Connect with us

Socialist

മനുഷ്യസ്നേഹികൾക്ക് കൂടുതൽ കൂടുതൽ ചേർന്ന് നിൽക്കാം

Published

|

Last Updated

ലക്ഷദ്വീപ് എന്നുകേട്ടാൽ മനസിൽ ആദ്യമെത്തുക അടിത്തട്ട് വരെ കാണാവുന്ന ജലസമൃദ്ധമായ കാഴ്ചകളാണ്. തെളിമയും സുതാര്യതയും അതിരുകൾ നിർണയിക്കുന്ന അതിമനോഹരമായ ഭൂപ്രദേശം. അവിടെ വസിക്കുന്നവരോ, ജലത്തേക്കാൾ തെളിമയും സുതാര്യതയും ഉള്ളവർ. മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്തവിധം മന:സമാധാനം ഉള്ളവർ. അതുകൊണ്ടുകൂടിയാണ് കാഴ്ച കൊണ്ടും അവിടുത്തെ അനുഭവം കൊണ്ടും “ലക്ഷദ്വീപ് ജനതയുടെ ആശങ്കയ്ക്ക് ചെവികൊടുക്കണം, അവരുടെ സ്ഥലത്തിന് എന്താണ് നല്ലതെന്ന് തിരിച്ചറിയാന് അവരില് തന്നെ വിശ്വാസമര്പ്പിക്കൂ, ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് അത്, അതിനേക്കാള് നല്ല മനുഷ്യരാണ് അവിടെയുള്ളത്” എന്ന് ഭയാശങ്കയ്ക്ക് ഇടയില്ലാതെ നടൻ പൃഥിരാജ് പറഞ്ഞത്.

രാജ്യത്ത് എവിടെ മന:സമാധാനം ഉണ്ടോ, അത് തകർക്കാൻ തങ്ങളുണ്ട് എന്നാണ് സംഘപരിവാറിന്റെ മുദ്രവാക്യം തന്നെ. ലക്ഷദ്വീപിൽ മന:സമാധാനം ഉണ്ടെങ്കിൽ അത് തങ്ങൾ വച്ചുപൊറുപ്പിക്കില്ല എന്ന് അഡ്മിനിസ്‌ട്രേറ്ററിലൂടെ കേന്ദ്രസർക്കാർ ഓരോ നിമിഷവും പ്രഖ്യാപിക്കുകയാണ്. അഡ്മിനിസ്‌ട്രേറ്റർ എന്നാൽ ആശങ്കയുടെ വാഹകൻ എന്ന് നമ്മൾ തിരിച്ചറിയുന്നു.

പുതിയ നിയമപരിഷ്‌കാരങ്ങൾ കൊണ്ട് ഒരു ജനതയെ ഞെക്കിക്കൊല്ലുന്നു. ഗാന്ധിയുടെ, നെഹ്‌റുവിന്റെ, അംബേദ്ക്കറിന്റെ രാജ്യത്ത് ഇനിയിത് അനുവദിച്ചുകൂടാ. ബി.ജെ.പിയുടെ മനുഷ്യത്വ വിരുദ്ധതക്ക് എതിരെ ഓരോ ജനാധിപത്യ വിശ്വാസിയും രംഗത്തിറങ്ങേണ്ട സമയമാണിത്. ഫാസിസ്റ്റ് വിരുദ്ധപോരാട്ടം ശക്തിപ്പെടുത്തേണ്ട കാലമാണിത്. കേരളം ഒറ്റമനസായി അത് പ്രഖ്യാപിക്കുന്നു.

നമ്മുടെ മാനവസ്നേഹത്തെ കൊഞ്ഞനം കുത്തുന്ന കുറച്ചു അല്പപ്രാണികൾ ഈ കൊച്ചു കേരളത്തിലും ഉണ്ട്. അവരെ നമുക്ക് അവഗണന കൊണ്ട് ആട്ടിയകറ്റാം.

പൃഥ്വിരാജിനെ പോലെ സംഘപരിവാറിനെതിരെ ഭയമില്ലാതെ പറയുന്നവരെ നമുക്ക് അത്രമേൽ ആത്മാർത്ഥമായി ചേർത്ത് നിർത്താം.ഏതൊരു മനുഷ്യസ്നേഹിയും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളാണ് പൃഥ്വിരാജ് പറഞ്ഞത്.

രാഷ്ട്രീയ വർത്തമാനങ്ങൾക്ക് ചെവികൊടുക്കാതെ സെലിബ്രിറ്റി സ്റ്റാറ്റസിൽ അഭിരമിക്കുകയല്ല പൃഥ്വിരാജ് ചെയ്തത്. താൻ സ്നേഹിക്കുന്ന ഒരു ജനതയുടെ സ്വസ്ഥത തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരുടെ മന:സമാധാനം തകർക്കുക എന്ന രാഷ്ട്രീയ ശരിയാണ് പൃഥ്വിരാജ് നിർവഹിച്ചത്. അദ്ദേഹത്തിനൊപ്പം നിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ ആവശ്യമാണ്.

സംഘപരിവാർ നമ്മളെ തേടിയെത്തും മുമ്പേ അവരെ നമുക്ക് പരാജയപ്പെടുത്തണം. മനുഷ്യസ്നേഹികൾക്ക് കൂടുതൽ കൂടുതൽ ചേർന്ന് നിൽക്കാം.

---- facebook comment plugin here -----

Latest