Connect with us

Articles

ജനാധിപത്യത്തിന് വിലയിടുന്ന സംഘ്പരിവാര്‍ രാജ്യദ്രോഹം

Published

|

Last Updated

2016 നവംബര്‍ എട്ട് എന്നൊരു തീയതി നമ്മളാരും മറക്കാനിടയില്ല. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഴിമതിയായ നോട്ട് നിരോധനം എന്ന നാടകം അരങ്ങേറിയത് അന്നായിരുന്നു. പാവങ്ങളുടെ കൈയില്‍ നിന്ന് പണം തട്ടിപ്പറിച്ച് കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് കാണിക്ക വെക്കുകയായിരുന്നു നരേന്ദ്ര മോദി ചെയ്തത്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം ബേങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ പൊരിവെയിലത്ത് ക്യൂ നില്‍ക്കേണ്ട ഗതികേടുണ്ടായി. കള്ളപ്പണവും ഹവാലകളും ഇതോടെ ഇല്ലാതാകുമെന്നായിരുന്നു മോദിയുടെയും സംഘത്തിന്റെയും വാദം.

അതിര്‍ത്തിയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ അറുതിയാകുമെന്നും പ്രചരിപ്പിച്ചു. അതേ വര്‍ഷം ജനുവരിയില്‍ നടന്ന പത്താന്‍കോട്ട് ആക്രമണവും സെപ്തംബറില്‍ നടന്ന ഉറി ആക്രമണവുമൊക്കെയായിരുന്നു വിസ്താരങ്ങളില്‍ നിറയെ. പിറ്റേ വര്‍ഷം നടക്കേണ്ട ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് രക്തസാക്ഷികളായ ജവാന്മാരുടെ പേരില്‍ വോട്ടുപിടിത്തം ബി ജെ പി ആരംഭിച്ചിരുന്നു. എന്നാല്‍ അന്ന് രക്തസാക്ഷികളായ ജവാന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ നോട്ട് മാറ്റാനും കാശ് പിന്‍വലിക്കാനുമായി വരിയില്‍ നിന്ന് കുഴഞ്ഞു വീണ് മരിച്ചിരുന്നത്രെ.
ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ചില സംഘ്പരിവാര്‍ നേതാക്കള്‍ക്ക് നോട്ട് നിരോധനം സംബന്ധിച്ച് സൂചനകള്‍ നല്‍കപ്പെട്ടിരുന്നു എന്ന ആരോപണം ശക്തമാണ്. അമിത് ഷായുടെ കീഴിലുള്ള ഗുജറാത്തിലെ സഹകരണ ബേങ്കുകളില്‍ കണക്കില്‍ പെടാത്ത കുറേയധികം കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്ന പരാതി ഉയരുന്നത് ഇതിനോട് ചേർത്ത് വായിക്കണം. നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ ഉത്തര്‍ പ്രദേശിന്റെ ഗ്രാമീണ മേഖലയിലേക്ക് പുതിയ നോട്ടിന്റെ പണം ഒഴുകി. എല്ലാം ബി ജെ പി നേതാക്കള്‍ വഴി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി ജെ പി അപ്രമാദിത്വം നേടുന്ന ആദ്യത്തെ ഘടകം തന്നെ ഇതായിരുന്നു. പണത്തിനൊപ്പം യോഗിയുടെ അറപ്പുളവാക്കുന്ന വര്‍ഗീയത കൂടി ചേര്‍ന്നപ്പോള്‍ ബി ജെ പി അധികാരവും ഉറപ്പിച്ചു.
പറഞ്ഞുവന്നത് കള്ളപ്പണം ബി ജെ പിയുടെ ഉത്തേജക മരുന്നാകുന്നു എന്ന വസ്തുതയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ നരേന്ദ്ര മോദി അമിത് ഷായോടൊപ്പം പരീക്ഷിച്ചു വിജയിച്ച ഒരു കാര്യമായിരുന്നു ഇത്. സംസ്ഥാനത്തെ മുതലാളിമാരുടെ കള്ളപ്പണം പാര്‍ട്ടിക്ക് വേണ്ടി സമാഹരിച്ചും പോരാത്തതിന് അവരെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തിയും അതിഭീമമായ ഒരു പണാധിപത്യം ബി ജെ പി ഉണ്ടാക്കിയിരുന്നു.

വര്‍ഗീയ ഫാസിസം എന്ന ആശയം കൈയൂക്ക് കൊണ്ടും നുണപ്രചാരണം കൊണ്ടും മാത്രമല്ല കൂടെ ശക്തമായ ഒരു സാമ്പത്തിക വ്യൂഹം നിര്‍മിച്ചുമാണ് സാധ്യമാക്കേണ്ടത് എന്ന് സംഘ്പരിവാര്‍ ശരിക്കും കണക്കുകൂട്ടിയിരുന്നു. 2014ലെ പൊതു തിരഞ്ഞെടുപ്പിലേക്ക് അവര്‍ വഴിവെട്ടിയത് ഇങ്ങനെയാണ്. മാധ്യമങ്ങളെ ആദ്യം കച്ചവടമാക്കി. അതുവഴി ഏകപക്ഷീയമായ ദൃശ്യതയുമുണ്ടാക്കി. കേന്ദ്ര ഭരണം കൈയിലായതോടെ സംഘ്പരിവാരത്തിന്റെ പൊളിറ്റിക്കല്‍ എക്കോണമി കൂടുതല്‍ ദൃഢമായിത്തീര്‍ന്നു.
പിന്നീട് നടന്ന ഓരോ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മറ്റേത് പാര്‍ട്ടിയേക്കാളും കൂടുതല്‍ പണമൊഴുക്കിയാണ് ബി ജെ പി കളം നിറഞ്ഞത്. നോട്ട് നിരോധനം ബി ജെ പിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനുള്ള ഒരു നാടകം മാത്രമായിരുന്നു എന്ന് പിന്നീട് തെളിയിക്കപ്പെട്ടു. കാരണം, മുഴുവന്‍ പണവും ബേങ്കുകളില്‍ തിരിച്ചെത്തി. അതോടെ വിപണിയിലെ കള്ളപ്പണം സംബന്ധിച്ച വാദങ്ങള്‍ പൊളിഞ്ഞു. കള്ളനോട്ടടി ഇല്ലാതാകും എന്ന വാദം യുവമോര്‍ച്ചാ നേതാക്കള്‍ തന്നെ കളര്‍ പ്രിന്റര്‍ വെച്ച് ഖണ്ഡിച്ചു. കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്നല്ലോ അങ്ങനെയൊരു “റിസര്‍വ് ബേങ്ക്” ശാഖ. ഭീകരവാദം മുടിഞ്ഞുപോകുമെന്ന വാദവുമുണ്ടായിരുന്നല്ലോ. എന്നാല്‍ 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പുല്‍വാമ ഭീകരാക്രമണം അടക്കം നിരവധി സംഭവങ്ങള്‍ നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായി.

കര്‍ണാടകയിലെയും മണിപ്പൂരിലെയും ഗോവയിലെയും മധ്യപ്രദേശിലെയും പുതുച്ചേരിയിലെയും ഭരണ അട്ടിമറികള്‍ ബി ജെ പി സാധിച്ചെടുക്കുന്ന പണാധിപത്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ചില കാഴ്ചകളായിരുന്നല്ലോ. കര്‍ണാടകയില്‍ ഓരോ എം എല്‍ എമാര്‍ക്കും നൂറ് കോടിയെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടു എന്ന ആരോപണം ഉയര്‍ന്നിരുന്നു. കര്‍ണാടക ബി ജെ പി നേതാക്കളുടെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. ആദ്യഘട്ടത്തില്‍ ഓപറേഷന്‍ കമല എന്ന ബി ജെ പിയുടെ ജനാധിപത്യ ധ്വംസനം പരാജയപ്പെടുന്നത് തന്നെ ഭീഷണികളും പ്രലോഭനങ്ങളും നിറഞ്ഞ ഈ ശബ്ദ സന്ദേശങ്ങള്‍ പുറത്തായതോടെയാണ്. എന്നാല്‍ വൈകാതെ തന്നെ കൂടുതല്‍ പണവും ഭീഷണിയും പ്രലോഭനങ്ങളുമായി ബി ജെ പി കര്‍ണാടകത്തില്‍ അധികാരം കൈയടക്കി.

മധ്യപ്രദേശിലും പുതുച്ചേരിയിലും സമാനമായ സ്ഥിതിയായിരുന്നു. രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഇങ്ങനെയൊരു ശ്രമമുണ്ടായെങ്കിലും പരാജയപ്പെട്ടു. കടുത്ത വര്‍ഗീയ ചേരിതിരിവുകള്‍ക്കും ധ്രുവീകരണത്തിനുമൊപ്പം പണമൊഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമം വിജയിച്ചാല്‍ വേറെ ബഹളങ്ങളില്ലാതെ അധികാരത്തിലെത്താന്‍ കഴിയുമെന്ന് ബി ജെ പി കണക്കുകൂട്ടുന്നു. അശോക റോഡിലുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് കൂറ് ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബി ജെ പി ആസ്ഥാനത്തോടാണെന്ന് ബി ജെ പിക്ക് അറിയാം. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ തോറ്റാല്‍ കൂടുതല്‍ പണമെത്തുകയായി. പിന്നെ, കുതിരക്കച്ചവടമാണ്. കൂടെ നിന്നാല്‍ പണവും പ്രശസ്തിയും അല്ലെങ്കില്‍ കുടുംബവും രാഷ്ട്രീയവും വരെ നശിപ്പിക്കുമെന്ന അധോലോക മോഡല്‍ ഭീഷണിയും. പാവംപിടിച്ച മറ്റു പാര്‍ട്ടികളുടെ റിസോര്‍ട്ട് പൊളിറ്റിക്‌സൊന്നും വിലപ്പോകാതെയാകും. അതോടെ ജനഹിതത്തിനെതിരായി ബി ജെ പിയുടെ സര്‍ക്കാര്‍ അധികാരം നോക്കും.

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ ഒരു പ്രസ്താവന മുപ്പത്തിയഞ്ച് സീറ്റുണ്ടെങ്കില്‍ ബി ജെ പി കേരളം ഭരിക്കുമെന്നതായിരുന്നു. അതെങ്ങനെ കണക്കുകൂട്ടിയാലും ശരിയാകുന്നില്ലല്ലോ എന്ന് പരിഭവിച്ചവരുണ്ടാകും. അവര്‍ മേല്‍പറഞ്ഞ സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പുകളും ശേഷം അരങ്ങേറിയ സംഭവങ്ങളും ഓര്‍ത്തുകാണില്ല. അമിത് ഷായെ അണികള്‍ “ചാണക്യന്‍” എന്നൊക്കെ വിളിക്കുന്നത് തന്നെ ഇത്തരം നെറികേടുകള്‍ക്ക് വിരുതനായതിനാലാണല്ലോ. ബി ജെ പി മുപ്പത്തിയഞ്ച് സീറ്റിലെങ്കിലും ജയിക്കുമെന്ന് കേരളത്തിലെ ബി ജെ പി നേതാക്കള്‍ ദേശീയ നേതൃത്വത്തെ പറഞ്ഞുപറ്റിക്കുകയും ബാക്കി വേണ്ട സീറ്റുകളിലേക്ക് എം എല്‍ എമാരെ ചാക്കിട്ടുപിടിക്കാന്‍ ആവശ്യമായ കോടിക്കണക്കിന് രൂപ ഇവിടെ എത്തിയിട്ടുമുണ്ടാകണം. അങ്ങനെയൊരു ആത്മവിശ്വാസം കെ സുരേന്ദ്രന്റെ വാക്കുകളില്‍ നമ്മള്‍ കണ്ടതാണല്ലോ.

ഇപ്പോള്‍ കൊടകരയില്‍ വെച്ച് പിടിക്കപ്പെട്ട കുഴല്‍പ്പണം കൂറ്റന്‍ മഞ്ഞുമലയുടെ വെള്ളത്തിന് മുകളില്‍ കാണുന്ന ചെറിയൊരറ്റം മാത്രമാണ്. കാശ് പങ്കിട്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കളും മുതിര്‍ന്ന നേതാക്കളും അണികളുമെല്ലാം തമ്മിലുണ്ടായ കശപിശകള്‍ ഇപ്പോള്‍ കത്തിക്കുത്തില്‍ വരെ എത്തിയിരിക്കുന്നു. ബി ജെ പി നേതാക്കള്‍ക്കിടയിലുള്ള ഗ്രൂപ്പ് വഴക്കുകള്‍ കാരണം ഇനിയും വലിയ വലിയ സത്യങ്ങള്‍ പുറത്തുവരും. കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രകള്‍ വരെ ഇപ്പോള്‍ കള്ളപ്പണം നീക്കിയതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടിക്കപ്പെട്ടിട്ടും അതിന്റെ പേരില്‍ അക്രമങ്ങള്‍ ഉണ്ടായിട്ടും ഇ ഡി, എന്‍ ഐ എ തുടങ്ങിയ ഏതെങ്കിലും കേന്ദ്ര ഏജന്‍സികളെ ഈ വഴിക്ക് കണ്ടോ?

ഇതെങ്ങാനും മുസ്‌ലിം നാമധാരികളായ ഒരു വിഭാഗത്തില്‍ നിന്നാണ് പിടികൂടിയിരുന്നതെങ്കിലോ? ഇത്രയും വലിയ തുകയൊന്നും വേണ്ട. എവിടെ നിന്നെങ്കിലും അഞ്ഞൂറ് രൂപയുടെ കള്ളനോട്ടോ കള്ളപ്പണമോ കൈമാറി ഒരു മുസ്‌ലിം ചെറുപ്പക്കാരന്റെ കൈയില്‍ വന്നത് ആലോചിച്ചു നോക്കൂ. അവരുടെ അടുക്കളയില്‍ വരെ ഇ ഡിയും എന്‍ ഐ എയും കയറില്ലേ? ഐ എസും ലോകോത്തര ഭീകര ബന്ധങ്ങളും ഇതുസംബന്ധിച്ച വാര്‍ത്തകളും നമ്മുടെ പൊതു ഇടങ്ങളില്‍ നിറയില്ലേ? ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപകടകാരികളായ സംഘ്പരിവാരം കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഈ രാജ്യദ്രോഹം എന്തുകൊണ്ട് അങ്ങനെത്തന്നെ കൈകാര്യം ചെയ്യപ്പെടുന്നില്ല എന്നത് ഒരു ചോദ്യമാണ്. ഇത് കൂടുതല്‍ ഗൗരവത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയും ഇന്ത്യയിലെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന സംഘ്പരിവാരത്തിന്റെ പണാധിപത്യത്തെ പിടിച്ചുകെട്ടുകയും വേണം.

---- facebook comment plugin here -----

Latest