Connect with us

Articles

കെ സുധാകരന്‍ രക്ഷകനാകുമോ?

Published

|

Last Updated

ലോകത്ത് ഇന്ന് നിലനില്‍ക്കുന്നതില്‍ ഏറ്റവും വലുതും വിശാലവും സമ്പന്നവുമായ ജനാധിപത്യം ഇന്ത്യാ രാജ്യത്തിന്റേതാണ്. ആരോഗ്യകരമായ ഫെഡറല്‍ സംവിധാനവും നമ്മുടേതു തന്നെയാണ്. ഇങ്ങനെ വിലയിരുത്താന്‍ പാകത്തില്‍ കാര്യങ്ങള്‍ എത്തിച്ചതില്‍ വലിയ സേവനങ്ങളാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അര്‍പ്പിച്ചത്. പാരതന്ത്ര്യത്തിന്റെ നുകങ്ങളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് രാജ്യം നട്ടെല്ല് നിവര്‍ത്തിയ നാളില്‍ നമുക്ക് കിട്ടിയ ഇന്ത്യ തകര്‍ന്നടിഞ്ഞതായിരുന്നു.അവിടെ നിന്ന് 2004ന്റെ മധ്യാഹ്നം വരെ ആറര ദശകം പിന്നിട്ടപ്പോള്‍ രാജ്യം അസൂയാവഹമായ വളര്‍ച്ചയാണ് കൈവരിച്ചത്. ഇതില്‍ ദശാബ്ദങ്ങളായി രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ള പങ്ക് അനിഷേധ്യമാണ്.

ലോകം കണ്ടതില്‍ ഏറ്റവും പ്രഗത്ഭരായ പ്രധാനമന്ത്രിമാരായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ഡോ. മന്‍മോഹന്‍ സിംഗ് എന്നിവരെന്ന് ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും എല്ലാവരും സമ്മതിക്കുന്നുണ്ട്. ലോകക്രമം തീരുമാനിക്കാന്‍ നെഹ്‌റു – നാസര്‍ – ടിറ്റോ എന്നൊരു അച്ചുതണ്ട് തന്നെ ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധി ലോക ചേരിചേരാ പ്രസ്ഥാനത്തിന്റെ അധ്യക്ഷയായിരുന്നു. ഏറ്റവും ദുര്‍ബലമായ അയല്‍ രാജ്യം പോലും ഇങ്ങോട്ട് അതിക്രമിച്ചു കയറാന്‍ ധൈര്യം കാട്ടുന്ന അവസ്ഥ അന്നുണ്ടായിരുന്നില്ല. ആ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ ക്ഷീണം സംഭവിച്ചിരിക്കുന്നു.

ഉന്മത്തമായ ദേശീയതയുടെ മൂടുപടം അണിഞ്ഞ വര്‍ഗീയ കോമരങ്ങള്‍ നാടിനെ കുട്ടിച്ചോറാക്കിയ സന്ദര്‍ഭത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പോലും ഒരു തിരിച്ചുവരവ് നടത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയി. രാജ്യത്തെ സ്‌നേഹിക്കുന്നവരും ഭൂരിഭാഗം വരുന്ന സമാധാന പ്രേമികളും അതാഗ്രഹിച്ചെങ്കിലും അവരുടെയെല്ലാം വോട്ടുകള്‍ ഭിന്നിക്കാതെ ഒരേ പെട്ടിയിലാക്കാനുള്ള രാഷ്ട്രീയ കൗശലം വിനിയോഗിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ദേശീയ നേതാവ് കേരളത്തില്‍ ഒരു സഖ്യകക്ഷിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോഴും മറ്റെല്ലാ സംസ്ഥാനങ്ങളിലും അതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ട് ഷെയര്‍ പരിശോധിച്ചാല്‍ എന്‍ ഡി എക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വോട്ട് ജനം നല്‍കിയത് എന്‍ ഡി എക്കെതിരിലാണെന്ന് കാണാം. പക്ഷേ ആ എതിര്‍ വോട്ടുകളുടെ ഏകീകരണമുണ്ടാക്കാനെങ്കിലും കഴിഞ്ഞെങ്കില്‍ രാജ്യ ചരിത്രം ഇന്ന് പുതിയ അധ്യായത്തിലൂടെ സഞ്ചരിച്ചേനെ.
അപ്പോഴും കേരളം കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിച്ചു. അധികാരത്തിന്റെ തിണ്ണ ബലത്തില്‍ ദുര്‍ബല വിഭാഗങ്ങളെ നെഞ്ചളവ് കാട്ടി വിരട്ടുകയും കോര്‍പറേറ്റ് ഭീമന്മാരുടെ ഭാര്യമാര്‍ക്കു മുന്നില്‍ പോലും കുമ്പിട്ടു നില്‍ക്കുകയും ചെയ്യുന്ന അപകടത്തെ മറികടക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ കോണ്‍ഗ്രസില്‍ അഭയം തേടി. അത് മുന്‍വിധിയായി സ്വീകരിച്ച കോണ്‍ഗ്രസും മുന്നണിയും തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നാണംകെട്ട പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. തങ്ങളെങ്ങനെയായാലും അഞ്ചാണ്ടിലൊരിക്കല്‍ ഭരണം മാറി വന്നോളും എന്ന അവരുടെ പതിവ് ചിന്തയും പാളി.

അവശത വന്നപ്പോള്‍ അടങ്ങിയിരുന്ന രോഗങ്ങളെല്ലാം കയറി ആക്രമിക്കുന്നു എന്ന അവസ്ഥയിലാണ് ഇന്ന് സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടി. എല്ലാ പരാതിയും കോണ്‍ഗ്രസിനു മേലെയാണ്. നേട്ടമുണ്ടായിരുന്നെങ്കില്‍ എല്ലാവരും അവകാശികളുമായേനെ. പോരായ്മകളുടെ മുഖ്യ പങ്കാളി കോണ്‍ഗ്രസ് തന്നെയാണെന്നത് പ്രത്യേകം പറയേണ്ടതില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി സ്ലിപ്പ് കൊടുക്കാനോ ബൂത്തില്‍ ഇരിക്കാന്‍ പോലുമോ കോണ്‍ഗ്രസിന് ആളില്ലാതിരുന്ന നിരവധി മണ്ഡലങ്ങളുണ്ട്. ഏറ്റവും നല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടും അവരെ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ നേതാക്കള്‍ ഉണ്ടായില്ല. അതേസമയം ഒരു യോഗം നടത്തിയാല്‍ സ്റ്റേജ് പൊളിഞ്ഞു വീഴുവോളം നേതൃബാഹുല്യം വേദിയിലുണ്ടാകുകയും ചെയ്തു. തനിക്കും തന്റെ ഗ്രൂപ്പ് അനുയായികള്‍ക്കും നേട്ടമുണ്ടെങ്കില്‍ മാത്രം പാര്‍ട്ടിയെ സ്‌നേഹിക്കുന്ന നേതാക്കളുടെ ഭാരം താങ്ങാന്‍ ഇനി കോണ്‍ഗ്രസിന് ശേഷി ഇല്ലാതായിരിക്കുന്നു. യൗവനം മുതല്‍ വാര്‍ധക്യം വരെ പാര്‍ട്ടിയെകൊണ്ടും പാര്‍ട്ടി നല്‍കിയ ഔദ്യോഗിക പദവികള്‍ കൊണ്ടും വലുതായവര്‍ ഒരുവേള സ്ഥാനവും സ്ഥാനാര്‍ഥിത്വവും കിട്ടിയില്ലെങ്കില്‍ ആജന്മശത്രുവിന്റെ പാളയത്തില്‍ ചേക്കേറുന്ന വയസ്സന്‍ നേതാക്കള്‍. വളരെ പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേട് മുന്നണിയുടെ കെട്ടുറപ്പിനെയും ബാധിച്ചു. മാണി കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതല്ല അവരെ പുറത്താക്കിയതാണല്ലോ. ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്താല്‍ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ അവരുടെ പ്രശ്‌നം.
ഇത്തരം പ്രതിസന്ധി ഘട്ടത്തിലാണ് കെ സുധാകരന്‍ കെ പി സി സിയുടെ അമരത്ത് എത്തുന്നത്. മൗനമായും ശബ്ദമായും കേന്ദ്രത്തിലെത്തിയ നിരവധി എതിര്‍പ്പുകളെ അവഗണിച്ചാണ് ഹൈക്കമാന്‍ഡ് സുധാകരനില്‍ വിശ്വാസം അര്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ നിരീക്ഷകരെയും സംഘടനാ ചുമതലക്കാരെയും ഒഴിവാക്കി രാഹുല്‍ ഗാന്ധി തന്നെ നിയമനകാര്യം അദ്ദേഹത്തെ നേരിട്ട് അറിയിക്കുകയായിരുന്നു. ഇത് വ്യക്തമാക്കുന്നത് രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യം ഇവിടുത്തെ സംഘടനാ ദൗര്‍ബല്യത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ കുറേയൊക്കെ നേരിട്ട് മനസ്സിലാക്കാന്‍ ഹൈക്കമാന്‍ഡിന് വഴിയൊരുക്കി എന്നാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സ്വയം ഒരു വിജയമായിരുന്നിട്ടും രമേശ് ചെന്നിത്തലയെ മാറ്റി വി ഡി സതീശനെ നിയമിച്ചതിലും വ്യക്തമായത് അതാണ്.
സത്യത്തില്‍ പല നേതാക്കളും കോണ്‍ഗ്രസിന് ഭാരമാണ്. സംഘടനയുടെ നല്ല കാലത്ത് എല്ലാം നേടി കൊഴുത്തുവീര്‍ത്തവര്‍ തരം പോലെ സംഘടനയെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. പാര്‍ട്ടിക്കുവേണ്ടി ഒന്നും ചെയ്തില്ലെങ്കിലും ഡല്‍ഹിക്ക് വിമാനം കയറിയാല്‍ സ്ഥാനമാനങ്ങളുമായി മടങ്ങിവരുമായിരുന്ന കാലം അസ്തമിച്ചിരിക്കുന്നു. ഇനി എല്ലുമുറിയെ പണിയെടുക്കുന്നവരെ മാത്രമേ പല്ലക്കിലേറ്റി കൊണ്ടുനടക്കൂ എന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കുകയാണ്. കെ സുധാകരന്റെ നിയോഗം ഏറെ ഞെട്ടിച്ചിരിക്കുന്നത് സി പി എമ്മിനെയും ബി ജെ പിയെയുമാണ്. ഹൈക്കാന്‍ഡിന്റെ തീരുമാനം അവസരത്തിനൊത്ത് ഉയര്‍ന്നിരിക്കുന്നു എന്നതിന്റെ സൂചനയാണത്.

കെ സുധാകരന് എതിരെ വരുന്ന ഘടകങ്ങള്‍ വളരെ ദുര്‍ബലമാണ്. നേതാക്കളെ ഒരുമിച്ചു നിര്‍ത്തുക, ഇപ്പോള്‍ നീരസമുള്ളവരെ അനുനയിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍. അതിന് മൂന്ന് മാസമാണ് അദ്ദേഹം നീക്കിവെച്ചിരിക്കുന്നത്. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കുമെന്നും സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു കഴിഞ്ഞു. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന തന്റെ ശൈലി ഇനിയും തുടരുമെന്നു തന്നെയാണ് സുധാകരന്‍ വ്യക്തമാക്കുന്നത്. കണ്ണൂരിന്റെ ശൈലി കണ്ണൂരില്‍ മാത്രമേ ഫലിക്കൂ എന്ന് പ്രവചിക്കുന്നവരുണ്ട്. അങ്ങനെയെങ്കില്‍ കണ്ണൂരില്‍ ജനിച്ച കെ കരുണാകരനും കണ്ണൂരിന്റെ ശൈലി ഒട്ടും കൈവിടാത്ത പിണറായി വിജയനും കേരളം കൈയടക്കിയതെങ്ങനെ?
കോണ്‍ഗ്രസിന്റെ സംഘടനാ ശക്തി ഇതിലും ദുര്‍ബലമായിരുന്ന കാലത്താണ് കെ കരുണാകരന്‍ നേതൃസ്ഥാനം ഏറ്റത്. 1967ല്‍ നിയമസഭയില്‍ വെറും ഒമ്പത് അംഗങ്ങളേ കോണ്‍ഗ്രസിന് ഉണ്ടായിരുന്നുള്ളൂ. മൂന്ന് വര്‍ഷത്തിനകം നടന്ന തിരഞ്ഞെടുപ്പില്‍ 32 എം എല്‍ എമാരെ വിജയിപ്പിച്ചെടുക്കാനും ഭരണത്തില്‍ വരാനും കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. അത്രയും ദയനീയമല്ല ഇന്നത്തെ സ്ഥിതി. എങ്കിലും ശത്രുപക്ഷം അന്നത്തേതിലും ശക്തവും സമ്പന്നവുമാണെന്ന തിരിച്ചറിവ് നല്ലതാണ്.

യൗവനത്തില്‍ പട്ടാളത്തില്‍ ചേരാന്‍ പോയെങ്കിലും രാഷ്ട്രീയമായ ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ ജോലി നഷ്ടപ്പെട്ടയാളാണ് സുധാകരന്‍. എങ്കിലും താന്‍ മോഹിച്ച പട്ടാളച്ചിട്ട കുറച്ചൊക്കെ വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രതിരോധത്തിന്റെയും പ്രതികരണത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും നിത്യസംഭവങ്ങള്‍ കെ സുധാകരന്റെ രാഷ്ട്രീയ വ്യക്തിത്വ രൂപവത്കരണത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ആ കരുത്ത് പതിനാല് ജില്ലകളിലേക്കും വ്യാപിക്കുമ്പോള്‍ ചോര്‍ന്നു പോകാതിരിക്കണം. നല്ലൊരു നേതൃ നിരയെ ആണ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുള്ളത്. വി ഡി സതീശന്‍ നിയമസഭയിലും കൊടിക്കുന്നില്‍ സുരേഷ് തെക്കന്‍ ജില്ലകളിലും പി ടി തോമസ് മധ്യകേരളത്തിലും ടി സിദ്ദീഖ് മലബാറിലും സംഘടനാ കാര്യങ്ങളില്‍ സഹായിക്കും. ഒപ്പം ഒരു ജാതി സമവാക്യവും ഇതുവരെ പാലിച്ചു കാണുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ ഇന്നും പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസാണ്. മുസ്‌ലിം വോട്ടുകള്‍ ചോര്‍ന്നു പോയതാണ് പരാജയ കാരണമെന്ന് യു ഡി എഫ് ഇതിനകം വിലയിരുത്തിയിട്ടുണ്ട്. പക്ഷേ എന്തുകൊണ്ട് അത് സംഭവിച്ചു എന്ന് പഠിക്കാനോ അതിനു പരിഹാരം കാണാനോ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ഇനി മുന്നണി കണ്‍വീനറെ നിയമിക്കുമ്പോള്‍ പ്രബല ന്യൂനപക്ഷ സമൂഹത്തെ പരിഗണിച്ചാല്‍ കോണ്‍ഗ്രസിന് അത്രയും നല്ലത്.
പുതിയ കെ പി സി സി പ്രസിഡന്റ് ഒന്നാമതായി പാര്‍ട്ടിയെ താഴേത്തട്ടില്‍ നിന്ന് തന്നെ കെട്ടിപ്പടുക്കുമെന്നാണ് പ്രതീക്ഷ. യൂനിവേഴ്‌സിറ്റി തലവും സ്‌കൂള്‍ തലവുമാണ് സംഘടനയിലേക്ക് യുവാക്കള്‍ പ്രവേശിക്കുന്ന മേഖല. കെ എസ് യുവിനെ അതിന് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പുതിയ നേതൃത്വത്തിനാകുമോ? ഏത് സംഘടനയുടെയും പവര്‍ഹൗസാണ് യുവജനങ്ങള്‍. ഒരു ശാഫി പറമ്പില്‍ മാത്രം പരിശ്രമിച്ചാല്‍ തീരാത്ത സംഘാടന ചടുലത ആവശ്യപ്പെടുന്നതാണ് യൂത്ത് കോണ്‍ഗ്രസിന്റെ അവസ്ഥ. മുതിര്‍ന്ന തലമുറയുടെ അനുഭവവും കാഴ്ചപ്പാടും തെറ്റുകളില്‍ നിന്ന് നേരേ നയിക്കാന്‍ സഹായിക്കും. ഇതിനെല്ലാം നിലവിലെ ആവേശം ചോര്‍ന്നു പോകാതെയും അല്‍പ്പം കൂടി പക്വമായ വശത്തേക്ക് ചേര്‍ന്ന് നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ സുധാകരന് കഴിയുമോ എന്നതാണ് ഇനി അറിയാനുള്ളത്. എന്തൊക്കെ ന്യൂനതകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നിലനില്‍ക്കുക തന്നെ വേണം, കൂടുതല്‍ കരുത്തോടെ. അത് രാജ്യത്തിന്റെ ആവശ്യമാണ്.

nahahakkim@gmail.com