Science
മലിനജലത്തില്‍ കൊവിഡ് കണ്ടെത്താനുള്ള സെന്‍സര്‍ വികസിപ്പിച്ച് ഇന്ത്യന്‍- ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
ലണ്ടന്‍ | കൊവിഡ്- 19ന് കാരണമായ കൊറോണവൈറസിന്റെ സാന്നിധ്യം മലിനജലത്തില്‍ കണ്ടെത്താനുള്ള സെന്‍സര്‍ കണ്ടുപിടിച്ച് ബ്രിട്ടീഷ്- ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കുറഞ്ഞ ചെലവിലുള്ള സെന്‍സര്‍ ആണ് ഇവര്‍ വികസിപ്പിച്ചത്. വലിയൊരു പ്രദേശത്ത് രോഗവ്യാപന തോത് എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതിലൂടെ സാധിക്കും.
ബോംബെ ഐ ഐ ടിയിലെയും സ്ട്രാത്‌ക്ലൈഡ് യൂനിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ സംയുക്തമായാണ് ഈ സംവിധാനം വികസിപ്പിച്ചത്. വന്‍തോതില്‍ മനുഷ്യരെ പരിശോധനക്ക് വിധേയരാക്കാന്‍ സാധിക്കാത്ത ദരിദ്ര- വികസ്വര രാജ്യങ്ങളിലെ കൊവിഡ് വ്യാപനം വിശാലമായ രീതിയില്‍ നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും.
പി സി ആര്‍ ടെസ്റ്റിന് ഉപയോഗിക്കുന്ന എടുത്തുകൊണ്ടുപോകാവുന്ന ഉപകരണത്തില്‍ സെന്‍സര്‍ ഉപയോഗിക്കാവുന്നതാണ്. ഇതോടെ വില കൂടിയ രാസപദാര്‍ഥങ്ങളും ലാബ് സൗകര്യവും ഇതിന് ആവശ്യമായി വരുന്നില്ല. മുംബൈയിലെ മലിനജല പ്ലാന്റില്‍ നിന്നാണ് സെന്‍സര്‍ പരിശോധിക്കാനുള്ള ജലം ശേഖരിച്ചത്. സെന്‍സേഴ്‌സ് ആന്‍ഡ് ആക്‌ച്വേറ്റേഴ്‌സ് ബി: കെമിക്കല്‍ എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.