Articles
BUDGET ANALYSYS: രണ്ടാമൂഴം കഴിഞ്ഞ് നിരവധി ഊഴം ലക്ഷ്യമിടുന്ന ബജറ്റ്
രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് “രണ്ടാമൂഴം നിരവധി ഊഴങ്ങള്‍ക്കു തുടക്കം” എന്ന സത്യപ്രതിജ്ഞാ ദിനത്തിലെ അവതരണ ഗീതത്തിന്റെ അര്‍ഥത്തിന് അടിവരയിടുന്നതാണ്. പഞ്ചവത്സര പദ്ധതികളില്‍ ഊന്നി ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുമെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രസംഗം ഭരണത്തിന് ഇനിയും നിരവധി ഊഴം പ്രതീക്ഷിക്കുന്നു എന്ന പ്രഖ്യാപനമായാണ് കാണേണ്ടത്.
ബജറ്റിന്റെ അന്തസ്സത്ത തന്നെ കേന്ദ്രസര്‍ക്കാറിന്റെ കോര്‍പറേറ്റ് അനുകൂല കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുന്നതാണ്. ഒരു ജനതയെ സമതുലിതമായി കണ്ടുകൊണ്ടു തയ്യാറാക്കിയ പഞ്ചവത്സര പദ്ധതികള്‍ ഇല്ലായ്മ ചെയ്തു കോര്‍പറേറ്റ് സി ഇ ഒമാര്‍ പദ്ധതി തയ്യാറാക്കുന്ന നിതി ആയോഗ് പോലുള്ള സംവിധാനം കൊണ്ടുവന്ന രാജ്യത്ത് ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളെ അഭിമുഖീകരിക്കുന്ന ബജറ്റ് അവതരിപ്പിച്ച കേരള സര്‍ക്കാര്‍ ശക്തമായ ബദലാണ് മുന്നോട്ടു വയ്ക്കുന്നത്.
രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു തുടക്കം കുറിച്ച പഞ്ചവല്‍സര പദ്ധതികള്‍ക്കാണ് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അന്ത്യം കുറിച്ചത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി തീര്‍ന്ന 2017 മാര്‍ച്ച് 31 ന് അവസാനിച്ചപ്പോഴാണ് ഇന്ത്യയുടെ പുരോഗതിയില്‍ നിര്‍ണായക ഏടായ ആ വലിയ പദ്ധതി അസ്തമിച്ചത്. ആസൂത്രണ കമ്മീഷന് പകരം നിലവില്‍ വന്ന നിതി ആയോഗ് പഞ്ചവത്സര പദ്ധതിക്ക് അന്ത്യകൂദാശയൊരുക്കി.
രാജ്യത്ത് ആസൂത്രണ കമ്മീഷനായിരുന്നു പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പു ചുമതല. പ്രധാനമന്ത്രിയായിരുന്നു കമ്മീഷന്റെ എക്സ്-ഒഫീഷ്യോ ചെയര്‍മാന്‍. രാജ്യത്തെ പഞ്ചവത്സരപദ്ധതികള്‍ക്ക് അന്ത്യം കുറിച്ച 2014 ലെ ആദ്യ നരേന്ദ്ര മോദി സര്‍ക്കാര്‍ സൃഷ്ടിച്ച ആഘാതത്തിനുള്ള മറുപടികൂടിയാണ് കെ എന്‍ ബാലഗോപാലിന്റെ ബജറ്റ്. രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഒരുക്കുന്നതിലും വന്‍കിട വ്യവസായങ്ങള്‍ കൊണ്ടുവരുന്നതിലുമെല്ലാം മുഖ്യ പങ്കു വഹിച്ചതു പഞ്ച വത്സര പദ്ധികളായിരുന്നു.
ഒമ്പതാം പഞ്ചവത്സ പദ്ധതി കേരളത്തില്‍ ജനകീയാസൂത്രണത്തിലൂടെ നടപ്പാക്കി തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും പണവും നല്‍കിയത് കേരളത്തിന്റെ വികസനക്കുതിപ്പില്‍ നിര്‍ണായക ചുവടുവെപ്പായിരുന്നു. 1996-ല്‍ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണമെന്ന കാഴ്ചപ്പാടിന്റെ പിന്‍തുടര്‍ച്ചയും കെ എന്‍ ബാലഗോപാലിന്റെ പ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
1996 ആഗസ്റ്റ് 17ന് ചിങ്ങം ഒന്നിനായിരുന്നു ചരിത്രപ്രധാനമായ ആ പരീക്ഷണം കേരളത്തില്‍ നടപ്പായത്. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായിരുന്ന സാമ്പത്തിക വിദഗ്ധന്‍ ഡോ. ഐ എസ് ഗുലാത്തിയുടെ മേല്‍നോട്ടത്തില്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബജറ്റിന്റെ 35 ശതമാനം തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കായി മാറ്റിവെയ്ക്കുകയുണ്ടായി. ഇത്തരത്തിലുള്ള ബദലുകള്‍ക്കു ശക്തമായ സൂചന ഉള്‍ക്കൊള്ളുന്നതാണ് കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ്. പ്രതിസന്ധിയുടെ ഘട്ടത്തില്‍ എങ്ങിനെയായിരിക്കണം കൗണ്ടര്‍ സൈക്ലിക് ബജറ്റ് എന്നതിന്റെ വ്യക്തമായ ഉദാഹരണം കൂടിയാണിത്.
കൊവിഡ് രണ്ടാം തരംഗം എന്ന വലിയ പ്രതിസന്ധിയെ മറികടക്കാന്‍ ലക്ഷ്യമിട്ടാണ് ഡോ. തോമസ് ഐസക്കിന്റെ ബജറ്റിന്റെ തുടര്‍ച്ചയെന്ന നിലയില്‍ അധികബജറ്റ് അവതരിപ്പിക്കുന്നത്. മൂലധന നിക്ഷേപത്തില്‍ ദേശീയ ശരാശരിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം, ഉയര്‍ന്ന തൊഴിലില്ലായ്മയും കേരളത്തിലുണ്ട്. ഈ അവസ്ഥയിലും അധിക നികുതിഭാരങ്ങളില്ലാത്ത ഒരു ബജറ്റ് ഉണ്ടാവുക എന്നതുതന്നെ പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങളുടെ പക്ഷത്തുനില്‍ക്കുന്ന സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കുന്നു.
കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച ഓരോ മേഖലയേയും ബജറ്റ് തിരിച്ചറിയുന്നു. മൂല ധന നിക്ഷേപം ഉയര്‍ത്തുകയും കിഫ്ബി പോലുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ഈ ഘട്ടത്തില്‍ പ്രധാനമാണ്. ആരോഗ്യ മേഖലയിലെ നിക്ഷേപം ഉയര്‍ത്തുക എന്നത് ജനപക്ഷ സര്‍ക്കാറിന്റെ പ്രധാന ഉത്തരവാദിത്തമാണ്. ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് നേരിട്ട് പണം എത്തിക്കാന്‍ 8,900 കോടി വകയിരുത്തുന്നതിലൂടെ ജനങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിതമാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാന ഇടപെടലാണിത്.
കുടുംബശ്രീക്ക് 100 കോടി നല്‍കുന്നതും ഇതേ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. ജോലി നഷ്ടപ്പെട്ടുവരുന്ന പ്രവാസികളുടെ പുനരധിവാസത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും പ്രധാനപ്പെട്ടതാണ്. തീരദേശ ജനത കൊവിഡിന്റെ ഏറ്റവും വലിയ ഇരകളാണ്. ആ മേഖലയുടെ സംരക്ഷണത്തിനും ബജറ്റ് ശ്രദ്ധ പതിപ്പിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍, ഉന്നത വിദ്യാഭ്യാസം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലയെക്കുറിച്ചുള്ള കരുതലും ബജറ്റില്‍ വ്യക്തമാണ്.
തദ്ദേശീയരായ ജനതക്കു മുകളില്‍ കോര്‍പറേറ്റുകളുടെ താല്‍പര്യം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ലക്ഷദ്വീപുപോലുള്ള നയങ്ങള്‍ ഒരു ഭാഗത്ത് നടപ്പാക്കുമ്പോള്‍ പ്രയാസ മനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനുള്ള ലക്ഷ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ബജറ്റ് എന്നത് ഒരു പ്രതിരോധം തന്നെയാണെന്ന് പറയാതിരിക്കാനാകില്ല.
തയ്യാറാക്കിയത്: എം ബിജുശങ്കര്‍