Covid19
'മാനവികതയുടെ മരണം': ഉത്തരാഖണ്ഡിലെ നദിക്കരയില്‍ മൃതദേഹങ്ങള്‍ ഭക്ഷിച്ച് തെരുവ് നായകള്‍
ഉത്തര്‍കാശി | ഉത്തരാഖണ്ഡിലെ ഉത്തര്‍കാശിയില്‍ ഭഗീരഥി നദിക്കരയില്‍ മൃതദേഹങ്ങള്‍ തെരുവുനായകള്‍ ഭക്ഷിക്കുന്ന വീഡിയോ പ്രചരിക്കുന്നു. കേദാര്‍ ഘട്ടിലാണ് മൃതദേഹങ്ങള്‍ നായകള്‍ ഭക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായത്. പകുതി ദഹിപ്പിച്ച മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ നദിക്കരയിലുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് പാതി ദഹിപ്പിച്ച മൃതദേഹ ഭാഗങ്ങള്‍ കരക്കടിഞ്ഞത്. പെയിന്റിംഗിനിടെയാണ് മൃതദേഹ ഭാഗങ്ങള്‍ നായകള്‍ വലിച്ചെടുത്ത് ഭക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടതെന്ന് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇതെന്ന് സംശയമുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ജില്ലാ ഭരണകൂടവും മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരും അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം രോഗവ്യാപനമുണ്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പരാതിപ്പെട്ടെങ്കിലും മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. നേരത്തേ ഉത്തര്‍ പ്രദേശിലും ബിഹാറിലും ഗംഗയടക്കമുള്ള നദികളില്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിട്ടതും കരക്കടിഞ്ഞതും വാര്‍ത്തയായിരുന്നു.