National
കൊവിഡ്; രാജ്യത്ത് കുതിച്ചുയർന്ന് തൊഴിലില്ലായ്മ
ന്യൂഡൽഹി | കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യമാകെ പൂട്ടിയതോടെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിൽ. കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും സ്വയം ലോക്ക്ഡൗണിലേക്ക് പോയിരുന്നു. ഈ മാസത്തെ തൊഴില്ലായ്മാ നിരക്ക് 11.20 ശതമാനത്തിലേക്ക് ഉയർന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും തൊഴിലില്ലായ്മ വലിയ തോതിൽ നിലനിൽക്കുന്നു. ഈ മാസം ഇതുവരെ നഗരങ്ങളിൽ 13.52 ശതമാനവും ഗ്രാമങ്ങളിൽ 10.12 ശതമാനവുമാണ് നിരക്ക്. കഴിഞ്ഞ മാസം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.97 ശതമാനം മാത്രമായിരുന്നു. എന്നാൽ ഏപ്രിൽ പകുതിയോടെ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുകയും സംസ്ഥാനങ്ങൾ ഓരോന്നായി പൂട്ടിയിടുകയും ചെയ്തതോടെയാണ് തൊഴിലില്ലായ്മാ നിരക്ക് കുത്തനെ ഉയർന്നത്. കഴിഞ്ഞ വർഷം മെയിൽ തൊഴിയില്ലായ്മാ നിരക്ക് 21.73 ശതമാനം ആയിരുന്നുവെങ്കിലും ഒന്നാം ലോക്ക്ഡൗണിന് ശേഷം ഇത് കുറഞ്ഞു വന്നിരുന്നു.
ടൂറിസം, വ്യാപാരം, വ്യവസായം എന്നിവയിൽ വലിയ വരുമാനം കണ്ടെത്തുന്ന സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ രൂക്ഷം. ഈ മാസം മാത്രമായി രാജ്യത്ത് പത്ത് ദശലക്ഷം തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് വിവിധ ഏജൻസികൾ കണക്കാക്കുന്നത്. 2020ലെ അടച്ചിടലിന് ശേഷം രാജ്യത്ത് തൊഴിയില്ലായ്മാ നിരക്ക് ഉയരുന്ന മാസമായി മെയ് മാറുമെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണമി മാനേജിംഗ് ഡയറക്ടർ മഹേഷ് വ്യാസ് പറഞ്ഞു. തൊഴിൽ നഷ്ടപ്പെട്ടവരിൽ സ്ത്രീകളും ചെറുപ്പക്കാരുമാണ് കൂടുതലുള്ളതെന്നും ഗ്രാമീണ മേഖലയിലെ സമ്മർദം കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കൊവിഡ് വ്യാപനം ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ കുറഞ്ഞതിനാൽ തൊഴിലില്ലായ്മാ നിരക്ക് ഇനി ഉയരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്തയാഴ്ച മുതൽ ഡൽഹിയടക്കമുള്ള നഗരങ്ങൾ ഘട്ടം ഘട്ടമായി തുറക്കാൻ പോകുകയാണ്. വ്യാപാര മേഖല വേഗം സജീവമായാലും ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ നഷ്ടപ്പെട്ട തൊഴിൽ വീണ്ടെടുക്കാൻ കൂടുതൽ സമയം ആവശ്യമായി വരും.