National
റെയിൽവേയിൽ 13,450 തസ്തികകൾ ഒഴിവാക്കുന്നു
ന്യൂഡൽഹി | ഇന്ത്യൻ റെയിൽവേയിൽ 13,450 തസ്തികകൾ ഒഴിവാക്കുന്നു. 2021- 22 വർഷത്തെ തൊഴിൽ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തസ്തികകൾ വേണ്ടെന്നുവെക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്. 16 സോണൽ റെയിൽവേകളിലായി വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ള 13,450 തസ്തികകൾ ഒഴിവാക്കാനാണ് തീരുമാനം.
ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ് റെയിൽവേ ബോർഡിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്. 2019ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് പ്രകാരം 2,85,258 ഒഴിവുകൾ റെയിൽവേയിൽ നിലവിലുണ്ട്. 50,000 പേർ ശരാശരി റിട്ടയർ ചെയ്യുന്നുമുണ്ട്. കൊവിഡ് മഹാമാരി മൂലം പ്രതിദിനം 1,000ത്തോളം റെയിൽവേ ജീവനക്കാർ രോഗബാധിതരാകുന്നു. ഇതിനോടകം 2,500ലധികം ജീവനക്കാർ മരിച്ചു.
വിവിധ സുരക്ഷാ ജോലികളിലും ട്രെയിൻ ഓപറേഷനിലും ജീവനക്കാരുടെ കുറവ് പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമ്പോഴാണ് റെയിൽവേ ബോർഡിന്റെ കടുംവെട്ട്. റെയിൽവേയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
അതേസമയം, സാങ്കേതികവിദ്യയിൽ വന്ന മാറ്റത്തിന്റെ ഫലമായി ചില തസ്തികകൾ ആവശ്യമില്ലാതെ വരികയും മറ്റു ചില തസ്തികകൾ പുതുതായി അനുവദിക്കേണ്ടി വരികയും ചെയ്തതിനാലാണ് പുതിയ തീരുമാനമെന്ന് ബോർഡ് വിശദീകരിക്കുന്നു.
റെയിൽവേ ബോർഡിന്റെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി പി എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം പി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് കത്ത് നൽകി. അശാസ്ത്രീയവും നിലവിലെ സാഹചര്യവുമായി ഒട്ടും പൊരുത്തപ്പെടാത്തതുമായ ഈ തീരുമാനം പിൻവലിക്കുകയും നിലവിലുള്ള ഒഴിവുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്തുന്നതിന് റിക്രൂട്ട്‌മെന്റ്നടപടികൾ ത്വരിതപ്പെടുത്തുകയും ചെയ്യണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
തൊഴിൽ കണക്കെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഓരോ സോണിനും നിശ്ചിത എണ്ണം തസ്തികകൾ സറണ്ടർ ചെയ്യണമെന്ന് ടാർജറ്റ് നിശ്ചയിച്ചു കൊടുക്കുന്നത് എന്തുതരം യുക്തിയുടെ അടിസ്ഥാനത്തിലാണ്. ഒഴിവുകൾ വരുമ്പോൾ ദീർഘകാലം നികത്താതെ ഒഴിച്ചിട്ട് ആ തസ്തിക പിന്നീട് വേണ്ടെന്ന് വെക്കുന്ന റെയിൽവേ നയത്തിന്റെ ഭാഗമായാണ് ബോർഡ് നടപടിയെന്ന് എളമരം കരീം പറഞ്ഞു.