Connect with us

Socialist

ജനക്ഷേമത്തിലും വികസനത്തിലും ഇരു മുന്നണികൾക്കും ഏകസ്വരം

Published

|

Last Updated

കഴിഞ്ഞ ദിവസമാണ് പുതിയ എൽ ഡി എഫ് സർക്കാരിന്റെ കന്നി ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. ബജറ്റ് കൂടുതൽ വിശദമായി പഠിച്ചപ്പോഴാണ് തെരഞ്ഞെടുപ്പിന് മുൻപ് ഐക്യ ജനാധിപത്യ മുന്നണി അവതരിപ്പിച്ച പ്രകടനപത്രികയിലെ പല വാഗ്ദാനങ്ങളും ഈ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞത്. രണ്ടു മുന്നണികളും ജനക്ഷേമപരമായ കാര്യങ്ങളിലും വികസനസംബന്ധിയായ കാര്യങ്ങളിലും ഏകസ്വരമാണ് എന്നറിയുന്നത് വളരെ സന്തോഷദായകമാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങൾക്കായി ഒരു ഉന്നതാധികാര കമ്മീഷന്റെ ആവശ്യകത തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലുടനീളം ഞാൻ ഊന്നിപ്പറഞ്ഞ ആവശ്യമായിരുന്നു. അത് ഒരു നല്ല തുടക്കാമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഒരഴിച്ചുപണി ആവശ്യമാണ് എന്നത് ഞാൻ എപ്പോഴും അഭിപ്രായപ്പെടുന്നതുമാണ്.

പട്ടിക ജാതി/ പട്ടിക വർഗ്ഗത്തിൽ പെട്ട സംരംഭകർക്ക് വേണ്ടിയുള്ള ഒരു കോടി രൂപയുടെ ഗ്രാന്റ്റ് വളരെ സ്വാഗതാർഹമാണ്. ഞങ്ങളുടെ മാനിഫെസ്റ്റോയും അത്തരത്തിലുള്ള ഒരു പദ്ധതി നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. കോഴിക്കോട്ട് വെച്ച് ചില ഓട്ടോ റിക്ഷ ഡ്രൈവർമാരോട് സംസാരിച്ചത് ഓർമ്മിക്കുന്നു; അവരോട് അവരുടെ ഓട്ടോ റിക്ഷകൾ ഇലക്ട്രിക് ഓട്ടോ ആക്കേണ്ടതിന്റെ ആവശ്യകത ഞാൻ നിർദ്ദേശിച്ചപ്പോൾ അതിന് വേണ്ടി വായ്പാ പദ്ധതികൾ ഞങ്ങൾ മാനിഫെസ്റ്റൊയിൽ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യം കണക്കിലെടുത്താൽ അത് താങ്ങാൻ കഴിയാത്ത പാവപ്പെട്ട ഡ്രൈവർമാർക്ക് ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ വായ്പാ പദ്ധതി ഒരു സ്വാഗതാർഹമായ മുന്നേറ്റം തന്നെയായിരിക്കും എന്നതിൽ സംശയമില്ല.
പഴവര്ഗങ്ങൾ വ്യാപകമായ തോതിൽ കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനം വളരെ നല്ലതാണ്. ഞങ്ങളും പഴ വർഗ ഫാമുകളെ പ്രോത്സാഹിപ്പിക്കുന്നത് പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ചിരുന്നു.
കാർഷികരംഗത്തെ ഉത്പാദനക്ഷമതക്കൊരു കുതിപ്പെന്നോണം അത്യന്താധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപഹയോഗപ്പെടുത്തുക എന്നതും മൂല്യവർധിത കാർഷിക ഉത്പന്നങ്ങളെ സഹായിക്കുക എന്നതും വളരെ സ്വാഗതാർഹമാണ്. ഞങ്ങളുടെ പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ച രണ്ടു കാതലായ വാഗ്ദാനങ്ങളായിരുന്നു അവ.

ഒരു തീരപ്രദേശ പാർലിമെന്റ് മണ്ഡലത്തിന്റെ പ്രതിനിധി എന്ന നിലയിൽ തീരദേശ മേഖലയുടെ വികസനം സംബന്ധിയായ പല പ്രഖ്യാപനങ്ങളെയും ഞാൻ സഹർഷം സ്വാഗതം ചെയ്യുന്നു. മൽസ്യത്തൊഴിലാളി സമൂഹം വളരെയധികം ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അഭിമുഖീകരിച്ചവരാണ് എന്നതിനാൽ തന്നെ പ്രത്യേക ശ്രദ്ധ അവിടെ പതിയേണ്ടതുണ്ട്. തീരദേശ സംരക്ഷണം, സമുദ്രവിഭവങ്ങളുടെ പ്രോസസ്സിംഗ് യൂണിറ്റുകളുടെ നിർമ്മാണം, അലങ്കാരമൽസ്യങ്ങളുടെ നഴ്സറികൾക്കുള്ള പ്രത്യേക പ്രോത്സാഹനം തുടങ്ങിയ ഞങ്ങളുടെ പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ച പല വാഗ്ദാനങ്ങളും പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ചതിൽ സന്തോഷമുണ്ട്.

കോവിഡ് മൂലം പ്രതിസന്ധിയിലകപ്പെട്ട ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഒരു സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിച്ചതും സ്വാഗതം ചെയ്യുന്നു. ഈ പാക്കേജ് ഞങ്ങളുടെ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.
ഈ വാഗ്ദാനങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കുമെന്നും ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കൾ കേരളജനതയാകുമെന്നും ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുണ്ട്. സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളിൽ ചില കാര്യങ്ങൾ ഞങ്ങൾക്കും കൂടി ബോധ്യമായതാണ് എന്നതിനാൽ തന്നെ അവയുടെ സമയബന്ധിതമായ പൂർത്തീകരണം രാഷ്ട്രീയമായ സമവായതിലൂടെയാകും എന്നത് എനിക്കുറപ്പുണ്ട്.

“രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി” എന്നത് ഞാൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയ കാലം മുതൽ പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. അത് കൊണ്ട് തന്നെ നമുക്കൊരുമിച്ച് കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാം.

Latest