Connect with us

Socialist

'എൽ പി സ്കൂളിലെ അറബിക് ക്ലാസ് ജീവിതത്തിലെ എല്ലാ ദർശനങ്ങളെയും സ്വാധീനിച്ചു'

Published

|

Last Updated

പട്ടാമ്പി സേവന ഹോസ്പിറ്റലിലെ ഡോക്ടർ രേഖ കൃഷ്ണയുടെ കലിമ ചൊല്ലൽ വാർത്ത കേട്ടപ്പോൾ ഓർത്തത് എൻ്റെ എൽപി സ്കൂളിലെ അറബിക് ക്ലാസിനെ കുറിച്ചും അച്ഛൻ നൽകിയ നിർദ്ദേശങ്ങളെ കുറിച്ചും ആയിരിന്നു. അറബി ടീച്ചർ ക്ലാസിലേക്ക് വന്നാൽ മലയാളം വിദ്യാർത്ഥികൾ അഥവാ അമുസ്ലീങ്ങൾ ആയ കുട്ടികൾ പുറത്തു പോവുകയാണ് പതിവ്. എന്നോട് അത് ചെയ്യരുതെന്നും അവിടെ ക്ലാസ്സിൽ ഇരിക്കണമെന്നും അറബി മാത്രമല്ല ഇസ്ലാം മതത്തെ കുറിച്ചും പഠിക്കണമെന്നായിരിന്നു അച്ഛന്റെ നിർദ്ദേശം. അറബിയിലും ഫാത്തിഹ സൂറത്തും ഷഹാദത്ത് കലിമ ചൊല്ലലിലും ഒന്നും, വൈദഗ്ദ്ധ്യം നേടിയില്ലെങ്കിലും, അത് ഉണ്ടാക്കിയ ബോധ്യം ജീവിതത്തിലെ എല്ലാ ദർശനങ്ങളെയും സ്വാധീനിച്ചു എന്ന് പറയാതിരിക്കാൻ വയ്യ.

കോവിഡും അനുബന്ധമായി മാരകമായ ന്യൂമോണിയയും ബാധിച്ച് അന്ത്യശ്വാസം വലിക്കുന്ന സമയത്ത് തൻ്റെ രോഗിക്ക് ഷഹാദത്ത് കലിമ ചൊല്ലിക്കൊടുത്ത് dr രേഖ അവർക്ക് അന്ത്യാഭിവാദ്യം നൽകിയത് ഉത്തമമായ ഒരു മതാതീത ദൈവ ബോധത്തിൻ്റെ കരുത്തിലാണ്. തീർച്ചയായും അതിന് അവരെ പ്രേരിപ്പിച്ചത് ക്ഷേത്രത്തിൽ പ്രാർത്ഥിച്ച് ഇറങ്ങുമ്പോൾ തൊട്ടു മുൻപിലുള്ള പള്ളിയിലും പ്രാർത്ഥിക്കാൻ നിർദ്ദേശിച്ചിരുന്ന അമ്മയുടെ ശിക്ഷണം തന്നെ ആയിരുന്നു.
“ഇസ്ലാം മത വിശ്വാസിയായ തൻ്റെ രോഗി അന്ത്യയാത്രയിൽ സാധാരണഗതിയിൽ ആഗ്രഹിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന കാര്യമാണ് കലിമ ചൊല്ലൽ. പകർച്ചവ്യാധി ആയതിനാൽ ആർക്കും രോഗിയുടെ അടുത്ത് എത്താനും കഴിയില്ല
രോഗിയും ബന്ധുക്കൾക്കും ഇടയിലുള്ള പോയിൻ്റ് ഓഫ് കോൺടാക്ട് താൻ മാത്രമായതിനാൽ ആ കടമ നിർവഹിച്ചു ” എന്നായിരുന്നു അവരുടെ വളരെ സ്വാഭാവികമായ പ്രതികരണം.

അത് ആലോചിച്ച് ഉറപ്പിച്ച് ചെയ്തതോ, ആരോടെങ്കിലും പറയാൻ വേണ്ടി ചെയ്തതോ അല്ലെന്നാണ് ഡോക്ടർ രേഖ പറഞ്ഞത്  ചെറുപ്പം മുതൽ താൻ വളർന്നു വന്ന ഒരു ബോധ്യത്തിൽ നിന്ന് സ്വമേധയാ ചെയ്തു പോയതാണെന്ന് അവർ പറയുകയുണ്ടായി. മതവിശ്വാസങ്ങളുടെ ഘർഷണം മൂലം തീയാളുന്ന അനുഭവങ്ങളുള്ള ഈ കാലത്ത് ഇത്തരമൊരു സന്ദേശം നൽകിയ യുവ വനിതാ ഡോക്ടറുടെ ബോധ്യത്തിനും കർമ്മത്തിനും മുൻപിൽ വിനയപൂർവ്വം ശിരസ്സ് കുനിക്കുന്നു. ഹൃദയത്തിൽ നിന്നുള്ള അഭിവാദ്യങ്ങൾ അറിയിക്കുന്നു.

(മുൻ സ്പീക്കർ)

Latest