Articles
മരണതാണ്ഡവാനന്തരം ഡല്‍ഹി തുറക്കുമ്പോള്‍
കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ജമാമസ്ജിദിന്റെ ഒന്നാം നമ്പര്‍ ഗെയ്റ്റ് തുറക്കുന്ന ഗല്ലി ഇപ്പോഴും ശൂന്യമാണ്. പകലും രാത്രിയും ഒരുപോലെ സജീവമായിരുന്ന ഡല്‍ഹിയിലെ അപൂര്‍വം സ്ഥലങ്ങളിലൊന്നായിരുന്ന, ജമാമസ്ജിദില്‍ നിന്ന് തുടങ്ങി വഴിയിലെവിടെയോ വെച്ച് ഇഴപിരിഞ്ഞ് ദില്ലി ഗെയ്റ്റ് വരെയും തുര്‍ക്ക്മാന്‍ ഗെയ്റ്റ് വരെയും നീണ്ടുകിടക്കുന്ന ഈ തെരുവ് പൂര്‍ണ നിശ്ചലമാണ്. ഡല്‍ഹി പോലീസിന്റെ ബാരിക്കേഡുകള്‍ ചിലയിടങ്ങളില്‍ ഗല്ലിക്ക് കുറുകെ വിരിച്ചിരിക്കുന്നു. കൊവിഡ് വരുന്നതിന് മുമ്പ് സന്ദര്‍ശകരെയും ഭക്ഷണ പ്രേമികളെയും കൊണ്ട് നിറഞ്ഞു നിന്നിരുന്ന ഈ ഒന്നാം നമ്പര്‍ ഗല്ലി പിന്നീട് സജീവമായിട്ടില്ല. ഒന്നാം തരംഗം മെല്ലെ അടങ്ങിയതോടെ ആള്‍ക്കൂട്ടം പതിയെ വന്നുതുടങ്ങിയിരുന്നുവെങ്കിലും പഴയ സ്ഥിതിയിലേക്കെത്തും മുമ്പേ വീണ്ടും അടഞ്ഞു. ഡല്‍ഹിയെ വിറപ്പിച്ച കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ഡല്‍ഹി ഇപ്പോള്‍ വീണ്ടും തുറക്കാന്‍ പോകുകയാണ്. കൊവിഡ് പ്രതിരോധ മാേനജ്‌മെന്റില്‍ അമ്പേ പരാജയമായിരുന്ന രണ്ടാം തരംഗം ഡല്‍ഹി നഗരത്തെ വരിഞ്ഞു മുറുക്കിയിരുന്നു. ഈ നഗരത്തില്‍ കൊവിഡ് മരണങ്ങള്‍ നൃത്തമാടിയിരുന്നു. ശ്വാസവായുവിനായുള്ള നിലവിളികള്‍ക്കും ശ്മശാനത്തിലെ ഊഴം കാത്തുനില്‍ക്കലുകള്‍ക്കും ഒടുവില്‍ ഇപ്പോള്‍ ഡല്‍ഹി തുറക്കുകയാണ്. ഈ മഹാനഗരത്തിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലെത്തിയിരിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നന്നെ കുറഞ്ഞിരിക്കുന്നു. മഹാരാഷ്ട്രയെ പോലെ നിലയില്ലാ കയത്തിലേക്ക് ഡല്‍ഹിയും വീണുപോകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഘട്ടത്തില്‍ നിന്ന് കൊവിഡിനെ പ്രതിരോധിച്ച് നിര്‍ത്താന്‍ ഡല്‍ഹിയെ സഹായിച്ച നിരവധി ഘടകങ്ങളുണ്ട്.
ഏപ്രില്‍ ആദ്യവാരത്തില്‍ ഡല്‍ഹിയുടെ സ്ഥിതി അതിഗുരുതരമായിരുന്നു. യമുനാ നദിക്കരയിലെ നിഗംബോധ് ഘട്ട് മുതല്‍ ഉത്തര്‍ പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പൂരിലെ ഇലക്ട്രിക് ശ്മശാനം വരെയുള്ള ഡല്‍ഹിയിലെ എല്ലാ ശ്മശാനങ്ങളും തിരക്കിലായിരുന്നു. പ്രതിദിന കൊവിഡ് മരണങ്ങള്‍ മുന്നൂറും നാനൂറും കടന്നു. ശ്മശാനങ്ങള്‍ക്ക് മുന്നില്‍ ആംബുലന്‍സുകളുടെ നീണ്ട ക്യൂവുണ്ടായിരുന്നു. ഒരുവേള മൃതദേഹങ്ങള്‍ സംസ്‌കരണത്തിനായി ക്യൂവില്‍ കിടന്നു. എല്ലായിടത്തും ദയനീയ കാഴ്ചകളായിരുന്നു. പറ്റാവുന്ന ഇടങ്ങളിലെല്ലാം മൃതദേഹങ്ങള്‍ക്ക് വേണ്ടി കൂട്ട ചിതയൊരുക്കി. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ഉറ്റവര്‍ ശ്മശാനങ്ങളില്‍ നിന്ന് ശ്മശാനങ്ങളിലേക്ക് യാത്ര ചെയ്തു. നഗരത്തില്‍ അന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ സംവിധാനങ്ങള്‍ക്കും മാത്രമായിരുന്നില്ല, ശ്മശാനങ്ങള്‍ക്കും മൃതദേഹ പരിപാലനം ചെയ്യുന്നവര്‍ക്ക് കൂടി ക്ഷാമം നേരിടേണ്ടി വന്നിരുന്നു. കൊവിഡ് ചികിത്സിക്കുന്ന ആശുപത്രികളില്‍ നിന്നുള്ള കാഴ്ചകള്‍ അതിദാരുണമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് സംവിധാനങ്ങള്‍ സജ്ജീകരിച്ച ആശുപത്രികളിലൊന്നായ ദില്ലി ഗെയ്റ്റിലുള്ള എല്‍ എന്‍ ജി പി ആശുപത്രിയിലെ കാഴ്ചകള്‍ ദയനീയമായിരുന്നു.
അവിടെ നിന്ന് ഡല്‍ഹിയെ രക്ഷിച്ച പ്രധാന ഘടകങ്ങളിലൊന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ എങ്ങനെയാണ് കോടതികള്‍ പൊതുജനത്തിന് തുണയാകുക എന്നതിന്റെ മികച്ച മാതൃകകളിലൊന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍. ശ്വാസവായുവിനായി ജനം നെട്ടോട്ടമോടുമ്പോള്‍ മുഖം തിരിഞ്ഞിരുന്ന സര്‍ക്കാറുകളെ ഹൈക്കോടതി കൂട്ടില്‍ നിറുത്തി ചോദ്യം ചെയ്തു. ഡല്‍ഹിക്ക് ലഭിക്കേണ്ട ഓക്‌സിജനുകള്‍ എപ്പോള്‍ ലഭിക്കുമെന്ന് ഉറപ്പുനല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട് വിരല്‍ചൂണ്ടി ചോദിച്ചു. ഡല്‍ഹിയിലെ ആശുപത്രികളില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഓക്‌സിജനെത്തിയില്ലെങ്കില്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്ത് നിങ്ങളുണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഹൈക്കോടതി പറഞ്ഞു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോള്‍ ജനം എങ്ങനെയാണ് പ്രതികരിക്കുക എന്ന കാര്യം അറിയില്ലേയെന്നും ഹൈക്കോടതി സര്‍ക്കാറുകളെ ഓര്‍മപ്പെടുത്തി. ഈ നഗരത്തിന്റെ ക്രമസമാധാനം തകര്‍ക്കരുതെന്നും അതേ കോടതി പറഞ്ഞു. ഇതിനിടെ സുപ്രീം കോടതിയും ചില ഇടപെടലുകള്‍ നടത്തി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്താണ് സുപ്രീം കോടതി ഇടപെടല്‍ നടത്തിയത്. അന്ന് ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് കേസെടുത്തത്. ഒരു കോടതി എന്ന നിലയില്‍ ചില പ്രശ്‌നങ്ങള്‍ തങ്ങള്‍ സ്വമേധയാ അറിയാന്‍ താത്പര്യപ്പെടുന്നു. ഡല്‍ഹി, ബോംബെ, സിക്കിം, മധ്യപ്രദേശ്, കൊല്‍ക്കത്ത, അലഹബാദ് ഹൈക്കോടതികളില്‍ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഓക്‌സിജന്‍ വിതരണം, അടിയന്തരമായി ആവശ്യമുള്ള മരുന്നുകള്‍, വാക്‌സീനേഷന്‍ നടപടിയും രീതിയും, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള അധികാരം എന്നീ വിഷയങ്ങളില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തു. വിഷയത്തില്‍ ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂറിയായി നിയമിച്ചു. എന്നാല്‍ കേന്ദ്രത്തെ രക്ഷിക്കാനുള്ള ഇടപെടലാണ് നടക്കുന്നതെന്ന മാധ്യമ വിമര്‍ശം വന്നതോടെ ഹരീഷ് സാല്‍വെ പിന്‍മാറി. ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്‌ഡെ വിരമിച്ചതിന് ശേഷം ഈ കേസ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബഞ്ചിലെത്തി. അതോടെ കേന്ദ്രത്തിന് നേരേ ചൂടുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു.
ഡല്‍ഹിയിലെ കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാറുകളുടെ വലിയ ശ്രദ്ധ പതിയാന്‍ കാരണമായ മറ്റൊരു വിഷയം അന്തര്‍ദേശീയ മാധ്യമങ്ങളുടെ ഇടപെടലുകളായിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ മോദി പരാജയപ്പെട്ടിരിക്കുന്നുവെന്ന് കാണിച്ച് ഡല്‍ഹിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ബി ബി സിയും അല്‍ജസീറയുമടക്കമുള്ള ആഗോള മാധ്യമങ്ങള്‍ ലോകത്തെ കാണിച്ചു. ന്യൂയോര്‍ക്ക് ടൈംസ്, ദി ഗാര്‍ഡിയന്‍, ഖലീജ് ടൈംസ്, ടൈം, ദി ആസ്‌ത്രേലിയന്‍ തുടങ്ങിയ ലോകത്തെ ഏതാണ്ടെല്ലാ പ്രശസ്തമായ മാധ്യമങ്ങളും മോദിയെ വിമര്‍ശിച്ച് എഡിറ്റോറിയലുകളും വാര്‍ത്തകളും പ്രസിദ്ധീകരിച്ചു.
ഡല്‍ഹിയില്‍ നിന്നുള്ള അതിദാരുണമായ ചിത്രങ്ങളായിരുന്നു ഈ മാധ്യമങ്ങളെല്ലാം കാണിച്ചിരുന്നത്. ഇതോടെ മോദിയെ പിന്തുണച്ചിരുന്ന സെലിബ്രിറ്റകള്‍ വരെ കളം മാറി. അവര്‍ ഇന്ത്യയെ സാഹായിക്കൂവെന്ന മുറവിളിയുമായി സോഷ്യല്‍ മീഡിയകളില്‍ ഹാഷ് ടാഗുകള്‍ തീര്‍ത്തു. ഇത് കേന്ദ്രസര്‍ക്കാറിനെ ഡല്‍ഹിയിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഇടപെടണമെന്ന രീതിയിലേക്ക് എത്തിച്ചു. അമിത് ഷാ ഡല്‍ഹിക്ക് വേണ്ടി മാത്രമായി യോഗം വിളിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ സഹായങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. ദേശീയതലത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ നിരോധന ഭീഷണി നിഴലിലുള്ള ചില മാധ്യമങ്ങളും മാത്രമായിരുന്നു കൊവിഡ് ദുരന്തങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഡല്‍ഹിയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാര്‍ത്താ സമ്മേളനങ്ങളും ഡല്‍ഹിയില്‍ സഹായങ്ങള്‍ എത്താന്‍ കാരണമായി. കേന്ദ്രം ഡല്‍ഹിയെ അവഗണിക്കുന്നുവെന്നും ഡല്‍ഹിക്ക് ആവശ്യമായ ഓക്‌സിജന്‍ പോലും തരുന്നില്ലെന്നുമുള്ള കെജ്‌രിവാളിന്റെ നിലവിളി ബി ജെ പി ഇതര ഭരണകൂടങ്ങളുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ സന്നദ്ധ സംഘടനകളുടെ സഹായങ്ങള്‍ ഡല്‍ഹിയിലെത്താന്‍ സഹായിച്ചു. ഇതിനെല്ലാം പുറമെ ഡല്‍ഹിയിലെ ജനങ്ങള്‍ ലോക്ക്ഡൗണ്‍ കൃത്യമായി പാലിച്ചുവെന്നത് കൊവിഡിനെ വേഗത്തില്‍ പിടിച്ചുകെട്ടുന്നതില്‍ പ്രധാനമായിരുന്നു. ഈ തവണ ഡല്‍ഹി സര്‍ക്കാറാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നതിനാല്‍ ഡല്‍ഹിയില്‍ പോലീസിന്റെ വലിയ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. ഡല്‍ഹി പോലീസിന്റെ കര്‍ശനമായ പരിശോധനകള്‍ പ്രധാന റോഡുകളില്‍ മാത്രമായിരുന്നു. ഗല്ലികളില്‍ ആവശ്യക്കാര്‍ക്ക് യഥേഷ്ടം പുറത്തിറങ്ങാന്‍ സാധിക്കുന്ന രീതിയിലായിരുന്നു നിയന്ത്രണങ്ങള്‍. എങ്കിലും ഡല്‍ഹിയിലെ മധ്യവര്‍ഗം വീടുകളില്‍ ഒതുങ്ങി. അത്യാവശ്യ കടകള്‍ മാത്രം തുറന്നു. ലോക്ക്ഡൗണുമായി ജനം സഹകരിച്ചു.
ഇപ്പോള്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ പോകുകയാണ്. കേസുകള്‍ ആയിരത്തിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്നും ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാനുള്ള സമയമായിയെന്നും കെജ്‌രിവാള്‍ പറയുന്നു. കൊവിഡിന്റെ രണ്ടാം തരംഗം ഉടനെത്തുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍ക്കാറിനെ നിരന്തരമായി ഓര്‍മപ്പെടുത്തിയിരുന്നുവെങ്കിലും വാക്സീന്‍ കയറ്റുമതിയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുമാണ് പ്രധാനമന്ത്രിയും സര്‍ക്കാറും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മൂന്നാം തരംഗം ഉടനെത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപ്പോഴും പൗരന്മാര്‍ക്ക് വേഗത്തില്‍ വാക്‌സീന്‍ എത്തിക്കാനുള്ള ധൃതിപോലും നമ്മുടെ ഭരണകര്‍ത്താക്കള്‍ കാണിക്കുന്നില്ല. അടുത്ത തരംഗത്തില്‍ എത്ര ജീവനുകള്‍ കൊണ്ടുപോകുമെന്നത് മാത്രമാണ് പൗരന്മാര്‍ക്ക് ചര്‍ച്ച ചെയ്യാനുള്ളത്.
ശാഫി കരുമ്പില്‍