Articles
തിരുത്തേണ്ടതുണ്ട് ഈ നയസമീപനങ്ങള്‍
ജനവിരുദ്ധത അനുദിനം വര്‍ധിച്ചു വരുന്ന ഒരു കേന്ദ്രസര്‍ക്കാറിന് കീഴില്‍ ജീവിക്കേണ്ട ഗതികേടില്‍ ഇന്ത്യന്‍ ജനത എത്തിച്ചേര്‍ന്നിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും അവരെ ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കുകയും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുക എന്നത് ഒരു ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്. എന്നാല്‍ നിലവില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ ഇവ നിറവേറ്റുന്നുണ്ടോ അതോ ഇതിന് കടകവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലാണോ ഏര്‍പ്പെടുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്.
പൗരത്വ നിയമ ഭേദഗതി, പരിസ്ഥിതി ആഘാത നിയമ ഭേദഗതി, കര്‍ഷക നിയമങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന, കൊവിഡ് വാക്‌സീന്‍ വിതരണം തുടങ്ങിയവ എടുത്ത് പരിശോധിച്ചാല്‍ സര്‍ക്കാറിന്റെ നയസമീപനങ്ങള്‍ ഏത് രീതിയില്‍ ഉള്ളവയാണ് എന്ന് വ്യക്തമായി മനസ്സിലാകും.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പൗരത്വ നിയമ ഭേദഗതി ഒരു പ്രത്യേക മത വിഭാഗത്തിലെ ജനങ്ങളെ ദ്രോഹിക്കാനും അവരുടെ ജീവിതം കഷ്ടത്തിലാക്കാനും ഉദ്ദേശിച്ച് നടപ്പാക്കിയതാണ് എന്ന് വിശ്വസിക്കുന്ന വലിയ ഒരു ജനസമൂഹം ഇന്ത്യയില്‍ ഉണ്ട്. വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് ഈ നിയമം എന്നാണ് ഭരണകൂട ഭാഷ്യം. എന്നാല്‍ ആ മതങ്ങളുടെ പട്ടികയില്‍ നിന്ന് ഒരു പ്രത്യേക മതവിഭാഗത്തെ ഒഴിവാക്കിയത് ഭരണകൂടത്തിന്റെ താത്പര്യം എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇ ഐ എ എന്ന പരിസ്ഥിതി ആഘാത നിയമ ഭേദഗതി, പൊതുവെ കഷ്ടാവസ്ഥയിലായ ഇന്ത്യയിലെ പരിസ്ഥിതിയെ പൂര്‍ണമായും നശിപ്പിക്കാന്‍ ഉതകുന്നതാണ് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒരേ ശബ്ദത്തില്‍ പറയുന്നു. ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടതില്ല എന്നതും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ചില സംരംഭങ്ങള്‍ക്ക് പരിസ്ഥിതി ആഘാത പഠനമേ ആവശ്യമില്ല എന്നതും മറ്റും സൂചിപ്പിക്കുന്നത് ഇക്കാര്യത്തില്‍ കോഴിയുടെ സംരക്ഷണം കുറുക്കനെ ഏല്‍പ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നാണ്. ലോലമായ നമ്മുടെ പരിസ്ഥിതിയുടെ വിഭവങ്ങളെല്ലാം ലാഭക്കൊതി മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന കുത്തകകളുടെ കൈയില്‍ ഏല്‍പ്പിക്കുക എന്നതായിരിക്കും ഇതിന്റെ ഫലം.
കൊവിഡിന്റെയും മറ്റും ആഘാതത്താല്‍ ആകാം പാരിസ്ഥിതിക ആഘാത നിയമ ഭേദഗതികള്‍ തത്കാലം സര്‍ക്കാര്‍ നടപ്പാക്കുന്നില്ല എന്നതില്‍ നമുക്ക് ആശ്വസിക്കാം.
വളരെ ശക്തവും കാല ദൈര്‍ഘ്യമേറിയതുമായ ഒരു സമരമാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്നത്. കര്‍ഷകര്‍ക്കും വിപണിക്കും ഇടയിലെ ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ന്യായമായ ഉത്പന്ന വില ഉറപ്പുവരുത്താനുള്ള നിയമങ്ങളാണ് ഇവ എന്ന് കേന്ദ്ര സര്‍ക്കാറിന്റെ വക്താക്കള്‍ ആണയിടുമ്പോഴും ബഹു ഭൂരിപക്ഷം കര്‍ഷകരും അത് വിശ്വസിക്കുന്നില്ല. തങ്ങള്‍ എപ്പോള്‍, എവിടെ, എന്ത് കൃഷി ചെയ്യണമെന്നും എവിടെ, എത്ര വിലക്ക് അവ വില്‍ക്കണം എന്നും കുത്തകകള്‍ തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകും, ഈ നിയമം കൊണ്ട് എന്നാണ് അവര്‍ വിശ്വസിക്കുന്നത്. പണക്കാര്‍ക്ക് മാത്രം പോഷക സമ്പുഷ്ടമായ ആഹാരം ലഭിക്കുമെന്നും പാവപ്പെട്ടവരും സാധാരണക്കാരും കുത്തകകള്‍ നല്‍കുന്ന സംസ്‌കരിച്ച ചവര്‍ ഭക്ഷണം കഴിക്കേണ്ട അവസ്ഥ ഉണ്ടാകുമെന്നും മറ്റു പുരോഗമനവാദികളും വാദിക്കുന്നു.
കൊവിഡ് എന്ന മഹാമാരി താണ്ഡവമാടുമ്പോള്‍ ജനങ്ങള്‍ക്ക് താങ്ങാകേണ്ട സര്‍ക്കാര്‍ അതിനു പകരം കുത്തകകള്‍ക്ക് പണമുണ്ടാക്കാനുള്ള നയങ്ങളാണ് സ്വീകരിക്കുന്നത് എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട്. ഇന്ത്യയിലെ കൊവിഡ് വാക്‌സീന്‍ നിര്‍മാണ കമ്പനികള്‍ 150 രൂപക്ക് വാക്‌സീന്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കുന്നു. എന്നാല്‍ അതേ വാക്‌സീന്‍ തന്നെ 300 രൂപക്ക് സംസ്ഥാന സര്‍ക്കാറുകളോടും 600 രൂപക്ക് സ്വകാര്യ ആശുപത്രികളോടും വാങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. 150 രൂപക്ക് വിറ്റാല്‍ തന്നെ തങ്ങള്‍ക്ക് ആവശ്യമായ ലാഭം ലഭിക്കുമെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പരമോന്നത നീതിപീഠം പോലും പ്രത്യേക പരാമര്‍ശം നടത്തിയതും ഓര്‍ക്കുകയാണ്. കൂനിന്മേല്‍ കുരു എന്ന മട്ടിലാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധന. കൊവിഡ് ദുരിതങ്ങള്‍ക്കിടയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിത്യേന വര്‍ധിപ്പിക്കുകയാണ്. എണ്ണക്കമ്പനികള്‍ നടത്തുന്ന ഈ പകല്‍ക്കൊള്ള മറ്റെന്തെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എന്ന് ചിന്തിക്കാന്‍ കഴിയില്ല. കാരണം നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഒരു ദിവസം പോലും വില വര്‍ധിപ്പിച്ചില്ല എന്നുള്ളത് തന്നെ.
പൊതുവെ സമാധാന പൂര്‍ണമായി ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരു ജനതയാണ് നമ്മുടെ രാജ്യത്തേത് എന്ന് കാണാന്‍ കഴിയും. അതിനിടക്കാണ് ലോകത്തെവിടെയും എന്ന പോലെ കൊവിഡ് ദുരിതം നമ്മളെയും തേടി എത്തിയത്. പ്രകൃതിയും ആകസ്മികതകളും നല്‍കുന്ന ദുരിതങ്ങള്‍ക്ക് അപ്പുറം ഒരു ഭരണകൂടം തന്നെ തങ്ങളുടെ ജനതക്കു മേല്‍ ദുരിതങ്ങളുടെ പെരുമഴക്കാലം വര്‍ഷിക്കുന്നു എന്ന് ആ ജനത വിശ്വസിക്കപ്പെടുന്ന സാഹചര്യം ഒരു രാജ്യത്ത് ഉണ്ടാകുന്നത് രാജ്യത്തിന്റെ നല്ല അവസ്ഥക്ക് ഭൂഷണമല്ല എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിക്കട്ടെ.