Kerala
ബി ജെ പി കുഴല്‍പ്പണം: ഒടുവില്‍ ഇ ഡി എത്തിയേക്കും
കോഴിക്കോട് | തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മറവില്‍ ബി ജെ പി കേരളത്തിലേക്ക് കോടികളുടെ കുഴല്‍പ്പണം ഒഴുക്കിയെന്ന കേസില്‍ അന്വേഷണം നടത്താതെ ഒഴിഞ്ഞുമാറിക്കളിച്ച എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഒടുവില്‍ രംഗ പ്രവേശനം ചെയ്യുമെന്നു സൂചന.
ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണ തട്ടിപ്പുകേസ് ഇ ഡി അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടുമെന്ന ഘട്ടം എത്തിയതോടെയാണ് ഇ ഡി വിവരങ്ങള്‍ ശേഖരിക്കുന്നത്. കേസ് അന്വേഷണ കാര്യത്തില്‍ നിലപാട് ആരാഞ്ഞ ഹൈക്കോടതിയോട് ഇഡി സമയം ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയില്‍ ഇ ഡി നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് മേരി ജോസഫ് വിശദീകരണം ചോദിക്കുമെന്ന് ഉറപ്പായ ഘട്ടത്തില്‍ തന്നെ ഇ ഡി കേസിന്റെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
പത്തുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നു കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് .കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷക സംഘത്തില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരം ശേഖരിച്ചത്.
കേസില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനേയും ഡ്രൈവര്‍ ലബീഷിനേയും ചോദ്യം ചെയ്യലിന് വിധേയമാക്കിയതോടെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്നാണു വിവരം.
ഇതിനിടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററില്‍ കള്ളപ്പണം കടത്തിയെന്ന ആരോപണവും ശക്തമാണ്. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിട്ടുണ്ട്. സി കെ ജാനുവിനെ ബി ജെ പി യിലെത്തിക്കാന്‍ പണം കൈമാറി എന്ന ആരോപണത്തിനു പിന്നാലെ പണം പറ്റിയ ആരോപണവുമായി മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയും രംഗത്തെത്തി. സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്‍മാറാന്‍ പണം ലഭിച്ചു എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിന്റെ ചട്ടുകമാണെന്ന് ആരോപണം ഉണ്ടെങ്കിലും സംസ്ഥാന പോലീസ് പഴുതടച്ച് അന്വേഷണം നടത്തുന്നതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ കേസ് ഏറ്റെടുത്ത് തേച്ചുമാച്ചുകളയുമെന്ന ആശങ്ക വേണ്ടെന്നാണ് നിയമ വൃത്തങ്ങള്‍ പറയുന്നത്.
കണക്കില്‍ പെടാത്ത പണം എന്ന നിലയിലുള്ള കേസ് ആയതിനാല്‍ ഏതെങ്കിലും കോര്‍പറേറ്റു മുതലാളി രേഖയുമായെത്തി പണം തന്റേതാണെന്ന് അവകാശപ്പെട്ടാല്‍ കുഴല്‍പ്പണക്കടത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍ അവസാനിക്കുമെന്ന തരത്തിലുള്ള നിയമോപദേശങ്ങള്‍ പല കേന്ദ്രങ്ങളും ബി ജെ പിക്കു നല്‍കിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ പല ഘട്ടങ്ങളിലും ഈ പണം വിതരണം ചെയ്തതായുള്ള വ്യക്തമായ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ ബി ജെ പി നേതാക്കള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്ത വിധം കുരുക്കു മുറുകും എന്നാണു സൂചന.
കുഴല്‍പണം എത്തിച്ച ആര്‍ എസ് എസ് നേതാവ് ധര്‍മ്മരാജനെ ഫോണില്‍ ബന്ധപ്പെട്ടവരില്‍ നിന്നുള്ള തെളിവെടുപ്പുകളാണ് നടക്കുന്നത്. സംഘടനാ സെക്രട്ടറിയടക്കമുള്ളവര്‍ ഒന്നിലേറെ തവണയാണ് ധര്‍മ്മരാജനുമായി ബന്ധപ്പെട്ടത്. ധര്‍മ്മരാജന്റെ മൊഴിയില്‍ പണവുമായാണ് എത്തിയതെന്ന് വ്യക്തമായിരുന്നു. ധര്‍മരാജനുമായി ബന്ധപ്പെട്ടത് തിരഞ്ഞെടുപ്പു സാമഗ്രികള്‍ക്കായാണെന്നു ചോദ്യം ചെയ്യലില്‍ പലരും മൊഴി നല്‍കിയെങ്കിലും മൊഴികളെല്ലാം കൂടുതല്‍ കുരുക്കാവുകയായിരുന്നു.
കേസില്‍ ധര്‍മരാജന്റെ സഹോദരന്‍ ധനരാജനെയും ചോദ്യംചെയ്തിട്ടുണ്ട്. ധര്‍മരാജനൊപ്പം കാറില്‍ ധനരാജും ഉണ്ടായിരുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കാറില്‍ മൂന്നരക്കോടി രൂപയുണ്ടായതായുള്ള ധര്‍മരാജന്റെ മൊഴിയില്‍ വ്യക്തത വരുത്താനാണ് ധനരാജനെയും ധര്‍മരാജന്റെ ഡ്രൈവര്‍മാരെയും ചോദ്യംചെയ്തത്.
കള്ളപ്പണം സഞ്ചരിച്ച റൂട്ടുകളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം കെ സുരേന്ദ്രന്‍ മത്സരിച്ച കോന്നിയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കോന്നിയില്‍ നേതാക്കള്‍ താമസിച്ച ഹോട്ടലില്‍നിന്ന് അന്വേഷണ സംഘം വിവരം ശേഖരിച്ചിരുന്നു.
ആദായ നികുതി വകുപ്പിന്റെ പരിധിയില്‍ വരുന്ന കേസാണിതെന്നും തങ്ങളുടെ പരിധിയില്‍ വരില്ലെന്നുമുള്ള വിലയിരുത്തലിലായിരുന്ന ഇ ഡി, കേസിന്റെ സ്വഭാവം വിലയിരുത്തി അന്വേഷണം ഏറ്റെടുക്കുമോ എന്നാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. പോലീസില്‍ നിന്ന് കേസിന്റെ എഫ് ഐ ആര്‍ കൈപ്പറ്റിയ ഇ ഡി വിശദാംശങ്ങള്‍ പഠിച്ച ശേഷമായിരിക്കും കോടതിക്കു റിപ്പോര്‍ട്ട് നല്‍കുക.
പരാതിയില്ലാതെ തന്നെ വിവിധ സന്ദര്‍ഭങ്ങളില്‍ കേരളത്തില്‍ അന്വേഷണത്തിന് എത്തിയ ഇ ഡി, ബി ജെ പിക്കു പങ്കാളിത്തമുള്ള കുഴല്‍പ്പണ കേസ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന ചോദ്യം വിവിധ കോണുകളില്‍ ഉയര്‍ന്നിരുന്നു. ഇ ഡിയുടെ മൗനത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
തിരഞ്ഞെടുപ്പ് അട്ടിമറിക്കല്‍, ദേശ സുരക്ഷയെ അപകടപ്പെടുത്തല്‍ തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് കുഴല്‍പ്പണക്കടത്തിനുപിന്നില്‍ ഉയര്‍ന്നിട്ടുള്ളത്. എന്നിട്ടും കേന്ദ്ര ഏജന്‍സികളീയ ഇ ഡി, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി ആര്‍ ഐ)എന്നീ വിഭാഗങ്ങളെല്ലാം മൗനം തുടര്‍ന്നത്് ചര്‍ച്ചയായിരുന്നു. ഇഡിയുടെ ഡല്‍ഹി ആസ്ഥാനത്തും കൊച്ചി, കോഴിക്കോട് ഓഫീസുകളിലും പരാതി ലഭിച്ചിട്ടും ഏജന്‍സികള്‍ അന്വേഷിക്കാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണു പൊതു പ്രവര്‍ത്തകന്‍ കോടതിയെ സമീപിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കാന്‍ വൈകിയത് ദേശീയ ബന്ധമുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമായിട്ടുണ്ടാവുമെന്ന് ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നാണ് പണം കേരളത്തിലേക്ക് എത്തിയത് എന്നതിനാല്‍ ഈ പണത്തിന്റെ റൂട്ട് എവിടെനിന്ന് എന്നതു കണ്ടെത്തേണ്ടതു പ്രധാനമാണ്.
അന്വേഷണം നടന്നാല്‍ കേരളത്തിന് പുറമെ, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ഉന്നത നേതാക്കളുടെ കള്ളപ്പണ മാഫിയാ ബന്ധവും പുറത്തുവരുമെന്നാണ് സൂചന.
---- facebook comment plugin here -----