Connect with us

Kerala

ലക്ഷദ്വീപിലെ ജനഹിതത്തിനെതിരായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

Published

|

Last Updated

കോഴിക്കോട് | ലക്ഷദ്വീപിലെ ജനങ്ങളുടെ ഹിതത്തിനെതിരായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ടെലിഫോണില്‍ വിളിച്ചാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്. ലക്ഷദീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങള്‍ ദീപ് വാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയര്‍ത്തുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കാന്തപുരം അമിത്ഷാക്ക് കത്ത് നല്‍കിയിരുന്നു. ഇത് വായിച്ച ശേഷമാണ് അദ്ദേഹം നേരില്‍ വിളിച്ച് നിലപാട് വ്യക്തമാക്കിയത്.

കത്തില്‍ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂര്‍വ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസര്‍ക്കാര്‍. ദീപിലെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികള്‍ക്കൊപ്പമായിരിക്കും കേന്ദ്രസര്‍ക്കാര്‍ നില്‍ക്കുക. ആശങ്കകള്‍ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്നും അമിത്ഷാ പറഞ്ഞു.

അതേസമയം, ദ്വീപ് വാസികള്‍ ഇപ്പോഴും കടുത്ത ആശങ്കകളിലാണെന്നും, അവര്‍ക്ക് മേല്‍ കഴിഞ്ഞ ആറു മാസങ്ങളില്‍ ചുമത്തപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കണമെന്നും കാന്തപുരം സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. ജനഹിതത്തിനു വിരുദ്ധമായി സ്ഥാപിക്കപ്പെട്ട പുതിയ നിയമങ്ങള്‍ റദ്ദാക്കിയാലേ
ജനങ്ങള്‍ ആശങ്കകളില്‍ നിന്ന് മുക്തരാകുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

Latest