Connect with us

Articles

കടിപിടി കള്ളിവെളിച്ചത്താക്കുമോ?

Published

|

Last Updated

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന പ്രകാരം തിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്നത് 30.8 ലക്ഷം രൂപയാണ്. കൊവിഡിന്റെ വ്യാപനമുണ്ടാകുന്നതിന് മുമ്പ് 28 ലക്ഷമായിരുന്നു പരിധി. പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പരിധി പത്ത് ശതമാനം ഉയര്‍ത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. മണ്ഡലമൊന്നിന് 30.8 ലക്ഷം വെച്ചാണെങ്കില്‍ കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ മൂന്ന് മുന്നണികളും ചേര്‍ന്ന് ചെലവിട്ടിട്ടുണ്ടാകുക 129.36 കോടി രൂപയാണ്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന മറ്റ് നാല് സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുപ്പ് കാലത്ത് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് 331.47 കോടി മൂല്യമുള്ള വസ്തുക്കളാണ്. ഇതില്‍ 89.48 കോടി പണമാണ്. മദ്യം, മയക്കുമരുന്ന്, വിലയുള്ള ലോഹങ്ങള്‍ (സ്വര്‍ണമൊക്കെ) എന്നിങ്ങനെ പിടിച്ചെടുത്തവയുടെ മൂല്യമാണ് ബാക്കി. കേരളത്തില്‍ നിന്ന് ആകെ പിടിച്ചതിന്റെ മൂല്യം 21.77 കോടി രൂപയാണ്. അനുവദനീയമായ പരിധിക്കപ്പുറത്ത് പണം ഒഴുക്കാന്‍ ശ്രമം നടന്നുവെന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് തന്നെ തെളിവ്.

അനുവദനീയമായത് 30.8 ലക്ഷം രൂപയാണെങ്കിലും അതിന്റെ ഇരട്ടിയോ അതിലധികമോ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥികള്‍ ചെലവിട്ടിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി സമര്‍പ്പിക്കുന്ന കണക്കില്‍ ചെലവ് 30.8 ലക്ഷത്തിലധികം വരില്ല എന്നുമാത്രമേയുള്ളൂ. ജനവിധിയെ, പണമൊഴുക്കി അട്ടിമറിക്കുന്നത് തടയുന്നതിനാണ് തിരഞ്ഞെടുപ്പ് ചെലവിന് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ പരിധി, യാഥാര്‍ഥ്യ ബോധത്തോടെയുള്ളതാണോ എന്നതില്‍ ഭിന്നാഭിപ്രായമുണ്ടാകാം. ചെലവുകള്‍ അധികരിക്കുകയും കൂടുതല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രചാരണം നടത്തേണ്ടിവരികയും ചെയ്യുമ്പോള്‍ ഈ പരിധി കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ട്.

മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പണം നല്‍കുന്നത് പാര്‍ട്ടിയോ മുന്നണിയോ ഒക്കെയാണ്. സ്ഥാനാര്‍ഥികള്‍ സ്വന്തം നിലക്ക് സമാഹരിക്കുന്നതുമുണ്ടാകാം. പക്ഷേ, മുഖ്യ പങ്ക് പാര്‍ട്ടിയും മുന്നണിയും നല്‍കുന്ന പണമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എവിടെ നിന്ന് പണം ലഭിക്കുന്നുവെന്നത് കൂടി പരിശോധിക്കണം. നാട്ടുകാരില്‍ നിന്നുള്ള സംഭാവനയാണ് ഒരു സ്രോതസ്സ്. പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് ലെവി പിരിക്കുന്ന സി പി എമ്മിനെപ്പോലുള്ള പാര്‍ട്ടികള്‍ക്ക് അതുമൊരു സ്രോതസ്സാണ്. ബാക്കി, വന്‍കിട വ്യവസായികളും വ്യാപാരികളുമൊക്കെ നല്‍കുന്ന സംഭാവനയാണ്. ഇങ്ങനെ സംഭാവന നല്‍കുമ്പോള്‍, സ്വന്തം താത്പര്യങ്ങളുടെ സംരക്ഷകരായി രാഷ്ട്രീയ പാര്‍ട്ടികളുണ്ടാകുമെന്ന പ്രതീക്ഷ വന്‍കിടക്കാര്‍ക്കുണ്ടാകും. അധികാരത്തിലെത്തിയാല്‍ ഇത്തരക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വഴിവിട്ടതോ ക്രമവിരുദ്ധമോ ആയ നടപടികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകുമെന്ന അപകടവുമുണ്ട്. ഇതൊക്കെ ജ്ഞാതമായ സ്രോതസ്സുകളാണ്. അജ്ഞാതമായ സ്രോതസ്സുകളില്‍ നിന്ന് വരുന്ന പണവുമുണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ ഖജനാവില്‍. 2018 – 19ല്‍ പുറത്തുവിട്ട കണക്കനുസരിച്ച് അജ്ഞാത സ്രോതസ്സുകളില്‍ നിന്ന് ബി ജെ പിക്ക് കിട്ടിയത് 1612.04 കോടി രൂപയാണ്. ഈ സ്രോതസ്സില്‍ നിന്ന് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാമായി കിട്ടിയതിന്റെ 64 ശതമാനം വരുമിത്. സ്രോതസ്സ് വെളിപ്പെടുത്താത്ത പണമെന്നാല്‍ കള്ളപ്പണമെന്നാണ് രാജ്യത്തെ ചട്ടം. അതനുസരിച്ചാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഖജാനയില്‍ കള്ളപ്പണമുണ്ട്, അതില്‍ 64 ശതമാനവും (2018 -19) കണക്കനുസരിച്ച് രാജ്യം ഭരിക്കുന്ന, രാജ്യസ്‌നേഹത്തില്‍ മുന്നില്‍ നില്‍ക്കുന്ന, കള്ളപ്പണമില്ലാതാക്കാന്‍ നോട്ടുകളില്‍ 87 ശതമാനവും പിന്‍വലിച്ച ബി ജെ പിയുടെ പക്കലാണ്.

കഥയങ്ങനെ നില്‍ക്കുമ്പോഴാണ് തൃശൂര്‍ കൊടകരയില്‍ വെച്ച് കാര്‍ ആക്രമിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുണ്ടാകുന്നത്. തട്ടിയെടുത്ത പണം ബി ജെ പി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് ചെലവിടാനെത്തിച്ചതാണെന്ന ആരോപണമുയരുന്നത്. പരാതിയില്‍ പറയുന്നതിലധികം (ഏതാണ്ട് മൂന്നരക്കോടി രൂപ) വാഹനത്തിലുണ്ടായിരുന്നുവെന്നും അത് മുഴുവന്‍ നഷ്ടമായെന്നുമാണ് പിന്നീട് വന്ന വിവരം. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് പണം കൊടുത്തു, മഞ്ചേശ്വരത്ത് ബി എസ് പി സ്ഥാനാര്‍ഥിയായ കെ സുന്ദരക്ക് പത്രിക പിന്‍വലിക്കാന്‍ പണം കൊടുത്തുവെന്നൊക്കെ വിവരങ്ങള്‍ പിറകെ. സ്രോതസ്സ് അജ്ഞാതമായ ആയിരത്തിലധികം കോടി രൂപ രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ കൈവശം വെക്കുമ്പോള്‍, അതിലൊരു വിഹിതം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ കേരളത്തിലേക്ക് നല്‍കുന്നതിലും അത് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിലും തെറ്റുണ്ടെന്ന് കരുതാനാകില്ല. അങ്ങനെയാണെങ്കില്‍ പിന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനധികൃതമെന്ന് വിശേഷിപ്പിച്ച് 331 കോടി മൂല്യം വരുന്നത് പിടിച്ചെടുത്തത് എന്തിന് എന്ന സംശയമേയുള്ളൂ.

വിജയ സാധ്യത പരിഗണിച്ച് കേരളത്തിലെ മണ്ഡലങ്ങളെ തരംതിരിച്ചെന്നും കൂടുതല്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ക്ക് ആറ് കോടി വരെയും വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ക്ക് നാല് കോടിയും ബി ജെ പി കേന്ദ്ര നേതൃത്വം കൈമാറിയെന്നാണ് കേട്ടുകേള്‍വി. ബി ജെ പിക്കുള്ളില്‍ നിന്ന് തന്നെയാണ് ഈ കേള്‍വി. ജയ സാധ്യതയില്ലെന്ന് ബി ജെ പി നേതൃത്വം തന്നെ ഗണിച്ച മണ്ഡലത്തില്‍ പോലും ഒരു കോടി രൂപ വീതം നല്‍കിയത്രെ. 35 സീറ്റില്‍ ജയിക്കും. കേരളത്തില്‍ തൂക്കുസഭയാകും. ബി ജെ പിയില്ലാതെ ആര്‍ക്കും സര്‍ക്കാറുണ്ടാക്കാനാകില്ല. സി പി എം, സി പി ഐ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നിവ ബി ജെ പി ബന്ധത്തിന് തയ്യാറാകില്ല. അപ്പോള്‍ പിന്നെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ബി ജെ പിയെ ക്ഷണിക്കും. ചെറുകക്ഷികള്‍ കൂറുമാറും. ബാക്കി വേണ്ട പിന്തുണ വാങ്ങിയെടുക്കാം. എന്നൊക്കെയുള്ള മധുരമനോജ്ഞ സ്വപ്‌നം അവതരിപ്പിച്ചാണത്രെ കേന്ദ്ര നേതാക്കളില്‍ നിന്ന് പണം അനുവദിപ്പിച്ചത്. അതൊക്കെ വിശ്വസിച്ച്, 400 കോടി മുടക്കാന്‍ (അത്രയുമൊഴുക്കിയെന്നാണ് കേട്ടുകേള്‍വി) തയ്യാറായവരാണ് രാഷ്ട്രീയ ചാണക്യന്മാര്‍!

മുപ്പത്തിയഞ്ച് പോയിട്ട് മൂന്നിടത്ത് പോലും ജയിക്കില്ലെന്ന് ഉറപ്പുള്ളപ്പോള്‍ കിട്ടിയ പണം പാഴാക്കാതിരിക്കുന്നവനാണ് ബുദ്ധിമാന്‍. ആ നിലക്ക് സുരേന്ദ്ര മുരളീധരാദികള്‍ക്ക് അമിത് ഷായേക്കാള്‍ ബുദ്ധിയുണ്ട്. കിട്ടിയ പണം ലാഭകരമായി നിക്ഷേപിക്കുന്നതിലാണ് സംരംഭകന് മിടുക്കുവേണ്ടത്. നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള മത്സരങ്ങള്‍ക്ക് വീതിച്ച് കൊടുക്കുന്നതിലല്ല. സുരേന്ദ്ര മുരളീധരാദികള്‍ മികച്ച സംരംഭക ബുദ്ധി കാണിച്ചുവെന്ന് തന്നെ പറയണം. വന്നതെത്ര, കൊടുത്തതെത്ര എന്നൊന്നും ആര്‍ക്കും ചോദിക്കാനാകില്ലെന്നതൊരു വലിയ അവസരമാണ്. ആ അവസരം വിനിയോഗിക്കുന്നവനാണ് മികച്ച രാഷ്ട്രീയക്കാരന്‍. കിട്ടിയ 400 കോടി ചെലവഴിച്ചിരുന്നുവെന്ന് കരുതുക. തിരഞ്ഞെടുപ്പില്‍ ജയമുണ്ടാകില്ല. പണം കേരളത്തിലെ മാര്‍ക്കറ്റിലാണ് എത്തുക. അത് സംസ്ഥാനത്തിന്റെ സമ്പദ്്വ്യവസ്ഥക്കാണ് ഗുണകരമാകുക. ബി ജെ പി അധികാരത്തില്‍ വരാനിടയില്ലാത്ത കേരളത്തില്‍ പണം ചെലവാക്കി, സമ്പദ്്വ്യവസ്ഥക്ക് ചെറുതെങ്കില്‍ ചെറിയ സഹായം ചെയ്യേണ്ട കാര്യമില്ല തന്നെ. ആ പണം പാര്‍ട്ടി അധികാരത്തിലുള്ള കര്‍ണാടകയിലോ മറ്റോ കൊണ്ടുപോയി നിക്ഷേപിക്കുന്നതല്ലേ നല്ലത് എന്ന് ആലോചിക്കുന്നതില്‍ തെറ്റ് പറയാനാകുമോ? മഞ്ചേശ്വരത്ത് പണം നല്‍കി സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വലിപ്പിച്ച സുന്ദരക്ക്, സുരേന്ദ്രന്‍ ജയിച്ചാലുള്ള ഓഫര്‍ കര്‍ണാടകയിലൊരു മദ്യ ഔട്ട്‌ലെറ്റായിരുന്നു! അധികാരമില്ലാത്തിടത്ത് കോഴയായിപ്പോലും നിക്ഷേപം പാടില്ലെന്നതിലും വലിയ ധാര്‍മികത മറ്റെന്തുണ്ട്?

ധര്‍മരാജന്‍ കൊടുത്ത പണം തട്ടല്‍ പരാതി, അതിപ്പോള്‍ സംഗതി വീതം വെക്കാത്തതില്‍ കെറുവുള്ളവര്‍ എല്ലായിടത്തുമുണ്ടാകും. അവരത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതില്‍ അത്ഭുതമില്ല. തട്ടിയെടുത്തത് തിരിച്ചെടുത്ത് കൊടുക്കുക എന്ന ഒരൊറ്റ ഉത്തരവാദിത്വമേ കേരള പോലീസിനുള്ളൂ. അതിനാണ് ആ പരാതി. അതിന്റെ പേരില്‍, കൊണ്ടുവന്നത് കള്ളപ്പണമാണോ വെള്ളപ്പണമാണോ എന്നൊന്നും അന്വേഷിക്കേണ്ടതില്ല. ആര് കൊടുത്തയച്ചുവെന്നതോ ആര്‍ക്ക് കൊടുക്കാനാണ് കൊണ്ടുപോയത് എന്നതോ കേരള പോലീസിന്റെ അന്വേഷണ വിഷയമല്ല. അതന്വേഷിക്കണമെങ്കില്‍ ഇവിടെ ആദായ നികുതി വകുപ്പുണ്ട്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുണ്ട്. ആറേഴ് കൊല്ലമായി സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുന്ന ആ ഏജന്‍സികള്‍ വന്നാല്‍ പിന്നെ, സുരേന്ദ്ര മുരളീധരാദികളുടെ സംരംഭകത്വ മികവിനെ, അവസരം വിനിയോഗിക്കുന്നതില്‍ കാണിച്ച ബൗദ്ധികൗന്നത്യത്തിനെയൊക്കെ വണങ്ങി പിന്‍മാറി നില്‍ക്കും. അതുവരെയുള്ള പൊടിപടലങ്ങളൊക്കെ പാര്‍ട്ടിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളായി മാത്രം കാണണം. ഏത് വങ്കത്തവും വിശ്വസിക്കാനും പ്രചരിപ്പിക്കാനും മടിയില്ലാത്തവരെന്ന് കേള്‍വിപ്പെട്ട അനുയായിവൃന്ദം ഇതും വിശ്വസിക്കും. നോട്ട് പിന്‍വലിച്ച നടപടിക്ക് ശേഷം രാജ്യത്ത് കള്ളപ്പണമില്ലാതായെന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ലേ. അതുപോലെയേയുള്ളൂ ഇതും.

എന്നാലും പ്രചാരണച്ചെലവിന് പരിധി നിശ്ചയിച്ച, അതിനപ്പുറം ചെലവിടാന്‍ കൊണ്ടുവന്ന പണമൊക്കെ പിടിച്ചെടുത്ത തിരഞ്ഞെടുപ്പ് കമ്മീഷന് ഇതിലൊരു ഉത്തരവാദിത്വമില്ലേ? തിരഞ്ഞെടുപ്പിലൊഴുക്കാന്‍ പണം കൊണ്ടുവന്നിട്ടുണ്ടോ എന്നും അതൊഴുക്കിയിട്ടുണ്ടോ എന്നും കമ്മീഷനെങ്കിലും അന്വേഷിക്കേണ്ടതല്ലേ? തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ നിയമസഭ നിലവില്‍ വരുന്നത് വരെയേ കമ്മീഷന് ഉത്തരവാദിത്വമുള്ളൂ. അതിനിടക്ക് പിടിക്കാത്തതൊന്നും പില്‍ക്കാലത്ത് പിടിക്കേണ്ടതില്ല. അതിനാല്‍ മംഗളം, ശുഭം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest