Connect with us

Kerala

കുഴല്‍പ്പണം: കോര്‍ കമ്മിറ്റിക്കായി കച്ചമുറുക്കി ബി ജെ പിയിൽ ഇരുപക്ഷവും

Published

|

Last Updated

കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ കുഴല്‍പ്പണ വിവാദം പാര്‍ട്ടിയുടെ ആത്മാഭിമാനം തകര്‍ത്തതായി ആരോപിച്ച് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തതരും രംഗത്തുവന്നതോടെ ബി ജെ പിയുടെ നിര്‍ണായക സംസ്ഥാന കോര്‍കമ്മിറ്റിയോഗം ചേരുന്നു.
കേരളത്തില്‍ തിരഞ്ഞെടുപ്പിനായി കേന്ദ്ര നല്‍കിയ 400 കോടി സംസ്ഥാന പ്രസിഡന്റ് തോന്നിയെ പോലെ വിതരണം ചെയ്തതായാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. ബാക്കിപ്പണം എവിടെപ്പോയെന്നു വ്യക്തമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
കുഴല്‍പ്പണ വിവാദം മുറുകുന്നതിനിടെ കേന്ദ്ര നേതൃത്വം സംസ്ഥാന പ്രസിഡന്റിനെ കൈവിടുകയാണെന്ന സൂചന കേരളത്തിലെ വിമത വിഭാഗത്തിനു ലഭിച്ചു കഴിഞ്ഞു. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും എന്ന പ്രതികരണവുമായി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ സമിതി അംഗവുമായ സി കെ പത്മനാഭന്‍ രംഗത്തുവന്നത് ഈ പശ്ചാത്തലത്തിലാണെന്നാണ് കരുതുന്നത്.
കര്‍ണാടകയില്‍ നിന്നു കടത്തിക്കൊണ്ടുവന്ന പണത്തെക്കുറിച്ചു വ്യക്തത വന്നാല്‍, ദേശീയ നേതൃത്വവും പ്രതിക്കൂട്ടിലാവും. കള്ളപ്പണത്തിനെതിരെ പോരാടുന്ന ദേശാഭിമാനികളുടെ പാര്‍ട്ടിയെന്ന പ്രതിച്ഛായയില്‍ നില്‍ക്കുന്ന ബി ജെ പിക്ക് കുഴല്‍പ്പണ ഇടപാട് താങ്ങാനാവാത്ത ആഘാതം സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് കേന്ദ്ര നേതൃത്വം.
ശബരിമല പ്രക്ഷോഭത്തിലൂടെ ഉണ്ടായ മുന്നേറ്റം ഉപയോഗിച്ച് കേരളത്തില്‍ എ ക്ലാസ് മണ്ഡലങ്ങളില്‍ ജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചാണ് കേന്ദ്രത്തില്‍ നിന്നു വന്‍തോതില്‍ പണം ഒഴുക്കിയതെന്നാണു വിവരം. ഉള്ള സീറ്റ് നഷ്ടപ്പെടുകയും വോട്ടിങ്ങ് ശതമാനത്തില്‍ കനത്ത ഇടിവ് ഉണ്ടാവുകയും ചെയ്തതോടെ,  കേന്ദ്ര നേതൃത്വവും കേരളത്തിലെ മുതിര്‍ന്ന നേതാക്കളും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തുവരികയാണ്.
ഉത്തരേന്ത്യയിലെ തന്ത്രങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്ന ആക്ഷേപവുമായി തിരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സി കെ പത്മനാഭന്‍ രംഗത്തുവന്നിരുന്നു.  സംസ്ഥാന പ്രസിഡന്റ് രണ്ടിടങ്ങളില്‍ മത്സരിക്കുന്നതു കണ്ടിട്ടില്ലെന്നും ഉത്തരേന്ത്യന്‍ മോഡല്‍ ഹെലികോപ്റ്റര്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ജനക്കൂട്ടത്തെക്കണ്ട് പ്രസ്താവന നടത്തുന്ന നേതൃത്വമാണ് കേരളത്തിലുള്ളതെന്നും  ശബരിമല ക്ലച്ചുപിടിച്ചില്ലെന്നും പറഞ്ഞ അദ്ദേഹം കേരളത്തിന്റെ മര്‍മം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതായും ചൂണ്ടിക്കാട്ടി. സംഘടനാപരവും രാഷ്ട്രീയവുമായ പാളിച്ചകള്‍ തിരഞ്ഞെടുപ്പില്‍ വ്യക്തമായെന്നും  സംസ്ഥാന നേതൃത്വം തിരുത്താന്‍ തയ്യാറാവണമെന്നുമായിരുന്നു അന്ന് സി കെ പത്മനാഭന്റെ പ്രതികരണം.
പാര്‍ട്ടി പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നാല്‍ പോരെന്നും കോര്‍ കമ്മിറ്റി വിളിക്കണമെന്നും പി കെ കൃഷ്ണദാസ്-ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോള്‍ യോഗം ചേരാന്‍ തീരുമാനിച്ചത് എന്നാണ് വിവരം.
പാര്‍ട്ടിക്ക് ദയനീയപരാജയം സംഭവിച്ച് ഒരുമാസമായിട്ടും ഓണ്‍ലൈന്‍ അവലോകനങ്ങള്‍ മാത്രം നടത്തി മറ്റുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കാതിരിക്കുന്ന രീതിക്കെതിരെയായിരുന്നു  പ്രതിഷേധം.
കേന്ദ്രമന്ത്രി വി മുരളീധരനും കേന്ദ്ര നേതാക്കളും തമ്മിലുള്ള ലെയ്‌സണിങ്ങ് വഴിയാണ് ഇപ്പോള്‍ കേരളത്തിലെ പ്രതിസന്ധിയില്‍ കേന്ദ്ര നേതാക്കള്‍ ഇടപെടാത്തത്. ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന സംഘപിവാര്‍ പ്രസ്ഥാനങ്ങളെല്ലാം നിലവിലെ കേരളത്തിലെ അവസ്ഥയില്‍ കടുത്ത നിരാശരാണ്.
ഞായറാഴ്ച നടക്കുന്ന കോര്‍ കമ്മിറ്റിയില്‍ കെ സുരേന്ദ്രനെ സംരക്ഷിക്കാന്‍ ഔദ്യോഗിക പക്ഷം അരയും തലയും മുറുക്കിയാണ് എത്തുക. സി കെ പത്മനാഭന്റെ പ്രതികരണത്തിലെ സൂചന ഉള്‍ക്കൊണ്ട് ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.
കുഴല്‍പ്പണ വിവാദത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കിയിട്ടില്ലെന്നും കേന്ദ്രത്തില്‍ നിന്നു ലഭിച്ച പണം കൃത്യമായി വിനിയോഗിച്ചിട്ടുണ്ടെന്നും അണികളെയും പ്രവര്‍ത്തകരേയും ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഔദ്യോഗിക പക്ഷം പദ്ധതി തയ്യാറാക്കുന്നത്. ബൂത്തു തലം മുതല്‍ പാര്‍ട്ടിയെ പ്രതിരോധിക്കുന്ന പ്രചാരണ പരിപാടികളാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പു ഫണ്ട് വിഷയത്തിലും കള്ളപ്പണ ഇടപാടിലും വ്യക്തതയില്ലാതെ ഒരു പ്രചാരണ പരിപാടിയിലും സഹകരിക്കേണ്ടെന്ന നിലപാടിലായിരിക്കും എതിര്‍പക്ഷം എന്ന സൂചനയും ശക്തമായിട്ടുണ്ട്. ഇരു പക്ഷവും നേര്‍ക്കുനേര്‍ പോരാട്ടത്തിനു കച്ചമുറുക്കിയാണ് കോര്‍കമ്മിറ്റിക്ക് എത്തുന്നത് എന്നാണു വിവരം.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest