഓരോ പണ്ഡിതനും എക്കാലവും സമൂഹത്തില്‍ ചെയ്തുപോന്നതും. ഇതിനു താന്‍ കണ്ടുശീലിച്ച ഇടങ്ങള്‍ മാത്രമാണുള്ളതെന്ന വിചാരമാണ് കൊവിഡ് കാലത്ത് പ്രത്യേകിച്ചും നാം ആദ്യമായി മാറ്റേണ്ടത്. ലോകം ഇന്ന് രണ്ടര്‍ഥത്തില്‍ വിശാലമാണ്; ഒന്ന് ഭൂമിശാസ്ത്രപരമായും രണ്ട് സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തിലുള്ള സാങ്കല്‍പ്പിക രൂപത്തിലും. ഈ രണ്ട് രൂപത്തിലും നാം ഏറെ സഞ്ചരിക്കാനുണ്ടെന്ന വസ്തുത വളരെ വ്യക്തമായിരിക്കെ കൊവിഡ് കാലത്ത് പോലും അത്തരം മേച്ചില്‍പുറങ്ങള്‍ അന്വേഷിക്കാതിരിക്കുന്നത് അപകടകരമാണ്. നാം ഇന്ന് നേടിയെടുത്തത് പണ്ടുള്ള ചിലരുടെ യാത്രകളുടെ ഫലമായിരുന്നല്ലോ. ലോകം ഇനിയും അത്തരം ആയിരക്കണക്കിനാളുകളെ ആവശ്യപ്പെടുന്നുണ്ട്. ലോകത്ത് ഏകദേശം എല്ലാ രാഷ്ട്രങ്ങളിലും മുസ്‌ലിംകള്‍ താമസിക്കുന്നുണ്ട്. ലോക ജനസംഖ്യയുടെ 25 ശതമാനവും മുസ്‌ലിംകളാണ്. ഭൂരിഭാഗം രാഷ്ട്രങ്ങളിലും മത പണ്ഡിതരുടെ- മതം ആഴത്തില്‍ പഠിച്ചവരുടെ- അഭാവം പൂര്‍ണമായോ ഭാഗികമായോ കാണാനാകും. അതേസമയം ഇവിടെയുള്ള ജനതയെല്ലാം തങ്ങളിലേക്ക് മതത്തിന്റെ നല്ല കാര്യങ്ങള്‍ പഠിപ്പിച്ചുതരുന്ന ഒരാള്‍ വരുമെന്ന പ്രതീക്ഷയില്‍ കാലം നീക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായിക്കാണും. ഈ മഹാ സമൂഹത്തെ അഭിമുഖീകരിക്കാന്‍ ഓരോ യുവ പണ്ഡിതനുമാണ് സന്നദ്ധത കാണിക്കേണ്ടത്. നമ്മുടെ അലസത തീവ്ര വലതുപക്ഷ ചിന്താഗതി വെച്ചുപുലര്‍ത്തുന്ന റാഡിക്കല്‍ ഇസ്‌ലാമിസ്റ്റുകളെ ഇത്തരം മേഖലകളിലേക്കെത്തിക്കുന്നുവെന്ന വസ്തുത കൂടി നാം കൂട്ടിവായിക്കണം. ഇത് ആ സമൂഹത്തിനും മതത്തിനും ലോകജനതക്കും ഒരുപോലെ ക്ഷീണം വരുത്തുന്നതാണ്. സമാധാനം എന്നും മുഖമുദ്രയായി സ്വീകരിച്ച നമ്മെപ്പോലെയുള്ളവര്‍ തന്നെയാണ് നാടുകളിലെല്ലാം പരക്കേണ്ടത്.
ഇന്ത്യയിലെ പതിനായിരക്കണക്കിന് ഗ്രാമങ്ങളും നൂറുകണക്കിന് നഗരങ്ങളും ഈ ഗണത്തിലാണ് പെടുത്തേണ്ടത്. ഇതില്‍ മഹാ ഭൂരിഭാഗവും ദാരിദ്ര്യ രേഖക്ക് താഴെയാണ് ഇപ്പോഴും. ഒട്ടുമിക്ക ജനങ്ങളും അക്ഷരാഭ്യാസത്തിന്റെ ആദ്യപടി പോലും കയറിയിട്ടില്ല. സാമൂഹികപരമായ ഉത്തരവാദിത്വത്തെക്കുറിച്ചോ പൗരധര്‍മത്തെക്കുറിച്ചോ ഇവര്‍ തീര്‍ത്തും അജ്ഞരാണ്. സ്വാതന്ത്ര്യത്തിനു ശേഷം പല സര്‍ക്കാറുകളും പല പദ്ധതികളും ന്യൂനപക്ഷത്തിനു വേണ്ടിയും അല്ലാതെയും ആവിഷ്‌കരിച്ചെങ്കിലും അതിന്റെയൊക്കെ ഫലം വളരെ കുറഞ്ഞതായിരുന്നു. ഇവിടെയാണ് ഒരു കേരള മോഡല്‍ പ്രസക്തമാകുന്നത്. കേരളത്തിലെ സര്‍ക്കാറുകളുടെ സഹായം മുസ്‌ലിം നവോത്ഥാനത്തിനുണ്ടായിട്ടുണ്ടെങ്കിലും അത് വളരെ പരിമിതമായിരുന്നു. പൂര്‍ണാര്‍ഥത്തില്‍ പണ്ഡിതര്‍ മുന്നില്‍ നിന്ന് നയിച്ചതു കൊണ്ടാണ് ഇന്ന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളില്‍ നിന്ന് കേരള ന്യൂനപക്ഷങ്ങള്‍ വേറിട്ടുനില്‍ക്കുന്നത്. മറ്റേത് സംസ്ഥാനങ്ങളേക്കാളും രാഷ്ട്ര നിര്‍മിതിയിലും വിദ്യാഭ്യാസ-സാമൂഹിക സേവനത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തിന്റെ മാതൃക വ്യാപിച്ചാല്‍ ഇന്ത്യ വികസിത രാഷ്ട്രമാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. ന്യൂനപക്ഷ സമൂഹങ്ങളുടെ നാനോന്മുഖമായ വികസനമാണ് ഒരു നാട് വികസിതമാകുന്നതിന്റെ നട്ടെല്ല്.
മനുഷ്യന് ജീവിക്കണമെങ്കില്‍ തൊഴില്‍ വേണം.
തൊഴിലെടുക്കുന്നത് ആരാധനയായി പഠിപ്പിച്ച മതമാണ് ഇസ്‌ലാം. നബിമാരുടെ തൊഴിലുകളെക്കുറിച്ച് ഹദീസുകളില്‍ ധാരാളം പരാമര്‍ശങ്ങളുണ്ട്. മുഹമ്മദ് നബി (സ) യും ആട് മേക്കുകയും കച്ചവടം നടത്തുകയുമെല്ലാം ചെയ്തിട്ടുണ്ട്. പൂര്‍വസൂരികളായ പണ്ഡിതരും തൊഴിലിനെ മഹത്തായൊരു ആരാധനയായി തന്നെയാണ് കണ്ടത്. മദ്ഹബിന്റെ ഇമാമുമാരില്‍ പ്രഗത്ഭനും ലോകപ്രശസ്ത പണ്ഡിതനുമായ ഇമാം അബൂഹനീഫ (റ) തന്റെ ദിവസത്തിന്റെ ഒരു ഭാഗം കച്ചവടത്തിനു വേണ്ടി നീക്കിവെച്ചിരിക്കുകയായിരുന്നു. ഇതായിരുന്നു ജീവിതമാര്‍ഗം. ഇമാം ശാഫിഈ (റ) നീണ്ട ഇരുപതിലധികം വര്‍ഷങ്ങള്‍ പഠിച്ചതിനു ശേഷം തന്റെ കുടുംബത്തിലെ ഒരാളോടൊപ്പം യമനിലേക്ക് പോയി. അവിടെ പകല്‍ സമയം കോടതിയില്‍ ജോലിയും രാത്രിയില്‍ പഠനവും തുടര്‍ന്നു. ഏകദേശം രണ്ട് വര്‍ഷം ഇങ്ങനെ ജോലി ചെയ്തതിനു ശേഷമാണ് ന്യായാധിപനായി സ്ഥാനക്കയറ്റം കിട്ടുന്നത്. ഓരോരുത്തര്‍ക്കും അറിയുന്ന അനുയോജ്യമായ ജോലി ചെയ്യണമെന്ന വ്യക്തമായ സന്ദേശമാണ് ഇത്തരം നൂറുകൂട്ടം ചരിത്രങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം ഇത്തരം ജോലികള്‍ സമൂഹത്തോടുള്ള കടപ്പാടില്‍ നിന്ന് ഒളിച്ചോടുന്ന രൂപത്തിലാകരുത്.
ലോകത്തെ ഒട്ടുമിക്ക രാഷ്ട്രങ്ങളിലും മസ്ജിദുകള്‍ കേന്ദ്രീകരിച്ച് ദര്‍സുകള്‍ നടക്കുന്നുണ്ട്. ഒന്നല്ല ഒരുപാട് ഉസ്താദുമാരുടെ നേതൃത്വത്തില്‍. എല്ലാവര്‍ക്കുമറിയുന്ന ഉദാഹരണങ്ങളാണ് മസ്ജിദുന്നബവിയും മസ്ജിദുല്‍ ഹറാമും. ദശക്കണക്കിന് ഉസ്താദുമാരുടെ ധാരാളം ദര്‍സുകള്‍ അവിടെ നടക്കുന്നു. ഈജിപ്ത്, തുര്‍ക്കി, ജോര്‍ദാന്‍, മലേഷ്യ തുടങ്ങിയ എല്ലാ രാഷ്ട്രങ്ങളിലും ഇങ്ങനെ കാണാം. ഇത്തരം ദര്‍സ് രീതികള്‍ നമ്മുടെ യുവ പണ്ഡിതരും വ്യാപകമായി തുടങ്ങണം. ഓരോ പള്ളികള്‍ കേന്ദ്രീകരിച്ചും നമ്മുടെ ഓരോരുത്തരുടെയും വീടുകള്‍ കേന്ദ്രീകരിച്ചുമെല്ലാം ദര്‍സുകള്‍ നടക്കട്ടെ. ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോഴ്‌സുകള്‍ വരെ പല രാഷ്ട്രങ്ങളിലും പണ്ഡിതരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വീടുകളില്‍ ഒരു റൂം ദര്‍സിനു വേണ്ടി മാത്രമുള്ളതാണ്. സ്ഥിരം പഠിതാക്കളും താത്കാലിക പഠിതാക്കളും അവിടെ വന്നുപോയി പഠിക്കുന്നു. മുദർരിസുമാര്‍ മറ്റു ജോലികള്‍ ചെയ്ത് ജീവിതം മുന്നോട്ട് നയിക്കുമ്പോള്‍ തന്നെ ദര്‍സിനും സമയം കണ്ടെത്തുന്നു. അറിവ് പകരുക എന്ന സംസ്‌കാരം കലാലയങ്ങളില്‍ നിന്ന് നാടു-നാടാന്തരങ്ങളിലേക്കും ഓരോ വീടുകളിലേക്കും വ്യാപിപ്പിക്കാന്‍ ഇത് സഹായകവുമാകുന്നു. നാമിന്നു നടത്തുന്ന മുഴുവന്‍ കോഴ്‌സുകള്‍ക്കും സംവിധാനങ്ങള്‍ക്കും നമ്മുടെ വീടുകളില്‍ത്തന്നെ ചെറിയ രൂപങ്ങള്‍ ജനിക്കും. ഇത് ഒരു തലമുറയെ മാറ്റിമറിക്കും.
ഇതുപോലെ തന്നെയാണ് ഓണ്‍ലൈന്‍ രംഗവും. കേരളത്തിലെ മത വിദ്യാർഥികള്‍ പഠിക്കുന്നയത്ര മറ്റേതെങ്കിലും രാഷ്ട്രങ്ങളില്‍ പഠിക്കുന്നുണ്ടോ എന്നത് സംശയമാണ്. ദഅ്‌വാ കോളജുകള്‍ പോലുള്ള സംവിധാനം ലോകത്ത് മറ്റെവിടെയുമില്ലതാനും. എങ്കില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്കുള്ള അനന്തമായ സാധ്യതകളാണ് ഇത് വ്യക്തമാക്കുന്നത്. ഈ സാധ്യതകളെ നിരന്തരം അന്വേഷിച്ച് കണ്ടെത്തുന്നതില്‍ നാം പരാജയപ്പെടരുത്. വളര്‍ന്നുവരുന്ന യുവ പണ്ഡിതരുടെ ശിരസ്സുകള്‍ നിരന്തരമായി ചലിക്കേണ്ടത് ഇത്തരം അവസരങ്ങളെ തേടിപ്പിടിക്കുന്നതിലായിരിക്കണം. ബഹുഭാഷകളുടെ പിന്‍ബലമുള്ളവര്‍ പ്രത്യേകിച്ചും. ധാരാളം മത-ഭൗതിക ഡിഗ്രികള്‍ സമ്പാദിച്ചവരാണെങ്കിലും പുതുമയെക്കുറിച്ച് ചിന്തിക്കുന്നതിലുള്ള നമ്മുടെ പരാജയം നമുക്കും സമൂഹത്തിനും നഷ്ടമേ വരുത്തൂ. സമൂഹത്തെ വഴിനടത്തുന്നതിനുള്ള രീതികള്‍ ആവിഷ്‌കരിക്കുന്നതിലും നടപ്പാക്കുന്നതിലും പുതുമകള്‍ ആവിഷ്‌കരിക്കാന്‍ ഏറ്റവും കൂടുതല്‍ നിഷ്‌കര്‍ഷിച്ച മതമാണ് ഇസ്‌ലാം. പക്ഷേ നാം അധ്വാനിക്കുന്നില്ല. ഗാഢമായി ചിന്തിക്കുന്നില്ല.
തൊട്ടടുത്തുള്ളവനും മുന്നിലുള്ളവനും ചെയ്തത് മാത്രം ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ കൊവിഡ് നമുക്ക് ഒരവസരമാകുന്നില്ല; പ്രതിസന്ധിയായി അവശേഷിക്കുന്നു.
പതിനായിരക്കണക്കിന് രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ സ്‌കോളര്‍ഷിപ്പുകളുള്ള ആയിരക്കണക്കിന് ഉപരി പഠന മേഖലകളുള്ള ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഇതെല്ലാം കഴിയാവുന്നത്ര പഠിക്കല്‍ നമ്മുടെ സാമൂഹികപരമായ ഉത്തരവാദിത്വം കൂടിയാണ്. സമന്വയ വിദ്യാഭ്യാസം പൂര്‍ണാര്‍ഥത്തിലാകണമെങ്കില്‍ ഇന്ന് ഈ മേഖലകളില്‍ നാം പഠിക്കണം. കൊവിഡിനെ അവസരമായി കണ്ട് കൂടുതല്‍ പഠിക്കാന്‍ നാം തയ്യാറാകണം. ഓരോ വിജ്ഞാനത്തിന്റെയും ലോകത്തിലെ ഏറ്റവും ആധികാരിക ഉറവിടത്തില്‍ പോയി പഠിക്കണം.