Connect with us

Socialist

ആറ് ദശകങ്ങളെ ആറ് വര്‍ഷങ്ങള്‍ കൊണ്ട് പൊളിച്ചടുക്കുമ്പോള്‍!

Published

|

Last Updated

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ വർഷം മെയ്‌ മുപ്പതിന് പത്രങ്ങളില് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ആണിത്. ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്ന സ്വയംപര്യാപ്ത ഇന്ത്യയെ മോദി വെറും ആറു കൊല്ലം കൊണ്ട് കെട്ടിപ്പടുത്തതായി അദ്ദേഹം അതിൽ എഴുതി. കൃത്യം ഒരു വർഷം കഴിഞ്ഞ്, ഇന്നലെ അദ്ദേഹം വീണ്ടും പുകഴ്ത്തിയത് 135 കോടി ഇന്ത്യക്കാര്ക്ക് ‘സേവ’ ചെയ്യുന്ന നരേന്ദ്രമോദിയെന്ന നീതിമാനും വഴികാട്ടിയുമായ ഭരണാധികാരിയെയാണ്.

പക്ഷേ, അമിത് ഷാ അഭിമാനപൂര്വ്വം പ്രഖ്യാപിക്കുന്നത് പോലെ, “ആത്മവിശ്വാസം നിറഞ്ഞുകവിയുന്ന സ്വാശ്രയഇന്ത്യയെ” ആണ് മോദി സൃഷ്ടിച്ചത് എന്ന് നെഞ്ചില് കൈവച്ചുകൊണ്ട് ആത്മാര്ഥമായി പറയാന് ബഹുമാന്യനായ ആഭ്യന്തരമന്ത്രിക്ക് കഴിയുമോ? വാസ്തവത്തില് ഇന്ത്യയെ എഴുപത് വർഷം പിന്നോട്ട് നടത്താന് ആണ് മോഡി ശ്രമിച്ചത്‌ എന്ന് മനസ്സിലാക്കാന് സ്ഥിതിവിവരക്കണക്കുകളുടെ എക്സല് ഷീറ്റ് ആവശ്യമില്ല. കന്യാകുമാരി മുതല് കാശ്മീര് വരെയുള്ള സാധുജനങ്ങളുടെ കണ്ണില് മാത്രംനോക്കിയാല് മതി.

ഇന്ന്, അമിത് ഷായുടെ താഴെ കാണുന്ന ലേഖനം പ്രസിദ്ധീകരിച്ച്‌ ഒരു വർഷം കഴിയുമ്പോള്, ഏതു ഇന്ത്യക്കാരനാണ് ആത്മവിശ്വാസം കരകവിഞ്ഞ് ഒഴുകുന്നത്‌? ഏകദേശം 139 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ ആണ് ഇന്ത്യയിൽ ഉള്ളത് എന്ന് 2017 ലെ ഇക്കണോമിക് സർവ്വേ പറയുന്നു. ആ സാധുമനുഷ്യരില് ബഹുഭൂരിഭാഗത്തെയും ഒരൊറ്റ രാത്രിയിലെ ലോക്ക്ഡൌണ് പ്രഖ്യാപനത്തിലൂടെ “സേവനതല്പരനായ” പ്രധാനമന്ത്രി എറിഞ്ഞുകൊടുത്തതു രോഗത്തിന്റെയും പട്ടിണിയുടെയും , യാത്രയുടെയും, നിത്യദുരിതത്തിന്റെയും, വഴിയരികിലെ മരണത്തിന്റെയും അനിശ്ചിതത്വത്തിലേക്കായിരുന്നു. അവരില് വെറും മൂന്നിലൊന്നു മനുഷ്യര്ക്ക് ആണ് നിങ്ങള് പ്രഖ്യാപിച്ച അഞ്ഞൂറ് രൂപയും ധാന്യങ്ങളും കിട്ടിയത്. ആ 139 ദശലക്ഷം മനുഷ്യരുടെ ഹൃദയം ആണോ ആത്മവിശ്വാസം കൊണ്ട് തുളുമ്പിത്തുടിച്ചിരുന്നത്?

നിങ്ങളുടെ ഭരണപരാജയം മൂലം പ്രിയപ്പെട്ടവരുടെ മൃതശരീരം ഗംഗയില് എറിയേണ്ടി വന്ന നിസ്സഹായരായ ഉത്തരേന്ത്യന് ഗ്രാമീണന്റെയും, ആശുപത്രികളില് കിടക്ക കിട്ടാതെ വഴിയില് ശ്വാസം മുട്ടി മരിച്ചുപോയ പതിനായിരക്കണക്കിനു സാധാരണ മനുഷ്യരുടേയും ഇപ്പോഴും വറ്റാത്ത കണ്ണുനീര് ആണോ, ബഹുമാന്യനായ അമിത് ഷാ, നിങ്ങള് ഇന്ത്യക്കാരന്റെ അളവറ്റ ആത്മവിശ്വാസത്തിന്റെയും സ്വയം പര്യാപ്തതയുടെയും “ നിറഞ്ഞുതുളുമ്പല്” ആയി സ്വയം സങ്കല്പ്പിക്കുന്നത്? അവരുടെ വഴികാട്ടിയായി എവിടെയെങ്കിലും എപ്പോഴെങ്കിലും നരേന്ദ്രമോദി ഉണ്ടായിരുന്നോ?

കഴിഞ്ഞ ഒരൊറ്റ വര്ഷത്തിനുള്ളില് ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഉയര്ന്നത് 60 ദശലക്ഷത്തില് നിന്നും 134 ദശലക്ഷം ആയിട്ടാണ്. 2020 ജനുവരിയില് പോലും ഇന്ത്യയിലെ GDP വളര്ച്ച 42 കൊല്ലത്തെ ഏറ്റവും താഴ്ന്ന നിരക്കില് ആയിരുന്നു. മാത്രമല്ല, കഴിഞ്ഞ നാല് വര്ഷം കൊണ്ട് 45 വര്ഷത്തെ ഏറ്റവും കൂടിയ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും ഇന്ത്യ ഇടറി വീണുപോയി. തീര്ന്നില്ല, ഏറ്റവും കുറഞ്ഞ വിലയില് ക്രൂഡ് ഓയില് അന്താരാഷ്ട്രവിപണിയില് ലഭ്യമായിട്ടും, ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലാണ് ഇന്ത്യക്കാര് പെട്രോളും ഡീസലും വാങ്ങുന്നത്. 2014ല് 59രൂപ ആയിരുന്ന ഡോളര്നിരക്ക് ഇന്ന് 73രൂപയായി. ലക്ഷക്കണക്കിന് ഗ്രാമീണർ കടക്കെണിയിൽ ആയി. നോട്ടുനിരോധനത്തിലൂടെ തകര്ന്നുപോയ ഗ്രാമീണ ചെറുകിടവ്യവസായങ്ങളും, ചെറുകിടവ്യാപാരികളും വഴിയോരക്കച്ചവടക്കാരും ഈ മഹാമാരി കൂടി ബാധിച്ചതോടെ സ്വയംപര്യാപ്തതപോയിട്ട് ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവരായി മാറി. കഴിഞ്ഞ ആറു മാസമായി കൊടും തണുപ്പും, കൊടുംചൂടും,കൊറോണയും കൂട്ടാക്കാതെ ഒരു കൂട്ടം കര്ഷകര് സ്വന്തം നാടും കൃഷിയിടവും വിട്ട് അതിജീവനത്തിനായി തെരുവില് പോരാടുകയാണ്. ഭക്ഷണം പോലും പ്രതിസന്ധിയിൽ ആയ ഈ മനുഷ്യരോടാണ് നിങ്ങൾ ആത്മവിശ്വാസത്തിന്റെയും സ്വയംപര്യാപ്തതയുടെയും രാഷ്ട്രീയം മനോഹരമായി പറയുന്നത്!

ദിശാബോധമില്ലാത്ത, വൈരുധ്യങ്ങളും, വാചാടോപങ്ങളും, മാത്രം നിറഞ്ഞ മോദിയുടെ സാമ്പത്തിക-സാമൂഹ്യ നയങ്ങള് ഇന്നാട്ടിലെ ഏറ്റവും ദരിദ്രര്ക്ക്, ഗ്രാമീണര്ക്ക്, ആത്മഹത്യയുടെ മുനമ്പില് നില്ക്കുന്ന കർഷകര്ക്ക് എന്ത് ആത്മവിശ്വാസമാണ് പകര്ന്നു കൊടുക്കുന്നത്? കരുണയുടെ എല്ലാ ഉറവകളും എന്നോ വറ്റിപ്പോയ ഒരു ഭരണകൂടത്തിനു എല്ലാം കമ്പോളത്തില് അധിഷ്ഠിതമായതുകൊണ്ടാണ് സാര്വത്രികവാക്സിന് പോലും ഇന്ത്യയിലെ മനുഷ്യര്ക്ക്‌ നിഷേധിക്കുന്നത്..

ആഗോളതലത്തില് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഫ്രീഡം ഹൌസിന്റെ ഏറ്റവും പുതിയ റിപ്പോര്ട്ടില്, ‘പൂര്ണ്ണസ്വതന്ത്രരാജ്യം(Free) എന്ന സ്ഥാനത്തു നിന്നും, ഇക്കൊല്ലം ആദ്യമായി ഇന്ത്യ ഭാഗികസ്വതന്ത്ര രാജ്യങ്ങളുടെ(Partially Free) പട്ടികയിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുന്നു.അതോടൊപ്പം പ്രശസ്തമായ ‘ഗ്ലോബല് ഡെമോക്രസി ഇന്ഡക്സ് റാങ്കില്’ ഇന്ത്യയുടെ സ്ഥാനം 51ല് നിന്നും 53 ആയി താഴുകയും, ജനാധിപത്യത്തിന്റെ പല തലങ്ങളിലും അപായകരമാം വണ്ണം വ്യതിയാനം സംഭവിക്കുന്നതായി അവരുടെ പഠനം കണ്ടെത്തുകയും ചെയ്തിരിക്കുന്നു. ഇന്ന് ലക്ഷദ്വീപില് സംഭവിക്കുന്നതും ഒരു ജനതയുടെ ജീവിതത്തിലും സംസ്കാരത്തിനും മേലെയുള്ള അസാധാരണമായ കടന്നുകയറ്റമാണ്.

ഏഴു വർഷം കൊണ്ട് ഈ അവസ്ഥയിലേക്ക് ഇന്ത്യന് ജനാധിപത്യത്തെയും ജനജീവിതത്തെയും ‘undo’ ചെയ്യാന് മോദിക്ക് കഴിഞ്ഞതുകൊണ്ടാണോ അദ്ദേഹം ‘വഴിവിളക്ക്’ ആയി മാറുന്നത്?

മോദി ഏഴു വർഷം പൂര്ത്തിയാക്കുമ്പോള് ഞങ്ങളില് തുളുമ്പി ഒഴുകുന്നത്‌ ആത്മവിശ്വാസമോ അഭിമാനമോ അല്ല, മറിച്ച് നിസ്സഹായതയും, കണ്ണീരും, പ്രതീക്ഷയറ്റ ഭാവിയെക്കുറിച്ചുള്ള ആകുലതകളും മാത്രമാണ്. ഇതെല്ലാം അനുഭവിക്കുന്ന പാവങ്ങള്ക്ക് മുന്നിലാണ് നിങ്ങള് മാർഗദീപമായി, സേവനത്തിന്റെ രാജര്ഷിബിംബമായി നരേന്ദ്രമോദിയെ അവതരിപ്പിക്കുന്നത്‌ എന്നുള്ളത് എത്ര വിചിത്രമാണ്!

ബഹുമാന്യനായ അമിത് ഷാ, താങ്കൾ പറഞ്ഞതില് ഒരെയൊരു കാര്യം മാത്രമാണ് സത്യം. അക്ഷരാര്ഥത്തില്, ഏഴു വർഷം കൊണ്ട് ഇന്ത്യയെന്ന റിപ്പബ്ലിക്കിനെ, അതിന്റെ അടിസ്ഥാന ആശയങ്ങളെ, നെടുംതൂണുകളെ, ദുര്ബലരായ പ്രതിപക്ഷം നിസ്സഹായരായി നോക്കിനില്ക്കവേ, നിങ്ങള് വളരെ എളുപ്പത്തില് പൊളിച്ചുകളഞ്ഞിരിക്കുന്നു…അതായിരുന്നുവല്ലോ നിങ്ങളുടെ ലക്ഷ്യവും. Undoing India..

www.facebook.com/sudha.menon.90

Latest