Connect with us

Socialist

എന്താ നിങ്ങളുടെ പ്രശ്നം? എന്താ നിങ്ങളുടെ പരാതി?

Published

|

Last Updated

ലക്ഷദ്വീപിൽ കാവി അജണ്ടകൾ നടപ്പാക്കാൻ കാടൻ നിയമങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്തു വന്നപ്പോൾ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുണ്ടായി. ജനാധിപത്യ – മതേതര ശക്തികളെല്ലാം ഇതിനെതിരെ രംഗത്തുവന്നു.

ലക്ഷദ്വീപിനെതിരായ നീക്കങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പല തരത്തിലുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. നയം തിരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി സംഘടനകളും പ്രമുഖ വ്യക്തികളും കേന്ദ്രസർക്കാറിനെ സമീപിച്ചുകൊണ്ടിരിക്കുകയുമാണ്. കൂട്ടത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ ശയ്ഖുനാ കാന്തപുരം എ പി അബൂബക്ർ മുസ്ലിയാർ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തെഴുതി. പ്രമുഖ പത്രങ്ങളും ചാനലുകളുമെല്ലാം ഇതു വാർത്തയാക്കിയിരുന്നു. കഴിഞ്ഞ ദിവസം കത്തിനു മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി കാന്തപുരം ഉസ്താദിനെ ഫോണിൽ വിളിച്ചു. ലക്ഷദ്വീപ് ജനതയ്ക്കു ദോഷകരമാകുന്ന ഒരു നിയമവും നടപ്പാക്കുകയില്ല എന്നറിയിച്ചു. ഇതും വലിയ വാർത്തയായി.

ഈ വാർത്തയുടെ പിന്നാലെ കൂടിയിരിക്കുകയാണ് ഒരു കൂട്ടർ. ഇതിവരുടെ കുലത്തൊഴിലാണെന്നു കരുതി അവഗണിക്കാവുന്നതേയുള്ളൂ -കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ചെയ്തു കൊണ്ടിരിക്കുന്ന പാഴ് വേല, ഇതല്ലാത്ത മറ്റൊരു പണിയും ഇവർക്ക് അറിഞ്ഞുകൂടല്ലോ- എന്നാലും ചോദിക്കാമല്ലോ; എന്താ നിങ്ങളുടെ പ്രശ്നം? എന്താ നിങ്ങളുടെ പരാതി?

ലക്ഷദ്വീപ് വിഷയത്തിൽ കാന്തപുരം പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തെഴുതാൻ പാടില്ലായിരുന്നുവെന്നാണോ? അതാകാനിടയില്ല, കാരണം രാജ്യത്തിൻ്റെ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണല്ലോ കത്തെഴുതിയത്. രാജ്യത്തെ ഏതൊരു പൗരനുമുള്ള ഈ അവകാശം കാന്തപുരത്തിനു മാത്രം പാടില്ല എന്നുപറയുന്നതിൽ ന്യായമില്ലല്ലോ.

ഹല്ല; നരേന്ദ്ര മോദിക്കും അമിത്ഷാക്കും കത്തെഴുതിയതാണോ പ്രശ്നം? അതാകാനും ഇടയില്ല, ആ പദവിയിലിരിക്കുന്നവർ ആരാണെന്നു നോക്കേണ്ട കാര്യം കാന്തപുരത്തിനെന്നല്ല; രാജ്യത്തെ ഒരു പൗരനുമില്ല. X or Y; ആരായാലും കാന്തപുരം കത്തെഴുതിയത് ലക്ഷദ്വീപ് പ്രശ്നം പരിഹരിക്കേണ്ട പ്രോപ്പർ അതോറിട്ടിക്കാണ്. ആ സ്ഥാനത്ത് ശ്രീമാൻ രാഹുൽ ഗാന്ധിയും ജനാബ് പി.കെ കുഞ്ഞാലിക്കുട്ടിയും ആണെന്നു സങ്കൽപിക്കുക (അങ്ങനെയും ഒരു മോഹന സങ്കൽപം ഇതൾവിടർത്തി നിന്നിരുന്നല്ലോ!), എന്നാലും ഇത്തരം ഒരു സന്ദർഭമുണ്ടായാൽ കാന്തപുരം ഇതേ ഭാഷയിൽ ഈ രണ്ടു പേർക്കും കത്തെഴുതുമായിരുന്നു; അതുവിട്.

പിന്നെ, മുസ്ലിം സമുദായത്തിൻ്റെ പേരിൽ ഇങ്ങനെ കത്തെഴുതാൻ പാരമ്പര്യമായി തന്നെ ഞങ്ങളൊക്കെ ഇവിടെ ഉണ്ടല്ലോ; ഒരു മുസ്ലിയാർ ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണ് ചോദ്യമെങ്കിൽ, ദയവായി പുറത്തിറങ്ങി കിഴക്കോട്ടു നോക്കുക, നേരം വെളുത്തിട്ട് ഏറെ കഴിഞ്ഞു പോയിരിക്കുന്നു! ഒരന്യായത്തിനെതിരെ ശബ്ദിക്കാൻ കാന്തപുരത്തിന് ഒരു “പരിമിതി”യും ഇല്ലെന്നും അറിഞ്ഞു കൊള്ളുക.

അപ്പോൾ കത്തിൻ്റെ കാര്യത്തിൽ കാന്തപുരം ആരോടും ഒരു സമാധാനവും ബോധിപ്പിക്കേണ്ടതില്ല.
ഇനി മറുപടിയുടെ കാര്യം:
എന്തുകൊണ്ട് ഷാ കാന്തപുരത്തെ വിളിച്ചു?
കത്തിനു മറുപടിക്കത്തു പോരായിരുന്നോ?
മറ്റാരേയും വിളിക്കാതെ കാന്തപുരത്തെ മാത്രം വിളിച്ചതെന്തിന്?
പറഞ്ഞ മറുപടി സത്യമാണോ? -മറുപടിക്കു ശേഷവും കരിനിയമങ്ങൾ തുടരുകയാണല്ലോ?
ഷാ വാക്കു പാലിക്കാത്തതെന്ത്?
സത്യത്തിൽ ഷാ വിളിച്ചിരുന്നോ?

ഇമ്മാതിരി ചോദ്യങ്ങൾക്കൊന്നും മറുപടി പറയേണ്ട യാതൊരു ബാധ്യതയും കാന്തപുരത്തിനില്ല. ഈ ചോദ്യങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് ചോദിക്കേണ്ടത്. അദ്ദേഹമാണു മറുപടി പറയേണ്ടത്. പരാതിക്കാരെല്ലാം വരിവരിയായി തിരക്കുകൂട്ടാതെ ദില്ലിയുടെ ദിശയിലേക്കു തിരിഞ്ഞുനിന്നു ചോദിച്ചോളൂ.

വേറെയും വഴിയുണ്ട്: ആഭ്യന്തര വകുപ്പിൻ്റെ സൈറ്റിൽ കയറിയാൽ മന്ത്രിയുടെ ഫോൺ നമ്പറും വിലാസവും മൈൽ ഐഡിയും ആർക്കും കിട്ടും. ജനങ്ങളുടെ സംശയങ്ങൾക്ക് നിവാരണമുണ്ടാക്കാനുള്ള സംവിധാനം എല്ലാ മന്ത്രാലയങ്ങളിലുമുണ്ട്, സമയം കളയാതെ ഇപ്പോൾ തന്നെ ചോദിച്ചു തുടങ്ങുക.

വാൽക്കുറ്റി:
ശരീഅത്ത് വിഷയത്തിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെക്കാണാൻ 1985ൽ സമസ്ത: തീരുമാനിച്ചു. നാൽപ്പതു പണ്ഡിതന്മാർ ചേർന്നെടുത്ത തീരുമാനം ചില രാഷ്ട്രീയ കോൽമേസ്ത്രിമാർ ചേർന്നു അട്ടിമറിച്ചു. കോൽ മേസ്ത്രിമാർക്കുമേൽ “89ൽ സുന്നി പ്രസ്ഥാനം വിജയം നേടി. പിന്നെ രാജ്യത്തു വന്ന എല്ലാ പ്രധാനമന്ത്രിമാരെയും സുന്നി നേതൃത്വം പോയ്ക്കണ്ടു, പലരും ഇങ്ങോട്ടു വന്നും കണ്ടു. തടയാൻ ഒരു പൊന്നുമോൻ്റെയും കൈ പൊങ്ങിയില്ല. കഴുത ഇപ്പോഴും അതിൻ്റെ കാമം കരഞ്ഞു തീർത്തു കെണ്ടേയിരിക്കുന്നു.

Latest