Articles
പച്ചമണ്ണിലേക്കിറങ്ങുക
പരിസ്ഥിതി ഭൂമുഖത്തുള്ള സകലമാന ജീവജാലങ്ങള്‍ക്കുമുള്ള സ്വത്താണ്. അതിന്റെ സംരക്ഷണച്ചുമതല നാം മനുഷ്യര്‍ക്കും. ഈ കാവലിനെക്കുറിച്ച് ബോധവാന്മാരാകാന്‍ വേണ്ടി വര്‍ഷാവര്‍ഷം ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം എന്ന ശീര്‍ഷകത്തിലാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം. കരയിലോ കടലിലോ എവിടെയാകട്ടെ, ആവാസ വ്യവസ്ഥക്ക് ക്രമഭംഗമുണ്ടാക്കുന്ന നീക്കങ്ങളെ തടയാനും അവസാനിപ്പിക്കാനുമെല്ലാമുള്ള പ്രതിജ്ഞ കൂടിയാണിത്. കേവലം വാക്കുകള്‍ക്കപ്പുറം ആലോചനകളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും ഇത് കടന്നു വരേണ്ടതുണ്ട്. എങ്കിലേ നമ്മുടെയും മറ്റു ജീവികളുടെയും സൈ്വര്യ ജീവിതവും പരിസ്ഥിതി സന്തുലിതാവസ്ഥയുമെല്ലാം സാധ്യമാകൂ. പരിസ്ഥിതിയെയും പച്ചപ്പിനെയും നന്നായി പരിഗണിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു മതം കൂടിയാണ് ഇസ്‌ലാം. അതിന്റെ വക്താക്കള്‍ എന്ന നിലക്ക് നാം ഈ വിഷയത്തിന് കൂടുതല്‍ ഗൗരവവും ശ്രദ്ധയും നല്‍കേണ്ടതുണ്ട്.
മനുഷ്യ കേന്ദ്രീകൃതമായ ഒരു പാരിസ്ഥിതിക സങ്കല്‍പ്പമാണ് ആധുനികത മുന്നോട്ടു വെക്കുന്നത്. എന്നാല്‍ ഒരു വിശ്വാസിക്ക് ഇതുമായി യോജിക്കാനാകില്ല. വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രപഞ്ചത്തിലെ എല്ലാം അവന്റെ സഹജീവികളാണ്. അപര കേന്ദ്രീകൃതമായിരിക്കണം നമ്മുടെ കാഴ്ചപ്പാട്. പ്രകൃതി വിഭവങ്ങളുടെ പങ്കുവെപ്പിലും ഉപയോഗത്തിലുമെല്ലാം സ്വന്തത്തിനപ്പുറം മറ്റുള്ളവരെക്കൂടി പരിഗണിക്കണം. അംഗസ്‌നാനം ചെയ്യാനെടുക്കുന്ന വെള്ളം ദാഹിച്ചു വലഞ്ഞ ഒരു ജീവിയെ കണ്ടാല്‍ അതിനു നല്‍കണം എന്ന അധ്യാപനമൊക്കെ ഇതാണ് നമ്മെ ശീലിപ്പിക്കുന്നത്. സസ്യങ്ങള്‍ നനക്കാന്‍ കഴിവുണ്ടായിരിക്കെ അതുപേക്ഷിക്കുന്നതിനെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നു. അവക്ക് കൂടി നാം ജീവജലം നല്‍കണം എന്നാണ് ഇത് ഓര്‍മപ്പെടുത്തുന്നത്.
സ്വന്തത്തിനോ മറ്റുള്ളവക്കോ പ്രയാസമുണ്ടാക്കരുത്. മതത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണിത്. പരിസ്ഥിതിയെ നാം വേണ്ട പോലെ ഗൗനിക്കാതെ ഇടപെട്ടാല്‍ ഇവ രണ്ടും സംഭവിക്കുന്നു. നമുക്കും മറ്റുള്ളവര്‍ക്കും ആവാസ വ്യവസ്ഥക്ക് മൊത്തവും അത് ക്ഷതമേല്‍പ്പിക്കും. അതിനാല്‍ പരിസ്ഥിതി പാഠങ്ങള്‍ പഠിക്കുകയും അവ കൂടി കണക്കിലെടുത്ത് ജീവിതം ക്രമീകരിക്കുകയും വേണം.
പ്രവാചക ജീവിതത്തേക്കാള്‍ മികച്ചൊരു പാഠപുസ്തകം ഈ വിഷയത്തില്‍ വേറെ കിട്ടാനില്ല. കൃഷി ചെയ്യുകയും അതിനെ നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു നബി(സ). ഓരോ നാടുകളിലും ചെല്ലുമ്പോള്‍ നല്ല കൃഷിയിടങ്ങള്‍ അവിടുന്ന് കാണിച്ചു കൊടുക്കും. ആവശ്യമായ നിര്‍ദേശങ്ങളും നല്‍കും. മണ്ണ് വെറുതെ ഇടരുത് എന്നാണ് നബിയുടെ താത്പര്യം. നമ്മോട് എപ്പോഴും തൈ വെച്ചുപിടിപ്പിക്കാനാണ് പഠിപ്പിക്കുന്നത്, അത് അന്ത്യനാളില്‍ ആണെങ്കിലും. കൃഷി ചെയ്ത് വിളവ് ലഭിച്ചില്ലെങ്കിലോ, വിശ്വാസിയായ കര്‍ഷകന് ദുഃഖിക്കാനൊന്നുമില്ല. കൃഷി എന്ന മഹത് കര്‍മം ചെയ്താല്‍ തന്നെ വലിയ നേട്ടങ്ങളാണ്. അവ പക്ഷിയോ മറ്റു ജീവികളോ തിന്നുപോയാലും പ്രശ്‌നമില്ല. ദാനം ചെയ്ത പുണ്യം കിട്ടും. പച്ചപ്പിനെയും നബിക്കിഷ്ടമാണ് ഏറെ. അവിടുന്ന് പച്ചപ്പ് നോക്കിയിരിക്കാറുണ്ട്. ആ ഇഷ്ടം നബിസ്‌നേഹികളും പിന്തുടരുന്നു. എന്തെങ്കിലും ഒരു ഉപകാരം ലഭിക്കുന്ന മരം വെട്ടരുത് എന്ന പ്രവാചകാധ്യാപനം ഉള്‍ക്കൊണ്ട ഒരാള്‍ക്ക് വന നശീകരണത്തോട് സമരസപ്പെടാന്‍ ആകില്ല. പരിസ്ഥിതിയോട് ഒട്ടി നിന്നുകൊണ്ടുള്ള ഈ തിരുജീവിതമാണ് നമ്മുടെ മാതൃക.
അതിസുന്ദരമായാണ് അല്ലാഹു ഈ ഭൂമി പടച്ചത്. എന്തെങ്കിലുമൊരു ന്യൂനത കാണാനുണ്ടോ എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു. ഇത്രമേല്‍ മികവുറ്റ ഇവിടം പിന്നെ എങ്ങനെയാണ് പ്രശ്‌നഭരിതമാകുന്നത്? നമ്മുടെ ആവാസ വ്യവസ്ഥയും പാരിസ്ഥിതിക സന്തുലിതത്വവും തകരുന്നത് എങ്ങനെയാണ്? നമ്മെ വേട്ടയാടേണ്ട ചോദ്യങ്ങളാണിവ. നാം തന്നെയാണ് ഇതിന് ഉത്തരവാദികള്‍, പ്രായശ്ചിത്തം ചെയ്യേണ്ടവരുമതേ.
ഭൂമിയിലെ പടച്ചവന്റെ പ്രതിനിധികളാണ് നാം. ഇവ നശിക്കുന്നതില്‍ നമുക്കുള്ള ആശങ്ക അവനേല്‍പ്പിച്ച സൂക്ഷിപ്പുസ്വത്തുകള്‍ എന്ന നിലക്ക് കൂടിയാണ്. ഈ ആശങ്ക എപ്പോഴും നമുക്കുള്ളില്‍ വേണം.
കൃഷിയിലേക്ക് തിരിച്ചുനടക്കാം
പ്രവാചകരുടെയും മറ്റുമെല്ലാം ജീവിതം നാം പഠിക്കാറുണ്ട്. അവയിലെല്ലാം കാര്‍ഷിക പാഠങ്ങളും കാണാം. ആദം നബി നല്ലൊരു കര്‍ഷകനായിരുന്നു. വിതച്ചു തളരുമ്പോള്‍ ബാക്കി വിത്തുകള്‍ ഹവ്വാ ബീവിയെ ഏല്‍പ്പിക്കും, അവരും കൃഷി തന്നെ. ഇങ്ങനെ ഇബ്‌റാഹീം നബി, ദാവൂദ് നബി തുടങ്ങി എല്ലാവരും കര്‍ഷകര്‍ കൂടിയായിരുന്നു. തിരുനബിയും ഈത്തപ്പനയടക്കം കൃഷി ചെയ്തിട്ടുണ്ട്. ഇസ്‌ലാമിന്റെ ആദ്യ ഭരണാധികാരികള്‍ കൂടിയായ സിദ്ദീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങിയവരും കൃഷിയെ ഗൗരവത്തോടെ തന്നെ കണ്ടു. വാര്‍ധക്യ കാലത്ത് കൃഷി ചെയ്യുന്ന ഉസ്മാന്‍(റ)നോട് ഒരാള്‍ എന്തിനിത് ചെയ്യുന്നു, അങ്ങേക്ക് ഇനിയധികം കാലം ഇല്ലല്ലോ എന്നു ചോദിക്കുന്ന സന്ദര്‍ഭമുണ്ട്. എല്ലാം നശിപ്പിച്ചു പോകുന്നതിനേക്കാള്‍ നല്ലതല്ലേ എന്തെങ്കിലും ഇവിടെ ഉണ്ടാക്കിയിട്ട് പിരിയുന്നത് എന്നായിരുന്നു മറുപടി. ഇതെല്ലാം നമ്മെയും മണ്ണിലിറങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നു.
ഇവയെല്ലാം ഉള്‍ക്കൊണ്ട് ഈ നടീല്‍ കാലം നാം ഫലപ്രദമായി വിനിയോഗിക്കണം. പ്രാദേശിക വിത്തുകള്‍ നാശത്തിന്റെ വക്കിലാണെന്നത് ഒരു യാഥാര്‍ഥ്യമാണ്. നാം അവ ശേഖരിക്കുകയും നടുകയും പുനരുത്പാദിപ്പിക്കുകയും ചെയ്യണം. വരും തലമുറക്കായി അവ കാത്തു വെക്കണം. ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതില്‍ മുഖ്യപങ്കാണ് ഇവ വഹിക്കുന്നത്. അത് മനസ്സിലാക്കി പല രാഷ്ട്രങ്ങളും ഇവയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു.
പച്ച മണ്ണിലിറങ്ങുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന പേരില്‍ എസ് വൈ എസ് നടത്തുന്ന പരിസ്ഥിതി വാരം ഇവയിലെല്ലാമാണ് മുഖ്യ ഊന്നല്‍ നല്‍കുന്നത്. കൃഷിയിടങ്ങളില്‍ നിന്ന് നാം തിരിച്ചുകയറിപ്പോന്നതാണ് പല പ്രശ്‌നങ്ങളുടെയും മൂലകാരണം. തിരക്കുകള്‍ക്കിടയിലും ലഭ്യമായ സമയങ്ങളില്‍ മണ്ണിലിറങ്ങുക എന്നത് ഒരു പരിഹാരമാര്‍ഗമാണ്. കൃഷി ഒരു സാമൂഹിക ബാധ്യതയും സാംസ്‌കാരിക മൂല്യവും കൂടിയാണെന്ന വിചാരപ്പെടലുകള്‍ നമ്മില്‍ ഉണ്ടാകണം. എല്ലാത്തിനും അപ്പുറത്ത് പടച്ചവനില്‍ നിന്ന് ഏറെ പ്രതിഫലം പ്രതീക്ഷിക്കാവുന്ന കര്‍മമാണിതെന്ന ബോധ്യം വേണം. അതായിരിക്കണം നമ്മുടെ ലക്ഷ്യവും.
മറ്റൊരു പ്രധാന പ്രശ്‌നം, മലിനീകരണത്തെയും മാലിന്യങ്ങളെയും സംബന്ധിച്ചുള്ള നമ്മുടെ തെറ്റായ കാഴ്ചപ്പാടാണ്. മാലിന്യങ്ങള്‍ കൃത്യമായ രീതിയില്‍ മനുഷ്യനോ പ്രകൃതിക്കോ ദോഷമില്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യുക എന്നത് നാം ഇനിയും ആര്‍ജിച്ചിട്ടില്ലാത്ത അറിവാണ്. അയല്‍വാസിയുടെ വായു പോലും തടയരുത് എന്നാണ് ദീനിന്റെ അധ്യാപനം. അപ്പോള്‍ മാലിന്യങ്ങള്‍ ശ്രദ്ധിക്കാതെ, ദുര്‍ഗന്ധവും മാറാവ്യാധികളും പരത്തി അവരെ പ്രയാസപ്പെടുത്തുന്നതിന്റെ കാര്യം പറയേണ്ടല്ലോ. ഈ പരിസ്ഥിതി ദിനം അക്കാര്യത്തിലേക്ക് കൂടിയുള്ള ഒരു ഉണര്‍ത്താകട്ടെ.