Connect with us

Articles

വര്‍ഗീകരണം വിവേചനമാകുന്നതെങ്ങനെ?

Published

|

Last Updated

വ്യത്യസ്ത ന്യൂനപക്ഷ സമുദായങ്ങളെ ഉപവിഭാഗങ്ങളാക്കി തരംതിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അങ്ങനെ പുനര്‍വിഭജിച്ച് അവസരങ്ങളും ആനുകൂല്യങ്ങളും നല്‍കുന്ന രീതി നിയമപരമായി നിലനില്‍ക്കില്ല എന്നുമാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മെയ് 28ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ മര്‍മം. ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള പരാമര്‍ശമാണിത്. ഇതുസംബന്ധിച്ച് ഹൈക്കോടതി പരിഗണിച്ച ഹരജിയില്‍ ആവശ്യപ്പെട്ട, പാലോളി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്തതോ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ 80:20 എന്ന അനുപാതം റദ്ദാക്കിയതിലോ അല്ല കാര്യങ്ങളുടെ കിടപ്പ്. ഇവയൊക്കെ വിധിയുടെ മര്‍മപ്രധാനമായ പരാമര്‍ശത്തിന്റെ അനുരണനങ്ങള്‍ മാത്രമാണ്. ജോലിയിലും വിദ്യാഭ്യാസത്തിലും സന്തുലിത സമത്വവും കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നവരുടെ അര്‍ഹമായ പ്രാതിനിധ്യവും ഉറപ്പുവരുത്തല്‍ ലക്ഷ്യമാക്കി സംസ്ഥാനങ്ങള്‍ക്ക് സംവരണ വിഭാഗങ്ങളെ ഉപവിഭാഗങ്ങളാക്കി തരംതിരിക്കാമോ എന്ന ചോദ്യത്തിലേക്കാണ് മേല്‍ ഹരജിയിലെ ആവശ്യങ്ങള്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് പട്ടികജാതി വിഭാഗത്തിലെ ഉപവര്‍ഗീകരണത്തെ കുറിച്ചുള്ള ചിന്നയ്യ- ആന്ധ്രാപ്രദേശ് കേസിലെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി, ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധിയുടെയും ആധാരമായിത്തീരുന്നത്. പട്ടികജാതി വിഭാഗത്തില്‍ സംവരണത്തിന്റെ ആനുകൂല്യം പൂര്‍ണാര്‍ഥത്തില്‍ ലഭിക്കാതെ പോയ ജാതി വിഭാഗങ്ങളെ കണ്ടെത്തി, അവര്‍ക്കുകൂടി സംവരണാനുകൂല്യം ലഭിക്കത്തക്ക വിധത്തില്‍ പട്ടികജാതി വിഭാഗങ്ങളെ (ഗ്രൂപ്പ് എ, ബി, സി, ഡി എന്നിങ്ങനെ) നാലായി തരം തിരിക്കുകയും മൊത്തത്തില്‍ എസ് സി വിഭാഗത്തിനവകാശപ്പെട്ട 15 ശതമാനം സംവരണം ഇവര്‍ക്കിടയില്‍ യഥാക്രമം ഒന്ന്, ഏഴ്, ആറ്, ഒന്ന് എന്നിങ്ങനെ പുനഃക്രമീകരിക്കുകയും ചെയ്തുകൊണ്ട് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പാസ്സാക്കിയ, ആന്ധ്രാപ്രദേശ് ഷെഡ്യൂള്‍ഡ് കാസ്റ്റസ് (റാഷനലൈസേഷന്‍ ഓഫ് റിസേര്‍വേഷന്‍സ്) ആക്ട് 2000 എന്ന നിയമത്തിനെതിരെ സമര്‍പ്പിച്ച ഹരജി അനുവദിച്ചു കൊണ്ട് സുപ്രീം കോടതി നടത്തിയ പ്രസ്താവമാണ് ഈ വിധി.

പട്ടികജാതിയിലെ വിവിധ ജാതി വിഭാഗങ്ങള്‍ ഏകതാനമായ ഒരു സമൂഹമാണെന്നും അവര്‍ക്കിടയില്‍ ഒരു ഉപവര്‍ഗീകരണം നടത്തുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന് എതിരാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് ആന്ധ്രാപ്രദേശ് ഷെഡ്യൂള്‍ഡ് കാസ്റ്റസ് ആക്ട് 2000 സുപ്രീംകോടതി റദ്ദ് ചെയ്തത്. ഈ വിധിക്ക് ഉപോല്‍ബലകമായി സുപ്രീം കോടതി പരിഗണിച്ചതാകട്ടെ, പ്രശസ്തമായ ഇന്ദിരാ സാഹ്നി കേസില്‍ സുപ്രീം കോടതിയിലെ എട്ടംഗ ബഞ്ച് നടത്തിയ വിധിയിലെ ഒരു പരാമര്‍ശവും. ഒ ബി സിയിലെ സാമൂഹികമായി മെച്ചപ്പെട്ട വിഭാഗങ്ങളെ സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കുന്നത്, ഒ ബി സിയെ ശരിക്കും ഒരു പിന്നാക്ക വിഭാഗമാക്കി മാറ്റുമെന്നും, സംവരണത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യം നടപ്പാക്കാന്‍ അത് സഹായിക്കുമെന്നും നിരീക്ഷിച്ച ശേഷം കോടതി ഇങ്ങനെ കൂടി പറഞ്ഞു. “ഈ ചര്‍ച്ചകള്‍ പക്ഷേ ഒ ബി സി വിഭാഗത്തിനു മാത്രമാണ് ബാധകം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ കാര്യത്തില്‍ ബാധകമല്ല”. ഇന്ദിരാ സാഹ്നി കേസിലെ ഈ നിരീക്ഷണത്തിലെ അവസാന ഭാഗത്തിന്റെ ചുവടുപിടിച്ചാണ് ചിന്നയ്യ-ആന്ധ്രാപ്രദേശ് കേസിലെ വിധി വന്നത്.

ഇന്ദിരാ സാഹ്നി കേസിലെ മേല്‍ പരാമര്‍ശം ചിന്നയ്യ കേസില്‍ കോടതി തെറ്റായാണ് ഉദ്ധരിച്ചതെന്ന് പല നിയമ വിദഗ്ധരും നേരത്തേ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. സംവരണ ആനുകൂല്യത്തില്‍ നിന്ന് ഉയര്‍ന്ന വിഭാഗങ്ങളെ ഒഴിവാക്കുന്നത് സംബന്ധിച്ച ചര്‍ച്ച എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് ബാധകമല്ല എന്ന നിരീക്ഷണത്തെ, സംവരണ തത്വം ഫലപ്രദമായി നടപ്പാക്കാന്‍ എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കിടയില്‍ ഉപവര്‍ഗീകരണം നടത്തുന്നതിനും ബാധകമല്ല എന്ന് കോടതി തെറ്റായി മനസ്സിലാക്കുകയായിരുന്നു എന്നാണ് നിയമ വിദഗ്ധര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു കൂടിയാണ് സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ദവീന്ദര്‍ സിംഗ്- സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസ് ഇപ്പോള്‍ ഭരണഘടനയുടെ വിശാല ബഞ്ചിന് വിട്ടിരിക്കുന്നത്.

അതേസമയം, ഒ ബി സിയെ പിന്നാക്കം, കൂടുതല്‍ പിന്നാക്കം എന്നിങ്ങനെ പുനര്‍വിഭജിക്കാമോ എന്ന ചോദ്യത്തെ ഇന്ദിരാ സാഹ്നി കേസില്‍ വിശദമായി തന്നെ പരിഗണിക്കുന്നുണ്ട്. അത്തരം പുനഃക്രമീകരണം കൂടുതല്‍ പിന്നാക്കക്കാരായവരെ സഹായിക്കും എന്നും അല്ലാത്തപക്ഷം അവരുടെ അവസരങ്ങള്‍ കൂടി ഒ ബി സിയിലെ മുന്നാക്കക്കാര്‍ കൊണ്ടുപോകുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഒരു വര്‍ഗത്തിനുള്ളില്‍ അത്തരം ഉപ വിഭജനങ്ങള്‍ നടത്തുന്നത് ഭരണഘടനക്ക് എതിരല്ലെന്നും സുപ്രീം കോടതി ഈ വിധിപ്രസ്താവത്തില്‍ പറയുന്നുണ്ട്. ആ അര്‍ഥത്തില്‍ ഒ ബി സികള്‍ക്കിടയില്‍ മാത്രമല്ല, എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കിടയിലും ഉപവര്‍ഗീകരണം കൊണ്ടുവന്ന് സംവരണത്തിന്റെ ഗുണഫലം സന്തുലിതമായി വിതരണം ചെയ്യണമെന്ന ആവശ്യത്തിന് നിയമപരമായ പിന്‍ബലം കൊടുക്കുകയാണ് ഇന്ദിരാ സാഹ്നി കേസില്‍ സുപ്രീം കോടതി ചെയ്തത്. സംവരണവുമായി ബന്ധപ്പെട്ട കേസുകളില്‍ പിന്തുടരേണ്ട, പൊതു തത്വമായി പൊതുവെ പരിഗണിച്ചു പോരുന്ന മാര്‍ഗനിര്‍ദേശങ്ങളായാണ് ഇന്ദിരാ സാഹ്നി കേസിലെ പരാമര്‍ശങ്ങളെ കണക്കാക്കുന്നത്. 2018ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന സോഷ്യലി ആന്‍ഡ് എജ്യുക്കേഷനലി ബാക്ക്വാഡ് ക്ലാസ്സസ് ആക്ട് റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഇന്ദിരാ സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണം എന്ന വിവിധ സംസ്ഥാന സര്‍ക്കാറുകളുടെ ആവശ്യം സുപ്രീം കോടതി തള്ളിയത് ആഴ്ചകള്‍ക്ക് മുമ്പാണ്. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ കേസില്‍ ചിന്നയ്യ-ആന്ധ്രാപ്രദേശ് കേസിലെ വിധി പ്രയോഗിക്കുന്നത് ശരിയായ കീഴ്്വഴക്കമാണോ എന്നത് നിയമ വിദഗ്ധര്‍ക്കിടയില്‍ പുതിയ ആലോചനകള്‍ക്കും ഒരുപക്ഷേ പുതിയ നിയമ യുദ്ധങ്ങള്‍ക്കും വഴിയൊരുക്കും.
സംവരണ വിഭാഗങ്ങള്‍ക്കിടയിലെ ഉപവര്‍ഗീകരണം ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയത്തിലെ സജീവവും സചേതനവുമായ വിഷയങ്ങളില്‍ ഒന്നാണ്. മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കിയ കാലം മുതലേ ഇതേ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയിട്ടുമുണ്ട്. ഒ ബി സിയെ ഉപവര്‍ഗീകരണം നടത്തിയേ മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കാവൂ എന്ന ആവശ്യം തന്നെ തുടക്കത്തില്‍ ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി ഏതാണ്ട് മൂന്ന് ദശാബ്ദം പൂര്‍ത്തിയാകാനിരിക്കുന്നു. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ അവകാശങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്തതില്‍ വലിയ അസമത്വം ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട് എന്നതാണ് നമ്മുടെ അനുഭവം. പട്ടിക ജാതി/വര്‍ഗങ്ങളുടെ സംവരണാനുഭവങ്ങളും വ്യത്യസ്തമല്ലെന്ന് നാം കണ്ടു. ഇന്ത്യയിലെ ജാതി വ്യവസ്ഥ തന്നെ അങ്ങേയറ്റം ശ്രേണീബദ്ധമായ ഒരു സാമൂഹിക അവസ്ഥയാണെന്നിരിക്കെ ഒരു വര്‍ഗത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ ഏകതാനമായി കാണുന്നത് നീതിയുക്തമാകില്ല എന്ന കാഴ്ചപ്പാടാണ് ഈ മേഖലയിലെ വിദഗ്ധര്‍ പ്രകടിപ്പിക്കുന്നത്.

ഒ ബി സിക്കകത്തുള്‍പ്പെടുന്ന മുസ്‌ലിംകളെ തന്നെ വ്യത്യസ്ത ഉപവിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി വ്യത്യസ്തമായ തോതില്‍ സംവരണവും മറ്റു ആനുകൂല്യങ്ങളും നല്‍കുന്ന രീതി ചില സംസ്ഥാനങ്ങള്‍ പിന്തുടരുന്നുണ്ട്. മുസ്‌ലിംകളെ ഇത്തരത്തില്‍ സാമൂഹികമായും വിദ്യാഭ്യാസ പരമായും പിന്നാക്കം നില്‍ക്കുന്ന വിവിധ സാമൂഹിക വിഭാഗങ്ങളുടെ കൂടെ ഉള്‍പ്പെടുത്താനുള്ള കാരണം മുസ്‌ലിംകളുടെ മതമല്ല, മറിച്ച് സാമൂഹിക പിന്നാക്കാവസ്ഥയാണെന്ന് പിന്നാക്ക ജാതി വിഭാഗങ്ങളെ തിരിച്ചറിയാനുള്ള യൂനിയന്‍ ഗവണ്‍മെന്റുകളുടെ സമിതികളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച മലയാളി കൂടിയായ പി എസ് കൃഷ്ണന്‍ അടിവരയിട്ടു പറയുന്നുണ്ട്. മുന്നാക്ക വിഭാഗങ്ങളില്‍ പെടുന്ന വിവിധ ജാതി വിഭാഗങ്ങളെ തരംതിരിച്ചുകൊണ്ടുള്ള വെവ്വേറെ ക്ഷേമ പദ്ധതികള്‍ക്ക് കഴിഞ്ഞ ആഴ്ചയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. റെഡ്ഡി, കമ്മ, ക്ഷത്രിയ വിഭാഗങ്ങള്‍ക്കായി മൂന്ന് വ്യത്യസ്ത വെല്‍ഫെയര്‍ കോര്‍പറേഷനുകളും ഇവിടെ തുടങ്ങിക്കഴിഞ്ഞു. ഒ ബി സിയിലെ 139 ജാതി വിഭാഗങ്ങളെ 56 എണ്ണമായി വര്‍ഗീകരിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികള്‍ക്കും വൈ എസ് ആര്‍ സര്‍ക്കാര്‍ ഈയിടെ തുടക്കം കുറിക്കുകയുണ്ടായി. ഫെഡറലിസത്തിന്റെ സാധ്യതകളില്‍ ഊന്നിനിന്നുകൊണ്ട് വ്യത്യസ്ത സംസ്ഥാന സര്‍ക്കാറുകള്‍ സംവരണ-സംവരണേതര സാമൂഹിക വിഭാഗങ്ങളുടെ ഉപവര്‍ഗീകരണം ഇപ്പോഴും നടത്തുന്നുണ്ട് എന്നര്‍ഥം.
ഈ ഉപവര്‍ഗീകരണം പക്ഷേ, രാഷ്ട്രീയമായി അങ്ങേയറ്റം കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ഒരു പ്രശ്‌നം കൂടിയാണ്. സംവരണ വിഭാഗങ്ങളിലെ ചില സാമൂഹിക വിഭാഗങ്ങളിലേക്ക് മാത്രമായി അവസരങ്ങള്‍ ഒതുങ്ങിപ്പോയിട്ടുണ്ട് എന്ന വിമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതേ കുറിച്ച് പഠിച്ച് ഒ ബി സിയെ ഉപവിഭാഗങ്ങളാക്കി തിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2017ല്‍ ജസ്റ്റിസ് രോഹിണി കമ്മീഷനെ തന്നെ നിയമിച്ചത്. ഒ ബി സി വിഭാഗത്തെ ദേശീയാടിസ്ഥാനത്തില്‍ ഉപവിഭാഗങ്ങളാക്കി തിരിച്ചാല്‍ മാത്രം പോരാ, ഓരോ സംസ്ഥാനങ്ങളിലും വെവ്വേറെ ഉപവിഭാഗങ്ങളാക്കി തിരിക്കണം എന്നതാണ് രോഹിണി കമ്മീഷന് മുന്നിലുള്ള ഒരു പ്രധാന നിര്‍ദേശം തന്നെ. എങ്കിലേ പൂര്‍ണാര്‍ഥത്തിലുള്ള സാമൂഹിക നീതി ഉറപ്പുവരുത്താന്‍ കഴിയൂ എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണിത്. ജസ്റ്റിസ് രോഹിണി കമ്മീഷന്റെ റിപ്പോര്‍ട്ട് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിനെ കുറിച്ചുള്ള ഒരവലോകനം കൂടിയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ ജാതി വിഭാഗങ്ങള്‍ക്കിടയിലെ ഇത്തരം ഉപവര്‍ഗീകരണം സാധ്യമാകണമെങ്കില്‍ ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സെന്‍സസ് കൂടിയേ തീരൂ എന്നതാണ് മറ്റൊരു വസ്തുത.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പദ്ധതികള്‍ മുസ്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ഇടയില്‍ 80:20 എന്ന അനുപാതത്തില്‍ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കണം (ഈ ആവശ്യത്തില്‍ തന്നെ വസ്തുതാപരമായ പിഴവുകള്‍ ഉണ്ട്), ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ മാനദണ്ഡം കേരളത്തില്‍ വ്യത്യാസപ്പെടുത്തുന്ന രീതി മാറണം (വെറും നോഡല്‍ ഏജന്‍സി മാത്രമായ സംസ്ഥാനം ഇങ്ങനെ ചെയ്യുന്നു എന്നത് വസ്തുതാവിരുദ്ധമാണ്, കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്) തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു ഹരജിയില്‍ വന്ന വിധിയുടെ കെട്ട് എളുപ്പത്തില്‍ അഴിക്കാനാകുന്നതല്ല. സംവരണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടന്നുകഴിഞ്ഞതും നടന്നു കൊണ്ടിരിക്കുന്നതുമായ പല കേസുകളുമായി അത് കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്.

സമുദായത്തെ മാത്രം മാനദണ്ഡമാക്കി, ന്യൂനപക്ഷങ്ങളിലെ വ്യത്യസ്തമായ ആറ് നോട്ടിഫൈഡ് വിഭാഗങ്ങളെയും ഒരൊറ്റ ഗണമായി കണ്ടുകൊണ്ടുള്ള സമീപനം ആത്യന്തികമായ നീതി ഉറപ്പുവരുത്താന്‍ പര്യാപ്തമാകില്ല. കേരളത്തിന്റേതു പോലുള്ള സാമൂഹിക സാഹചര്യത്തില്‍, ജാതിയെയോ സമുദായത്തെയോ മാത്രം മുന്‍നിര്‍ത്തിയോ, സാമ്പത്തിക പിന്നാക്കാവസ്ഥയെ മാത്രം പരിഗണിച്ചുകൊണ്ടോ ഉള്ള സമീപനം പ്രായോഗികമോ നീതിപൂര്‍ണമോ ആകില്ലെന്ന് ജസ്റ്റിസ് കുമാരന്‍ പിള്ള കമ്മീഷന്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്. പകരം രണ്ടും കൂടിച്ചേര്‍ന്ന ഒരു മാനദണ്ഡമാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്. അതല്ലെങ്കില്‍ പക്ഷപാതപൂര്‍ണമായ മത്സരത്തില്‍ പങ്കെടുക്കാന്‍ പിന്നാക്ക വിഭാഗങ്ങള്‍ നിര്‍ബന്ധിക്കപ്പെടും. പകരം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെയും അല്ലാത്തവരെയും വെവ്വേറെ വിഭാഗങ്ങളാക്കി വേര്‍തിരിച്ചു കൊണ്ടുള്ള പരിഹാരക്രിയകളും ക്ഷേമപദ്ധതികളും ജനസംഖ്യാനുപാതികമായി നടപ്പാക്കണം. ഇത്തരം തരംതിരിവുകള്‍ വേര്‍തിരിവല്ല, മറിച്ച് സാമൂഹിക നീതിയുടെ വിതരണം എളുപ്പമാക്കുന്ന ഇടപെടലുകളാണ്. ഒന്നാം യു പി എ സര്‍ക്കാര്‍ നിയമിച്ച പ്രൈമിനിസ്റ്റേഴ്സ് ഹൈ ലെവല്‍ കമ്മിറ്റിയുടെയും വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയമിച്ച പാലോളി കമ്മിറ്റിയുടെയും താത്പര്യം തന്നെ അതായിരുന്നു. അത്തരം താത്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ കേവലം എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ മാത്രം പോരെന്നാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധിയില്‍ പറയുന്നത്. സന്തുലിതമായ തുല്യതയില്‍ ഊന്നിനിന്നുകൊണ്ടും സാമൂഹിക നീതി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമുള്ള സമഗ്രമായ നിയമ നിര്‍മാണങ്ങള്‍ക്ക് നിയമ നിര്‍മാണ സഭകള്‍ തയ്യാറാവുക എന്നതാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഏക പോംവഴി. മറ്റു പല മേഖലകളിലും രാജ്യത്തിനു മാതൃക കാട്ടിയ കേരള നിയമസഭ, പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമവും പ്രാതിനിധ്യവും ഉറപ്പുവരുത്തുന്ന പുതിയ മാതൃകകള്‍ ഉണ്ടാക്കാനും മുന്നോട്ടു വരണം.

ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം
അസ്ഹരി

---- facebook comment plugin here -----

Latest