Connect with us

Ongoing News

മന:ശാന്തി ലഭിക്കാനായി പത്ത് വയസുകാരന്‍ മകനെ കഴുത്തറുത്ത് കൊന്ന പിതാവിന്റെ വധശിക്ഷ നടപ്പാക്കി

Published

|

Last Updated

ജിസാന്‍(സഊദി അറേബ്യ) | സ്വന്തം മകനെ അതിക്രൂരമായി കഴുത്തറുത്ത് കൊല ചെയ്ത സഊദി പൗരനായ പിതാവിന്റെ വധ ശിക്ഷ നടപ്പാക്കിയതായി സഊദി അറേബ്യന്‍ അഭ്യന്തര മന്ത്രാലയം അറിയിച്ചു. പത്ത് വയസുകാരനായ മകന്‍ അബ്ദുല്ലയെ തന്ത്രപൂര്‍വം മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടു പോയി കഴുത്ത് അറുത്തും ദേഹമാസകലം കുത്തിയും കൊലപ്പെടുത്തുകയും ഉടലില്‍ നിന്ന് ശിരസ്സ് അറുത്ത് മാറ്റുകയും ചെയ്ത് ലോക മനസ്സാക്ഷിയെ ഞെട്ടിച്ച മുഹമ്മദ് ബിന്‍ അബ്ദുല്ല ഹമദ് സുവൈദിക്കാണ് സഊദി അറേബ്യയിലെ ജിസാന്‍ ജയിലില്‍ കഴിഞ്ഞ ദിവസം വധ ശിക്ഷ നടപ്പാക്കിയത്.

അഞ്ചു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. നാല്‍പതുകാരനായ പ്രതി സ്‌കൂളില്‍ നിന്ന് മകന്‍ അഹദ് അല്‍ മസാരിഹയിലെ പ്രിന്‍സ് സുല്‍ത്താന്‍ ഇസ്‌കാന് സമീപമുള്ള ചുറ്റുമതിലോട് കൂടിയ കോംപൗണ്ടിലേക്ക് മകനെ കൂട്ടിക്കൊണ്ട് പോകുകയും അവിടെ വെച്ച് കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയുമാണ് ചെയ്തത്. കൊല ചെയ്ത ശേഷം ജിസാനിലെ അല്‍ ദഗാരീരിലെ പോലീസ് സ്റ്റേഷനലെത്തി പ്രതി കീഴടങ്ങുകയും സ്വന്തം മകനെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയുമാണുണ്ടായത്.

തൊഴില്‍ രഹിതനായ പ്രതി നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്നുവത്രെ. ലഹരി മരുന്ന് ഉപയോഗം, സ്വവര്‍ഗരതി, പീഡനം, കൊലപാതകം, കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത കേസുകളില്‍ യുവാവ് പ്രതിയായിട്ടുണ്ട്. സ്വന്തം പിതൃസഹോദരനെ കരുതിക്കൂട്ടി കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതി 9 വര്‍ഷം തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മകനെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പ്രതിയെ ജയിലില്‍ നിന്ന് വിട്ടയച്ചത്.
പ്രതിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി മറ്റൊരാളെ വിവാഹം ചെയ്ത ഭാര്യയോട് പ്രതികാരം ചെയ്യാന്‍ വേണ്ടിയാണ് പ്രതി സ്വന്തം മകനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സ്വന്തം പിതൃസഹോദരനെ കൊലപ്പെടുത്തിയതിനുള്ള പ്രായശ്ചിത്തമെന്നോണമാണ് മകനെ ബലിയറുത്ത് കൊലപ്പെടുത്തിയതെന്ന് കൃത്യം നടത്തിയ ശേഷം പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.

18 വര്‍ഷം മുമ്പാണ് സ്വന്തം പിതൃസഹോദരനെ ഇയാള്‍ കരുതിക്കൂട്ടി കാര്‍ കയറ്റി കൊലപ്പെടുത്തിയത്. പിന്നീട് 9 വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ കോടതി വിട്ടയക്കുകയാണ് ചെയ്തത്.
മകന്‍ അബ്ദുല്ലയെ കൊല ചെയ്യുന്നതിന് മുമ്പ് മകളെ കൊലപ്പെടുത്താനായിരുന്നുവത്രെ പ്രതിയായ പിതാവിന്റെ പദ്ധതി. പക്ഷെ സ്‌കൂളില്‍ നിന്ന് മകളെ കൂട്ടിക്കൊണ്ടുപോകാനുള്ള പിതാവിന്റെ തന്ത്രം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തടഞ്ഞതിനെ തുടര്‍ന്ന് പിതാവിന്റെ കൊലപാതക ശ്രമത്തില്‍ നിന്ന് മകള്‍ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് മകന്‍ പഠിക്കുന്ന സ്‌കൂളിലെത്തി അബ്ദുല്ലയെ പ്രതിയായ പിതാവ് തന്ത്രപൂര്‍വം കൂട്ടിക്കൊണ്ട് പോയി അതിനിഷ്ഠൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഈ കേസില്‍ അറസ്റ്റിലായ ശേഷം അന്വേഷണവിധേയമായി ലോക്കപ്പില്‍ കഴിയുന്നതിനിടെ 24 മണിക്കൂര്‍ നേരത്തേക്ക് തന്നെ പുറത്തേക്ക് വിടണമെന്നും മകനെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ പോലെ മകളെയും കൊല ചെയ്താല്‍ തനിക്ക് മന:ശാന്തിയോടെ മരണത്തിന് തയ്യാറാകാന്‍ കഴിയുമെന്നും പ്രതി പറഞ്ഞതായി അബ്ദുല്ലയുടെ വലിയുപ്പ മുഹമ്മദ് സുവൈദി വെളിപ്പെടുത്തുകയുണ്ടായി.

Latest