Connect with us

Articles

പുളിച്ച മാവിനെതിരെ ജാഗ്രതൈ

Published

|

Last Updated

പരീശന്മാരും സദൂക്യരുടെ ഒരു വിഭാഗവും യേശുവിനെ പരീക്ഷിക്കാൻ വന്ന സന്ദർഭം. ഏഴ് അപ്പവും കുറച്ച് ചെറുമീനുകളും ഏഴായിരം പേരെ തീറ്റിച്ചിട്ടും ഏഴ് കുട്ട നിറയെ അപ്പം ബാക്കി വന്നതും അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിയിട്ടും അധികം വന്ന കാര്യവും ഉണർത്തിക്കൊണ്ട് യേശു ശിഷ്യന്മാരോടായി ചോദിക്കുന്നു: “ഞാൻ പറഞ്ഞത് അപ്പത്തിന്റെ കാര്യമല്ലെന്ന് നിങ്ങൾ തിരിച്ചറിയാത്തത് എന്താണ്” എന്നിട്ട്, “പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവിന് എതിരെ ജാഗ്രത പാലിക്കാ”ൻ യേശു അവരോടു പറയുന്നു. മത്തായി 16:11. അവസാനം ശിഷ്യന്മാർക്ക് കാര്യം പിടികിട്ടുന്നു. മാവ് പുളിപ്പിക്കാനും അങ്ങനെ അപ്പം പൊങ്ങിവരാനും വേണ്ടിയാണ് സാധാരണഗതിയിൽ പുളിച്ച മാവ് ചേർക്കുന്നത്. പക്ഷേ യേശു ഇവിടെ ദുഷിപ്പിന്റെ ഒരു അടയാളമായിട്ടാണ് പുളിച്ച മാവിനെക്കുറിച്ച് പറയുന്നത്. “പരീശന്മാരും സദൂക്യരും പഠിപ്പിക്കുന്ന” ദുഷിപ്പിക്കുന്ന സ്വാധീനമുള്ള “കാര്യങ്ങൾക്കെതിരെ” ജാഗ്രത പാലിക്കാനാണ് യേശു അവർക്ക് മുന്നറിയിപ്പ് കൊടുക്കുന്നത്. മത്തായി 16:12.

നാല് പേർ പാർക്കുന്ന ചാർത്തിലേക്ക് നാല് പൊതി ചോറ് നിത്യവും എത്തുന്നു. കൈയൂക്കുള്ള മൂന്ന് പേർ ഊഴം വെച്ച് നാല് പൊതിയും അഴിച്ചു ആവശ്യത്തിന് കഴിക്കുന്നു. വല്ലപ്പോഴും മിച്ചം വരുന്നത് മാത്രം വടിച്ചു തിന്നുന്ന ദുർബലനായ നാലാമൻ നന്നേ അവശനായിപ്പോകുന്നു. ഇത് പരിഗണിച്ച് പിന്നീട് വന്ന പൊതികളിലൊന്നിൽ നാലാമന്റെ പേര് എഴുതിവിടുന്നു. കൊണ്ടുവന്നയാൾ അതിൽ നിന്ന് കാൽഭാഗം കൂടി മറ്റുള്ളവർക്ക് വീതിച്ചു നൽകുന്നു. അപ്പോഴും തനിക്ക് അർഹതപ്പെട്ടത് കിട്ടിയില്ലെങ്കിലും കിട്ടിയിടത്തോളമായല്ലോ എന്ന സന്തോഷത്തിൽ ദുർബലൻ പൊതി അഴിച്ചപ്പോൾ പെടുന്നനേ വന്ന അഞ്ചാമൻ വീണ്ടും അതിനെ നാലായി വിഭജിച്ച് നാലിൽ ഒരു ഭാഗം മാത്രം ദുർബലന് വെച്ച് നീട്ടുകയും ബാക്കികൂടി മറ്റ് മൂന്ന് പേർക്ക് വീതിച്ചുനൽകുകയും ചെയ്യുന്നു. അഞ്ചാമന് ന്യായമുണ്ട് – സംഖ്യാനുപാതം. നാല് പേർക്കും നാല് പൊതിയുണ്ടെന്നും മൂന്ന് പേരും നേരത്തേ തന്നെ അത് കഴിച്ചിട്ടിരിക്കുകയാണെന്നും അഞ്ചാമൻ കാണാതെ പോയതാണ് ഇവിടെ മെലിഞ്ഞുണങ്ങിയ ദുർബലന്റെ സങ്കടം.
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൽ നിന്ന് കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ പണം നൽകി നടപ്പാക്കുന്ന പദ്ധതികൾ ഇനി മുഴുവൻ ന്യൂനപക്ഷങ്ങളുടെയും ജനസംഖ്യാനുപാത കണക്കനുസരിച്ച് അതിൽ നിന്ന് വീതിച്ച് എല്ലാവർക്കുമായി നൽകണമെന്ന ഹൈക്കോടതി വിധി ഈ സംസ്ഥാനത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ വീണ്ടും സങ്കടക്കയത്തിൽ തള്ളിയിടുന്നതാണ്.

സ്വതന്ത്ര ഇന്ത്യയിൽ വികസന, മുന്നേറ്റ, അധികാര പങ്കാളിത്ത കാര്യങ്ങളിലെല്ലാം കാഴ്ചക്കാരായി നിന്ന് വല്ലവർക്കും വേണ്ടി കൈയടിക്കുന്ന വിഭാഗമാണ് മുസ്‌ലിം ന്യൂനപക്ഷം. പിന്നാക്കത്തിന്റെ കാവടിയേന്തിയ അവർ ഭരണകൂടങ്ങൾ വാഗ്ദാനച്ചെണ്ട കൊട്ടുമ്പോൾ അതിനൊപ്പിച്ച് വെറുതേ തുള്ളുകയാണ്. അനൈക്യവും സ്വയം യോഗ്യത കൈവരിക്കാത്തതും ചരിത്രപരവുമൊക്കെയാണ് അവരുടെ പിന്നാക്കാവസ്ഥക്ക് കാരണമാകുന്നത്.

ഇന്ത്യാ ചരിത്രത്തെ രണ്ടായി വിഭജിക്കുന്ന ബാബരി മസ്ജിദ് തകർച്ചക്ക് ശേഷം മുസ്‌ലിംകൾ കൂട്ടത്തോടെ കോൺഗ്രസിനെ കൈവിടുന്നു എന്ന വസ്തുത ഹൈക്കമാൻഡിന് ബോധ്യമായി. അവരെ തിരിച്ചുപിടിക്കാനുള്ള പൊടിക്കൈ അന്വേഷിക്കുന്ന സാഹചര്യത്തിലാണ് മുസ്‌ലിം സംഘടനകളും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെയുള്ള മതനേതാക്കളും സോണിയാ ഗാന്ധി, മൻമോഹൻ സിംഗ് എന്നിവരെ കണ്ട് മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കണമെന്ന് നിവേദനം നൽകിയത്. സോണിയാ ഗാന്ധി ചെയർപേഴ്‌സനായുള്ള ഒന്നാം യു പി എ സർക്കാർ രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് എല്ലാവരെയും ഉൾക്കൊള്ളുന്ന നയം (ഇൻക്ലൂസീവ് ഡെവലപ്‌മെന്റ്) കൈക്കൊണ്ടു. ആ മുന്നണി മുന്നോട്ടുവെച്ച പൊതു മിനിമം പരിപാടിയിൽ (സി എം പി) ദുർബല, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വിവിധ പദ്ധതികൾ കൊണ്ടുവന്നു. അതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല കമ്മിറ്റി തന്നെ നിലവിൽ വന്നു. ആ കമ്മിറ്റി ഇന്ത്യയിലെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പിഠിച്ച് പരിഹാരം നിർദേശിക്കാൻ ജസ്റ്റിസ് രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചു. മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ഭരണപങ്കാളിത്ത, അവസര പിന്നാക്കാവസ്ഥയുടെ ആഴവും ദൈന്യതയും ഏറെയും ബോധ്യപ്പെട്ട ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി സത്യസന്ധമായൊരു റിപ്പോർട്ടും അതിനുള്ള പരിഹാരമാർഗങ്ങളും നിർദേശിച്ചു.

സാധാരണ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ ചർച്ചയാകുകയും അത്തരം സമരങ്ങൾ ഭരണക്കാരുടെ സ്വസ്ഥത കെടുത്തുകയും ചെയ്യുമ്പോഴെല്ലാം ഒരു പഠന കമ്മീഷനെ നിയോഗിക്കാറാണ് പതിവ്. അതോടെ 25 കൊല്ലം പോയിക്കിട്ടും. കാക്കാ കലേക്കർ, മണ്ഡൽ തുടങ്ങിയ കമ്മീഷനുകളുടെ ചരിത്രം അതാണ്. റിപ്പോർട്ട് ലഭിച്ച ശേഷവും 10 കൊല്ലമാണ് കോൺഗ്രസ് നേതൃത്വത്തിലെ കേന്ദ്ര സർക്കാർ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവെച്ചത്. വി പി സിംഗ് അത് പുറത്തെടുത്ത് നടപ്പാക്കാനൊരുങ്ങിയത് രാജ്യത്ത് മറ്റൊരു രാഷ്ട്രീയ ഭൂകമ്പത്തിനാണല്ലോ വഴിവെച്ചത്. എന്നാൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ ചിലത് ചെയ്യാൻ തന്നെ യു പി എ തീരുമാനിച്ചു. ഇക്കാര്യത്തിൽ സോണിയാ ഗാന്ധിയും മൻമോഹൻ സിംഗും കാട്ടിയ ഇച്ഛാശക്തിയെ വില കുറച്ച് കാണരുത്.

ആ റിപ്പോർട്ടിലെ നിർദേശമാണ് മുസ്‌ലിംകൾക്കായി ന്യൂനപക്ഷ മന്ത്രാലയം തുടങ്ങണമെന്നും മിക്ക സംസ്ഥാനങ്ങളിലും മുസ്‌ലിംവിദ്യാർഥികൾ പഠിക്കാനായി ആശ്രയിക്കുന്ന മദ്‌റസകളിൽ ഇംഗ്ലീഷും സയൻസും കൂടി പഠിപ്പിച്ച് മുഖ്യധാരയിൽ കൊണ്ടുവരണമെന്നുമെല്ലാമുള്ളത്. അബ്ദുർറഹ്മാൻ ആന്തുലെ, സൽമാൻ ഖുർഷിദ് എന്നിവർ മന്ത്രിമാരായി കേന്ദ്രത്തിൽ പ്രത്യേക മന്ത്രാലയവും പ്രവർത്തിച്ചു. യു ജി സി അംഗീകാരത്തോടെ സെൻട്രൽ മദ്‌റസാ ബോർഡ് രൂപവത്കരിക്കാൻ നിയമമന്ത്രിയായിരുന്ന കപിൽ സിബൽ കരട് നിർദേശവും കൊണ്ടുവന്നു. എന്നാൽ അത് ഇനിയും നിലവിൽ വരാനിരിക്കുന്നതേയുള്ളൂ. മുക്താർ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് വിവിധ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി പദ്ധതി വിഹിതം നൽകുന്നുണ്ട്.
ഇന്ത്യയിൽ ന്യൂനപക്ഷമായ നിരവധി ജനവിഭാഗങ്ങളുണ്ട്. സിഖുകാരും പാഴ്‌സികളും ക്രിസ്ത്യാനികളുമെല്ലാം ന്യൂനപക്ഷമാണ്. പക്ഷേ അവർ പിന്നാക്കമല്ല. കേന്ദ്ര സർക്കാറിലും പഞ്ചാബ് സംസ്ഥാന ഭരണത്തിലും സിഖുകാരുടെ പങ്കാളിത്തം വളരെ കൂടുതലാണ്. വ്യവസായ സാമ്പത്തിക മേഖലയിലും അതുതന്നെയാണ് അവസ്ഥ. ക്രിസ്ത്യാനികൾ ദേശീയതലത്തിൽ മൂന്ന് ശതമാനത്തിൽ താഴെയും കേരളത്തിൽ 12 ശതമാനവുമാണ്. ഭരണ സാമ്പത്തിക രംഗങ്ങളിൽ അവരുടെ പ്രാതിനിധ്യ ശതമാനം ദേശീയതലത്തിൽ 15ന് മുകളിലും കേരളത്തിൽ 25ന് മുകളിലുമാണ്.
എത്രയോ കാലമായി കേരളത്തിലെ ചീഫ് സെക്രട്ടറി ക്രിസ്ത്യൻ സമുദായത്തിൽ നിന്നാണ്. എത്ര ഐ എ എസ്- ഐ പി എസുകാരാണ് ക്രിസ്ത്യാനികളായി ഇരുന്ന് ഭരണം നിയന്ത്രിക്കുന്നത്. അതുപോലെ ഭൂരിപക്ഷമായ സമുദായങ്ങളിലെ കൂറേ സമൂഹങ്ങളുണ്ട്. അവർ പിന്നാക്കമാണ്. ഈ രണ്ട് വിഭാഗങ്ങൾക്കും അവരുടേതായ കുറവുകൾ പരിഹരിച്ച് മുന്നേറാൻ പദ്ധതികൾ നടപ്പാക്കുന്നുമുണ്ട്. കേരളത്തിൽ പിന്നാക്ക വികസന കോർപറേഷൻ പ്രവർത്തിക്കുന്നത് ഇത്തരം പിന്നാക്കാവസ്ഥ പരിഹരിക്കാനാണ്.

ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത് എത്തിയവരെ സംരക്ഷിക്കാനും ജീവിത നിലവാരം ഉയർത്താനും കോട്ടയം ആസ്ഥാനമായി പരിവർത്തിത ക്രൈസ്തവ വിഭാഗ വികസന കോർപറേഷൻ കേരള സർക്കാറിന്റെ ഫണ്ട് വിനിയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്. പാലായിൽ ഒരു വിഭാഗം ക്രിസ്ത്യാനികളുണ്ട്. അവരെ പട്ടികവർഗത്തിൽ ആണ് ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകി സംരക്ഷിക്കുന്നത്. 50 വയസ്സിന് മേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്ക് സാമൂഹികക്ഷേമ വകുപ്പ് മാസം തോറും പെൻഷൻ നൽകുന്നുണ്ട്. അതിന്റെ ഗുണഭോക്താക്കളിൽ എൺപത് ശതമാനത്തിലേറെയും കന്യാസത്രീകളാണെന്ന് എത്ര പേർക്ക് അറിയാം.
എന്നാൽ മുസ്‌ലിംകളുടെ സ്ഥിതി ഈ പറയപ്പെട്ടവരിൽ നിന്നും വളരെ വ്യത്യസ്തവും ദയനീയവുമാണെന്ന് സച്ചാർ കമ്മിറ്റി കണ്ടെത്തി. അവർ ഒരേസമയം ന്യൂനപക്ഷവുമാണ് പിന്നാക്കവുമാണ്. പലയിടത്തും അവരുടെ സ്ഥിതി പട്ടിക വിഭാഗങ്ങളേക്കാൾ മോശവുമാണ്. അത് പരിഹരിക്കാൻ മുസ്‌ലിംകൾക്ക് വേണ്ടി മാത്രം ആവിഷ്‌കരിച്ച പദ്ധതി വിഹിതം കേരളത്തിൽ എങ്ങനെ വിനിയോഗിക്കാം എന്ന് പഠിച്ച മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ളതും ഫസൽ ഗഫൂർ തുടങ്ങിയവർ അംഗങ്ങളായതുമായ സമിതിയെ നിയോഗിക്കുകയായിരുന്നു കേരളത്തിലെ സെക്കുലർ പാർട്ടികൾ അങ്ങനെയാണ്. ന്യൂനപക്ഷ വിഷയങ്ങൾ, പ്രത്യേകിച്ച് മുസ്‌ലിം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അവർ ഒരുതരം സ്വത്വ പ്രതിസന്ധിയിൽ അകപ്പെടാറുണ്ട്. അപ്പോഴെല്ലാം മറു ഭാഗത്തിനുകൂടി എന്തെങ്കിലും നൽകി തൂക്കം ഒപ്പിച്ചു എന്ന് വരുത്തി തടിയൂരുകയാണ് പതിവ്.

പൗരത്വ സമരകാലത്ത് മുസ്‌ലിം അനുകൂല നിലപാടുമായി സ്റ്റേജുകളിൽ പ്രത്യക്ഷപ്പെട്ടത് മറ്റ് സമുദായങ്ങൾക്ക് അനിഷ്ടം വരുമോ എന്ന ചിന്തയിൽ നിന്നാണ് ഒരു കമ്മീഷനും കമ്മിറ്റിയും ഡാറ്റായും ഒന്നുമില്ലാതെ 10 ശതമാനം ഉദ്യോഗസംവരണം മുന്നാക്ക ജാതിക്കാർക്ക് അനുവദിച്ചു നൽകാനുള്ള തീരുമാനമുണ്ടായത്.

സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലും ഉണ്ടായത് അതാണ്. നൂറ് ശതമാനവും മുസ്്ലിംകൾക്ക് അർഹതപ്പെട്ട പദ്ധതിയിൽ നിന്ന് ഒരു കാരണവുമില്ലാതെ 20 ശതമാനം ആനുകൂല്യങ്ങൾ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നൽകാമെന്ന് എഴുതി ചേർക്കുകയായിരുന്നു. അതു തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണവും. കോടതി വിധി വന്നതിന്റെ തൊട്ടുപിന്നാലെ പാലോളി തന്നെ ഈ കാര്യം വ്യക്തമാക്കി രംഗത്തുവന്നിട്ടുണ്ട്. കേന്ദ്രം നൽകുന്ന ഫണ്ട് മുസ്‌ലിം വിഭാഗത്തിന് മാത്രമുള്ളതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കേരളത്തിൽ ന്യൂനപക്ഷ വകുപ്പിന് രൂപം നൽകിയത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറാണ്. ആദ്യത്തെ സംസ്ഥാന ന്യൂനപക്ഷ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ്. പക്ഷേ വകുപ്പിന്റെ സ്‌കെലിറ്റൻ രൂപം ഉണ്ടാക്കാനേ ആ സർക്കാറിന് സമയം കിട്ടിയുള്ളൂ. പക്ഷേ പിന്നീട് വന്ന യു ഡി എഫ് സർക്കാറിന് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തെ ശക്തമായൊരു വകുപ്പാക്കാനും പഞ്ചായത്ത്, താലൂക്ക്, ജില്ലാതലങ്ങളിലും റീജ്യനുകളിലും സംസ്ഥാന ആസ്ഥാനത്തും ശക്തമായ ഭരണ സംവിധാനം കൊണ്ടുവരാനും കഴിഞ്ഞില്ല. ഒന്നാം പിണറായി സർക്കാറിൽ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിലുള്ള ഭരണകാലത്താണ് കുറച്ചെങ്കിലും അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടന്നത്.

അതുകണ്ട് ഹാലിളകിയ തത്പരകക്ഷികളാണ് ജലീലിനെ വളഞ്ഞിട്ട് ആക്രമിച്ചതും ഇല്ലാത്ത ലൗ ജിഹാദും വകുപ്പ് മന്ത്രിയെ മാറ്റൽ പ്രശ്‌നവുമെല്ലാമായി രംഗത്തുവന്നതും. അവരുടെ താത്പര്യം സംരക്ഷിക്കാൻ മാത്രമായി ഫയൽ ചെയ്ത കേസിൽ ഈ വകുപ്പിന്റെയും അതിന്റെ രൂപവത്കൃത ലക്ഷ്യത്തിന്റെയും താത്പര്യങ്ങൾക്ക് വിരുദ്ധമായി കോടതി വിധി ഉണ്ടാകാതിരിക്കാൻ അപ്പീൽ പോകുക എന്നത് സർക്കാറിന്റെ ബാധ്യതയാണ്.

അല്ലെങ്കിൽ കോടതി ഇപ്പോൾ പറഞ്ഞതുപോലെ ആനുകൂല്യ വിതരണമെല്ലാം ജനസംഖ്യാനുപാതത്തിലാക്കണം. സംവരണത്തിലും ഉദ്യോഗ നിയമനത്തിലും അധികാര പങ്കാളിത്തത്തിലും എല്ലാമെല്ലാം. സംസ്ഥാനത്ത് 2011 ലെ കണക്കനുസരിച്ച് 27.5 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. 2021 ലെ കണക്ക് വന്നാൽ അത് 30 ആയേക്കാം. ആ നിലക്ക് പി എസ് സി റാങ്ക് റൊട്ടേഷനിൽ മുസ്‌ലിംകൾക്ക് രണ്ടാം സ്ഥാനം നൽകണം. ആകെ സംവരണം 28 ശതമാനമെങ്കിലും നൽകണം. വിദ്യാദ്യാസ സ്ഥാപനങ്ങൾ, വിവിധ ഓഫീസുകളിലെ പ്രാതിനിധ്യം എന്നിവയിലെല്ലാം ഈ ജനസംഖ്യാനുപാതം നടപ്പിൽ വരുത്താൻ സർക്കാർ മുന്നോട്ടുവരണം. സാമൂഹികനീതി നടപ്പാക്കാൻ ഇടതുപക്ഷ സർക്കാറിന് കിട്ടുന്ന അസുലഭ സന്ദർഭമായി ഇതിനെ കാണണം. അതാണ് ന്യൂനപക്ഷങ്ങളെ എപ്പോഴും കൂടെ നിർത്താനുള്ള മാർഗവും
.
അല്ലെങ്കിൽ യേശു പറഞ്ഞ പുളിച്ചമാവിനെതിരെ ജാഗ്രത പാലിക്കാൻ കഴിയാതെ വരും. അങ്ങനെ വന്നാൽ ഈ സർക്കാറിൽ പ്രതീക്ഷ അർപ്പിച്ച വലിയൊരു വിഭാഗം തന്നെ നീതിക്കായി തെരുവിലിറങ്ങിയേക്കും.

nahahakkim@gmail.com